Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയവും ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

വിവിധ വ്യവസായ പ്രമുഖർ ചടങ്ങിനെ അഭിസംബോധന ചെയ്തു. ആർസലർ മിത്തൽ ചെയർമാൻ ശ്രീ ലക്ഷ്മി മിത്തൽ, ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിറോ സുസുക്കി, റിലയൻസ് ഗ്രൂപ്പിന്റെ ശ്രീ മുകേഷ് അംബാനി, യുഎസ്എയിലെ മൈക്രോൺ ടെക്നോളജീസ് സിഇഒ സഞ്ജയ് മെഹ്‌റോത്ര, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ദക്ഷിണ കൊറിയയിലെ സിംടെക് സിഇഒ ജെഫ്രി ചുൻ, ടാറ്റ സൺസ് ലിമിറ്റഡ് ചെയർമാൻ ശ്രീ എൻ ചന്ദ്രശേഖരൻ, ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം, എൻവിഡിയ സീനിയർ വിപി ശ്രീ ശങ്കർ ത്രിവേദി, സെരോദ സ്ഥാപകനും സിഇഒയുമായ ശ്രീ നിഖിൽ കാമത്ത് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് തങ്ങളുടെ വ്യവസായ പദ്ധതിക്കളെക്കുറിച്ച് അറിയിച്ചു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ വ്യവസായ പ്രമുഖർ പ്രശംസിച്ചു.

ജപ്പാൻ രാജ്യാന്തരകാര്യ ഉപമന്ത്രി ഷിൻ ഹൊസാക്ക, സൗദി അറേബ്യയിലെ നിക്ഷേപ സഹമന്ത്രി ഇബ്രാഹിം യൂസഫ് അൽ മുബാറക്, യുകെയിലെ പശ്ചിമേഷ്യ- വടക്കൻ ആഫ്രിക്ക-ദക്ഷിണേഷ്യ- കോമൺവെൽത്ത്- ഐക്യരാഷ്ട്രസഭ സഹമന്ത്രി താരിഖ് അഹമ്മദ്, അർമേനിയൻ സാമ്പത്തിക മന്ത്രി വഹൻ കെറോബിയാൻ, എസ്തോണിയൻ സാമ്പത്തിക കാര്യ- വിവര സാങ്കേതിക വിദ്യ മന്ത്രി ടിറ്റ് റിസാലോ, മൊറോക്കോ വ്യവസായ വാണിജ്യ മന്ത്രി റിയാദ് മെസോർ, നേപ്പാൾ ധനമന്ത്രി പ്രകാശ് ശരൺ മഹത്, വിയറ്റ്നാം ഉപപ്രധാനമന്ത്രി ട്രാൻ ലു ക്വാങ്, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെറ്റർ ഫിയാല, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി, ടിമോർ ലെസ്റ്റ് പ്രസിഡന്റ് ജോസ് റാമോസ്-ഹോർട്ട എന്നിവരും വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉച്ചകോടിയുടെ പ്രാരംഭയോഗത്തിൽ സംസാരിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2024-ലേക്ക് ഏവർക്കും ആശംസകൾ അറിയിച്ചാണ് ആരംഭിച്ചത്. 2047-ഓടെ ഇന്ത്യയെ ‘വികസിത’മാക്കുമെന്നും അടുത്ത 25 വർഷം രാജ്യത്തിന്റെ ‘അമൃതകാല’മാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ സ്വപ്നങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും തുടർച്ചയായ നേട്ടങ്ങളുടെയും സമയമാണിത് – അദ്ദേഹം പറഞ്ഞു. ‘അമൃതകാല’ത്തിന്റെ ആദ്യ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി സാമ്പത്തിക വികസനത്തിനും നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമുള്ള ആഗോള വേദിയായി മാറുന്നുവെന്നു പരാമർശിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന് ഇന്ത്യയോടുള്ള ചിന്തകളും പിന്തുണയും ഊഷ്മളവും ഹൃദ്യവുമാണെന്നും പറഞ്ഞു. പുനരുൽപ്പാദക ഊർജമേഖല, നൂതന ആരോഗ്യപരിപാലനം, ഇന്ത്യയുടെ തുറമുഖ അടിസ്ഥാനസൗകര്യങ്ങളിൽ നിരവധി ബില്യൺ ഡോളറിന്റെ നിക്ഷേപം എന്നിവയ്ക്കുള്ള പിന്തുണ വർധിപ്പിക്കുന്നതിലെ ഇന്ത്യ-യുഎഇ പങ്കാളിത്തം അദ്ദേഹം എടുത്തുപറഞ്ഞു. ഗിഫ്റ്റ് സിറ്റിയിൽ യുഎഇയുടെ സോവറിൻ വെൽത്ത് ഫണ്ടിന്റെ പ്രവർത്തനങ്ങളും ട്രാൻസ്‌വേൾഡ് കമ്പനികളുടെ വിമാന-കപ്പൽ പാട്ടപ്രവർത്തനങ്ങളും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിച്ചതിന്റെ ഖ്യാതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഐഐഎം അഹമ്മദാബാദിലെ പൂർവവിദ്യാർഥിയും മൊസാംബീക് പ്രസിഡന്റുമായ ഫിലിപ്പെ ന്യൂസിയുടെ മഹനീയസാന്നിധ്യത്തെക്കുറിച്ചു പരാമർശിച്ച്, ഇന്ത്യയുടെ അധ്യക്ഷതയിൽ ആഫ്രിക്കൻ യൂണിയനു ജി20 സ്ഥിരാംഗത്വം നൽകാനായതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. പ്രസിഡന്റ് ന്യൂസിയുടെ സാന്നിധ്യം ഇന്ത്യ-മൊസാംബീക്, ഇന്ത്യ-ആഫ്രിക്ക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കിയതായി അദ്ദേഹം പറഞ്ഞു.

ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ പീറ്റർ ഫിയാലെയുടെ ആദ്യ ഇന്ത്യാ സന്ദർശനം, ഇന്ത്യയുമായും വൈബ്രന്റ് ഗുജറാത്തുമായുമുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. വാഹന-സാങ്കേതികവിദ്യ-ഉൽപ്പാദന മേഖലകളിലെ സഹകരണം പ്രധാനമന്ത്രി പരാമർശിച്ചു.

നൊബേൽ സമ്മാന ജേതാവും ടിമോർ ലെസ്റ്റ് പ്രസിഡന്റുമായ ജോസ് റാമോസ്-ഹോർട്ടയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയുടെ അഹിംസാതത്വം ഉപയോഗിച്ചതിനെക്കുറിച്ചും എടുത്തുപറഞ്ഞു.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20-ാം വാര്‍ഷികത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഉച്ചകോടി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചെന്നും നിക്ഷേപങ്ങള്‍ക്കും വരുമാനത്തിനും പുതിയ കവാടങ്ങള്‍ സൃഷ്ടിച്ചെന്നും അഭിപ്രായപ്പെട്ടു. പങ്കാളിത്ത പ്രയത്‌നങ്ങളിലൂടെയാകും 21-ാം നൂറ്റാണ്ടിന്റെ ഭാവി ശോഭനമാകുകയെന്ന് ‘ഭാവിയിലേക്കുള്ള കവാടം’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലേക്കുള്ള ഒരു മാര്‍ഗ്ഗരേഖ ഇന്ത്യയുടെ ജി 20 ആദ്ധ്യക്ഷ സമയത്ത് അവതരിപ്പിച്ചിട്ടുണ്ടെന്നും വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ കാഴ്ചപ്പാടിലൂടെ അത് മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളക്ഷേമത്തിന് ഇപ്പോള്‍ ഒരു മുന്‍വ്യവസ്ഥയായി മാറിയിരിക്കുന്ന ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന തത്വങ്ങളോടെ ഐ2യു2വും മറ്റ് ബഹുരാഷ്ട്ര സംഘടനകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

”അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒരു വിശ്വ-മിത്രത്തിന്റെ (ലോക സുഹൃത്ത്) റോളില്‍ ഇന്ത്യ മുന്നേറുകയാണ്. കൂട്ടായ പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ആഗോള ക്ഷേമത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും പരിശ്രമവും കഠിനാദ്ധ്വാനവും ലോകത്തെ സുരക്ഷിതവും സമൃദ്ധവുമാക്കുന്നു. സുസ്ഥിരതയുടെ ഒരു പ്രധാന സ്തംഭമായാണ് ലോകം ഇന്ത്യയെ കാണുന്നത്. വിശ്വസിക്കാന്‍ കഴിയുന്ന ഒരു സുഹൃത്ത്, ജനകേന്ദ്രീകൃത വികസനത്തില്‍ വിശ്വസിക്കുന്ന ഒരു പങ്കാളി, ആഗോള നന്മയില്‍ വിശ്വസിക്കുന്ന ഒരു ശബ്ദം, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുടെ ഒരു എന്‍ജിന്‍, പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക കേന്ദ്രം, പ്രതിഭയുള്ള യുവജനങ്ങളുടെ ഒരു ശക്തികേന്ദ്രം, ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന ഒരു ജനാധിപത്യം”, പ്രധാനമന്ത്രി പറഞ്ഞു.

”ഇന്ത്യയിലെ 1.4 ബില്യണ്‍ പൗരന്മാരുടെ മുന്‍ഗണനകളും അഭിലാഷങ്ങളും മനുഷ്യ കേന്ദ്രീകൃത വികസനത്തിലുള്ള അവരുടെ വിശ്വാസവും ഉള്‍ച്ചേര്‍ക്കുന്നതിനും സമത്വത്തിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയും ചേര്‍ന്നുവരുന്നതാണ് ലോക സമൃദ്ധിയുടെയും വികസനത്തിന്റെയും പ്രധാന വശം” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 10 വര്‍ഷം മുമ്പ് 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകത്തെ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിച്ചതുപോലെ, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറുമെന്നും അദ്ദേഹം അടിവരയിട്ടു. ”ഇത് വിശകലനം ചെയ്യാന്‍ വിദഗ്ധര്‍ക്ക് കഴിയും, എന്നാല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു”, പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. വിവിധ ഭൗമരാഷ്ട്രീയ അസ്ഥിരതകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ച സമയത്ത് ഇന്ത്യ ലോകത്തിന് പ്രതീക്ഷയുടെ കിരണമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുസ്ഥിര വ്യവസായങ്ങള്‍, നിര്‍മ്മാണവും അടിസ്ഥാന സൗകര്യങ്ങളും, നവയുഗ നൈപുണ്യങ്ങള്‍, ഭാവി സാങ്കേതികവിദ്യകള്‍, നിര്‍മ്മിത ബുദ്ധിയും നൂതനാശയങ്ങളും, ഹരിത ഹൈഡ്രജന്‍, അര്‍ദ്ധചാലകങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം എന്നിവയെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ കാണാവുന്ന ഇന്ത്യയുടെ മുന്‍ഗണനകളെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗുജറാത്തിലെ വ്യാപാര പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ എല്ലാവരോടും, പ്രത്യേകിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചു. ഇന്നലെ ആദരണീയരായ ന്യൂസി, റാമോസ് ഹോര്‍ത്ത എന്നിവരോടൊപ്പം ഈ വാണിജ്യ പ്രദര്‍ശനത്തില്‍ സമയം ചിലവഴിച്ചതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ലോകോത്തര അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ-മൊബിലിറ്റി (ഇ-ചലനക്ഷമത),സ്റ്റാര്‍ട്ടപ്പുകള്‍, ബ്ലൂ ഇക്കണോമി (നീല സമ്പദ്ഘടന), ഗ്രീന്‍ എനര്‍ജി (ഹരിത ഊര്‍ജ്ജം), സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പോലുള്ള മേഖലകളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് വ്യാപാരപ്രദര്‍ശന മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ മേഖലകളിലെല്ലാം നിക്ഷേപത്തിന് പുതിയ അവസരങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയുടെയും ചലനക്ഷമതയുടെയും അടിസ്ഥാനമായ ഘടനാപരമായ പരിഷ്‌ക്കാരത്തിലെ ഗവണ്‍മെന്റിന്റെ ശ്രദ്ധ വിശദീകരിച്ച പ്രധാനമന്ത്രി, ഈ പരിഷ്‌ക്കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യശേഷിയും ത്രാണിയും മത്സരശേഷിയും വര്‍ദ്ധിപ്പിച്ചുവെന്നും പറഞ്ഞു. പുനര്‍മൂലധനവല്‍ക്കരണവും (റീക്യാപിറ്റലൈസേഷനും) ഐ.ബി.സിയും ശക്തമായ ബാങ്കിംഗ് സംവിധാനത്തിലേക്ക് നയിച്ചത്, ഏകദേശം 40,000 അനുവര്‍ത്തനങ്ങള്‍ റദ്ദാക്കിയതുവഴി ബിസിനസ്സ് സുഗമമാക്കാന്‍ കാരണമായത്, നികുതിയിലെ നൂലാമാലകള്‍ ജി.എസ്.ടി നീക്കംചെയ്തത്, ആഗോള വിതരണ ശൃംഖലയുടെ വൈവിദ്ധ്യവല്‍ക്കരണത്തിനുള്ള മികച്ച അന്തരീക്ഷം, യു.എ.ഇ ഉള്‍പ്പെടെ അടുത്തിടെ ഒപ്പിട്ട 3 എഫ്.ടി.എകൾ, സ്വാഭാവിക നേരിട്ടുള്ള നിക്ഷേപത്തിനായി നിരവധി മേഖലകള്‍ തുറന്നുകൊടുത്തത്, അടിസ്ഥാന സൗകര്യങ്ങളിലെ റെക്കോര്‍ഡ് നിക്ഷേപം, കാപെക്‌സിലെ 5 മടങ്ങ് വര്‍ദ്ധനവ് എന്നതൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത, ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളില്‍ മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത മുന്നേറ്റം, പുനരുപയോഗ ഊര്‍ജ്ജ ശേഷിയിലെ 3 മടങ്ങ് വര്‍ദ്ധനവ്, സൗരോര്‍ജ്ജ ശേഷിയിലെ 20 മടങ്ങ് ശേഷി, താങ്ങാനാവുന്ന ഡാറ്റാ വിലകള്‍ ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിലേയ്ക്ക് നയിച്ചത്, എല്ലാ ഗ്രാമങ്ങളിലേക്കും ഒപ്റ്റിക്കല്‍ ഫൈബര്‍, 5ജി പുറത്തിറക്കിയത്, രജിസ്റ്റര്‍ ചെയ്ത 1.15 ലക്ഷം സ്റ്റാര്‍ട്ടപ്പുകളോടെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്ന പദവി എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു. കയറ്റുമതിയില്‍ മൊത്തത്തിലുള്ള റെക്കോര്‍ഡ് വര്‍ധദ്ധനവിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ജീവിത സൗകര്യം മെച്ചപ്പെടുത്തുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറുകയും മധ്യവര്‍ഗത്തിന്റെ ശരാശരി വരുമാനം നിരന്തരം ഉയരുകയും ചെയ്തുവെന്ന് അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ ഭാവിയുടെ മഹത്തായ അടയാളമായ സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്തത്തിലെ റെക്കോര്‍ഡ് വര്‍ധനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘ഈ മനോഭാവത്തോടെ, ‘ഇന്ത്യയുടെ നിക്ഷേപ യാത്രയുടെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

ചരക്കുഗതാഗതത്തെയും കിഴക്കന്‍ മേഖലകളിലെ ഗതാഗതത്തിന്റെയും  ആധുനിക നയ മെച്ചപ്പെടുത്തലുകളെ സൂചിപ്പിച്ചുകൊണ്ട്, ഒരു ദശാബ്ദത്തിനുള്ളില്‍ വിമാനത്താവളങ്ങളുടെ എണ്ണം 74-ല്‍ നിന്ന് 149 ആയി ഉയര്‍ന്നതും ഇന്ത്യയുടെ ദേശീയ പാത ശൃംഖല ഇരട്ടിയാക്കലിനെയും, മെട്രോ ശൃംഖല മൂന്നിരട്ടിയായതും, സമര്‍പ്പിത ചരക്ക് ഇടനാഴികളെയും ദേശീയ ജലപാതകളെയും അദ്ദേഹം എടുത്തുപറഞ്ഞു. തുറമുഖങ്ങളില്‍ കപ്പല്‍ വന്നു പോകുന്നതിന്റെ സമയത്തിലെ വര്‍ദ്ധനവ്, ജി 20 സമയത്ത് പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയും അദ്ദേഹം പരാമർശിച്ചു. “ഇവയെല്ലാം നിങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ നിക്ഷേപ അവസരങ്ങളാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ എല്ലാ കോണുകളിലും നിക്ഷേപകര്‍ക്ക് പുതിയ സാധ്യതകളുണ്ടെന്നും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഇതിനുള്ള ഒരു കവാടം, അതായത്, ഭാവിയിലേക്കുള്ള ഒരു കവാടമാണെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”നിങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുക മാത്രമല്ല, യുവ ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും പുതിയ തലമുറയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ യുവതലമുറയുമായുള്ള നിങ്ങളുടെ പങ്കാളിത്തം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഫലങ്ങള്‍ കൊണ്ടുവരും”, പ്രധാനമന്ത്രി മോദി പറഞ്ഞു.
ആദരണീയരായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി, തിമോര്‍ ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് – ഹോര്‍ത്ത, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, വിയറ്റ്‌നാം ഉപ പ്രധാനമന്ത്രി ട്രാന്‍ ലു ക്വാങ്, ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

2003-ല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തോടെ രൂപീകരിച്ച വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി വ്യാവസായിക സഹകരണത്തിനും വിജ്ഞാനം പങ്കിടലിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള ഏറ്റവും പ്രശസ്തമായ ആഗോള വേദികളിലൊന്നായി വികസിച്ചു. 2024 ജനുവരി 10 മുതല്‍ 12 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താമത് എഡിഷന്‍, ‘ഭാവിയിലേക്കുള്ള കവാടം’ എന്ന പ്രമേയത്തോടെ ‘വൈബ്രന്റ് ഗുജറാത്തിന്റെ 20 വര്‍ഷത്തെ വിജയത്തിന്റെ ഉച്ചകോടിയായി’ ആഘോഷിക്കുന്നു.

ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ 34 പങ്കാളി രാജ്യങ്ങളും 16 പങ്കാളി സംഘടനകളുമുണ്ട്. കൂടാതെ, വടക്ക്-കിഴക്കന്‍ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വടക്ക്-കിഴക്കന്‍ മേഖലയുടെ വികസനത്തിനുള്ള മന്ത്രാലയം വൈബ്രന്റ് ഗുജറാത്ത് പ്ലാറ്റ്‌ഫോം ഉപയോഗിക്കും.
വ്യവസായം 4.0, സാങ്കേതികവിദ്യയും നവീനാശയങ്ങളും സുസ്ഥിര ഉല്‍പ്പാദനം, ഹരിത ഹൈഡ്രജന്‍, ഇലക്ട്രിക് മൊബിലിറ്റി, പുനരുപയോഗ ഊര്‍ജം, സുസ്ഥിരതയിലേക്കുള്ള മാറ്റം തുടങ്ങിയ ആഗോള പ്രസക്തമായ വിഷയങ്ങളില്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഉച്ചകോടിയില്‍ നടക്കും.

SK