Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക യുവജന നൈപുണ്യദിന പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ലോക യുവജന നൈപുണ്യദിന പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


പുതുതലമുറയുടെ നൈപുണ്യവികസനം രാജ്യത്തിന്റെ ആവശ്യമാണെന്നും ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറയാണെന്നും ഈ തലമുറ നമ്മുടെ റിപ്പബ്ലിക്കിനെ 75 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി സ്‌കില്‍ ഇന്ത്യ ദൗത്യത്തിന് ആക്കം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അഭിസംബോധനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ സംസ്‌കാരത്തില്‍ കഴിവുകളുടെ പ്രാധാന്യത്തെ പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. നൈപുണ്യവികസനത്തിനു നല്‍കുന്ന പ്രാധാന്യവും, അധികശേഷിയും സമൂഹത്തിന്റെ പുരോഗതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിവുകളെയും തൊഴില്‍ ഉപകരണങ്ങളെയും ആരാധിക്കുന്ന വിജയദശമി, അക്ഷയതൃതീയ, വിശ്വകര്‍മ പൂജ തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങളെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. ഈ അനുഷ്ഠാനങ്ങളെ ഉദ്ധരിച്ച്, മരപ്പണിക്കാര്‍, കുശവന്‍മാര്‍, ലോഹത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, തോട്ടപ്പണിക്കാര്‍, നെയ്ത്തുകാര്‍ തുടങ്ങിയ വിദഗ്ധ തൊഴിലാളികളെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ അടിമത്തം, നമ്മുടെ സാമൂഹിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കഴിവുകളുടെ പ്രാധാന്യം കുറച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എന്താണ് ചെയ്യേണ്ടതെന്ന് വിദ്യാഭ്യാസം പറഞ്ഞു തരുന്നു. അതു പ്രവര്‍ത്തനപഥത്തിലെത്തിക്കേണ്ടതെങ്ങനെയെന്നു കാട്ടിത്തരുന്നത് വൈദഗ്ധ്യമാണ്. ഇതാണ് സ്‌കില്‍ ഇന്ത്യ ദൗത്യത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1.25 കോടിയിലധികം ചെറുപ്പക്കാര്‍ക്ക് ‘പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന’യിലൂടെ പരിശീലനം ലഭിച്ചതില്‍ അദ്ദേഹം ആഹ്ലാദമറിയിച്ചു.

ദൈനംദിന ജീവിതത്തില്‍ നൈപുണ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സമ്പാദിച്ചു തുടങ്ങുമ്പോള്‍ പഠനം അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ഇന്നത്തെ ലോകത്ത് വൈദഗ്ധ്യമുള്ളവര്‍ക്കേ വളര്‍ച്ചയുള്ളൂ. ഇത് വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ബാധകമാണ്. ലോകത്തിന് മികച്ചതും വൈദഗ്ധ്യമേറിയതുമായ മനുഷ്യാധ്വാന പ്രതിവിധികള്‍ ഒരുക്കുന്ന ഇന്ത്യ, നമ്മുടെ യുവാക്കളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്ന നയങ്ങള്‍ക്കു പ്രാധാന്യമേകണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ആവശ്യമായത്ര വിദഗ്ധരെ കണ്ടെത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. തുടര്‍ച്ചയായുള്ള വൈദഗ്ധ്യം, പുതിയ കഴിവുകള്‍, അധികശേഷി എന്നിവയ്ക്കായി കൂട്ടാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യ അതിവേഗം വളരുന്ന പശ്ചാത്തലത്തില്‍ പുതിയ ശേഷികള്‍ കൈവരിക്കുന്നതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നതിനാല്‍ ഇക്കാര്യം ത്വരിതപ്പെടുത്തേണ്ടതുണ്ട്. പകര്‍ച്ചവ്യാധിക്കെതിരെ ഫലപ്രദമായ പോരാട്ടത്തിന് ഞങ്ങളുടെ വിദഗ്ധ തൊഴിലാളികള്‍ സഹായിച്ചതെങ്ങനെയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ദുര്‍ബല വിഭാഗങ്ങളുടെ നൈപുണ്യവികസനത്തിനു വളരെയേറെ ഊന്നല്‍ നല്‍കിയ ബാബാസാഹിബ് അംബേദ്കറുടെ കാഴ്ചപ്പാടിനെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സ്‌കില്‍ ഇന്ത്യ ദൗത്യത്തിലൂടെ ബാബാസാഹിബിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള സ്വപ്നം രാജ്യം നിറവേറ്റുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഉദാഹരണമായി, ‘മുന്‍നിരക്കാരായി ഓണ്‍ലൈനില്‍ (ഗോള്‍)’ പോലുള്ള പരിപാടികള്‍ ഗോത്രവര്‍ഗ ജനതയെ കല, സംസ്‌കാരം, കരകൗശലം, തുണിത്തരങ്ങള്‍, ഗോത്രമേഖലയിലെ ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ മേഖലകളില്‍ സഹായിക്കുകയും അതിലൂടെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സംരംഭകത്വ വികസനത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു. അതുപോലെ, വന്‍ ധന്‍ യോജന ഗോത്ര സമൂഹത്തെ പുതിയ അവസരങ്ങളുമായി ഫലപ്രദമായി ബന്ധിപ്പിക്കുന്നു. ”വരും ദിവസങ്ങളില്‍, ഇത്തരം പരിപാടികള്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതുണ്ട്. നൈപുണ്യവികസനത്തിലൂടെ നമ്മളെയും രാജ്യത്തെയും ആത്മനിര്‍ഭര്‍ ആക്കുകയും വേണം”- പ്രധാനമന്ത്രി പറഞ്ഞുനിര്‍ത്തി.