Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വേള്‍ഡ് ഫുഡ് ഇന്ത്യ 2017നെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വേള്‍ഡ് ഫുഡ് ഇന്ത്യ 2017നെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വേള്‍ഡ് ഫുഡ് ഇന്ത്യ 2017നെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

വേള്‍ഡ് ഫുഡ് ഇന്ത്യ 2017നെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ആദരണീയരെ,

വ്യാപാര -വ്യവസായ മേഖലകളിലെ പ്രമുഖരെ

മഹതികളെ, മാന്യരെ,

ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ ആഗോളതലത്തിലെ നേതാക്കളുടെയും, തീരുമാനം എടുക്കുന്നവരുടെയും ഈ മഹനീയ കൂട്ടായ്മയുടെ ഭാഗമായതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഞാന്‍ നിങ്ങളെയെല്ലാം വേള്‍ഡ് ഫുഡ് ഇന്ത്യ 2017ലേക്ക് സ്വാഗതം ചെയ്യുന്നു.

ഇന്ത്യയില്‍ നിങ്ങളെ കാത്തിരിക്കുന്ന അവസരങ്ങളുടെ ക്ഷണദര്‍ശനം നിങ്ങള്‍ക്ക് ഈ സമ്മേളനത്തില്‍ നിന്നും ലഭിക്കും. ഇത് ഭക്ഷ്യസംസ്‌ക്കരണ മൂല്യ ശൃംഖലയില്‍ ഞങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. വിവിധ കക്ഷികളേയും സഹകരിക്കുന്നവരെയും പരസ്പര അഭിവൃദ്ധിക്കായി ബന്ധിപ്പിക്കുന്ന ഒരു വേദി കൂടിയാണിത്. അതോടൊപ്പം ലോകത്തങ്ങളോളമിങ്ങോളം രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന വളരെ സ്വാദിഷ്ടമായ ഞങ്ങളുടെ പല രുചിക്കൂട്ടുകളും ഇത് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും.

സഹോദരീ, സഹോദരന്മാരെ,

കാര്‍ഷിക രംഗത്ത് ഇന്ത്യയുടെ ശക്തി പലതരത്തിലുള്ളതും വൈവിദ്ധ്യമാര്‍ന്നതുമാണ്. കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തൃതിയില്‍ ലോകത്തെ രണ്ടാം സ്ഥാനവും കൂടാതെ 127 വൈവിദ്ധ്യമാര്‍ന്ന കാലാവസ്ഥ മേഖലകളും ഇന്ത്യയ്ക്കുണ്ട്. വാഴപ്പഴം, മാങ്ങ, പേരയ്ക്ക, പപ്പായ, വെണ്ടയ്ക്ക തുടങ്ങി നിരവധി വിളകളുടെ ഉല്‍പ്പാദനത്തില്‍ ഞങ്ങള്‍ക്ക് ലോകനേതൃസ്ഥാനമുണ്ട്. കൂടാതെ അരി, ഗോതമ്പ്, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലും ഞങ്ങള്‍ക്ക് ലോകത്ത് രണ്ടാംസ്ഥാനമുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദന രാജ്യവും കൂടിയാണ് ഇന്ത്യ. കഴിഞ്ഞ മൂന്നുവര്‍ഷമായി നമ്മുടെ പുഷ്പകൃഷിമേഖല ശരാശരി 5.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നത്.

നുറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നമ്മുടെ സുഗന്ധവ്യജ്ഞനങ്ങള്‍ തേടി വന്ന വ്യാപാരികളെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള അവരുടെ യാത്രയാണ് പലപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ചിരുന്നത്. യൂറോപ്പ്, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളുമായി നമുക്കുണ്ടായിരുന്ന സുഗന്ധവ്യജ്ഞന വ്യാപാര പങ്കാളിത്തം വളരെ പ്രശസ്തമാണ്. ക്രിസ്റ്റഫര്‍ കൊളംബസ് പോലും ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങളില്‍ ആകൃഷ്ടനായിരുന്നു. അതിന് വേണ്ടി ഇന്ത്യയിലേക്ക് മറ്റൊരു വഴി കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്.

ഭക്ഷ്യസംസ്‌ക്കരണം ഇന്ത്യയില്‍ ഒരു ജീവിതരീതിയാണ്. വളരെ സാധാരണ കുടുംബങ്ങളില്‍പ്പോലും വര്‍ഷങ്ങളായി ഇത് ചെയ്ത് പോരുന്നു. ഇന്ന് ലോകത്തെ ഉന്നതരേയും ബഹുജനങ്ങളെയും ആകര്‍ഷിക്കുന്ന നമ്മുടെ പ്രശസ്തമായ അച്ചാറുകള്‍, പപ്പടങ്ങള്‍, ചട്ട്ണികള്‍, മുറാബ തുടങ്ങിയവ തയ്യാറാക്കുന്നതിന് വേണ്ടി പുളിപ്പിക്കല്‍ പോലുള്ള വളരെ ലളിതവും ഗാര്‍ഹികാധിഷ്ഠിതവുമായ വിദ്യകളാണ് ഉപയോഗിച്ചിരുന്നത്.

സഹോദരീ സഹോദരന്മാരെ,

ഒരു നിമിഷത്തേക്ക് നമുക്ക് ഈ വലിയ ചിത്രത്തിലേക്ക് തിരിയാം.

ഇന്ന് ലോകത്ത് വളരെ വേഗം വളരുന്ന സമ്പദ്ഘടനകളില്‍ ഒന്നാണ് ഇന്ത്യ. ചരക്ക് സേവന നികുതി അല്ലെങ്കില്‍ ജി.എസ്.ടി നികുതികളുടെ ബാഹുല്യം ഇല്ലാതാക്കി. ലോകബാങ്കിന്റെ വ്യാപാരം ലളിതമാക്കല്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഈ വര്‍ഷം 30 സ്ഥാനം ചാടിക്കയറി. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മെച്ചപ്പടുത്തലാണ്, അതേസമയം ഇക്കൊല്ലം ലോകത്തെ ഏതൊരു രാജ്യത്തെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കുതിപ്പുമാണ്. 2014ലെ നൂറ്റിനാല്‍പ്പത്തിരണ്ടാം സ്ഥാനത്ത് നിന്ന് ഇന്ന് നാം വളരെ ഉയരെ 100ല്‍ എത്തിനില്‍ക്കുകയാണ്.

ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങളില്‍ 2016ല്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ആഗോള നൂതനാശയ സൂചികയിലും, ആഗോള ചരക്ക് നീക്ക സൂചികയിലും ആഗോള മത്സരക്ഷമതാ സൂചികയിലും ഇന്ത്യ വളരെ വേഗത്തില്‍ മുന്നേറുകയാണ്.

ഇന്ത്യയില്‍ ഒരു വ്യാപാരം തുടങ്ങുകയെന്നത് ഏക്കാലത്തെക്കാളും ഇന്ന് എളുപ്പമാണ്. വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട അനുമതികളുടെ നടപടിക്രമങ്ങളെല്ലാം ലളിതമാക്കിയിട്ടുണ്ട്. കാലഹരണപ്പെട്ട നിയമങ്ങള്‍ ഇല്ലാതാക്കുകയും അവയുടെ പാലനത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയതിട്ടുണ്ട്. ഇനി ഞാന്‍ ഭക്ഷ്യസംസ്‌ക്കരണത്തിലേക്ക് മാത്രം തിരിയാം.

പരിവര്‍ത്തനപരമായ നിരവധി മുന്‍കൈകള്‍ ഗവണ്‍മെന്റ് സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ ഇന്ന് ഏറ്റവുമധികം പരിഗണിക്കപ്പെടുന്ന ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. നമ്മുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ മുന്‍ഗണനാ മേഖലയുമാണിത്. ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഇ-കോമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യാപാര മേഖലയില്‍ ഇന്ന് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമാണ്. വിദേശ നിക്ഷേപകരെ കൈകാര്യം ചെയ്യുന്നതിനായി ഒരു ഏകജാലക സൗകര്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നുള്ള ആകര്‍ഷകമായ ധനകാര്യ മുന്‍കൈകളാണ് ഇവയൊക്കെ. ഭക്ഷ്യ- കാര്‍ഷിക സംസ്‌ക്കരണ യൂണിറ്റുകള്‍, ശീതീകരണ ശൃംഖലകള്‍ മുതലായവയെ മുന്‍ഗണനാമേഖലയായി കണക്കാക്കി വായ്പ നല്‍കുന്നുണ്ട്. ഈ വായ്പകളുടെ ലഭ്യത വേഗത്തിലും ചെലവുകുറഞ്ഞതുമാക്കിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഭക്ഷ്യസംസ്‌ക്കരണമേഖലയില്‍ സ്വീകരിക്കുന്ന നയം, നല്‍കുന്ന സഹായങ്ങള്‍, എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നിക്ഷേപകരില്‍ എത്തിക്കുന്നതിനായി അടുത്തിടെയാണ് നിവേശ് ബന്ധു അല്ലെങ്കില്‍ നിക്ഷേപ സുഹൃത്ത് എന്ന ഒരു പ്രത്യേക പോര്‍ട്ടല്‍ ഞങ്ങള്‍ ആരംഭിച്ചത്. ഇതില്‍ ഏറ്റവും താഴേത്തട്ടുവരെയുള്ള വിഭവങ്ങളുടെ രേഖാചിത്രത്തോടൊപ്പം അവയുടെ സംസ്‌ക്കരണത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃഷിക്കാര്‍, സംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ചരക്ക് നിയന്ത്രിക്കുന്നവര്‍ എന്നിവരുടെ ഒരു വ്യാപാരവേദികൂടിയാണ് ഇത്.

സുഹൃത്തുക്കളെ,

മുല്യശൃംഖലയിലെ പല വിഭാഗങ്ങളിലൂം സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ കരാര്‍ കൃഷി, അസംസ്‌കൃത വസ്തുക്കളുടെ സ്രോതസുണ്ടാക്കുക, കാര്‍ഷിക ബന്ധപ്പെടുത്തല്‍ സാധ്യമാക്കല്‍ എന്നിവയ്‌ക്കെല്ലാം കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഇന്ത്യയിലുള്ള പല അന്തര്‍ദ്ദേശീയ കമ്പനികളും കരാര്‍കൃഷിക്ക് വേണ്ട മുന്‍കൈ എടുത്തിട്ടുണ്ട്. ആഗോള സൂപ്പര്‍മാര്‍ക്കറ്റ് കമ്പനികള്‍ക്ക് ഇന്ത്യയെ ഏറ്റവും പ്രധാനപ്പെട്ട ഔട്ട് സോഴ്‌സിംഗ് കേന്ദ്രം എന്ന നിലയില്‍ പരിഗണിച്ചാല്‍ മികച്ച സാദ്ധ്യതകളാണ് ലഭിക്കുന്നത്.

ഒരുവശത്ത് വിളപ്പെടുപ്പിന് ശേഷമുള്ള പ്രാഥമിക സംസ്‌ക്കരണവും സംഭരണവും, പശ്ചാത്തലസൗകര്യങ്ങളുടെ സംരക്ഷണം, ശീതീകരണ ശൃംഖല, റഫറിജിറേറ്റഡ് യാത്രാസംവിധാനം തുടങ്ങിയവയില്‍ വലിയ സാദ്ധ്യതകളുണ്ട്. മറുവശത്ത് ഭക്ഷ്യസംസ്‌ക്കരണത്തിനുംം മൂല്യവര്‍ദ്ധനയ്ക്കും പ്രത്യേകിച്ചും വളരാന്‍ ഏറെ സാദ്ധ്യതയുള്ള ജൈവ-സുരക്ഷിത ഭക്ഷ്യമേഖലകളില്‍ അസാധാരണ ശേഷിയുമുണ്ട്.

വര്‍ദ്ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഇടത്തരവിഭാഗത്തിന്റെ വളര്‍ച്ച എന്നിവയെല്ലാം സംസ്‌ക്കരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ആവശ്യകതയില്‍ വലിയ വര്‍ദ്ധനവാണുണ്ടാക്കിയിരിക്കുന്നത്. ഒരു ചെറിയ കണക്ക് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം, ഒരോദിവസവും ഇന്ത്യയില്‍ പത്തുലക്ഷത്തിലധികം യാത്രക്കാര്‍ ട്രെയിനില്‍ വച്ച് ആഹാരംകഴിയ്ക്കുന്നുണ്ട്. അവരില്‍ ഓരോരുത്തരും ഭക്ഷ്യസംസ്‌ക്കരണമേഖലയിലെ ഉപഭോക്താവാകാന്‍ സാദ്ധ്യതയുള്ളവരാണ്. ഇത്രയധികം അളവിലുള്ള സാദ്ധ്യതകളാണ് ഉപയോഗിക്കാനയി കാത്തിരിക്കുന്നത്.

സഹോദരീ, സഹോരന്മാരെ,

ജീവിശൈലി രോഗങ്ങള്‍ ഇന്ന് ആഗോളതലത്തില്‍ ഏത് തരത്തിലുള്ള ആഹാരമാണ് ഭക്ഷിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള വലിയ അവബോധം ഉളവാക്കുന്നുണ്ട്. കൃത്രിമ നിറങ്ങള്‍, രാസവസ്തുക്കള്‍, സംരക്ഷണോപാധികള്‍ (പ്രിസര്‍വേറ്റീവ്‌സ്) എന്നിവയ്‌ക്കെതിരായ വികാരം വളരെ ശക്തമായി വളരുന്നുണ്ട്. ഇതിന് ഒരു പരിഹാരവും വിജയകരമായ പങ്കാളിത്തം നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയും.

ഇന്ത്യയിലെ പാരമ്പരാഗത ഭക്ഷണത്തോടൊപ്പം ആധുനിക സാങ്കേതികവിദ്യയും സംസ്‌ക്കരണവും പാക്കിംഗും ലോകത്തിന് ആരോഗ്യഗുണങ്ങള്‍ തിരിച്ചുപിടിക്കാനും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളായ മഞ്ഞള്‍, ഇഞ്ചി, തുളസി തുടങ്ങിയവയുടെ പുതിയ രുചി നേടിയെടുക്കാനും സഹായിക്കും. ആരോഗ്യകരവും രുചികരവുമായ ഭക്ഷണം ലാഭകരമായി ഇന്ത്യയില്‍ ഉണ്ടാക്കാന്‍ കഴിയും.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ലോകനിലവാരം ഉറപ്പാക്കാനായി ദി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ശക്തമായി ഇടപെടുന്നുണ്ട്. കോഡക്‌സിന്റെ നിലവാരവുമായി സംയോജിപ്പിക്കുകയും അത്യന്താധുനിക പരിശോധനയും ലാബോറട്ടറി സൗകര്യം നിര്‍മ്മിക്കുന്നതും ഭക്ഷ്യവ്യസായ മേഖലയ്ക്ക് അനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതില്‍ വളരെയധികം മുന്നോട്ടുപോകും.

സഹോദരീ സഹോദരന്മാരെ,

നാം ബഹുമാനത്തോടെ അന്നദാതാക്കള്‍, അല്ലെങ്കില്‍ നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ എന്ന് വിശേഷിപ്പിക്കുന്ന കൃഷിക്കാരാണ് ഭക്ഷ്യസംസ്‌ക്കരണ പ്രയത്‌നത്തിലെ കേന്ദ്രം. അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന എന്ന പ്രഖ്യാപിത ലക്ഷ്യമാണ് നമുക്കുള്ളത്. ലോകനിലവാരത്തിലുള്ള സംസ്‌ക്കരണ പശ്ചാലത്തസൗകര്യം ഉറപ്പിക്കുന്നതിനായി അടുത്തിടെ നാം ദേശീയതലത്തില്‍ പ്രധാനമന്ത്രി കിസാന്‍ സംപാദ യോജന എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ അഞ്ച് ബില്യണ്‍ യു.എസ്. ഡോളറിന്റെ നിക്ഷേപ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടു ദശലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുകയും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

വന്‍കിട ഭക്ഷ്യപാര്‍ക്കുകള്‍ സൃഷ്ടിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഘടകം. ഈ പാര്‍ക്കുകളിലൂടെ കാര്‍ഷിക-സംസ്‌ക്കരണ ക്ലസ്റ്ററുകളെ പ്രധാനപ്പെട്ട ഉല്‍പ്പാദന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഉരുളക്കിഴങ്ങ്, കൈതച്ചക്ക, ഓറഞ്ച്, ആപ്പിള്‍, തുടങ്ങിയ വിളകള്‍ക്ക് ഇത് മെച്ചപ്പെട്ട വില ലഭ്യമാക്കും. കര്‍ഷക ഗ്രൂപ്പുകളെ ഇവയില്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാലിന്യവും ഗതാഗത ചെലവും കുറയ്ക്കാനുംപുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. ഇത്തരം ഒന്‍പത് പാര്‍ക്കുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളം മുപ്പതില്‍കൂടുതല്‍ ഇത്തരത്തിലുള്ള യൂണിറ്റുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഉടന്‍ തന്നെ നിലവില്‍ വരികയും ചെയ്യും.

ഏറ്റവും താഴെത്തട്ടില്‍വരെ വിതരണം സാദ്ധ്യമാകുന്നതിനായി നാം ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിച്ചുകൊണ്ടുള്ള ഭരണം മെച്ചപ്പെടുത്തുകയാണ്. കൃത്യമായ ഒരു സമയക്രമത്തിനുള്ളില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയിലൂടെ നമ്മുടെ ഗ്രാമങ്ങളെ ബന്ധിപ്പിക്കും. ഭൂരേഖകകള്‍ ഡിജിറ്റലാക്കുകയും ജനങ്ങള്‍ക്ക് പല സേവനങ്ങളും മൊബൈലിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. വേണ്ട സമയത്ത് വിവരങ്ങളും അറിവുകളും വൈദഗ്ധ്യവും കര്‍ഷകരില്‍ എത്തിക്കുകയെന്നതില്‍ ഈ നടപടികള്‍ വേഗത കൂട്ടുന്നുണ്ട്. നമ്മുടെ ദേശീയ കാര്‍ഷിക ഇ-വിപണിയായ ഇ-നാം രാജ്യത്താകമാനമുള്ള നമ്മുടെ കാര്‍ഷിക വിപണികളെ തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് മത്സരവിലയുടെ ആനുകൂല്യം ലഭ്യമാക്കുകയും ഇഷ്ടത്തിനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നുണ്ട്.

സഹകരണാത്മകവും, മത്സരാധിഷ്ടിതവുമായ ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നടപടിക്രമങ്ങളും രീതികളും ലളിതമാക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രവുമായി സഹകരിക്കുന്നുണ്ട്. നിക്ഷേപം ആകര്‍ഷിക്കാന്‍ പല സംസ്ഥാനങ്ങളും ആകര്‍ഷണീയമായ ഭക്ഷ്യസംസ്‌ക്കരണ നയങ്ങളുമായി എത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനവും കുറഞ്ഞപക്ഷം ഒരു ഭക്ഷ്യഉല്‍പ്പന്നത്തില്‍ വൈദഗ്ധ്യം നേടണം. അതുപോലെ ഓരോ ജില്ലക്കും ചില ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദനത്തിനായി തെരഞ്ഞെടുക്കാം, അതില്‍ ഒരെണ്ണത്തില്‍ വൈദഗ്ധ്യം നേടാം.

സഹോദരീ സഹോദരന്മാരെ,

ഇന്നത്തെ നമ്മുടെ ശക്തമായ കാര്‍ഷികാടിത്തറ നമുക്ക് വളരെ ഊര്‍ജ്ജസ്വലമായ ഭക്ഷ്യസംസ്‌ക്കരണമേഖലയ്ക്കുളള ശക്തമായ നിക്ഷേപാടിത്തറ നല്‍കുന്നുണ്ട്. നമ്മുടെ വിശാലമായ ഉപഭോക്തൃ അടിത്തറ, വരുമാനത്തിന്റെ വര്‍ദ്ധന, നിക്ഷേപാനുകൂല കാലാവസ്ഥ, വ്യവസായം ലളിതമാക്കാന്‍ അര്‍പ്പിച്ച ഒരു ഗവണ്‍മെന്റ്, ഇവയെല്ലാം ഇന്ത്യയെ ലോകത്തെ മികച്ച ഒരു ഭക്ഷ്യസംസ്‌ക്കരണ കേന്ദ്രമാക്കി മാറ്റുന്നു.

ഇന്ത്യയിലെ ഭക്ഷ്യ വ്യവസായമേഖലയിലെ ഓരോ ഉപകേന്ദ്രങ്ങളും വിശാലമായ സാദ്ധ്യതകളാണ് നല്‍കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് ചില വിശദീകരണങ്ങള്‍ നല്‍കാം.
പാലുല്‍പ്പാദന മേഖല ഗ്രാമീണ സമ്പദ്ഘടനയിലെ പ്രധാനപ്പെട്ട വിഭാഗമായി വളര്‍ന്നിട്ടുണ്ട്. പാലില്‍ നിന്നും ബഹുമുഖ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ഇതിനെ അടുത്തതലത്തിലേക്ക് കൊണ്ടുപോകാനാണ് ഞങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

മനുഷ്യന് പ്രകൃതിയുടെ വരദാനമാണ് തേന്‍. തേനീച്ച മെഴുക് തുടങ്ങിയ നിരവധി മൂല്യവത്തായ ഉപോല്‍പ്പന്നങ്ങളും ഇത് നല്‍കുന്നുണ്ട്. കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വലിയശേഷി ഇതിനുണ്ട്. ഇപ്പോള്‍ തേനിന്റെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും നാം ആറാം സ്ഥാനത്താണ്. ഒരു മധുര വിപ്ലവത്തിന് ഇന്ത്യ അനുയോജ്യമായ അവസ്ഥയിലാണ്.

ലോക മത്സ്യ ഉല്‍പ്പാദനത്തില്‍ 6 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. കൊഞ്ചിന്റെ കയറ്റുമതിയില്‍ നാം ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഏകദേശം 95 രാജ്യങ്ങളിലേക്ക് ഇന്ത്യ മത്സ്യവും മത്സ്യ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്.

നീല വിപ്ലവത്തിലൂടെ സമുദ്ര സമ്പദ്ഘടനയില്‍ വലിയ കുതിച്ചുചാട്ടത്തിന് നാം ലക്ഷ്യമിടുകയാണ്. ഇതുവരെ ഉപയോഗിക്കാത്ത അലങ്കാരമത്സ്യ-ശുദ്ധജല മത്സ്യ കൃഷിയിലാണ് ലക്ഷ്യമിടുന്നത്. അതുപോലെ മുത്ത്കൃഷിയുടെ പുതിയമേഖലയിലും നാം പര്യവേഷണം നടത്തുന്നുണ്ട്.

സുസ്ഥിരവികസനത്തിനുള്ള നമ്മുടെ ഊന്നല്‍ ജൈവകൃഷിയില്‍ നാം കാട്ടുന്ന പ്രതിജ്ഞാബദ്ധതയിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമായി മാറി. ജൈവ ഉല്‍പ്പാദനത്തിന് വേണ്ട പശ്ചാത്തല സൗകര്യത്തിനുള്ള അവസരത്തിന്റെ വാഗ്ദാനം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുഴുവനും നല്‍കുന്നുണ്ട്.
സുഹൃത്തുക്കളെ,

ഇന്ത്യന്‍ വിപണികളില്‍ വിജയിക്കുന്നതിനായി ഇന്ത്യയുടെ ഭക്ഷ്യസ്വഭാവത്തെക്കുറിച്ചും രുചികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഒരു ഉദാഹരണം പറഞ്ഞാല്‍ പാല്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും പഴച്ചാറ് അടിസ്ഥാനമാക്കിയ പാനീയങ്ങളും ഇന്ത്യന്‍ ഭക്ഷ്യസംസ്‌ക്കാരത്തിന്റെ അടിത്തറയാണ്. അതുകൊണ്ടാണ് സോഡപോലെ വായുനിറച്ച പാനീയങ്ങള്‍ ഉണ്ടാക്കുന്നവരോട് അവരുടെ ഉല്‍പ്പന്നങ്ങളില്‍ അഞ്ചുശതമാനം പഴച്ചാറുകൂടി കലര്‍ത്താന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്.

പോഷകസുരക്ഷയ്ക്കുള്ള പരിഹാരവും കൂടിയാണ് ഭക്ഷ്യസംസ്‌ക്കരണം. ഉദാഹരണത്തിന് നമ്മുടെ പരുക്കന്‍ ധാന്യങ്ങള്‍ക്കും ചോളത്തിനും വലിയ പോഷകമൂല്യമുണ്ട്. അവയ്ക്ക പ്രതികൂലമായ കാര്‍ഷിക കാലാവസ്ഥയെപ്പോലും അതിജീവിക്കാനാകും. അവയെ പോ ഷകസമ്പുഷ്ടവും ക്ലൈമറ്റ് സ്മാര്‍ട്ടുമായ വിളകള്‍ എന്ന് വിളിക്കാം. ഇവയെ അടിസ്ഥാനമാക്കി നമുക്കൊരു സംരംഭം ആരംഭിക്കാനാകുമോ? അത് വളരെ പാവപ്പെട്ട നമ്മുടെ കുറേ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും പോഷകനിലവാരം ഉയര്‍ത്തുകയും ചെയ്യും. ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പായും ലോകത്താകമാനം വലിയ അനുരണനങ്ങളുണ്ടാക്കാനാകും.

നമുക്ക് നമ്മുടെ ശേഷിയെ ലോകത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുമോ? ഇന്ത്യയുടെ പാരമ്പര്യത്തെ മനുഷ്യസമൂഹത്തിന്റെ ഭാവിയുമായി ബന്ധിപ്പിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ കര്‍ഷകരെ ലോകത്തെ വിപണികളുമായി നമുക്ക് ബന്ധിപ്പിക്കാന്‍ കഴിയുമോ? ഇതാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ചില ചോദ്യങ്ങള്‍.

വേള്‍് ഫുഡ് ഇന്ത്യ ഈ ദിശയിലേക്ക് ചില മൂര്‍ത്തമായ ചുവടുകള്‍ എടുക്കുന്നതിന് നമ്മെ സഹായിക്കുമെന്നതില്‍ എനിക്ക് ദൃഢവിശ്വാസമുണ്ട്. ഇത് നമ്മുടെ സമ്പന്നമായ പാചകവിദ്യയ്ക്ക് വിലയേറിയ അകകണ്ണ് നല്‍കുകയും നമ്മുടെ പ്രാചീനമായ ഭക്ഷ്യസംസ്‌ക്കരണ അറിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സഹായകരമാകും.

ഈ അവസരത്തില്‍ ഇന്ത്യന്‍ പാചകത്തിന്റെ വൈവിദ്ധ്യം കാണിക്കാനായി തപാല്‍ വകുപ്പ് 24 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.

സഹോദരീ, സഹോദരന്മാരെ,

ഇന്ത്യയുടെ ഭക്ഷ്യസംസ്‌ക്കരണ മേഖലയുടെ വളരെ വിസ്മയാവഹമായ യാത്രയില്‍ ഭാഗഭാക്കാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നു. എപ്പോള്‍ ആവശ്യമുണ്ടോ, അപ്പോഴൊക്കെ എന്റെ തുറന്നമനസോടെയുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

വരിക, ഇന്ത്യയില്‍ നിക്ഷേപിക്കുക.

കൃഷിയിടം മുതല്‍ തീന്‍മേശവരെ അവസരങ്ങളുടെ പരിധിയില്ലാത്ത പ്രദേശത്ത്.

ഉല്‍പ്പാദിപ്പിച്ച്, സംസ്‌ക്കരിച്ച്, സമൃദ്ധമാകാവുന്ന പ്രദേശത്ത്.

ഇന്ത്യയ്ക്ക്‌വേണ്ടി, ലോകത്തിന് വേണ്ടി

നന്ദി