Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു


വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിയില്‍, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിക്കും ശ്രീ മോദി തുടക്കം കുറിച്ചു. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന രണ്ട് സംരംഭങ്ങളും ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍  പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്. ജാര്‍ഖണ്ഡിലെ ദിയോഘര്‍, ഒഡീഷയിലെ റായിഗര്‍ഹ, ആന്ധ്രാപ്രദേശിലെ പ്രകാശം, അരുണാചല്‍ പ്രദേശിലെ നാംസായ്, ജമ്മു കശ്മീരിലെ അര്‍ണിയ എന്നിവിടങ്ങളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് 15 ദിവസം പൂർത്തിയാക്കുകയാണെന്നും ഇപ്പോള്‍ അത് വേഗത കൈവരിച്ചിട്ടുണ്ടെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്‌നേഹവും പങ്കാളിത്തവുമാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രാ വാനിന്റെ പേര്  ‘വികാസ് രഥ്’ എന്നതില്‍ നിന്ന് ‘മോദി കീ ഗാരന്റി വാഹനം’ എന്നതിലേക്ക് മാറാന്‍ കാരണമായതെന്ന് പറഞ്ഞ പ്രധാനമന്ത്രി, സരക്കാരിൽ പൗരന്മാര്‍ അർപ്പിക്കുന്ന വിശ്വാസത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും അവരുടെ വീര്യത്തേയും ഉത്സാഹത്തെയും ദൃഢനിശ്ചയത്തെയും അഭിനന്ദിക്കുകയും ചെയ്തു. ‘മോദി കി ഗ്യാരന്റി വാഹനം’ ഇതുവരെ 12,000 ഗ്രാമപഞ്ചായത്തുകളില്‍ എത്തിയിട്ടുണ്ടെന്നും 30 ലക്ഷത്തോളം പൗരന്മാര്‍ അതില്‍ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലുള്ള സ്ത്രീകളുടെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ‘ഓരോ ഗ്രാമത്തിലെയും ഓരോ വ്യക്തിയും വികസനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നു’, ഒരു സര്‍ക്കാര്‍ സംരംഭത്തില്‍ നിന്ന് വിബിഎസ്വൈ ഒരു പൊതു പ്രസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശ്രീ മോദി, വികസിത് സങ്കല്‍പ്പ് യാത്രയുമായി സഹകരിക്കുന്ന പുതിയതും പഴയതുമായ ഗുണഭോക്താക്കളോട് തന്റെ നമോ ആപ്പില്‍ അത്തരം ഫോട്ടോഗ്രാഫുകളും വീഡിയോകളും അപ്ലോഡ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. യുവാക്കള്‍ വി ബി എസ് വൈയുടെ അംബാസഡര്‍മാരായെന്ന് അദ്ദേഹം പറഞ്ഞു. ‘മോദി കി ഗ്യാരന്റി വാഹനത്തെ’ സ്വാഗതം ചെയ്യുന്നതിനായി ഒന്നിലധികം സ്ഥലങ്ങളില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചതിനാല്‍ ഗ്രാമങ്ങളുടെ ശുചിത്വത്തില്‍ വിബിഎസ്വൈയുടെ സ്വാധീനവും അദ്ദേഹം നിരീക്ഷിച്ചു. ”തടയാനാവാത്തതും തളരാത്തതുമാണ് ഇന്ത്യ. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ തീരുമാനിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സമാപിച്ച ഉത്സവ സീസണില്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നതിനായുള്ള മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ജനങ്ങൾക്ക് ഗവണ്‍മെന്റിലുള്ള വിശ്വാസവും ഗവണ്‍മെന്റിന്റെ പരിശ്രമവുമാണ് വിബിഎസ്വൈയുടെ സ്വീകാര്യതക്ക് പിന്നിലെന്ന്  പ്രധാനമന്ത്രി പറഞ്ഞു.  വീട്, ശൗചാലയം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഗവണ്‍മെന്റുകള്‍ അവഗണിച്ച കാലത്ത്, കൈക്കൂലി പോലുള്ള അഴിമതികളിലുണ്ടായ വ്യാപനത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രീണനത്തിന്റെയും വോട്ട് ബാങ്കിന്റെയും രാഷ്ട്രീയത്തില്‍ ഗവണ്‍മെന്റിന് പൗരന്‍മാരുടെ വിശ്വാസ്യത ലഭിക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ദുര്‍ഭരണത്തെ സദ്ഭരണമാക്കി മാറ്റിയതും സമ്പൂര്‍ണത കൈവരിക്കാന്‍ ലക്ഷ്യമിടുന്നതും ഇപ്പോഴത്തെ ഗവണ്‍മെന്റാണെന്ന് അദ്ദേഹം അടിവരയിട്ടു. ”ഗവണ്‍മെന്റ് പൗരന്മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുകയും വേണം. ഇതാണ് സ്വാഭാവിക നീതി, ഇതാണ് സാമൂഹിക നീതി”, പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഈ സമീപനത്തിലൂടെ ഒരു പുതിയ അഭിലാഷം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കോടിക്കണക്കിന് പൗരന്മാര്‍ക്കിടയില്‍ അവഗണനയുടെ വികാരം അവസാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മറ്റുള്ളവരിലുള്ള പ്രതീക്ഷ അവസാനിക്കുന്നിടത്താണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്’, ശ്രീ മോദി അഭിപ്രായപ്പെട്ടു.

‘വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം മോദിയുടെയോ ഏതെങ്കിലും സര്‍ക്കാരിന്റേതോ അല്ല, എല്ലാവരേയും വികസനത്തിന്റെ പാതയില്‍ കൊണ്ടുപോകാനുള്ള ദൃഢനിശ്ചയമാണ്”, പ്രധാനമന്ത്രി അടിവരയിട്ടു. ഇതു വരെ മാറ്റി നിര്‍ത്തപ്പെട്ടവരിലേക്ക് സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും എത്തിക്കുകയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമോ ആപ്പ് വഴി സംഭവ വികാസങ്ങള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പറഞ്ഞ അദ്ദേഹം ആദിവാസി മേഖലകളിലെ സിക്കിള്‍ സെല്‍ അനീമിയയ്ക്കുള്ള ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍, ആരോഗ്യ പരിശോധന ക്യാമ്പുകള്‍, പരിശോധനാ ക്യാമ്പുകള്‍ എന്നിവയെക്കുറിച്ചും എടുത്തു പറഞ്ഞു. വിബിഎസ്വൈയുടെ വരവോടെ പല പഞ്ചായത്തുകളും ഇതിനകം തന്നെ സമ്പൂര്‍ണ ലക്ഷ്യം കൈവരിച്ചിട്ടുണ്ടെന്നും അവശേഷിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഉജ്ജ്വല, ആയുഷ്മാന്‍ കാര്‍ഡുകള്‍ തുടങ്ങി നിരവധി പദ്ധതികളുമായി ഗുണഭോക്താക്കളെ ഉടനടി ബന്ധിപ്പിക്കുന്നുണ്ടെന്നും ആദ്യഘട്ടത്തില്‍ 40,000 ഗുണഭോക്താക്കള്‍ക്ക് ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളോട് മൈ ഭാരത് വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാനും മൈ ഭാരത് ക്യാമ്പയിനില്‍ ചേരാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ നാരീശക്തി, യുവശക്തി, കര്‍ഷകര്‍, ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ എന്നീ ‘വികസിത് ഭാരതിന്റെ നാല് അമൃത് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വി ബി എസ് വൈയെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഈ നാല് പ്രമാണങ്ങളുടേയും പുരോഗതി ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും പറഞ്ഞു. ജീവിത നിലവാരം ഉയര്‍ത്താനും ദരിദ്രകുടുംബങ്ങളില്‍ നിന്ന് ദാരിദ്ര്യം അകറ്റാനും യുവാക്കള്‍ക്ക് തൊഴിലും സ്വയംതൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനും ഇന്ത്യയിലെ സ്ത്രീകളെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ശാക്തീകരിക്കാനും ഇന്ത്യയുടെ വരുമാനവും കഴിവുകളും മെച്ചപ്പെടുത്താനും ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല, പ്രധാനമന്ത്രി മോദി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് സംഭവവികാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഡ്രോണ്‍ ദീദിയെക്കുറിച്ചുള്ള തന്റെ പ്രഖ്യാപനം പ്രധാനമന്ത്രി അനുസ്മരിക്കുകയും ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള പരിശീലനത്തോടൊപ്പം 15,000 സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ താമസിയാതെ ലഭ്യമാക്കുമെന്നും അറിയിച്ചു. സ്വാശ്രയ ഗ്രൂപ്പുകളിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള നിലവിലുള്ള പ്രചാരണം ഡ്രോണ്‍ ദീദി ശക്തിപ്പെടുത്തുമെന്നും അധിക വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. ഇതോടെ, രാജ്യത്തെ കര്‍ഷകര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ഡ്രോണുകള്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു, ഇത് സമയവും മരുന്നും വളവും ലാഭിക്കാന്‍ സഹായിക്കും.

10,000-മത് ജന്‍ ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് പരാമര്‍ശിക്കവേ, പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വാങ്ങാവുന്ന കേന്ദ്രമായി ഇത് മാറിയെന്ന് ശ്രീ മോദി പറഞ്ഞു. ”ജന്‍ ഔഷധി കേന്ദ്രങ്ങളെ ഇപ്പോള്‍ ‘മോദിയുടെ മരുന്ന് കട’ എന്നാണ് വിളിക്കുന്നത്,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു, ഒപ്പം പൗരന്മാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു. ഏകദേശം 2000 ഇനം മരുന്നുകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ 80 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ത്തില്‍ നിന്ന് 25,000 ആയി വിപുലീകരിക്കുന്നതിനുള്ള പരിപാടി ആരംഭിച്ചതിന് പൗരന്മാരെ, പ്രത്യേകിച്ച് രാജ്യത്തെ സ്ത്രീകളെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 5 വര്‍ഷത്തേക്ക് കൂടി നീട്ടിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ”മോദിയുടെ ഉറപ്പ് എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രചാരണത്തെ നയിക്കുന്ന മുഴുവന്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രാധാന്യം പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിക്കവേ എടുത്തുപറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പത്തെ ഗ്രാമ സ്വരാജ് അഭിയാന്റെ വിജയം അദ്ദേഹം അനുസ്മരിക്കുകയും രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി ഏഴ് പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഈ ആഗ്രഹവുമായി നീങ്ങിയ ജില്ലകളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിനുള്ള ഈ കാമ്പയിനില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ പ്രതിനിധികളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ”പൂര്‍ണ്ണമായ സത്യസന്ധതയോടെ ഉറച്ചു നില്‍ക്കുക, എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരുക. എല്ലാവരുടേയും പ്രയത്‌നത്തോടെ മാത്രമേ വികസിത് ഭാരത് സങ്കല്‍പ് യാത്ര പൂര്‍ത്തിയാകൂ”, ശ്രീ മോദി പറഞ്ഞു.

ഒന്നിലധികം സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ഗുണഭോക്താക്കൾക്കും ബന്ധപ്പെട്ട മറ്റ് പങ്കാളികൾക്കുമൊപ്പം വിര്‍ച്വലായി  തന്റെ സാന്നിധ്യം അറിയിച്ചു.

പശ്ചാത്തലം

സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളുടെ സമ്പൂര്‍ണ ലക്ഷ്യം നിശ്ചയിക്കപ്പെട്ട ഗുണഭോക്താക്കളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഈ പദ്ധതികളുടെ പ്രയോജനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര രാജ്യത്തുടനീളം നടത്തുന്നത്.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമമാണിത്. ഈ ദിശയിലുള്ള മറ്റൊരു ചുവടുവെപ്പില്‍ പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രം ആരംഭിച്ചു. ഇത് വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്എച്ച്ജി) ഡ്രോണുകള്‍ നല്‍കും. അതിലൂടെ അവര്‍ക്ക് ഉപജീവന സഹായത്തിനായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ നല്‍കും. ഡ്രോണുകള്‍ പറത്താനും ഉപയോഗിക്കാനും സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും. കൃഷിയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സംരംഭം.

ആരോഗ്യ സംരക്ഷണം താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭ്യമാക്കുന്നതുമാക്കി മാറ്റുക എന്നത് ആരോഗ്യകരമായ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ആധാരശിലയാണ്. മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ജന്‍ ഔഷധി കേന്ദ്രം സ്ഥാപിച്ചതാണ് ഈ ദിശയിലുള്ള പ്രധാന സംരംഭങ്ങളിലൊന്ന്. പരിപാടിക്കിടെ, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

*****

SK