വടക്കൻ ബംഗാൾ ഉൾക്കടലിൽ “റേമാൽ” ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ 7, ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്ന് രാവിലെ യോഗം ചേർന്നു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ മോംഗ്ലയുടെ (ബംഗ്ലാദേശ്) തെക്ക് പടിഞ്ഞാറിന് സമീപമുള്ള സാഗർ ദ്വീപുകൾക്കും ഖേപുപാരായ്ക്കും ഇടയിൽ ബംഗ്ലാദേശിനെയും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ തീരങ്ങളെയും കടക്കാൻ സാധ്യതയുണ്ട്. ഇത് പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴയ്ക്ക് കാരണമാകും.
ദേശീയ പ്രതിസന്ധിനിവാരണ സമിതി പശ്ചിമ ബംഗാൾ ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ കടലിലേക്കും പോകരുതെന്ന് മത്സ്യത്തൊഴിലാളികളോടു നിർദേശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പതിവ് അപ്‌ഡേറ്റുകൾക്കൊപ്പം ഐഎംഡി ബംഗ്ലാദേശിലേക്കും വിവരങ്ങൾ കൈമാറുന്നു.
ഇന്ത്യ ഗവൺമെന്റ് സംസ്ഥാന ഗവണ്മെന്റിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നും അത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചുഴലിക്കാറ്റ് തീരം തൊട്ടശേഷം അവലോകനം നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലും ഒഡിഷയിലും ഇതിനകം വിന്യസിച്ചിട്ടുള്ള 12 എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമെ ഒരു മണിക്കൂറിനുള്ളിൽ നീങ്ങാൻ കഴിയുന്ന കൂടുതൽ സംഘങ്ങളെ സജ്ജമാക്കി നിർത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ തീര സംരക്ഷണ സേനയുടെ സന്നാഹങ്ങൾ വിന്യസിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തുറമുഖങ്ങളും റെയിൽവേയും ഹൈവേകളും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജി എൻഡിആർഎഫ്, ഡിജി, ഐഎംഡി, എൻഡിഎംഎ മെമ്പർ സെക്രട്ടറി എന്നിവരും അവലോകനയോഗത്തിൽ പങ്കെടുത്തു.
SK