ബഹുമാനപ്പെട്ട പ്രസിഡന്റ് ബൈഡന്‍,
വിതരണശൃംഖല പുനഃസ്ഥാപനം എന്ന സുപ്രധാന വിഷയത്തെക്കുറിച്ച് ഉച്ചകോടി സംഘടിപ്പിച്ചതിനു ഞാന്‍ നിങ്ങളോടു നന്ദി പറയുന്നു. താങ്കള്‍ ചുമതലയേറ്റ ഉടന്‍, ‘അമേരിക്ക തിരിച്ചുവന്നു’ എന്നു നിങ്ങള്‍ പറഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇതു സംഭവിക്കുന്നതു നാമെല്ലാം കാണുകയാണ്. അതുകൊണ്ടുതന്നെ ഞാനും പറയുകയാണ്, സ്വാഗതം!
ബഹുമാന്യരേ,
മഹാമാരിയുടെ ആദ്യമാസങ്ങളില്‍ വാക്‌സിനുകള്‍, ആരോഗ്യ ഉപകരണങ്ങള്‍, അവശ്യ മരുന്നുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം നമുക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു. ഇപ്പോള്‍ ലോകം സാമ്പത്തിക പുനരുദ്ധാരണത്തിനൊരുങ്ങുമ്പോള്‍, അര്‍ദ്ധചാലകങ്ങളുടെയും മറ്റു ചരക്കുകളുടെയും വിതരണപ്രതിസന്ധികള്‍ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു വഴിയൊരുക്കുകയാണ്. ഷിപ്പിംഗ് കണ്ടെയ്നറുകള്‍ക്ക് എപ്പോഴെങ്കിലും ക്ഷാമമുണ്ടാകുമെന്നു ലോകത്ത് ആരെങ്കിലും കരുതിയിരുന്നോ?
മാന്യരേ,
വാക്‌സിനുകളുടെ ആഗോള വിതരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ വാക്‌സിനുകളുടെ കയറ്റുമതി ത്വരിതപ്പെടുത്തി. ഇന്‍ഡോ-പസഫിക് മേഖലയില്‍ മികച്ചതും ചെലവുകുറഞ്ഞതുമായ കോവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഞങ്ങളുടെ ക്വാഡ് പങ്കാളികളുമായി ചേര്‍ന്നു ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം ലോകത്തിനായി 5 ബില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ ഒരു തടസ്സവുമില്ല എന്നതും വളരെ പ്രധാനമാണ്.
മാന്യരേ,
ആഗോള വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനു മൂന്നുവശങ്ങള്‍ ഏറ്റവും പ്രധാനമാണെന്നു ഞാന്‍ വിശ്വസിക്കുന്നു – വിശ്വസനീയമായ ഉറവിടം, സുതാര്യത, സമയക്ലിപ്തത. നമ്മുടെ വിതരണം വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നായിരിക്കണം എന്നത് അത്യാവശ്യമാണ്. നമ്മുടെ സുരക്ഷയ്ക്കും ഇതു പ്രധാനമാണ്. വിശ്വസനീയമായ ഉറവിടങ്ങള്‍ പ്രതിപ്രവര്‍ത്തനപ്രവണത ഇല്ലാത്തതാകണം. അങ്ങനെയായാല്‍ വിതരണശൃംഖല തിരിച്ചടികളില്‍നിന്നു സംരക്ഷിക്കപ്പെടും. വിതരണശൃംഖലയുടെ വിശ്വാസ്യതയ്ക്കായി അതില്‍ സുതാര്യത ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. സുതാര്യതയുടെ അഭാവത്താല്‍ ഇന്ന് ലോകത്തിലെ പല കമ്പനികളും ചെറിയ കാര്യങ്ങളില്‍ ദൗര്‍ലഭ്യം നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. അവശ്യവസ്തുക്കള്‍ സമയബന്ധിതമായി വിതരണം ചെയ്തില്ലെങ്കില്‍, അതു വലിയ നഷ്ടത്തിലേയ്ക്കു നയിച്ചേക്കാം. കൊറോണക്കാലത്ത് ഔഷധമേഖലയിലും മരുന്നുവിതരണത്തിലും ഞങ്ങള്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കി. അതിനാല്‍ നിശ്ചിതസമയത്തിനുള്ളില്‍ വിതരണം ഉറപ്പാക്കാന്‍, നമ്മുടെ വിതരണശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കണം. ഇതിനായി വികസ്വരരാജ്യങ്ങളില്‍ ബദല്‍ ഉല്‍പ്പാദനശേഷി വികസിപ്പിക്കേണ്ടതുണ്ട്.
മാന്യരേ,
ഔഷധമേഖല, ഐടി, മറ്റ് സാമഗ്രികള്‍ എന്നിവയുടെ വിശ്വസനീയമായ ഉറവിടമെന്ന നിലയില്‍ ഇന്ത്യ അതിന്റെ വിശ്വാസ്യത വളര്‍ത്തിയെടുത്തിട്ടുണ്ട്. ക്ലീന്‍ ടെക്‌നോളജി വിതരണ ശൃംഖലയിലും പങ്കുവഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജനാധിപത്യമൂല്യങ്ങള്‍ അടിസ്ഥാനമാക്കി, ഒരു നിശ്ചിതസമയപരിധിക്കുള്ളില്‍ തുടര്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ വേഗത്തില്‍ ഒരുങ്ങാനായി നമ്മുടെ പ്രവര്‍ത്തകസംഘങ്ങളോട് ഞാന്‍ നിര്‍ദേശിക്കുകയാണ്.
നന്ദി.