Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ  ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


റോമില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ 2021 ഒക്‌ടോബര്‍ 29-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലിയുടെ പ്രധാനമന്ത്രി  മരിയോ ദ്രാഗിയുമായി കൂടിക്കാഴ്ച നടത്തി. ഇത് അവരുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. ഈ ആഗോള മഹാമാരിക്കിടയിലും വിജയകരമായി ജി 20ക്ക് ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ദ്രഗിയെ അഭിനന്ദിച്ചു. ഇറ്റലിയും ബ്രിട്ടനും ചേർന്നാണ് ഗ്ലാസ്‌ഗോയില്‍ സി.ഒ.പി 26 സംഘടിപ്പിക്കുന്നതും.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യ സ്വീകരിച്ച പരിവര്‍ത്തനാത്മക കാലാവസ്ഥാ നടപടികളും വികസിത രാജ്യങ്ങളുടെ കാലാവസ്ഥാ ധനസഹായ പ്രതിബദ്ധതകളെക്കുറിച്ചുള്ള വികസ്വര രാജ്യങ്ങളുടെ ആശങ്കകളും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
അഫ്ഗാനിസ്ഥാനിലും ഇന്തോ-പസഫിക്കിലും ഉള്‍പ്പെടെയുണ്ടായിട്ടുള്ള സമീപകാല ആഗോള, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കളും കൈമാറി. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബഹുമുഖ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ ആഗ്രഹം അവര്‍ ആവര്‍ത്തിച്ചു.
ഉഭയകക്ഷി സംബന്ധമായി, 2020 നവംബറില്‍ നടന്ന ഇന്ത്യ-ഇറ്റലി വെര്‍ച്വല്‍ ഉച്ചകോടിക്ക് ശേഷമുള്ള സംഭവവികാസങ്ങള്‍ ഇരു നേതാക്കളും അവലോകനം ചെയ്യുകയും രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപരമായ, ശാസ്ത്ര സാങ്കേതിക (എസ്. ആന്റ് ടി), സാംസ്‌ക്കാരിക തലങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് കൈവരിക്കേണ്ട തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വെര്‍ച്വല്‍ ഉച്ചകോടി സ്വീകരിച്ച 2020-2025 കര്‍മ്മപദ്ധതി നടപ്പിലാക്കുന്നതിലെ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍, പ്രത്യേകിച്ച് തുണിത്തരങ്ങള്‍, ഭക്ഷ്യസംസ്‌കരണം, ഓട്ടോമോട്ടീവ്, പുനരുപയോഗ ഊര്‍ജ മേഖലകളില്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. പുനരുപയോഗവും ശുദ്ധമായതുമായ ഊര്‍ജം എന്നിവയിലെ ഉഭയകക്ഷി സഹകരണത്തിന് പുത്തന്‍ ഉണര്‍വേകുന്നതിനായി ഇന്ത്യയും ഇറ്റലിയും ഊര്‍ജ പരിവര്‍ത്തനത്തിനുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുകയും ഹരിത ഇടനാഴി പദ്ധതികള്‍, സ്മാര്‍ട്ട് ഗ്രിഡുകള്‍, ഊര്‍ജ്ജ സംഭരണ പരിഹാരങ്ങള്‍, വാതക ഗതാഗതം, സംയോജിത മാലിന്യ പരിപാലനം (മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്ക്), ഹരിത ഹൈഡ്രന്റെ വികസിപ്പിക്കലും വിന്യസിക്കലും ജൈവ ഇന്ധനങ്ങളുടെ പ്രോത്സാഹനം എന്നീ മേഖലകളിലെ പങ്കാളിത്തം വലിയതോതില്‍ പര്യവേഷണം നടത്തുന്നതിന് സമ്മതിക്കുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ ഇന്ത്യയും ഇറ്റലിയും ടെക്‌സ്‌റ്റൈല്‍സ് സഹകരണം സംബന്ധിച്ച താല്‍പര്യ പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
ഏറ്റവും നേരത്തെയുള്ള അവസരത്തില്‍ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിന് പ്രധാനമന്ത്രി ദ്രഗിയെ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ക്ഷണിച്ചു.