വൈദേശിക ദേശീയ എണ്ണക്കമ്പനികള്‍ വഴി കര്‍ണാടക പാഡൂരിലെ പാഡൂര്‍ തന്ത്രപ്രധാന പെട്രോളിയം ശേഖരം (എസ്.പി.ആര്.) നിറയ്ക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. പാഡൂരിലെ എസ്.പി.ആര്. കേന്ദ്രം 0.625 ദശലക്ഷം മെട്രിക് ടണ്‍(എം.എം.ടി.) ശേഖരണ വ്യാപ്തിയുള്ള നാല് അറകളോടുകൂടിയ, ഭൂമിക്കടിയിലുള്ള പാറകള്‍ക്കിടയിലെ ഗുഹയാണ്. കേന്ദ്രഗവണ്മെന്റിന്റെ ബജറ്റ് വിഹിതം കുറച്ചുകൊണ്ടുവരുന്നതിനാണ് പി.പി.പി. മാതൃകയില്‍ ഈ എസ്.പി.ആര്. നിറയ്ക്കാനുള്ള പദ്ധതി.
വിശാഖപട്ടണം (1.33 എം.എം.ടി.), മംഗലാപുരം (1.5 എം.എം.ടി.), പാഡൂര്‍ (2.5 എം.എം.ടി.) എന്നീ മൂന്നു കേന്ദ്രങ്ങളിലായി ആകെ 5.33 എം.എം.ടി. അസംസ്കൃത എണ്ണ ശേഖരിക്കാനുള്ള കേന്ദ്രമാണ് ഇന്ത്യന്‍ തന്ത്രപ്രധാന പെട്രോളിയം ശേഖരം ലിമിറ്റഡ് (ഐ.എസ്.പി.ആര്.എല്‍.) പാറകള്‍ക്കിടയില്‍ സജ്ജീകരിച്ച് ഉപയോഗപ്പെടുത്തുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഉപയോഗം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയിട്ടുള്ളത് ഇന്ത്യക്ക് 95 ദിവസത്തേക്ക് ആവശ്യമായ അസംസ്കൃത എണ്ണ 5.33 മെട്രിക് ടണ്‍ ശേഖരിക്കാനുള്ള ആദ്യഘട്ട എസ്.പി.ആര്. പദ്ധതി വഴി ശേഖരിക്കാന്‍ സാധിക്കും എന്നാണ്. ഒഡിഷയിലെ ഛന്ദിഖോല്, കര്‍ണാടകയിലെ പാഡൂര്‍ എന്നിവിടങ്ങളില്‍ 6.5 എം.എം.ടി. കൂടി എസ്.പി.ആര്. സൗകര്യം ഒരുക്കുന്നതിനു ഗവണ്മെന്റ് 2018 ജൂണില്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതുവഴി, 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഉപയോഗത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷ 11.5 ദിവസംകൂടി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണു കണക്കാക്കുന്നത്.