മൂന്ന് അന്താരാഷ്ട്ര കരാറുകളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. കരാറുകള്‍ ഇവയാണ് :
1. ചരക്കുകളുടെയും, സേവനങ്ങളുടെയും രജിസ്‌ട്രേഷന്‍ അടയാളങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വര്‍ഗ്ഗീകരണം സംബന്ധിച്ച നൈസ് കരാര്‍.
2. ട്രേഡ് മാര്‍ക്കുകളുടെ ലക്ഷണയുക്തമായ ഘടകങ്ങള്‍ക്ക് അന്താരാഷ്ട്ര വര്‍ഗ്ഗീകരണത്തിനായുള്ള വീയന്ന കരാര്‍.
3. വ്യാവസായിക ഡിസൈനുകളുടെ അന്താരാഷ്ട്ര തരംതിരിവിനുള്ള ലൊക്കാര്‍ണോ കരാര്‍.
വീയന്ന, ലൊക്കാര്‍ണോ, നൈസ് കരാറുകളില്‍ ഉള്‍പ്പെടുന്നത് ട്രേഡ് മാര്‍ക്കുകളിലും, ഡിസൈന്‍ ആപ്ലിക്കേഷനിലും ആഗോളതലത്തില്‍ തുടര്‍ന്ന് പോരുന്ന വര്‍ഗ്ഗീകരണ സമ്പ്രദായവുമായി ഒത്ത് പോകാന്‍ ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശ ഓഫീസിനെ സഹായിക്കും.
അന്താരാഷ്ട്ര വര്‍ഗ്ഗീകരണ സംവിധാനത്തില്‍ ഇന്ത്യന്‍ മാതൃകകളെയും, രൂപങ്ങളെയും ഉള്‍പ്പെടുത്താനുള്ള ഒരു അവസരവും അത് പ്രദാനം ചെയ്യും.
ഇന്ത്യയില്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകരില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
കരാര്‍ പ്രകാരമുള്ള വര്‍ഗ്ഗീകരണത്തിന്റെ അവലോകനവും, പുതുക്കലുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അവകാശവും ഇതുവഴി ഇന്ത്യയ്ക്ക് ലഭിക്കും.