Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത ഭാരത സങ്കല്‍പ്പ യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

വികസിത ഭാരത സങ്കല്‍പ്പ യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു


വികസിത ഭാരത സങ്കല്‍പ്പ യാത്ര (വി ബി എസ് വൈ) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു. ഈ സ്‌കീമുകളുടെ പ്രയോജനങ്ങള്‍ ലക്ഷ്യമിട്ട എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളുടെ പൂര്‍ത്തീകരണം കൈവരിക്കുന്നതിനാണ് രാജ്യത്തുടനീളം വികസിത ഭാരത സങ്കല്‍പ്പ യാത്ര നടത്തുന്നത്. എല്ലാ ഗ്രാമങ്ങളിലും ‘മോദിയുടെ ഉറപ്പ്’ വാഹനം സാക്ഷ്യം വഹിക്കുന്ന ശ്രദ്ധേയമായ ആവേശം സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അല്‍പസമയം മുമ്പ് ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം അനുസ്മരിച്ചുകൊണ്ട്, ഈ യാത്രയില്‍ 1.5 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്ഥിരമായ വീട്, ടാപ്പുള്ള കുടിവെള്ള കണക്ഷന്‍, ശുചിമുറി, സൗജന്യ ചികിത്സ, സൗജന്യ റേഷന്‍, ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയതിന്റെ നേട്ടങ്ങള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, പിഎം സ്വാനിധി യോജന, പിഎം സ്വാമിത്വ ഭൂമി കാര്‍ഡ് എന്നിവയുടെ ആനുകൂല്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റ് ഓഫീസുകളൊന്നും വീണ്ടും വീണ്ടും സന്ദര്‍ശിക്കാതെ ഗവണ്‍മെന്റിന്റെ ചില പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് ഗുണഭോക്താക്കളെ കണ്ടെത്തി, തുടര്‍ന്ന് അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അതുകൊണ്ട് ആളുകള്‍ പറയുന്നത്, മോദിയുടെ ഉറപ്പ് എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്നാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതുവരെ ഗവണ്‍മെന്റ് പദ്ധതികളുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്ന ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള മികച്ച മാധ്യമമായി വികസിത ഭാരത സങ്കല്‍പ്പ യാത്ര മാറിയിരിക്കുന്നു’, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 1.25 കോടിയിലധികം പേർ ‘മോദിയുടെ ഉറപ്പ്’ വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന വിബിഎസ്വൈയുടെ യാത്ര ഒരു മാസത്തിനുള്ളില്‍ 40,000 ഗ്രാമ പഞ്ചായത്തുകളിലും നിരവധി നഗരങ്ങളിലും എത്തിയതായി അദ്ദേഹം അറിയിച്ചു. ‘മോദിയുടെ ഉറപ്പ്’ വാഹനത്തെ സ്വാഗതം ചെയ്ത ജനങ്ങളുടെ നന്ദി അദ്ദേഹം അംഗീകരിച്ചു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് നടന്ന നിരവധി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൊണ്ടുപോകുന്നു, സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ കുട്ടികള്‍ വികസിത ഇന്ത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു, രംഗോലികള്‍ ഉണ്ടാക്കുന്നു, എല്ലാ വീടിന്റെയും വാതില്‍ക്കല്‍ വിളക്കുകള്‍ തെളിക്കുന്നു. പഞ്ചായത്തുകള്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുകയും വിബിഎസ്വൈയെ സ്വാഗതം ചെയ്യുന്ന പ്രധാന പങ്ക് ഏറ്റെടുക്കുകയും ചെയ്തതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. സ്‌കൂള്‍ കുട്ടികളുടെയും പ്രായമായവരുടെയും പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിക്കുകയും വിബിഎസ്വൈ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഒഡീഷയിലെ വിവിധ സ്ഥലങ്ങളില്‍ പരമ്പരാഗത ഗോത്രവര്‍ഗ നൃത്തത്തോടെ യാത്രയെ വരവേല്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറന്‍ ഖാസി ഹില്ലിലെ രാംബ്രായിയില്‍ പ്രാദേശിക ജനങ്ങള്‍ സാംസ്‌കാരിക പരിപാടിയും നൃത്തവും സംഘടിപ്പിച്ചതിനെക്കുറിച്ചു പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ നടന്ന സാംസ്‌കാരിക പരിപാടികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവിടെ വിബിഎസ്‌വൈയെ സ്വാഗതം ചെയ്യാന്‍ 4,000-ത്തിലധികം ആളുകള്‍ സന്നിഹിതരായിരുന്നു. ചുമതലകളുടെ പട്ടിക ഉണ്ടാക്കാനും വിബിഎസ്വൈ വരുന്നതിന് മുമ്പും ശേഷവുമുള്ള പുരോഗതി കണക്കാക്കാനും കഴിയുന്ന ഒരു കൈപ്പുസ്തകം തയ്യാറാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ‘ഈ ഉറപ്പുള്ള വാഹനം ഇനിയും എത്താത്ത പ്രദേശങ്ങളിലെ ജനങ്ങളെയും ഇത് സഹായിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമത്തിലെ ഓരോ വ്യക്തിയും ‘മോദിയുടെ ഉറപ്പ്’ വാഹനം എത്തുമ്പോള്‍ അതിലെത്തണമെന്ന് ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഗുണഫലം എല്ലാ ഗ്രാമങ്ങളിലും കാണാന്‍ കഴിയുമെന്ന് നിരീക്ഷിച്ച ശ്രീ മോദി, ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷത്തോളം പുതിയ ഗുണഭോക്താക്കള്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും 35 ലക്ഷത്തിലധികം ആയുഷ്മാന്‍ കാര്‍ഡുകളും സ്ഥലത്തുതന്നെ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി വിശദീകരിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പരിശോധന നടക്കുന്നുണ്ട്, കൂടാതെ ധാരാളം ആളുകള്‍ ഇപ്പോള്‍ ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിവിധ പരിശോധനകള്‍ക്കുമായി പോകുന്നു.

” കേന്ദ്ര ഗവണ്‍മെന്റും രാജ്യത്തെ ജനങ്ങളും തമ്മില്‍ നേരിട്ടുള്ള ഒരു ബന്ധം, വൈകാരികമായ ഒരു കെട്ടുപാട് നാം സ്ഥാപിച്ചു”, ശ്രീ മോദി അഭിപ്രായപ്പെട്ടു. ”നമ്മുടെ ഗവണ്‍മെന്റ് ഒരു മായ്-ബാപ് ഗവണ്‍മെന്റല്ല, മറിച്ച് അത് അച്ഛൻമാർക്കും അമ്മമാര്‍ക്കും വേണ്ടി സേവനം ചെയ്യുന്ന ഗവണ്‍മെന്റാണ്” അദ്ദേഹം തുടര്‍ന്നു, ”പാവപ്പെട്ടവരും ദരിദ്രരും ഗവണ്‍മെന്റ് ഓഫീസുകളുടെ വാതിലുകള്‍ പോലും കൊട്ടിയടയ്ക്കപ്പെട്ട വിഭാഗത്തിലുള്ളവരുമാണ് മോദിയുടെ വി.ഐ.പികള്‍” അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓരോ പാവപ്പെട്ടവനെയും താന്‍ വി.ഐ.പിയായി കണക്കാക്കുന്നുന്നെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”രാജ്യത്തെ എല്ലാ അമ്മമാരും സഹോദരിമാരും മകളും എനിക്ക് വി.ഐ.പികളാണ്. രാജ്യത്തെ ഓരോ കര്‍ഷകനും എനിക്ക് വി.ഐ.പിയാണ്. രാജ്യത്തെ എല്ലാ യുവാക്കളും എനിക്ക് വി.ഐ.പികളാണ്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

മോദിയുടെ ഉറപ്പിന്റെ സാധുതയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്ന് ഈയിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളെ പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

ഗവണ്‍മെന്റിനെതിരെ നിലകൊള്ളുന്നവരോട് പൗരന്മാര്‍ക്കുള്ള അവിശ്വാസത്തെക്കുറിച്ച് വിചിന്തനം ചെയ്ത പ്രധാനമന്ത്രി, തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കാനുള്ള അവരുടെ പ്രവണത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതന്നും അദ്ദേഹം പറഞ്ഞു. ”തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് മുമ്പ്, ജനങ്ങളുടെ ഹൃദയം കീഴടക്കേണ്ടത് ആഅനിവാര്യമാണ്”, പൊതുമനസാക്ഷിയെ വിലകുറച്ച് കാണാനുള്ള അവരുടെ പ്രവണതയ്ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ താല്‍പ്പര്യത്തിന് പകരം സേവന മനോഭാവം നിലനിര്‍ത്തിയിരുന്നെങ്കില്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍ തുടരില്ലായിരുന്നുവെന്നും മോദിയുടെ ഇന്നത്തെ ഉറപ്പുകള്‍ 50 വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വലിയൊരു വിഭാഗം നാരീശക്തി വികസിത ഭാരതിന്റെ സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലെ ശ്രദ്ധയെ സ്പര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവാസ് പദ്ധതി പ്രകാരം നിര്‍മ്മിച്ച 4 കോടി വീടുകളില്‍ 70 ശതമാനവും സ്ത്രീ ഗുണഭോക്താക്കളാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. 10 മുദ്ര ഗുണഭോക്താക്കളില്‍ 7 പേര്‍ സ്ത്രീകളാണ്, 10 കോടിയോളം സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളുടെ ഭാഗവുമാണ്. നൈപുണ്യ വികസനത്തിലൂടെ 2 കോടി സ്ത്രീകളെ ലഖ്പതി ദിദികളാക്കി മാറ്റുന്നു, നമോ ഡ്രോണ്‍ ദീദി അഭിയാന്‍ കീഴില്‍ 15,000 സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ ലഭിക്കുന്നു.

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലെ സ്ത്രീശക്തി, യുവശക്തി, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ പിന്തുണയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഈ യാത്രയില്‍ ഒരു ലക്ഷത്തിലധികം കായികതാരങ്ങള്‍ക്ക് സമ്മാനം ലഭിച്ചതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി, ഇത് യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ‘മൈ ഭാരത് വോളന്റിയര്‍’മാരായി സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള യുവാക്കളുടെ അത്യധികമായ ആവേശം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസിത ഇന്ത്യക്കായുള്ള ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും പറഞ്ഞു. ”ഈ വോളന്റിയര്‍മാരെല്ലാം ഇപ്പോള്‍ ഫിറ്റ് ഇന്ത്യ എന്ന മന്ത്രം സ്വീകരിച്ച് മുന്നോട്ട് പോകുംകയാണ്”, വെള്ളം, പോഷകാഹാരം, വ്യായാമം അല്ലെങ്കില്‍ ശാരീരികക്ഷമത, അവസാനമായി മതിയായ ഉറക്കം എന്നിങ്ങനെ നാല് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അവരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചുകൊണ്ട് പറഞ്ഞു. ”ആരോഗ്യമുള്ള ശരീരത്തിന് ഈ നാലെണ്ണവും വളരെ അനിവാര്യമാണ്. ഈ നാലെണ്ണത്തില്‍ നാം ശ്രദ്ധിച്ചാല്‍ നമ്മുടെ യുവജനങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കും, നമ്മുടെ യുവജനങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കുമ്പോള്‍ രാജ്യവും ആരോഗ്യകരമാകും”, പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു.

ഈ വികസിത് ഭാരത് സങ്കല്‍പ്പ യാത്രയില്‍ ചെയ്യുന്ന പ്രതിജ്ഞകള്‍ ജീവിത മന്ത്രങ്ങളായി മാറണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”അത് ഗവണ്‍മെന്റ് ജീവനക്കാരോ ജനപ്രതിനിധികളോ അല്ലെങ്കില്‍ പൗരന്മാരോ ആകട്ടെ, എല്ലാവരും പൂര്‍ണ്ണ അര്‍പ്പണത്തോടെ ഒന്നിക്കണം. എല്ലാവരുടെയും പ്രയത്‌നം കൊണ്ടു മാത്രമേ ഇന്ത്യ വികസിക്കൂ”, ശ്രീ മോദി ഉപസംഹരിച്ചു.

പശ്ചാത്തലം
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെരാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ വെര്‍ച്ച്വലായി പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള 2,000-ലധികം വി.ബി.എസ്.വൈ വാനുകള്‍, ആയിരക്കണക്കിന് കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെ.വി.കെ.കള്‍), പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി) എന്നിവയേയും പരിപാടിയുമായി ബന്ധിപ്പിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ തുടങ്ങിയവരുടെ ഒരു വലിയ വിഭാഗവും പരിപാടിയില്‍ പങ്കെടുത്തു.

NS