Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക പരിസ്ഥിതിദിനഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ലോക പരിസ്ഥിതിദിനഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ചടങ്ങില്‍ പൂനെയില്‍ നിന്നുള്ള ഒരു കര്‍ഷകനുമായി പ്രധാനമന്ത്രി സംവദിച്ചു. ജൈവകൃഷിയിലും കൃഷിയ്ക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലുമുള്ള അനുഭവം അദ്ദേഹംപങ്കുവെച്ചു.
ഇന്ത്യയില്‍ ”എഥനോള്‍ കൂട്ടികലര്‍ത്തുന്നതിനുള്ള പദ്ധതിരേഖ 2020-2025ല്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ” റിപ്പോര്‍ട്ട് പ്രധാനമന്ത്രി പുറത്തിറക്കി. രാജ്യത്തുടനീളം എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മഹത്വാകാംക്ഷപദ്ധതിയായ ഇ -100 പൈലറ്റ് പദ്ധതിക്കും അദ്ദേഹം സമാരംഭം കുറിച്ചു. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങളുടെ പ്രാത്സാഹനം’ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ ആശയം. കേന്ദ്ര മന്ത്രിമാരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ പ്രകാശ് ജാവദേക്കര്‍, ശ്രീ പീയൂഷ് ഗോയല്‍, ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഥനോള്‍ മേഖലയുടെ വികസനത്തിനായി വിശദമായ പദ്ധതിരേഖ പുറത്തിറക്കി ഇന്ത്യ മറ്റൊരു കുതിച്ചുചാട്ടം കൂടി നടത്തിയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ പ്രധാന മുന്‍ഗണനകളിലൊന്നായി എഥനോള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. എഥനോളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പരിസ്ഥിതിയിലും കര്‍ഷകരുടെ ജീവിതത്തിലും മികച്ച സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കൂട്ടിക്കലര്‍ത്തുകയെന്ന ലക്ഷ്യം നേടുകയെന്ന പ്രതിജ്ഞ ഗവണ്‍മെന്റ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2030 ഓടെ ലക്ഷ്യം കൈവരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അത് 5 വര്‍ഷം മുമ്പെയാക്കി. 2014 വരെ ഇന്ത്യയില്‍ ശരാശരി 1.5 ശതമാനം എഥനോള്‍ മാത്രമേ കൂട്ടിക്കലര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളു. അത് ഇപ്പോള്‍ ഏകദേശം 8.5 ശതമാനത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013-14 ല്‍ രാജ്യത്ത് 38 കോടി ലിറ്റര്‍ എഥനോളാണ് വാങ്ങിയിരുന്നത്. അത് ഇപ്പോള്‍ 320 കോടിയിലധികമായി വളര്‍ന്നു. ഈ എഥനോള്‍ സംഭരണത്തിലുണ്ടായ എട്ട് മടങ്ങ് വര്‍ദ്ധനവിന്റെ വലിയൊരു ഭാഗം രാജ്യത്തെ കരിമ്പുകര്‍ഷകര്‍ക്ക് ഗുണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ചിന്തകളിലൂടെയും 21-ാം നൂറ്റാണ്ടിലെ ആധുനിക നയങ്ങളിലൂടെയുംമാത്രമേ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് ഊര്‍ജ്ജം ലഭിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ചിന്താഗതിയോടെയാണ്, എല്ലാ മേഖലയിലും നയപരമായ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി എടുക്കുന്നത്. രാജ്യത്ത് എഥനോളിന്റെ ഉല്‍പാദനത്തിനും വാങ്ങലിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇന്ന് വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാര ഉല്‍പ്പാദനം കൂടുതലുള്ള 4-5 സംസ്ഥാനങ്ങളിലാണ് മിക്ക എഥനോള്‍ നിര്‍മ്മാണ യൂണിറ്റുകളും കേന്ദ്രീകരിച്ചിരിക്കുന്നത്, എന്നാല്‍ ഇപ്പോള്‍ ഇത് രാജ്യത്താകമാനം വ്യാപിപ്പിക്കുന്നതിനായി ഭക്ഷ്യധാന്യ അധിഷ്ഠിത ഡിസ്റ്റിലറികള്‍ സ്ഥാപിക്കുകയാണ്. കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് എഥനോള്‍ ഉണ്ടാക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിത പ്ലാന്റുകളും രാജ്യത്ത് ആരംഭിക്കും.
കാലാവസ്ഥാ നീതിയുടെ ശക്തമായ വക്താവാണ് ഇന്ത്യയെന്നും ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്, ദുരന്ത പ്രതിരോധശേഷിയുള്ള പശ്ചാത്തലസൗകര്യ മുന്‍കൈകള്‍ എന്നിവയുടെ സംയോജനം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ സ്ഥാപിച്ചതുപോലുള്ള ഉന്നതമായ ആഗോള വീക്ഷണത്തോടെയാണ് നാം മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയില്‍ ലോകത്തെ പ്രധാനപ്പെട്ട 10 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇന്ത്യയ്ക്ക് അറിയാമെന്നും അതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് സ്വീകരിച്ച കഠിനവും മൃദുവായതുമായ സമീപനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജത്തിലെ നമ്മുടെ ശേഷി 250 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്ന് കഠിനമായ സമീപനത്തിനെ ചൂണ്ടിക്കാട്ടി അദ്ദേഹം അഭിപ്രായപ്പെട്ടു. പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ മികച്ച 5 രാജ്യങ്ങളില്‍ ഇന്ത്യയും ഇന്ന് ഉള്‍പ്പെടുന്നു. പ്രത്യേകിച്ചും കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജ്ജത്തിന്റെ ശേഷി ഏകദേശം 15 മടങ്ങ് വര്‍ദ്ധിച്ചു.
മൃദുവായ സമീപനത്തിലൂടെ രാജ്യം ചരിത്രപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകോപയോഗ പ്ലാസ്റ്റിക്കിന്റെ ഒഴിവാക്കല്‍, കടല്‍തീരങ്ങള്‍ വൃത്തിയാക്കല്‍ അല്ലെങ്കില്‍ സ്വച്ഛ് ഭാരത് തുടങ്ങിയ പരിസ്ഥിതി അനുകൂല പ്രചാരണങ്ങള്‍ക്ക് രാജ്യത്തെ സാധാരണക്കാര്‍ പങ്കുചേരുകയും നേതൃത്വം നല്‍കുകയും ചെയ്യുകയാണ്. 37 കോടിയിലധികം എല്‍.ഇ.ഡി ബള്‍ബുകളും 23 ലക്ഷത്തിലധികം ഊര്‍ജ്ജകാര്യശേഷിയുള്ള ഫാനുകളും നല്‍കുന്നതിലുണ്ടായിട്ടുള്ള നേട്ടം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമാനമായി, ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കുന്നതും സൗഭാഗ്യപദ്ധതിയിലൂടെ വൈദ്യുതികണക്ഷനുകള്‍ നല്‍കുന്നതും മൂലം കോടിക്കണക്കിന് പാവപ്പെട്ടവരും അവരുടെ ആശ്രിതരും വിറകിനെ വലിയതോതില്‍ ആശ്രയിക്കുന്നത് വളരെയധികം കുറച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വികസനം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ ലോകത്തിന് ഒരു മാതൃകകാട്ടികൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്ഘടനയ്ക്കും, പരിസ്ഥിതിയ്ക്കും രണ്ടിനും ഒരുമിച്ച് മുന്നോട്ട് പോകാനാകുമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. ഈ പാതയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം നമ്മുടെ വനത്തിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 15,000 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധിനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിയാകുകയും, പുള്ളിപ്പുലികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടാകുകയും ചെയ്തിട്ടുണ്ട്.
ശുദ്ധവും കാര്യക്ഷമവുമായ ഊര്‍ജ്ജ സംവിധാനങ്ങള്‍, പ്രതിരോധശേഷിയുള്ള നഗര അടിസ്ഥാന സൗകര്യങ്ങള്‍, ആസൂത്രിതമായ പരിസ്ഥിതി പുനര്‍സ്ഥാപനം എന്നിവയെല്ലാം ആത്മ-നിര്‍ഭാര്‍ ഭാരതിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളും കാരണം രാജ്യത്ത് പുതിയ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ലക്ഷക്കണക്കിന് യുവാക്കള്‍ക്കും തൊഴില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായു മലിനീകരണം തടയുന്നതിനായി ദേശീയ ശുദ്ധമായ വായു പദ്ധതിയിലൂടെ സമഗ്രമായ സമീപനത്തോടെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജലപാതകളുടെയും ബഹുമാതൃക ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഹരിത ഗതാഗതമെന്ന ദൗത്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ ചരക്കുനീക്ക കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, രാജ്യത്ത് മെട്രോ റെയില്‍ സേവനം 5 നഗരങ്ങളില്‍ നിന്ന് 18 നഗരങ്ങളിലായി വര്‍ദദ്ധിപ്പിച്ചു, ഇത് വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഇന്ന് രാജ്യത്തെ റെയില്‍വേ ശൃംഖലയുടെ വലിയൊരു ഭാഗം വൈദ്യുതീകരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിലേക്ക് രാജ്യത്തെ വിമാനത്താവളങ്ങളു, അതിവേഗം നീങ്ങുകയാണ്.
2014 ന് മുമ്പ് 7 വിമാനത്താവളങ്ങളില്‍ മാത്രമുണ്ടായിരുന്ന സൗരോര്‍ജ്ജ സൗകര്യങ്ങള്‍, എന്നാല്‍ ഇന്ന് ഇതിന്റെ എണ്ണം 50 ലധികം ആയി ഉയര്‍ന്നു. 80 ലധികം വിമാനത്താവളങ്ങളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചിക്കുകയും അത് ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കെവാഡിയയെ ഒരു വൈദ്യുത വാഹന നഗരമായി വികസിപ്പിക്കുന്നതിനായി നടന്നുവരുന്ന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഭാവിയില്‍ കെവാഡിയയില്‍ ബാറ്ററി അധിഷ്ഠിത ബസുകള്‍, ഇരുചക്ര വാഹനങ്ങള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവ മാത്രമേ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലചക്രം കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജലചക്രത്തിലെ അസന്തുലിതാവസ്ഥ ജല സുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജല്‍ ജീവന്‍ മിഷനിലൂടെ രാജ്യത്തെ ജലസ്രോതസ്സുകളുടെ സൃഷ്ടിയ്ക്കും സംരക്ഷണത്തിനും സമഗ്രമായ സമീപനത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത്, ഓരോ വീടുകളും പൈപ്പുകളുമായി ബന്ധിപ്പിക്കുമ്പോള്‍, മറുവശത്ത്, അടല്‍ ഭുജല്‍ യോജന, ക്യാച്ച് ദി റെയിന്‍ തുടങ്ങിയ സംഘടിതപ്രവര്‍ത്തനങ്ങളിലൂടെ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയിലൂടെ വിഭവങ്ങളെ പുണചക്രമണം നടത്തി അവയെ നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന 11 മേഖലകളെ ഗവണ്‍മെന്റ് കണ്ടെത്തിയിട്ടുള്ളതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കച്ര ടു കാഞ്ചന്‍ പ്രചാരണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ ഒരു ദൗത്യരീതിയില്‍ ഇതിനെ വളരെ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണവും, വികസനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളുമുള്ള ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി, വരും മാസങ്ങളില്‍ നടപ്പാക്കും. കാലാവസ്ഥയെ പരിരക്ഷിക്കുന്നതിന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ സംഘടിതമാകേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വെള്ളം, വായു, ഭൂമി എന്നിവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ രാജ്യത്തെ ഓരോ പൗരനും ഐക്യത്തോടെ ശ്രമം നടത്തുമ്പോള്‍ മാത്രമേ നമ്മുടെ വരും തലമുറകള്‍ക്ക് നമുക്ക് സുരക്ഷിതമായ പരിസ്ഥിതി നല്‍കാന്‍ കഴിയൂകയുള്ളുവെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

***