ഗവണ്മെന്റ് നിലനില്ക്കുന്നതും നിലനില്ക്കേണ്ടതും ജനങ്ങള്‍ക്കു വേണ്ടി: പ്രധാനമന്ത്രി
ഭരിക്കുന്ന പാര്‍ട്ടി ഏതെന്നു നോക്കാതെ സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്കിയ ഗവണ്മെന്റാണിത്: പ്രധാനമന്ത്രി മോദി
സാങ്കേതികവിദ്യയിലും വ്യാപാരത്തിലും ജനങ്ങളുടെ പ്രയാണത്തിലും മൂലധനത്തിലും ഗവേഷണത്തിലും പുതുമകളിലും ലോകം പരസ്പര ബന്ധിതം: പ്രധാനമന്ത്രി
ജനാധിപത്യത്തില്‍ തങ്ങളുടേതായ നയങ്ങളും മുന്‍ഗണനകളുമുള്ള പാര്‍ട്ടികള്‍ സ്വാഭാവികം; ഇതു സജീവമായ ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷത: പ്രധാനമന്ത്രി
‘ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കാനുള്ള പരിഷ്കാരമാണ് എന്റെ ലക്ഷ്യം. എന്നെ സംബന്ധിച്ചിടത്തോളം വിജയമെന്നാല്‍ ഈ ഗവണ്മെന്റിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ജനങ്ങള്‍ക്കു മാറ്റം അനുഭവിക്കാന്‍ സാധിക്കുക എന്നതാണ്. ചില നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി എനിക്ക് അവകാശപ്പെടാവുന്ന സാഹചര്യം മാത്രമാണുണ്ടാകുന്നതെങ്കില്‍ അതു വിജയമെന്നു ഞാന്‍ കരുതുന്നില്ല.’ – തിങ്കളാഴ്ച പ്രധാനമന്ത്രി ഇക്കണോമിക്സ് ടൈമി(ഇ.ടി.)നോടു പ്രതികരിച്ചു.
ഇ.ടിയുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ചെറുസംഘം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, ചൊവ്വാഴ്ച നടത്തിയ മന്ത്രിസഭാ പുനസംഃഘടന ‘മന്ത്രിസഭ വികസിപ്പിക്കല്‍’ ആണെന്നും അല്ലാതെ ‘മന്ത്രിസഭാ പുനഃസംഘടന’ അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വേഗവും കേന്ദ്രീകൃത പ്രവര്‍ത്തനവും ഉറപ്പാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.’ ഇ.ടി. പ്രതിനിധി എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്ക് ഇ-മെയ്ലിലൂടെ നല്കിയ മറുപടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഭരണത്തെക്കുറിച്ചുള്ള വിശാലമായ ആശയങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി. ‘സമീപനത്തില്‍ ഞങ്ങള്‍ ഭാരതീയരാണ്; പക്ഷേ, കാഴ്ചപ്പാട് രാഷ്ട്രാന്തര തലത്തിലുള്ളതാണ്’, പ്രധാനമന്ത്രി പറഞ്ഞു.
‘വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിലും ശൗചാലയം നിര്‍മിക്കുന്നതിലും ഒരേ വേഗതയും ശുഷ്കാന്തിയും ഞങ്ങള്‍ വച്ചുപുലര്‍ത്തും. സമുദ്രമേഖലയിലെ സമ്പദ്വ്യവസ്ഥയ്ക്കു നല്കുന്ന അതേ പ്രാധാന്യം മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനും കല്പിക്കും.’
പ്രധാന സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ നേരിടേണ്ടിവരുന്ന രാഷ്ട്രീയ എതിര്‍പ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി താന്‍ ശുഭാപ്തിവിശ്വാസിയാണെന്നും ഡെഡ്ലൈനുകളേക്കാള് ലൈഫ്ലൈനുകളില് ആണു വിശ്വസിക്കുന്നതെന്നും ശ്രീ. മോദി പറഞ്ഞു. ചരക്കുസേവന നികുതി ബില്ലിനെതിരെയുള്ള രാഷ്ട്രീയ എതിര്‍പ്പ് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
2019ല്‍ കാലാവധി കഴിയുമ്പോഴേക്ക് എന്തു നേടാന്‍ ആഗ്രഹിക്കുന്നുവെന്ന ഇ.ടി. പ്രതിനിധിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി ഇങ്ങനെ മറുപടി നല്കി: ‘സത്യം തുറന്നുപറയട്ടെ, 2019ല്‍ ആദ്യ ഊഴം അവസാനിക്കുമ്പോഴേക്കു ചില നേട്ടങ്ങള്‍ സ്വയം അവകാശപ്പെടാവുന്ന സാഹചര്യം മാത്രമേ ഉള്ളൂ എങ്കില്‍ അതൊരു വിജയമായി ഞാന്‍ കണക്കാക്കില്ല.
വിജയമെന്നതുകൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നതു കേവലം അവകാശവാദങ്ങളല്ല, മറിച്ച് ജനങ്ങള്‍ക്കു ഗുണപരമായ മാറ്റത്തിന്റെ ഫലം അനുഭവിക്കാന്‍ സാധിക്കുന്ന സ്ഥിതിയാണ്. അതായിരിക്കും ശരിയായ അളവുകോല്‍.’
പൊതു തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നതിനോടു തനിക്കു യോജിപ്പാണെന്നും രാജ്യസഭയുടെ കാലാവധി മറ്റു സഭകളുടെ കാലാവധിയുമായി യോജിച്ചുപോകുന്നതിന് ഇതു സഹായകമാകുമെന്നും ഇ.ടിയുടെ ചോദ്യത്തിനു പ്രധാനമന്ത്രി മറുപടി നല്കി.
സംസ്ഥാന നിയമസഭകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കരുത്തിനനുസരിച്ചു രൂപീകൃതമാകുന്ന ഉപരിസഭയാണു രാജ്യസഭയെന്നതിനാല് എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്തിയാല്‍ അതിലൂടെ ജനഹിതം ശരിയാംവണ്ണം പ്രതിഫലിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
രാജ്യസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ജി.എസ്.ടി. ഉള്‍പ്പെടെയുള്ള പ്രധാന ബില്ലുകള്‍ പലതിനെയും വഴിതിരിച്ചുവിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഈ പ്രതികരണം ഏറെ പ്രസക്തമാണ്.
ഭാരതീയ ജനതാ പാര്‍ട്ടി വളരെ മുമ്പ് ഉയര്‍ത്തിക്കാട്ടിയ ആശയത്തെ പിന്‍പറ്റിയാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്തു നടത്തുകയെന്ന ചിന്തയെ പ്രധാനമന്ത്രി അനുകൂലിക്കുന്നത്. എല്ലാ ജനപ്രതിനിധികളെയും ഒരേ സമയം തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് അവസരം ലഭിക്കുമ്പോഴാണു ദേശീയതലത്തില്‍ ശരിയായ ജനഹിതം മാനിക്കപ്പെടുക എന്നതാണ് ആ ആശയം.
ഈ വിഷയം വിശദീകരിച്ചുകൊണ്ട് ശ്രീ. മോദി ഇ.ടിയോട് ഇങ്ങനെ പ്രതികരിച്ചു: ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും നടക്കാത്ത സാഹചര്യമുണ്ടാകും. ഇതുകൊണ്ടാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്നു പലരും ആവശ്യപ്പെടുന്നത്.’
മന്ത്രിസഭയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചു പരാമര്‍ശിക്കവേ, ചൊവ്വാഴ്ച നടത്തിയത് ‘മന്ത്രിസഭാ വികസനമാ’ണെന്നും ‘പുനഃസംഘടന’യല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മന്ത്രിസഭാ വികസനം’ എന്നതു സ്വാഭാവികമായ ഒന്നു മാത്രമാണ്. ഗവണ്മെന്റ് അധികാരമേറ്റ് രണ്ടു വര്‍ഷമാകുന്ന ഈ ഘട്ടം പുനഃപരിശോധനയക്കു യോജിച്ച സമയമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രധാനപ്പെട്ട ജി.എസ്.ടി.ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ സംബന്ധിച്ചുള്ള ഇ.ടിയുടെ ചോദ്യത്തിന് ജി.എസ്.ടിയെ എതിര്‍ക്കുന്നത് ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കും ആത്മഹത്യാപരമായിരിക്കുമെന്നു പ്രധാനമന്ത്രി മറുപടി നല്കി.
‘ജി.എസ്.ടിയെ എതിര്‍ക്കുകവഴി ആത്മഹത്യ ചെയ്യാന്‍ ഏതെങ്കിലും പാര്‍ട്ടി തയ്യാറാകുമെന്നു ഞാന്‍ കരുതുന്നില്ല. ജി.എസ്.ടിയുടെ കാര്യത്തില്‍ ഡെഡ്ലൈനിനെക്കുറിച്ചു താങ്കള്‍ ചോദിച്ചിരുന്നുവല്ലോ. ഒരു ശുഭാപ്തി വിശ്വാസിയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നതു ഡെഡ്ലൈനിലല്ല, മറിച്ച് ലൈഫ് ലൈനിലാണ്.’, അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റും പ്രതിപക്ഷവും തമ്മില്‍ ആശയവിനിമയത്തിന്റെ കുറവുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ വാദം പ്രധാനമന്ത്രി അംഗീകരിച്ചില്ല.
പാര്‍ലമെന്റിന്റെ നടത്തിപ്പില്‍ ഗവണ്മെന്റിനു വലിയ ഉത്തരവാദിത്തമാണു നിറവേറ്റാനുള്ളതെന്നും എങ്കിലും ഭരണപക്ഷവും പ്രതിപക്ഷവുമായി വേണ്ടത്ര ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന സാഹചര്യമൊരുക്കാന്‍ ഞങ്ങള്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്. നല്ല രീതിയില്‍ ആശയവിനിമയം നടക്കുന്നുണ്ട്.’, ശ്രീ. മോദി പറഞ്ഞു.