Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റോസ്ഗര്‍ മേള ഉദ്ഘാടന വേളയില്‍ 75000 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവു കൈമാറിയശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം

റോസ്ഗര്‍ മേള ഉദ്ഘാടന വേളയില്‍ 75000 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവു കൈമാറിയശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം


രാജ്യത്തെ യുവ പുത്രന്മാരെ, യുവ പുത്രിമാരെ, ഇവിടെ സന്നിഹിതരായ മറ്റു പ്രമുഖരെ, മഹതികളെ, മഹാന്‍മാരെ! ആദ്യമായി, ധന്‍തേരാസ് വേളയില്‍ എല്ലാ പൗരന്‍മാര്‍ക്കും അഭിനന്ദനങ്ങള്‍! ധന്വന്തരി ഭഗവാന്‍ നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തട്ടെ, ലക്ഷ്മിയുടെ അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ! ഇക്കാര്യങ്ങള്‍ക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കേദാര്‍നാഥ്-ബദരീനാഥില്‍ നിന്ന് ഇപ്പോള്‍ മടങ്ങിയതേ ഉള്ളൂ. ആ സ്ഥലങ്ങളില്‍ എത്താനായാതു ഭാഗ്യമായി കാണുന്നു. ഇപ്പോള്‍ തിരിച്ചെത്തിയതേ ഉള്ളൂ എന്നതിനാല്‍ ഇവിടെ എത്താന്‍ വൈകി.  അതിനു ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ യുവശക്തിയെ സംബന്ധിച്ചിടത്തോളം ഇന്നത്തേത് സുപ്രധാനമായ വേളയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് തൊഴിലിനും സ്വയം തൊഴിലിനുമായി നടന്നുകൊണ്ടിരിക്കുന്ന പ്രചരണത്തില്‍ ‘റോസ്ഗര്‍ മേള’ (റിക്രൂട്ട്മെന്റ് ഡ്രൈവ്) രൂപത്തില്‍ ഒരു പുതിയ ഘടകംകൂടി ചേരുകയാണ്. ആ ഘടകം ‘റോസ്ഗര്‍ മേള’ ആണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഒരു പദ്ധതിയില്‍ 75,000 യുവാക്കള്‍ക്ക് ഇന്ന് നിയമന കത്ത് നല്‍കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ ഇത്തവണ ഒറ്റയടിക്ക് നിയമന കത്തുകള്‍ നല്‍കുന്ന ഒരു പുതിയ തിടക്കമിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് എല്ലാ വകുപ്പുകളിലും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന പൊതുരീതി വികസിക്കുന്നതിനു സഹായകമാകും. അതിനാല്‍, കേന്ദ്ര ഗവണ്‍മെന്റ് ‘റോസ്ഗര്‍ മേള’ ആരംഭിച്ചു.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്രമേണ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നിയമന കത്തുകള്‍ നല്‍കും. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കൊപ്പം എന്‍ഡിഎയോ ബിജെപിയോ ഭരിക്കുന്ന പല സംസ്ഥാനങ്ങളും സമാനമായ പദ്ധതികള്‍ സംഘടിപ്പിക്കാന്‍ പോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ജമ്മു കശ്മീര്‍, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഭരണകൂടവും വരും ദിവസങ്ങളില്‍ സമാനമായ പരിപാടികള്‍ നടത്തി ആയിരക്കണക്കിന് യുവാക്കള്‍ക്ക് നിയമന കത്തുകള്‍ നല്‍കാന്‍ പോകുന്നു. ഇന്ന് നിയമന കത്തുകള്‍ ലഭിച്ച യുവ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തില്‍ പ്രവേശിച്ച സമയത്താണ് നിങ്ങളെല്ലാവരും കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗമാകുന്നത്. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിനായി നാം ‘ആത്മനിര്‍ഭര്‍ ഭാരത്’ (സ്വയം പര്യാപ്ത ഇന്ത്യ) പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ നൂതന ആശയക്കാര്‍, സംരംഭകര്‍, കര്‍ഷകര്‍, സേവന-നിര്‍മ്മാണ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. ചുരുക്കത്തില്‍, എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ വികസിത ഇന്ത്യ സാധ്യമാകൂ. ഓരോ ഇന്ത്യക്കാരനും അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകുകയും ഗവണ്‍മെന്റിന്റെ നടപടികള്‍ വേഗത്തിലാകുകയും ചെയ്യുമ്പോള്‍ മാത്രമേ ‘സബ്ക പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) എന്ന ആശയത്തിന്റെ ആത്മാവിനെ ഉണര്‍ത്താന്‍ കഴിയൂ. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമന കത്തുകള്‍ നല്‍കി ലക്ഷക്കണക്കിന് നിയമന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ ഗവണ്‍മെന്റ് സംവിധാനത്തില്‍ വന്ന വലിയ മാറ്റത്തിന്റെ തെളിവാണ്. 8-10 വര്‍ഷം മുമ്പ് ഒരു ചെറിയ ഗവണ്‍മെന്റ് ജോലിയില്‍ നിയമനം നടത്താന്‍ പോലും മാസങ്ങളോളം വേണ്ടിവന്ന അവസ്ഥയും നമ്മള്‍ കണ്ടതാണ്. ഒരു മേശയില്‍ നിന്ന് മറ്റൊരു മേശയിലേക്കുള്ള വഴിയില്‍ ഗവണ്‍മെന്റ് ഫയലുകളില്‍ പൊടി അടിഞ്ഞു കൂടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് തൊഴില്‍ സംസ്‌കാരവും സാഹചര്യവും മാറുകയാണ്.

സുഹൃത്തുക്കളെ,
7-8 വര്‍ഷത്തെ കഠിനാധ്വാനത്തിനൊപ്പം കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലെ സമീപകാല ത്വരിതഗതിക്കും കാര്യക്ഷമതയ്ക്കും വേണ്ടി ‘കര്‍മയോഗികളുടെ’ വലിയ ദൃഢനിശ്ചയവും വേണ്ടിവന്നു. അല്ലാത്തപക്ഷം, ഒരാള്‍ക്ക് നേരത്തെ ഗവണ്‍മെന്റ് ജോലിക്ക് അപേക്ഷിക്കേണ്ടിവരുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഓര്‍ക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയും ആ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ രാഷ്ട്രീയ നേതാക്കളുടെ വീടിന് പുറത്ത് വരി നില്‍ക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളെ കാണുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശകള്‍ ആവശ്യമാണ്. എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ തന്നെ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ യുവാക്കളെ മോചിപ്പിച്ചു. യുവാക്കള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ കഴിയുന്ന സ്വയം സാക്ഷ്യപ്പെടുത്തല്‍ ഞങ്ങള്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി നിയമനത്തിന് ഇന്റര്‍വ്യൂ റൗണ്ടുകള്‍ ഒഴിവാക്കിയതാണ് ഞങ്ങള്‍ സ്വീകരിച്ച രണ്ടാമത്തെ വലിയ നടപടി. ഇന്റര്‍വ്യൂ പ്രക്രിയ അവസാനിപ്പിച്ചതു ദശലക്ഷക്കണക്കിന് യുവാക്കള്‍ക്കു വളരെയധികം പ്രയോജനകരമായി.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഏഴ്-എട്ട് വര്‍ഷത്തിനുള്ളില്‍ നാം 10-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ലോകത്തിലെ സാഹചര്യങ്ങള്‍ അനുകൂലമല്ല എന്നതും പല വലിയ സമ്പദ്വ്യവസ്ഥകളും ബുദ്ധിമുട്ടുന്നുണ്ടെന്നതും ശരിയാണ്. പണപ്പെരുപ്പവും തൊഴിലും ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും ലോകത്തിലെ പല രാജ്യങ്ങളിലും അതിന്റെ ഉച്ചസ്ഥായിയിലാണ്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ പാര്‍ശ്വഫലങ്ങള്‍ 100 ദിവസം കൊണ്ട് അപ്രത്യക്ഷമാകുമെന്ന് ഇന്ത്യയോ ലോകമോ കരുതുന്നില്ല. പ്രതിസന്ധി വളരെ വലുതാണ്, അത് ലോകമെമ്പാടും ഉണ്ട്, അതിന്റെ ആഘാതം എല്ലായിടത്തും അനുഭവപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ലോകമെമ്പാടുമുള്ള ഈ പ്രതിസന്ധിയില്‍ നിന്ന് സ്വയം രക്ഷനേടാനും പുതിയ സംരംഭങ്ങളും കണക്കുകൂട്ടിയ ചില അപകടസാധ്യതകളും വെച്ച് അതിന്റെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യ നിരന്തരം ശ്രമിക്കുന്നു. ഇതൊരു പരീക്ഷണ കാലഘട്ടമാണ്. എന്നാല്‍ നിങ്ങളുടെ അനുഗ്രഹവും സഹകരണവും കൊണ്ടാണ് നാം ഇതുവരെ അതിജീവിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച പോരായ്മകള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നീക്കം ചെയ്തതിനാലാണ് ഇത് സാധ്യമായത്.

സുഹൃത്തുക്കളെ,
കൃഷി, സ്വകാര്യ മേഖല, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഈ രാജ്യത്ത് അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളാണിവ. ഇന്ന് നമ്മള്‍ യുവാക്കളുടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ രാജ്യത്തെ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവാക്കളെ പരിശീലിപ്പിക്കുന്നതിനുള്ള വലിയ പ്രചാരണമാണ് നടക്കുന്നത്. ഇതുവരെ 1.25 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യ കാമ്പയിനിന്റെ കീഴില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളം നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ എട്ട് വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപിച്ചു. ഞങ്ങള്‍ യുവാക്കള്‍ക്കായി ബഹിരാകാശ മേഖല തുറന്നുകൊടുക്കുകയും രാജ്യത്തുടനീളമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ഡ്രോണ്‍ നയം ലളിതമാക്കുകയും ചെയ്തു.

സുഹൃത്തുക്കളെ,
ബാങ്കിംഗ് സംവിധാനത്തിലേക്കുള്ള ആളുകളുടെ പരിമിത മാത്രമായ പ്രവേശനമാണ് രാജ്യത്ത് വലിയ തോതില്‍ തൊഴിലവസരങ്ങളും സ്വയം തൊഴിലും സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം. ഈ തടസ്സവും ഞങ്ങള്‍ നീക്കി. മുദ്ര യോജന വഴി രാജ്യത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സംരംഭകത്വം വിപുലീകരിച്ചു. ഈ പദ്ധതിയില്‍ ഇതുവരെ 20 ലക്ഷം കോടി രൂപയുടെ വായ്പകള്‍ നല്‍കിയിട്ടുണ്ട്. സ്വാശ്രയ തൊഴിലുമായി ബന്ധപ്പെട്ട് ഇത്രയും വലിയൊരു പരിപാടി മുമ്പ് രാജ്യത്ത് നടപ്പാക്കിയിട്ടില്ല. ഈ വായ്പ ലഭിച്ച സുഹൃത്തുക്കളില്‍ 7.5 കോടിയിലധികം പേര്‍ ആദ്യമായി ബിസിനസ് ആരംഭിച്ചവരാണ്. പ്രധാനമായി, മുദ്ര യോജനയുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും നമ്മുടെ പെണ്‍മക്കളും അമ്മമാരും സഹോദരിമാരുമാണ്. ഇതുകൂടാതെ മറ്റൊരു സ്ഥിതിവിവരക്കണക്ക് വളരെ പ്രധാനമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, എട്ട് കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു, അവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നു. ഈ കോടിക്കണക്കിന് സ്ത്രീകള്‍ ഇപ്പോള്‍ രാജ്യത്തുടനീളം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. ഇന്നലെ ബദരീനാഥിലെ സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഞാന്‍ സംവദിക്കുകയായിരുന്നു. ജനങ്ങളുടെ ബദരീനാഥ് സന്ദര്‍ശനത്തെ തുടര്‍ന്ന് തങ്ങളുടെ ഓരോ സ്വാശ്രയ സംഘങ്ങളും രണ്ടര ലക്ഷം രൂപ ലാഭം നേടിയതായി അവര്‍ എന്നോട് പറഞ്ഞു.

സുഹൃത്തുക്കളെ,
ഗ്രാമങ്ങളില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം നമ്മുടെ ഖാദി, ഗ്രാമവ്യവസായങ്ങളാണ്. ഖാദി ഗ്രാമ വ്യവസായ മേഖലയുടെ വിറ്റുവരവ് രാജ്യത്ത് ആദ്യമായി ഒരു ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖാദി, ഗ്രാമ വ്യവസായ മേഖലകളില്‍ ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രധാനമായി, നമ്മുടെ സഹോദരിമാര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്.

സുഹൃത്തുക്കളെ,
രാജ്യത്തെ യുവാക്കളുടെ ശേഷി ലോകത്തെ ബോധ്യപ്പെടുത്താന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ പ്രചരണം വഴി സാധിച്ചു. 2014 വരെ രാജ്യത്ത് നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന്  80,000-ത്തിലേറെയായി വര്‍ദ്ധിച്ചു. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന നിരവധി കമ്പനികള്‍ ഈ കാലയളവില്‍ നമ്മുടെ യുവ സഹപ്രവര്‍ത്തകര്‍ സൃഷ്ടിച്ചു. ഇന്ന് ലക്ഷക്കണക്കിന് യുവാക്കളാണ് രാജ്യത്തെ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നത്. ഇന്ന് കോടിക്കണക്കിന് ആളുകള്‍ എംഎസ്എംഇകളിലും ചെറുകിട വ്യവസായങ്ങളിലും ജോലി ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍ ധാരാളം യുവാക്കള്‍ ഇതില്‍ ചേര്‍ന്നു. എംഎസ്എംഇകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് 3 ലക്ഷം കോടി രൂപ നല്‍കിയതിനെത്തുടര്‍ന്ന് കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ഭീഷണി നേരിട്ടിരുന്ന 1.5 കോടി തൊഴിലവസരങ്ങള്‍ രക്ഷപ്പെട്ടു. ആസ്തി സൃഷ്ടിക്കുന്നതിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന എംഎന്‍ആര്‍ഇജിഎയിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് രാജ്യത്തുടനീളമുള്ള ഏഴ് കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്‍ രാജ്യത്തുടനീളം ലക്ഷക്കണക്കിന് ഡിജിറ്റല്‍ സംരംഭകരെ സൃഷ്ടിച്ചു. രാജ്യത്തെ 5 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചു. 5ജിയുടെ വ്യാപനത്തോടെ ഡിജിറ്റല്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ ഏറ്റവും വലിയ ദൗത്യമാണ് മേക്ക് ഇന്‍ ഇന്ത്യ ‘ആത്മനിര്‍ഭര്‍ ഭാരത്’. ഇന്ന് രാജ്യം പല കാര്യങ്ങളിലും ഇറക്കുമതിക്കാരില്‍ നിന്ന് കയറ്റുമതിക്കാരിലേക്ക് മാറുകയാണ്. ഇന്ത്യ ഇന്ന് ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നിരവധി മേഖലകളുണ്ട്. ഓരോ മാസവും നൂറു കോടി ഡോളറിന്റെ മൊബൈല്‍ ഫോണുകളുടെ കയറ്റുമതി നമ്മുടെ പുതിയ സാധ്യതകളെ കാണിക്കുന്നു. ഇന്ത്യ അതിന്റെ മുന്‍കാല കയറ്റുമതി റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമ്പോള്‍, താഴെത്തട്ടില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതിന്റെ തെളിവാണിത്. ഇന്ന്, വാഹനങ്ങള്‍ മുതല്‍ മെട്രോ, ട്രെയിന്‍ കോച്ചുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങി പല മേഖലകളിലും കയറ്റുമതി അതിവേഗം വളരുകയാണ്. ഇന്ത്യയില്‍ ഫാക്ടറികള്‍ വളരുന്നതിനാലാണ് ഇത് സാധ്യമായത്. ഫാക്ടറികളുടെ വളര്‍ച്ച അവയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവിന് കാരണമാകുന്നു.

സുഹൃത്തുക്കളെ,
ഉല്‍പ്പാദനവും വിനോദസഞ്ചാരവും അത്തരം രണ്ട് മേഖലകളാണ്, അത് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ന് കേന്ദ്ര ഗവണ്‍മെന്റ് ഈ മേഖലകളിലും വളരെ സമഗ്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനും അവരുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും ലോകത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുമുള്ള പ്രക്രിയകല്‍ ലളിതമാക്കുന്നു. ഉല്‍പാദന ബന്ധിത പിഎല്‍ഐ പദ്ധതികളും പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനായി ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രോത്സാഹനം. ഇതാണ് ഇന്ത്യയുടെ നയം. അതിന്റെ മികച്ച ഫലം ഇന്ന് പല മേഖലകളിലും ദൃശ്യമാണ്. ഗവണ്‍മെന്റ് നയങ്ങള്‍ മൂലം തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഇപിഎഫ്ഒ ഡാറ്റ കാണിക്കുന്നു. രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റില്‍ ഏകദേശം 17 ലക്ഷം പേര്‍ ഇപിഎഫ്ഒയില്‍ ചേര്‍ന്നു. അതായത്, അവര്‍ രാജ്യത്തിന്റെ ഔപചാരിക സമ്പദ്വ്യവസ്ഥയുടെ ഭാഗമായി മാറിയിരിക്കുന്നു. ഇവരില്‍ 18-നും 25-നും ഇടയില്‍ പ്രായമുള്ള എട്ടുലക്ഷത്തോളം പേരുണ്ട്.

സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യ നിര്‍മാണവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ മേഖല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു പ്രചോദനമേകുന്നു എന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്തുടനീളം ആയിരക്കണക്കിന് കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിച്ചു. റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, റെയില്‍വേ വൈദ്യുതീകരണം എന്നിവ രാജ്യത്തുടനീളം നടക്കുന്നു. പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നു, റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നു, പുതിയ ജലപാതകള്‍ നിര്‍മ്മിക്കുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകളുടെ ഒരു പ്രധാന പദ്ധതി രാജ്യത്തുടനീളം നടക്കുന്നു. ദശലക്ഷക്കണക്കിന് ക്ഷേമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ മൂന്ന് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു. ധന്‍തേരാസ് ദിനത്തില്‍ ഇന്ന് വൈകുന്നേരം മധ്യപ്രദേശിലെ 4.5 ലക്ഷം സഹോദരങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറുമ്പോള്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ പോകുന്നു. വൈകുന്നേരം എന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഇത്രയും വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ഈ പദ്ധതികളെല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം നല്‍കുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിശ്വാസവും ആത്മീയതയും രാജ്യത്തുടനീളം വികസിപ്പിക്കുന്നു. ഈ ശ്രമങ്ങളെല്ലാം വിദൂര പ്രദേശങ്ങളില്‍ പോലും യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മൊത്തത്തില്‍, രാജ്യത്ത് കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ഒരേസമയം നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളെ,
രാജ്യത്തെ യുവജനങ്ങളെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയായി ഞങ്ങള്‍ കണക്കാക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തില്‍ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്റെ സാരഥികളാണ് നമ്മുടെ യുവാക്കള്‍. ഇന്ന് നിയമന കത്തുകള്‍ ലഭിച്ചവര്‍ ഓഫീസില്‍ ചേരുമ്പോള്‍ കടമയുടെ പാത ഓര്‍ക്കണമെന്നു പ്രത്യേകം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൊതുജനങ്ങളെ സേവിക്കാനാണ് നിങ്ങളെ നിയമിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ഗവണ്‍മെന്റ് സേവനം ഒരു സൗകര്യമല്ല, സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയാണ്. അതൊരു സുവര്‍ണ്ണാവസരമാണ്. എത്ര പ്രയാസകരമായ സാഹചര്യങ്ങളും സാഹചര്യങ്ങളും ഉണ്ടെങ്കിലും, സമയപരിധിക്കുള്ളില്‍ ഞങ്ങള്‍ ഞങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നത് തുടരും. ഈ ദൃഢനിശ്ചയം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ നിങ്ങള്‍ സേവന മനോഭാവം പരമപ്രധാനമായി നിലനിര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓര്‍ക്കുക, നിങ്ങളുടെ സ്വപ്നം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുന്നു. അത് വികസിത ഇന്ത്യയില്‍ മാത്രം പൂര്‍ത്തീകരിക്കപ്പെടും. നിയമന ഉത്തരവുകളുടെ രൂപത്തില്‍ ഒരു പുതിയ ജീവിതത്തുടക്കത്തിനായി നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഒപ്പം രാജ്യത്തെ സാധാരണ മനുഷ്യരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി നാം സാധ്യമായതെല്ലാം ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു! ഇന്ന് ധന്‍തേരസിന്റെ വിശുദ്ധ ഉത്സവമാണ്. നമ്മുടെ നാട്ടില്‍ ഈ ആഘോഷത്തിന് വലിയ പ്രാധാന്യമുണ്ട്. ദീപാവലിയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആഘോഷിക്കും. സത്യത്തില്‍ ഇതൊരു ഉത്സവകാലമാണ്. ഈ അക്ഷരങ്ങള്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ഉത്സവങ്ങളെ കൂടുതല്‍ തീക്ഷ്ണമാക്കും. കൂടാതെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ അത് സാക്ഷാത്കരിക്കപ്പെടുന്ന ഒരു ദൃഢനിശ്ചയവുമായി നിങ്ങളെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ‘അമൃത് കാല’ത്തിന്റെ ഈ 25 വര്‍ഷവും നിങ്ങളുടെ ജീവിതത്തിന്റെ 25 വര്‍ഷവും വളരെ പ്രധാനമാണ്. നമുക്ക് ഒരുമിച്ച് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാം. ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഒത്തിരി നന്ദി.

ND