Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വന്യജീവികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ദക്ഷിണേഷ്യന്‍ ശൃംഖല


വന്യജീവികള്‍ക്കെതിരെ അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ദക്ഷിണേഷ്യന്‍ ശൃംഖലയായ സാവെന്‍ (എസ്.എ.ഡബ്യൂ.ഇ.എന്‍.) ന്റെ നിയമാവലിയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ ശംഖലയില്‍ അംഗമാകാനും ഇന്ത്യ തീരുമാനിച്ചു. മേഖലയിലെ സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയും, ഏകോപനത്തിലൂടെയും അംഗരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ 8 രാഷ്{ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖല ശൃംഖലയാണ് എസ്.എ.ഡബ്യൂ.ഇ.എന്‍. വന്യ മൃഗങ്ങളെ വേട്ടയാടുന്നതും അതുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതും ചെറുക്കുന്നതിന് പൊതുവായ ലക്ഷ്യത്തോടും സമീപനത്തോടും രൂപം കൊടുത്തിട്ടുള്ള ശക്തമായ അന്തര്‍ ഗവണ്‍മെന്റ്തല സമിതിയാണ് ഇത്. എസ്.എ.ഡബ്യൂ.ഇ.എന്‍. ന്റെ നിയമാവലി പ്രകാരമുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇവയാണ്:

1. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണം സംബന്ധിച്ച അംഗരാജ്യങ്ങളുടെ നയങ്ങളും നിയമങ്ങളും ഏകീകരിക്കുക.

2. മൃഗവേട്ടയ്ക്കും മോഷണത്തിനും സാധ്യതയുള്ള സ്ഥലങ്ങളും, പ്രവണതകളും രേഖപ്പെടുത്തുക. മേഖലയിലെ രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള ജൈവവൈവിദ്ധ്യ മേഖലകള്‍ക്ക് നേരിടാനിടയുള്ള ഭീഷണികള്‍ നിര്‍ണ്ണയിക്കുക.

3. വിവര ശേഖരണം, കൈമാറ്റം, പരിശീലനം, ഗവേഷണം, അനുഭവങ്ങള്‍ പങ്കിടല്‍ എന്നിവയിലൂടെ വന്യമൃഗവേട്ട തടയുന്നതിനുള്ള പ്രതികരണ ശേഷി ശക്തിപ്പെടുത്തുക.

4. വന്യ ജീവികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ദേശീയ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കല്‍.

അമൂല്യമായ ജൈവ വൈവിദ്ധ്യത്തിന്റെ സാന്നിദ്ധ്യവും, വന്യജീവി ഉല്പന്നങ്ങള്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയിലേയ്ക്ക് എത്തിക്കാന്‍ പര്യാപ്തമായ മാര്‍ഗ്ഗങ്ങളും കൂടി ചേരുമ്പോള്‍ ദക്ഷിണേഷ്യന്‍ മേഖല വന്യജീവി കുറ്റകൃത്യങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. ഇത്രയും അമൂല്യമായ ജൈവവൈവിദ്ധ്യത്തിന്റെ ഫലപ്രദമായ സംരക്ഷണത്തിന് ഈ മേഖലയിലെ വന്യജീവി സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.