Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലാവോ പി.ഡി.ആറില്‍ നടക്കുന്ന 21-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം

ലാവോ പി.ഡി.ആറില്‍ നടക്കുന്ന 21-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം


ഇരുപത്തി ഒന്നാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടി ലാവോ പി.ഡി.ആറിലെ വിയന്റിയനില്‍ 2024 ഒക്ടോബര്‍ 10-ന് നടന്നു. സമഗ്രവും തന്ത്രപ്രധാനവുമായ ആസിയാന്‍-ഇന്ത്യ പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്യാനും സഹകരണത്തിന്റെ ഭാവി ദിശയുടെ രേഖാചിത്രം തയാറാക്കുവാനും ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു ദശാബ്ദത്തെ അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആസിയാന്‍ നേതാക്കളോടൊപ്പം പങ്കുചേര്‍ന്നു. ഇത് പതിനൊന്നാം തവണയാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

2. ആസിയാന്‍ ഐക്യത്തിനും ആസിയാന്‍ കേന്ദ്രീകരണത്തിനും ഇന്തോ-പസഫിക്കിലെ ആസിയാന്‍ വീക്ഷണത്തിനും ഇന്ത്യയുടെ പിന്തുണ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 21-ാം നൂറ്റാണ്ടിനെ ഏഷ്യന്‍ നൂറ്റാണ്ട് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഏഷ്യയുടെ ഭാവിയെ നയിക്കുന്നതില്‍ ഇന്ത്യ-ആസിയാന്‍ ബന്ധം നിര്‍ണ്ണായകമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പ്രത്യേകതകളെപ്പറ്റി ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ-ആസിയാന്‍ വ്യാപാരം 130 ബില്യണ്‍ ഡോളറായി ഉയര്‍ന്നതും; ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര നിക്ഷേപ പങ്കാളികളില്‍ ഒന്നാണ് ആസിയാന്‍ എന്നതും; ഏഴ് ആസിയാന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യോമയാന ‍ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും ; ഫിന്‍-ടെക് സഹകരണത്തോടെ മേഖലയിലുണ്ടായ പ്രതിക്ഷയോടെയുള്ള തുടക്കവും; അഞ്ച് ആസിയാന്‍ രാജ്യങ്ങളില്‍ പങ്കാളിത്ത സാംസ്‌കാരിക പൈതൃകം പുനഃസ്ഥാപിക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതും ചൂണ്ടിക്കാട്ടി. ആസിയാന്‍-ഇന്ത്യ സമുഹത്തിന്റെ നേട്ടത്തിനത്തിനായി കൂടുതല്‍ സാമ്പത്തിക സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആസിയാന്‍-ഇന്ത്യ എഫ്.ടി.എ (എ.ഐ.ടി.ജി.എ) അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി അടിവരയിട്ടു. ആസിയാനിലെ യുവജനതയ്ക്ക് നളന്ദ സര്‍വകലാശാലയില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിലൂടെയുള്ള ഇന്ത്യ-ആസിയാന്‍ വിജ്ഞാന പങ്കാളിത്തത്തിലെ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

3. പ്രതിരോധശേഷിയും ബന്ധങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ചെയറിന്റെ (ആദ്ധ്യക്ഷതയുടെ) പ്രമേയത്തിന് അനുസൃതമായി, ഒരു 10-ഇന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു:

1) ആസിയാന്‍-ഇന്ത്യ ടൂറിസം വര്‍ഷമായി 2025 ആഘോഷിക്കുക, ഇതിന്റെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ 5 ദശലക്ഷം യു.എസ് ഡോളര്‍ ലഭ്യമാക്കും;

2) യുവജന ഉച്ചകോടി, സ്റ്റാര്‍ട്ടപ്പ് ഉത്സവം, ഹാക്കത്തോണ്‍, സംഗീതോത്സവം, ആസിയാന്‍-ഇന്ത്യ നെറ്റ്വര്‍ക്ക് ഓഫ് തിങ്ക് ടാങ്ക്സ്, ഡല്‍ഹി സംവാദം (ഡയലോഗ്) എന്നിവയുള്‍പ്പെടെ നിരവധി ജനകേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു ദശാബ്ദം ആഘോഷിക്കുക;

3) ആസിയാന്‍-ഇന്ത്യ ശാസ്ത്ര സാങ്കേതിക വികസന ഫണ്ടിന് കീഴില്‍ ആസിയാന്‍-ഇന്ത്യ വനിതാ ശാസ്ത്രജ്ഞരുടെ കോണ്‍ക്ലേവ് സംഘടിപ്പിക്കുക;

4) നളന്ദ സര്‍വ്വകലാശാലയിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കുകയും ഇന്ത്യയിലെ കാര്‍ഷിക സര്‍വ്വകലാശാലകളില്‍ ആസിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്യുക;

5) ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ അവലോകനം 2025ഓടെ നടത്തുക;

6) ദുരന്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക; ഇതിനായി ഇന്ത്യ 5 മില്യണ്‍ യു.എസ് ഡോളര്‍ ലഭ്യമാക്കും

7) ആരോഗ്യ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിനായി ആരോഗ്യ മന്ത്രിമാരുടെ നേതൃതത്തിൽ പുതിയ ട്രാക്ക് ആരംഭിക്കുക;

8) ഡിജിറ്റല്‍, സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആസിയാന്‍-ഇന്ത്യ സൈബര്‍ നയ സംവാദത്തിനായി ഒരു സ്ഥിരം സംവിധാനത്തിന് തുടക്കം കുറിയ്ക്കുക;

9) ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള ശില്‍പ്പശാല; ഒപ്പം

10) കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനനായി ‘മാതാവിന് വേണ്ടി ഒരു വൃക്ഷം നടുക (പ്ലാന്റ് എ ട്രി ഫോര്‍ മദര്‍)’ എന്ന സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ആസിയാന്‍ നേതാക്കളെ ക്ഷണിച്ചു.

4. ആസിയാന്‍-ഇന്ത്യ പങ്കാളിത്തത്തിന്റെ മുഴുവന്‍ സാദ്ധ്യതകളും സാക്ഷാത്കരിക്കുന്നതിന് ഇരുപക്ഷത്തെയും നയിക്കുന്ന ഒരു പുതിയ ആസിയാന്‍-ഇന്ത്യ കര്‍മ്മ പദ്ധതിക്ക് (20262030) രൂപം നല്‍കാന്‍ യോഗത്തില്‍, നേതാക്കള്‍ സമ്മതിക്കുകയും രണ്ട് സംയുക്ത പ്രസ്താവനകള്‍ അംഗീകരിക്കുകയും ചെയ്തു:

1) മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ (എ.ഇ.പി) പിന്തുണയോടെ ഇന്‍ഡോ-പസഫിക് (എ.ഒ.ഐ.പി) ആസിയാന്‍ പരിപ്രേക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രസ്താവന – ആസിയാനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ സംഭാവന നേതാക്കള്‍ അംഗീകരിച്ചു. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇവിടെ —പ്രാപ്യമാണ്.

2) ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ മുന്നേറുന്നതിനുള്ള ആസിയാന്‍-ഇന്ത്യ സംയുക്ത പ്രസ്താവന-ഡിജിറ്റല്‍ പരിവര്‍ത്തന മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ നേതാക്കള്‍ അഭിനന്ദിക്കുകയും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യത്തില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇവിടെ — പ്രാപ്യമാണ്.

5. വിജയകരമായി 21-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും അദ്ദേഹത്തിന്റെ ഊഷ്മളതയ്ക്കും ആതിഥ്യമര്യാദയ്ക്കും ലാവോസ് പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷമായ രാജ്യ സമന്വയാധികാരികള്‍ (കണ്‍ട്രി കോ-ഓഡിനേറ്റര്‍) എന്ന നിലയിൽ സിംഗപ്പൂരിന്റെ ക്രിയാത്മകമായ പങ്കിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇന്ത്യയുടെ പുതിയ കണ്‍ട്രി കോര്‍ഡിനേറ്ററായ ഫിലിപ്പീന്‍സുമായി പ്രവര്‍ത്തിക്കുന്നത് ഉറ്റുനോക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

 

-NK-