Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ശ്രീലങ്കയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതു മന്ത്രിസഭ മുമ്പാകെ വിശദീകരിച്ചു


വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ശ്രീലങ്കയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. നിയമ, നീതിനിര്‍വഹണ, ഇലക്ട്രോണിക്‌സ്, വിവസാങ്കേതികവിദ്യാ വകുപ്പു മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് ശ്രീലങ്ക സന്ദര്‍ശിച്ച അവസരത്തില്‍ 2018 ജനുവരി 15നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ഇ-ഭരണം, എം-ഭരണം, ഇ-പൊതുസേവനം ലഭ്യമാക്കല്‍, സൈബര്‍ സുരക്ഷ, സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യാ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സാഹചര്യമൊരുക്കല്‍ എന്നീ മേഖലകളിലെ അടുത്ത സഹകരണത്തിനു വഴിവെക്കുന്നതാണു ധാരണാപത്രം.
ഇരു ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ഐ.ടി. ആന്‍ഡ് ഇ. പ്രവര്‍ത്തക ഗ്രൂപ്പ് ആരംഭിച്ച ശേഷമായിരിക്കും ധാരണാപത്രം നടപ്പാക്കുക. ഐ.സി.ടി. മേഖലയില്‍ ബിറ്റുബി, ജിറ്റുജി സഹകരണം ഉഭയകക്ഷിതലത്തില്‍ വര്‍ധിക്കുന്നതിന് ഇതു സഹായകമാകും.
പശ്ചാത്തലം: ഉഭയകക്ഷി, മേഖലാതല സഹകരണ ചട്ടക്കൂടുകളിലൂടെ വിവര സാങ്കേതികവിദ്യ, ആശയവിനിമയ സാങ്കേതിക വിദ്യ (ഐ.സി.ടി.) എന്നീ രംഗങ്ങളില്‍ പുതിയതും മുന്‍നിരയിലുള്ളതുമായ മേഖലകളില്‍ രാജ്യാന്തര സഹകരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വിദ്യാ മന്ത്രാലയ(എം.ഇ.ഐ.ടി.വൈ.)ത്തെ ചുമതലപ്പെടുത്തിയിരുന്നു. ഐ.സി.ടി. രംഗത്ത് അടുത്ത സഹകരണം ഉറപ്പാക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമായി വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട സംഘടനകളും ഏജന്‍സികളുമായി എം.ഇ.ഐ.ടി.വൈ. ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചിട്ടുമുണ്ട്. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതികളുമായി ബന്ധപ്പെട്ടു കൂടുതല്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട സഹകരണം സ്ഥാപിക്കേണ്ടതുണ്ട് എന്നതിനാല്‍ സാങ്കേതികവിദ്യരംഗത്തു താല്‍പര്യമുള്ള കാര്യങ്ങളില്‍ വാണിജ്യാവസരങ്ങള്‍ തേടേണ്ട ആവശ്യകത നിലവിലുണ്ട്.
2015ല്‍ പ്രധാനമന്ത്രി നടത്തിയ ശ്രീലങ്കാ സന്ദര്‍ശനം ഇന്ത്യയുടെ ആദ്യം അയല്‍ക്കാര്‍ എന്ന നയം പരസ്പരം അംഗീകരിക്കാനിട വരുത്തി. സഹകരണം ഐ.ടി. മേഖലയിലേക്കു വ്യാപിപ്പിക്കുന്നതിനായി സജീവമായ സഹകരണത്തിനായുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിന് കൊളംബോയിലെ ഇന്ത്യന്‍ മിഷനും വിദേശകാര്യ മന്ത്രാലയവും ഊന്നല്‍ നല്‍കിവരികയാണ്. ഈ ഉദ്ദേശ്യത്തോടെ ഇ-ഭരണം, സൈബര്‍ സുരക്ഷ, ബിറ്റുബി പങ്കാളിത്തം, ഐ.ടി. വിദ്യാഭ്യാസവും ഗവേഷണവും പുതിയ കണ്ടുപിടിത്തങ്ങളും മുതലായവ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന സമഗ്ര ധാരണാപത്രം സംബന്ധിച്ച് എം.ഇ.ഐ.ടി.വൈ. ചര്‍ച്ച നടത്തിയിട്ടുണ്ട്.