Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി


വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ രാജ്യത്തൊട്ടാകെയുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. അടല്‍ ബീമാ യോജന, പ്രധാന മന്ത്രി ജീവന്‍ ജ്യോതി യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, വയ വന്ദന യോജന എന്നീ നാല് പ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചാണ് ആശയ വിനിമയം നടന്നത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരമ്പരയിലെ ഏഴാമത്തേതാണിത്.

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി കൂടുതല്‍ ശക്തരായി മാറിയ ജനങ്ങളോട് ആശയവിനിമയം നടത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ജനങ്ങളെ ശാക്തീകരിക്കുന്നുവെന്ന് വ്യക്തമാക്കി. നിലവിലെ ഗവണ്‍മെന്റിന്റെ ഈ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ജനങ്ങളെ സഹായിക്കുക മാത്രമല്ല, കുടുംബത്തിന്റെ ബുദ്ധിമുട്ടേറിയ സാമ്പത്തിക സാഹചര്യങ്ങള്‍ മറികടക്കാന്‍ അവരെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരുടെയും എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്നവരുടേയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ബാങ്കുകളുടെ വാതിലുകള്‍ പാവപ്പെട്ടവര്‍ക്കായി തുറക്കല്‍- ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കല്‍, ചെറുകിട ബിസിനസുകാര്‍ക്കും വളര്‍ന്നു വരുന്ന സംരംഭകര്‍ക്കും മൂലധനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തല്‍- പണം ലഭ്യമല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കല്‍, പാവപ്പെട്ടവര്‍ക്കും എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്നവര്‍ക്കും സാമൂഹ്യ സുരക്ഷ നല്‍കല്‍- സാമ്പത്തിക സുരക്ഷയില്ലാത്തവര്‍ക്ക് അത് പ്രദാനം ചെയ്യല്‍ എന്നിവ അതില്‍പ്പെടുന്നു.

2014- 2017 ല്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്കു കീഴില്‍ ആരംഭിച്ച 28 കോടി അക്കൗണ്ടുകള്‍ എന്നത് ലോകത്ത് ആകെ തുറന്ന ബാങ്ക് അക്കൗണ്ടുകളുടെ 55% ആണെന്ന് ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നതിലും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍ 2014 ലെ 53 ശതമാനത്തില്‍ നിന്ന് 80 % ആയി ഉയര്‍ന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രവിക്കവെ, ഒരു വ്യക്തിയുടെ നഷ്ടം ഒരിക്കലും നികത്താനാവില്ലെന്നും, അത് ബാധിക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി വ്യക്തമാക്കി. വളരെക്കുറഞ്ഞ പ്രീമിയമായ 300 രൂപ അടച്ച് 5 കോടിയിലേറെ ജനങ്ങള്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയുടെ പ്രയോജനം നേടിയതായി അദ്ദേഹം പറഞ്ഞു.

അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബിമാ യോജനയെക്കുറിച്ച് സംസാരിക്കവെ, 13 ലക്ഷം ജനങ്ങള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സുരക്ഷാ ബിമാ യോജനയുടെ കീഴില്‍ പ്രതിവര്‍ഷം 12 രൂപ മാത്രം അടച്ച് 2 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം.

പ്രായമായവരെ സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ വിവിധ ഉദ്യമങ്ങള്‍ പ്രധാനമന്ത്രി സംഗ്രഹിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വയാ വന്ദന പദ്ധതി പ്രായമായ മൂന്നു ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ചെയ്തതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതിക്കു കീഴില്‍ 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള പൗരന്‍മാര്‍ക്ക് 10 വര്‍ഷത്തേക്ക് 8% ഉറപ്പായ റിട്ടേണ്‍ ലഭിക്കും. ഇതിനു പുറമേ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആദായ നികുതിയുടെ അടിസ്ഥാന പരിധി ഗവണ്‍മെന്റ് 2.5 ലക്ഷത്തില്‍ നിന്ന് 3 ലക്ഷം ആയി ഉയര്‍ത്തി. വയോജനങ്ങളുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

എല്ലാവര്‍ക്കും സാമൂഹിക സുരക്ഷ എന്ന ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ട്, കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 20 കോടിയിലേറെ ജനങ്ങളെ പധാനപ്പെട്ട മൂന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബിമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവയ്ക്കു കീഴില്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരന്‍മാരുടേയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടേയും എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്നവരുടേയും ക്ഷേമം ഉറപ്പു വരുത്തുന്നതിനും സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ അവരെ ശാക്തീകരിക്കുന്നതിനും ഗവണ്‍മെന്റ് പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കി.

അത്യാവശ്യമുള്ള സമയത്ത് ഈ പദ്ധതികള്‍ തങ്ങളെ എങ്ങനെ സഹായിച്ചുവെന്ന് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ വ്യക്തമാക്കി. വിവിധ പദ്ധതികള്‍ അവതരിപ്പിച്ചതിന് ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. പല പദ്ധതികളും തങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയതായിഅവര്‍ ചൂണ്ടിക്കാട്ടി.