പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ചര്‍ച്ച നടത്തി.
കോവിഡ് 19 ഉയര്‍ത്തുന്ന ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ് ലോകം മുഴുവനുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക ഘട്ടമാണെന്നും അതിന്റെ ആഘാതം ചെറുത്തു തോല്‍പ്പിക്കുന്ന നിലയിലേയ്ക്കു നാം മാറണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ പോരാട്ടത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗവും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിപരവും ക്രിയാത്മകവുമായ രാഷ്ട്രീയത്തിന് രാജ്യം സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍, ജനത കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ എന്നീ കാര്യങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പിന്തുടരുന്നതിലൂടെ ഇന്ത്യയിലെ ഓരോ പൗരനും ഈ സാഹചര്യത്തില്‍ അവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഓരോ പൗരന്റെയും അച്ചടക്കം, അര്‍പ്പണബോധം, പ്രതിബദ്ധത എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു.
വിഭവ ലഭ്യതയില്‍ ഉരുത്തിരിഞ്ഞു വരുന്ന പരിമിത സാഹചര്യത്തെപ്പറ്റി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്നിട്ടും ഇതുവരെ വൈറസ് പടരുന്നതിന്റെ വേഗത നിയന്ത്രിച്ച അപൂര്‍വം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി മാറി വരികയാണെന്നും എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
രാജ്യത്തെ സ്ഥിതി ഒരു ‘സാമൂഹിക അടിയന്തരാവസ്ഥ’യ്ക്കു സമാനമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്യം നിര്‍ബന്ധിതമായി. ജാഗ്രത പുലര്‍ത്തല്‍ കര്‍ശനമായി തുടരേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ കാലാവധി നീട്ടണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണനേതൃത്വങ്ങളും വിദഗ്ധരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാറിവരുന്ന ഈ സാഹചര്യങ്ങളില്‍, അതോടൊപ്പം തന്നെ, രാജ്യം തൊഴില്‍ സംസ്‌കാരങ്ങളിലും പ്രവര്‍ത്തന ശൈലിയിലും മാറ്റം വരുത്താന്‍ ശ്രമം നടത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ജീവനും രക്ഷിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി രാജ്യം ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത് എന്നും അവ മറികടക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്നു വരുന്ന പ്രതിസന്ധികള്‍ നേരിടാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ സ്വീകരിച്ച നടപടികളെ പറ്റി കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇത്തരത്തിലൊരു യോഗം വിളിച്ചുചേര്‍ത്തതിന് രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച നേതാക്കള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം മുഴുവന്‍ അദ്ദേഹത്തിനു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യവും മനോവീര്യവും വര്‍ധിപ്പിക്കല്‍, പരിശോധന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ചെറിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത, ദാരിദ്ര്യവും പോഷകാഹാരക്കുറവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ചും അവര്‍ വിശദീകരിച്ചു. മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തികവും നയപരവുമായ കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ കുറിച്ചും ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും നേതാക്കള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും നേതാക്കള്‍ക്കു നന്ദി അറിയിച്ച പ്രധാനമന്ത്രി, ഈ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള അവരുടെ പ്രതിബദ്ധത ഇന്ത്യയുടെ ശക്തമായ ജനാധിപത്യ അടിത്തറയെയും സഹകരണാത്മക ഫെഡറല്‍ സംവിധാനത്തിന്റെ സത്തയെയും ഊട്ടിയുറപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
****
Had an in-depth interaction with leaders of various political parties earlier today. Leaders shared their views on tackling COVID-19 and the way ahead. https://t.co/XoDKj52MoW
— Narendra Modi (@narendramodi) April 8, 2020