പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇന്ന് ഫോണിൽ സംസാരിച്ചു.
യുക്രയ്നിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു.യുക്രേനിയൻ, റഷ്യൻ സംഘങ്ങൾ തമ്മിലുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. റഷ്യയും യുക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും അത് സംഘർഷം അവസാനിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലെൻസ്കിയും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണം സമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുമിയിൽ ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിലുള്ള അഗാധമായ ആശങ്ക പ്രധാനമന്ത്രി മോദി അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളുൾപ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കുന്നതിനുള്ള മാനുഷിക ഇടനാഴികളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.
-ND-