Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ ‘ലോകത്തിന്റെ സ്ഥിതി’യെക്കുറിച്ചു പ്രത്യേക അഭിസംബോധന നടത്തി പ്രധാനമന്ത്രി

ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ ‘ലോകത്തിന്റെ സ്ഥിതി’യെക്കുറിച്ചു പ്രത്യേക അഭിസംബോധന നടത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ ‘ലോകത്തിന്റെ സ്ഥിതി’ എന്ന വിഷയത്തില്‍ പ്രത്യേക അഭിസംബോധന നടത്തി. വീഡിയോകോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രസംഗം. ജാഗ്രതയോടെയും ആത്മവിശ്വാസത്തോടെയുമാണു മഹാമാരിയുടെ അടുത്ത തരംഗത്തെ ഇന്ത്യ നേരിടുന്നതെന്നും പ്രതീക്ഷാവഹമായ നിരവധി ഫലങ്ങളോടെ സാമ്പത്തിക മേഖലയില്‍ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിലുള്ള ഇന്ത്യക്കാരുടെ അചഞ്ചലമായ വിശ്വാസം, 21-ാം നൂറ്റാണ്ടിനെ ശാക്തീകരിക്കുന്ന സാങ്കേതികവിദ്യ, ഇന്ത്യക്കാരുടെ കഴിവും സ്വഭാവവിശേഷങ്ങളും എന്നിവയുള്‍പ്പെടുന്ന ശക്തമായ ജനാധിപത്യരാജ്യമെന്ന നിലയില്‍, മനുഷ്യരാശിക്കു പ്രതീക്ഷയുടെ പൂച്ചെണ്ടു സമ്മാനിക്കുകയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. കൊറോണക്കാലത്ത്, ‘ഒരു ഭൂമി, ഒരേ ആരോഗ്യം’ എന്ന കാഴ്ചപ്പാടു പിന്തുടര്‍ന്ന് അവശ്യമരുന്നുകളും പ്രതിരോധമരുന്നുകളും കയറ്റുമതി ചെയ്ത് ഇന്ത്യ നിരവധി ജീവനുകള്‍ സംരക്ഷിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ ഔഷധനിര്‍മ്മാതാക്കളായ ഇന്ത്യ ‘ലോകത്തിന്റെ ഔഷധശാല’യായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇന്ന് വളരെ വലിയ തോതിലാണ് സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരെ പ്രദാനം ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. 50 ലക്ഷത്തിലധികം സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. ഇന്ന് യുണികോണുകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ പതിനായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയുടെ ബൃഹത്തും സുരക്ഷിതവും വിജയകരവുമായ ഡിജിറ്റല്‍ പണമിടപാടു സംവിധാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏകീകൃത പണമിടപാടു സംവിധാനംവഴി (യുപിഐ) കഴിഞ്ഞ മാസംമാത്രം 4.4 ബില്യണിലധികം ഇടപാടുകള്‍ നടന്നതായി അദ്ദേഹം പറഞ്ഞു. വ്യവസായം സുഗമമാക്കല്‍ പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്‍മെന്റ് ഇടപെടല്‍ കുറയ്ക്കുന്നതിനുമുള്ള നടപടികളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ ലഘൂകരിച്ച് അവയെ ലോകത്തുതന്നെ ഏറ്റവുമധികം മത്സരാധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഡ്രോണ്‍, ബഹിരാകാശം, ജിയോ-സ്‌പേഷ്യല്‍ മാപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഐടി, ബിപിഒ മേഖലകളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട ടെലികോം നിയന്ത്രണങ്ങളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി. ”കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 25,000ത്തിലധികം ചട്ടങ്ങള്‍ ഒഴിവാക്കി”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വിതരണ ശൃംഖലകളില്‍ ലോകത്തിന്റെ വിശ്വസ്ത പങ്കാളിയാകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്നും, ഒരു കൂട്ടാളിയെന്ന നിലയില്‍ ഇന്ത്യയോടുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നവീകരണം, സാങ്കേതിക വിദ്യയോടു താദാത്മ്യം പ്രാപിക്കല്‍, സംരംഭകത്വമനോഭാവം എന്നിവയിലെ ഇന്ത്യയുടെ കഴിവുകള്‍ ഇന്ത്യയെ അനുയോജ്യമായ ആഗോള പങ്കാളിയാക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിത്- അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ സംരംഭകത്വത്തിന്റെ പുതിയ ഉയരം കൈവരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 2014ല്‍ വെറും 100 സ്റ്റാര്‍ട്ടപ്പുകളുണ്ടായിരുന്ന ഇന്ത്യയില്‍ ഇന്ന് അറുപതിനായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ 80 എണ്ണം യൂണികോണുകളാണ്. 40ലധികം യൂണികോണുകള്‍ 2021ലാണു വളര്‍ന്നുവന്നത്. കൊറോണ കാലഘട്ടത്തില്‍ അളവ് ലഘൂകരണം പോലുള്ള ഇടപെടലുകളില്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഇന്ത്യ പരിഷ്‌കരണങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്ന്, ഇന്ത്യയുടെ ആത്മവിശ്വാസത്തോടെയുള്ള സമീപനത്തിന് അടിവരയിട്ടുകൊണ്ടു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൗതിക-ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളിലുണ്ടായ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. 6 ലക്ഷം ഗ്രാമങ്ങളിലെ ഒപ്റ്റിക്കല്‍ ഫൈബര്‍, സമ്പര്‍ക്കസംവിധാനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളിലെ 1.3 ട്രില്യണ്‍ ഡോളര്‍ നിക്ഷേപം, ആസ്തി ധനസമ്പാദനത്തിലൂടെ 80 ബില്യണ്‍ ഡോളര്‍ സമ്പാദിക്കാനുള്ള ലക്ഷ്യം, ചരക്കുകളുടെയും ആളുകളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത സമ്പര്‍ക്കസംവിധാനത്തിലേക്ക് പുതിയ ചലനാത്മകത നല്‍കുന്നതിനായി എല്ലാ പങ്കാളികളെയും ഒരൊറ്റ വേദിയില്‍ എത്തിക്കുന്നതിനുള്ള ഗതിശക്തി ആസൂത്രണപദ്ധതി തുടങ്ങിയവ അദ്ദേഹം പട്ടികപ്പെടുത്തി. സ്വയംപര്യാപ്തതയിലേക്കുള്ള പാത സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, നിക്ഷേപത്തിനും ഉല്‍പ്പാദനത്തിനും ഇന്ത്യ പ്രോത്സാഹനമേകുകയും ചെയ്യുന്നുവെന്നും ശ്രീ മോദി ഫോറത്തില്‍ പറഞ്ഞു. അതിനുദാഹരണമാണ് 14 മേഖലകളിലായി 26 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പാദനാനുസൃത ആനുകൂല്യ പദ്ധതികള്‍- അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷത്തെ ലക്ഷ്യങ്ങള്‍ മനസ്സില്‍കണ്ടാണ് ഇന്ത്യ നയങ്ങള്‍ക്കു രൂപംനല്‍കുന്നത്. ഈ കാലയളവില്‍, ഉയര്‍ന്ന വളര്‍ച്ചയും ക്ഷേമകാര്യങ്ങളുടെ പൂര്‍ത്തീകരണവുമാണ് രാജ്യം ലക്ഷ്യമിട്ടത്. വളര്‍ച്ചയുടെ ഈ കാലഘട്ടം ഹരിതവും വൃത്തിയുള്ളതും സുസ്ഥിരവും വിശ്വാസയോഗ്യവുമായിരിക്കും- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്നത്തെ ജീവിതശൈലിയും നയങ്ങളും പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥയ്ക്ക് നമ്മുടെ ജീവിതശൈലി സൃഷ്ടിക്കുന്ന വെല്ലുവിളികളിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടി. കാലാവസ്ഥാ വെല്ലുവിളി രൂക്ഷമാക്കിയത് ‘വലിച്ചെറിയൂ’ സംസ്‌കാരവും ഉപഭോഗവുമാണ്. ഇന്നത്തെ ‘എടുക്കൂ-ഉപയോഗിക്കൂ-കളയൂ സമ്പദ്വ്യവസ്ഥയില്‍ നിന്ന് വര്‍ത്തുളസമ്പദ്വ്യവസ്ഥയിലേക്ക് അതിവേഗം മാറേണ്ടത് അത്യന്താപേക്ഷിതമാണ്- അദ്ദേഹം ഊന്നിപ്പറഞ്ഞു. സിഒപി 26 സമ്മേളനത്തില്‍ അദ്ദേഹം കൊണ്ടുവന്ന ‘മിഷന്‍ ലൈഫി’നെ പരാമര്‍ശിച്ചുകൊണ്ട്, ‘ലൈഫി’നെ ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നത് ‘പി 3’-ന്റെ (പ്രോ പ്ലാനറ്റ് പീപ്പിള്‍) ശക്തമായ അടിത്തറയാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയെയും ഭാവിയിലെ മറ്റ് പ്രവചനാതീതമായ വെല്ലുവിളികളെയും നേരിടാന്‍ സഹായകരമാകുന്ന, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ജീവിതശൈലിയുടെ വീക്ഷണമാണ് ‘ലൈഫ്’ അഥവാ ‘പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി’. നിശ്ചിത കാലയളവു പൂര്‍ത്തിയാക്കുംമുമ്പുതന്നെ കാലാവസ്ഥാലക്ഷ്യം കൈവരിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങളെക്കുറിച്ചും ശ്രീ മോദി ഫോറത്തില്‍ സംസാരിച്ചു. ലോകക്രമത്തിന്റെ മാറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് താദാത്മ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ ആഗോള കുടുംബം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. എല്ലാ രാജ്യങ്ങളുടെയും ആഗോള സംഘടനകളുടെയും കൂട്ടായതും സമന്വയിപ്പിച്ചതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, പണപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം എന്നിവ പ്രധാന ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനുബന്ധ സാങ്കേതികവിദ്യകളും അവയുടെ വെല്ലുവിളികളും ഏതെങ്കിലും ഒരു രാജ്യത്തിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്നു ക്രിപ്റ്റോകറന്‍സി ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു. സംഘടനകള്‍ നിലവില്‍ വന്ന കാലത്തില്‍ നിന്നു ലോകക്രമം ഏറിയ മാറിയ സാഹചര്യത്തില്‍ ഈ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ബഹുതല സംഘടനകള്‍ക്കു കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു. ”അതുകൊണ്ട് ഓരോ ജനാധിപത്യ രാഷ്ട്രവും ബഹുതലസംഘടനകളെ നവീകരണത്തിനായി പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ അവര്‍ക്കു വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്ന ദൗത്യം ഏറ്റെടുക്കാനാകും”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ND
*****