Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ഗുവാഹത്തിയില്‍ ഉന്നതതല യോഗങ്ങളില്‍ അവലോകനം ചെയ്തു: 2000 കോടിയിലധികം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു


വെള്ളപ്പൊക്കം നാശം വിതച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം, വെള്ളപ്പൊക്കം തടയാനുള്ള നടപടികള്‍ തുടങ്ങിയവയ്ക്കായി 2000 കോടിയിലധികം രൂപയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. അസമിലെ ഗുവാഹത്തിയില്‍ തന്റെ അദ്ധ്യക്ഷതയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗങ്ങളുടെ പരമ്പരയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

 അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ദിവസം മുഴുവന്‍ നീണ്ടുനിന്ന വെവ്വേറെ യോഗങ്ങളില്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. അതത് സംസ്ഥാന മുഖ്യമന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗങ്ങളില്‍ സംബന്ധിച്ചു. യോഗത്തിന് നേരിട്ട് എത്താന്‍ കഴിയാത്ത മിസോറാം മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചു.

 അടിസ്ഥാന സൗകര്യ മേഖലയ്ക്കായി മാത്രം കേന്ദ്ര ഗവണ്‍മെന്റ് 1,200 കോടിയിലധികം രൂപ നല്‍കും. റോഡുകള്‍, ഹൈവേകള്‍, പാലങ്ങള്‍, തകര്‍ന്ന് പോയ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണി, നിലനിര്‍ത്തല്‍, ശക്തിപ്പെടുത്തല്‍ തുടങ്ങിയവയ്ക്കായിരിക്കും ഈ പണം വിനിയോഗിക്കുക.

 വെള്ളപ്പൊക്ക നിയന്ത്രണത്തിന് ബ്രഹ്മപുത്രാ നദിയുടെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കേന്ദ്ര വിഹിതമായി 600 കോടി രൂപയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഇതില്‍ 345 കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ബാക്കി തുക ഉടനെ നല്‍കും.

 ഈ മേഖലയില്‍ അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ദീര്‍ഘകാല പരിഹാരം സമയബന്ധിതമായി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച പഠനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് 100 കോടി രൂപ നല്‍കും.

 രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയില്‍ 8 ശതമാനം വരുന്ന വടക്ക് കിഴക്കന്‍ മേഖലയിലാണ് രാജ്യത്തെ ജലസ്‌ത്രോതസിന്റെ മൂന്നിലൊന്ന് ഉള്‍ക്കൊള്ളുന്നത്. ഈ മേഖലയിലെ വിശാലമായ ജലവിഭവങ്ങളുടെ ശരിയായ വിനിയോഗം ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര സംസ്ഥാന മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന ഒരു ഉന്നതതല സമിതി കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കും.

 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞവരുടെ അനന്തരാവകാശികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പി.എം.എന്‍.ആര്‍.എഫ്) നിന്ന്  സഹായധനമായി അനുവദിച്ചിട്ടുണ്ട്.