‘നാം, ഇന്ത്യയുടെയും റഷ്യയുടെയും നേതാക്കള്‍, നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികത്തില്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും വിശേഷാധികാരത്തോടു കൂടിയതുമായ തന്ത്രപരമായ പങ്കാളിത്തം രണ്ട് മഹദ്ശക്തികള്‍ക്കിടയിലെ പരസ്പര വിശ്വാസത്തിന്റെ വിശിഷ്ട ബന്ധം അനുസ്മരിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങള്‍, സുരക്ഷ, വ്യാപാരവും സമ്പദ് വ്യവസ്ഥയും, സൈന്യവും സാങ്കേതിക മേഖലയും, ഊര്‍ജ്ജം, ശാസ്ത്ര സാങ്കേതികം, സാംസ്‌കാരികവും മാനവികവുമായ കൈമാറ്റങ്ങള്‍,വിദേശ നയം, രണ്ട് രാജ്യങ്ങളുടെയും ദേശീയ താല്‍പര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് സഹായിക്കല്‍, കൂടുതല്‍ സമാധാനപരമായ ലോകക്രമം കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കല്‍ എന്നിവ ഉള്‍പ്പെടെ സഹകരണത്തിന്റെ എല്ലാ മേഖലകളും നമ്മുടെ ബന്ധം ഉള്‍ക്കൊള്ളുന്നു.
അഗാധമായ പരസ്പര ധാരണയിലും ബഹുമാനത്തിലും സാമ്പത്തികവും സാമൂഹിക വികസനപരവുമായ സമാന മുന്‍ഗണനകളിലും അതുപോലെതന്നെയുള്ള വിദേശ നയത്തിലുമാണ് നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ അടിത്തറ. സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിലും സാംസ്‌കാരികവും നാഗരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന വിശ്വഘടന രൂപപ്പെടുത്തുന്നതിലും അതേസമയം, മാനവ ഐക്യം ശക്തിപ്പെടുത്തുന്നതിലും നമ്മുടേത് ഒന്നുപോലുള്ള സമീപനമാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങള്‍ കാലാതിവര്‍ത്തിയും ബാഹ്യ സ്വാധീനങ്ങളെ പ്രതിരോധിക്കുന്നതുമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തെ റഷ്യ നിസ്തുലമായി പിന്തുണയ്ക്കുകയും സ്വാശ്രയത്വം നേടിയെടുക്കുന്നതിന് സഹായിക്കുകയും ചെയ്തു. പരസ്പര ബന്ധങ്ങളുടെ മൗലിക തത്വങ്ങള്‍ രൂപപ്പെടുത്തുന്നതും പരസ്പരം പരമാധികാരത്തെയും താല്‍പര്യങ്ങളെയും നല്ല അയല്‍പക്ക സൗഹൃദത്തെയും സമാധാനപരമായ സഹവര്‍ത്തിത്വത്തെയും ബഹുമാനിക്കുന്നതുമായ സമാധാന, സൗഹൃദ, സഹകരണ ഉടമ്പടി 1971 ആഗസ്റ്റില്‍ നമ്മുടെ രാജ്യങ്ങള്‍ ഒപ്പുവച്ചു. സൗഹൃദവും സഹകരണവും സംബന്ധിച്ച പുതിയ ഉടമ്പടിയില്‍ ആ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് രണ്ട് ദശാബ്ദത്തിനു ശേഷം 1993 ജനുവരിയില്‍ ഇന്ത്യയും റഷ്യയും ആവര്‍ത്തിച്ചുറപ്പിച്ചു. 2000 ഒക്ടോബര്‍ മൂന്നിന് പരമാധികാര ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും തമ്മില്‍ നടത്തിയ തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതും ആഗോളവും മേഖലാപരവുമായ സുപ്രധാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതും സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലും മറ്റും ഉള്‍പ്പെടെ വളരെ അടുത്ത സഹകരണത്തിന്റേതുമായ ഏകോപിത സമീപനങ്ങളുടെ പുതിയ തലം ഉഭയകക്ഷി ബന്ധങ്ങളില്‍ രൂപപ്പെടുത്തി. 2010 ഡിസംബര്‍ 21ന് ഈ പങ്കാളിത്തം പ്രത്യേകവും വിശേഷാധികാരപരവുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് കൂടുതലായി ഉയര്‍ന്നു.
രണ്ട് രാജ്യങ്ങളുടെയും വിദേശ നയത്തിന് സമ്പൂര്‍ണ്ണ മുന്‍ഗണന നല്‍കിയാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങളുടെ സമഗ്ര വികാസം അഭിവൃദ്ധിപ്പെടുത്തുന്നത്. വ്യത്യസ്ഥ മണ്ഡലങ്ങളില്‍ വന്‍കിട സംരംഭങ്ങള്‍ നടപ്പാക്കി നാം നമ്മുടെ സഹകരണ സാധ്യത തുടരുകയും കൂടുതല്‍ ഫലാധിഷ്ഠതമായി നമ്മുടെ ഉഭയകക്ഷി കാര്യപരിപാടി വര്‍ധിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യും.
ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ്ഘടനകള്‍ പരസ്പരം സഹകരിക്കുന്നുണ്ട്. രണ്ട് രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ഒരു ‘ഊര്‍ജ്ജ പാലം’ നിര്‍മിക്കുന്നതിന് നാം ശ്രമിക്കുകയും ഊര്‍ജ്ജക്ഷമത മെച്ചപ്പെടുത്തുന്നതിന് ആണവ, ഹൈഡ്രോകാര്‍ബണ്‍, ജലവൈദ്യുതി, നവീകരിക്കാവുന്ന ഊര്‍ജ്ജസ്രോതസുകള്‍ എന്നിവ ഉള്‍പ്പെടെ ഊര്‍ജ്ജ സഹകരണത്തിന്റെ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങള്‍ വിസ്തൃതമാക്കുകയും ചെയ്യും.
ആഗോള ഊര്‍ജ്ജ വിപണിയുടെ ഉദ്ഗ്രഥിത ഭാഗമായി മാറിയിരിക്കുന്ന, സാമ്പത്തികക്ഷമവും പാരിസ്ഥിതിക സൗഹൃദ ഇന്ധനവുമായ പ്രകൃതി വാതകത്തിന്റെ വ്യാപക ഉപയോഗം ഹരിതഭവന വാതക പുറന്തള്ളല്‍ കുറയ്ക്കുന്നതിനു വന്‍തോതില്‍ പ്രാധാന്യമുള്ളതും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറിലെ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതും ഒപ്പം തന്നെ സുസ്ഥിര സാമ്പത്തിക വികസന നേട്ടം നല്‍കുന്നതുമാണെന്ന് ഇന്ത്യയും റഷ്യയും രേഖപ്പെടുത്തുന്നു. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലെ ഉപായ പങ്കാളിത്തത്തിന്റെ ഉത്തമസാക്ഷ്യമായി വെളിപ്പെട്ടിരിക്കുന്ന ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് സംഭാവന നല്‍കുകയും വിശാലവും ശാസ്ത്രീയവും സാങ്കേതികവുമായ സഹകരണത്തെ ഊര്‍ജ്ജിതമാക്കുകയും ചെയ്യുന്നു. കൂടംകുളം ആണവോര്‍ജ്ജ പദ്ധതിയെ അഭിവൃദ്ധിപ്പെടുത്തുകയും ഇന്ത്യയുടെ വന്‍കിട ഊര്‍ജ്ജ കേന്ദ്രങ്ങളിലൊന്നായി അതിനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ സുസ്ഥിരവും വ്യക്തമായി കാണാവുന്നതുമായ നേട്ടങ്ങളുടെ ഒരു നിര നമ്മുടെ സൈനികേതര ആണവ പങ്കാളിത്തത്തില്‍ രണ്ട് രാജ്യങ്ങളുടെയും ശ്രമഫലമായി ഉണ്ടായി. പൊതു രൂപരേഖാ കരാറിന് അന്തിമ രൂപം നല്‍കിയതിനെയും കൂടംകുളം ആണവോര്‍ജ്ജ പ്ലാന്റിന്റെ യൂണിറ്റ് 5, 6 എന്നിവയ്ക്കുള്ള വായ്പാ രേഖാസംഹിതയെയും നാം സ്വാഗതം ചെയ്യുന്നു. ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് 2014 ഡിസംബര്‍ 11ന് രണ്ടു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച തന്ത്രപരമായ ദര്‍ശനം നടപ്പാക്കാന്‍ നാം മുന്നിട്ടു പ്രവര്‍ത്തിക്കും. ആണവോര്‍ജ്ജം, ആണവ ഇന്ധന ചക്രം, ആണവ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയില്‍ ഉടനീളം മഹത്തായ വാഗ്ദാനമാണ് ഇന്ത്യയുടെയും റഷ്യയുടെയും ഭാവി സഹകരണത്തില്‍ ഉള്‍ക്കൊള്ളുന്നത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ആണവോര്‍ജ്ജ മേഖലയിലെ വളരുന്ന പങ്കാളിത്തം ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’സംരംഭത്തിന്റെ പാതയില്‍ ആണവോല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിന് അവസരങ്ങള്‍ തുറക്കും. 2015 ഡിസംബര്‍ 24ന് ഒപ്പുവച്ച ‘ഇന്ത്യയില്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള കര്‍മപരിപാടി’ ആത്മാര്‍ത്ഥമായി നടപ്പാക്കാനും അവയുടെ ആണവ വ്യവസായങ്ങള്‍ തമ്മില്‍ അടുപ്പവും ഉറച്ച സഖ്യങ്ങളും വളര്‍ത്തുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും ഇന്ത്യയും റഷ്യയും പ്രതിജ്ഞാബദ്ധമാണ്.
റഷ്യന്‍ ഫെഡറേഷന്റെ ഉത്തരധ്രുവമേഖലയില്‍ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണത്തിനും വിനിയോഗത്തിനും അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ നാം തല്‍പരരാണ്.
ആഴക്കടല്‍ പര്യവേഷണം, ഹൈഡ്രോകാര്‍ണ്‍ വിഭവങ്ങളുടെ വികസനം, പോളിമെറ്റാലിക് നോഡ്യൂളുകള്‍ എന്നീ മേഖലകളില്‍ പരസ്പര നേട്ടമുണ്ടാക്കുന്ന സഹകരണ സാധ്യതകളൊരുക്കാനും സമുദ്ര വിഭവങ്ങളുടെ വിനിയോഗം ശക്തിപ്പെടുത്തുന്നതില്‍ പരസ്പരം ഗുണകരമായ സഹകരണം വികസിപ്പിക്കുന്നതിന് സമുദ്രസംബന്ധമായ ഗവേഷണം, പരിശീലനം എന്നിവയിലും നാം യോജിച്ച തന്ത്രങ്ങള്‍ വികസിപ്പിക്കും.
ഇന്ത്യയില്‍ നിലവിലുള്ള ഊര്‍ജ്ജ നിലയങ്ങള്‍ ആധുനീകരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനും രണ്ട് രാജ്യങ്ങളിലെയും ഊര്‍ജ്ജ കമ്പനികള്‍ തമ്മിലുള്ള സഹകരണം നാം സ്വാഗതം ചെയ്യുന്നു. സാങ്കേതികവിദ്യകളും വിഭിന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവങ്ങളും കാലാവസ്ഥാ സ്ഥിതികളും പങ്കുവയ്ക്കുന്നതും ശുചിത്വ സൃഷ്ടിക്കും പ്രചാരണത്തിനും വേണ്ടി ഊര്‍ജ്ജക്ഷമമായ സാങ്കേതികവിദ്യകളും കാലാവസ്ഥാ സൗഹൃദപരവും പ്രാപ്യവുമായ ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗിക്കുന്നതും വഴി രണ്ടു രാജ്യങ്ങളിലും സംയുക്ത പദ്ധതികളിലൂടെ നാം മുന്നോട്ട് കുതിക്കും.
വ്യാപാരവും നിക്ഷേപവും വ്യാപിപ്പിക്കുകയും ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം വൈവിധ്യപ്പെടുത്തുകയും പ്രത്യേകിച്ചും ഉഭയകക്ഷി വ്യാപാരത്തില്‍ ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കല്‍ വര്‍ധിപ്പിക്കുകയും വ്യാവസായിക സഹകരണം വളര്‍ത്തുകയും സംരംഭകത്വത്തിനും നിക്ഷേപത്തിനുമുള്ള പരിസ്ഥിതി മെച്ചപ്പെടുത്തുകയും ബാങ്കിങ്, ധനകാര്യ വിഷയങ്ങളില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ സഹകരണം വികസിപ്പിക്കുകയും തുങ്ങിയവയാണ് നമ്മുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടത്തില്‍ പരസ്പരം സമ്മതിച്ച മേഖലകളില്‍ സംയുക്ത പദ്ധതികള്‍ വികസിപ്പിക്കുന്നതിലൂടെ മൂന്നാം രാജ്യങ്ങളിലേക്ക് നമ്മുടെ ഉഭയകക്ഷി സാങ്കേതിക, സാമ്പത്തിക, ശാസ്ത്രീയ സഹകരണം നാം വ്യാപിപ്പിക്കും.
നമ്മുടെ ഉഭയകക്ഷി വ്യാപാരങ്ങള്‍ മറ്റ് കറന്‍സികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരങ്ങള്‍ ദേശീയ കറന്‍സികളിലാക്കുന്നത് പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങളെ നാം ഏകോപിപ്പിക്കും. നിലവില്‍ പ്രവര്‍ത്തിക്കാവുന്ന പദ്ധികളിലും സംവിധാനങ്ങളിലുമുള്ള ഇടപാടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് റഷ്യയും തയ്യാറാക്കിയ ദേശീയ കറന്‍സികളിലാക്കാന്‍ നമ്മുടെ വ്യവസായ സമൂഹങ്ങളെ നാം സംയുക്തമായി പ്രോല്‍സാഹിപ്പിക്കും.
രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നു സ്വതന്ത്രമായയും വിപണിയിലെ പങ്കാളികള്‍ക്ക് സുതാര്യവുമായ വായ്പാ നിരക്ക് നിശ്ചയിക്കല്‍ സംവിധാനം വികസിപ്പിക്കുന്നതിന് നാം നമ്മുടെ പദവികള്‍ ഏകോപിപ്പിക്കും. ഇതിനായി വായ്പാ നിരക്ക് നിശ്ചയിക്കല്‍ മേഖലയിലെ നമ്മുടെ നിയമങ്ങള്‍ സൗഹാര്‍ദപരമാക്കുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളെ നാം പിന്തുണയ്ക്കും. നമ്മുടെ പ്രാദേശിക ഏജന്‍സികളുടെ വായ്പാ നിരക്ക് നിശ്ചയിക്കല്‍ അംഗീകരിച്ചുകൊണ്ടായിരിക്കും ഇത്.
മേഖലാതലത്തില്‍ വികസിക്കുന്ന സാമ്പത്തിക സഹകരണത്തിന്റെ പ്രാധാന്യം നാം കണക്കിലെടുക്കുന്നു. യൂറേഷ്യന്‍ സാമ്പത്തിക യൂണിയനും ഇന്ത്യയും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടി വിലപേശല്‍ നേരത്തേതന്നെ തുടങ്ങുന്നത് നാം പ്രോല്‍സാഹിപ്പിക്കും.
സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള മേഖലാ ബന്ധത്തിന്റെ നിര്‍ബന്ധിത യുക്തിയെ നാം അഭിനന്ദിക്കുന്നു. പരമാധികാരത്തിന് അര്‍ഹമായ ബഹുമാനം നല്‍കിക്കൊണ്ട് എല്ലാ കക്ഷികളുമായുള്ള സംഭാഷണത്തിന്റെയും അനുമതിയുടെയും അടിസ്ഥാനത്തിലായിരിക്കണം നിര്‍ബന്ധമായും ബന്ധം ശക്തിപ്പെടുത്തേണ്ടതെന്ന് നാം വിശ്വസിക്കുന്നു. അന്തര്‍ദേശീയ ദക്ഷിണ, ഉത്തര ഗതാഗത ഇടനാഴിക്കു വേണ്ടിയുള്ള ഫലപ്രദമായ അടിസ്ഥാസൗകര്യം കെട്ടിപ്പടുക്കുന്നതിനും ഹരിത ഇടനാഴി നടപ്പാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് സുതാര്യതയുടെയും സുസ്ഥിരതയുടെയും ഉത്തരവാദിത്തത്തിന്റെയും തത്വങ്ങളാല്‍ റഷ്യയുടെയും ഇന്ത്യയുടെയും ഭാഗങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു.
ഏറ്റവും പുതിയ ശാസത്രീയ കണ്ടുപിടിത്തങ്ങളുടെയും നവീനാശായങ്ങളുടെയും അടിസ്ഥാനത്തില്‍ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനകള്‍ കെട്ടിപ്പടുക്കാന്‍ രണ്ട് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന വസ്തുത നാം ശ്രദ്ധിക്കുന്നു. വിദേശ വിപണികളില്‍ ഉയര്‍ന്ന സാങ്കേതികവിദ്യാ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് രൂപകല്‍പ്പനയിലും വികാസത്തിലും ഉല്‍പ്പാദനത്തിലും നാം സഹകരണം വിശാലമാക്കുകയും ബഹിരാകാശ സാങ്കേതികവിദ്യ, വ്യോമയാനം, പുതിയ ഉപകരണങ്ങള്‍, കൃഷി, വിവര-ആശയവിനിമയ സാങ്കേതികവിദ്യകള്‍, മരുന്ന്, ഔഷധങ്ങള്‍, റോബോട്ടിക്‌സ്, നാനോ സാങ്കേതികവിദ്യ, സൂപ്പര്‍ കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകള്‍, കൃത്രിമ ബൗദ്ധികത, പദാര്‍ത്ഥ ശാസാത്രം തുടങ്ങിയ മേഖലകളില്‍ ശാസ്ത്രീയ സഹകരണ ശക്തിപ്പെടുത്തുകയും ചെയ്യും. രണ്ട് രാജ്യങ്ങളും തമ്മില്‍ ഉന്നത സാങ്കേതികവിദ്യകളില്‍ സഹകരണം ഉണ്ടാക്കുന്നതിന് ഒരു ഉന്നതല സമിതി രൂപീകരിക്കുന്നതിനെ നാം സ്വാഗതം ചെയ്യുന്നു.
അടിസ്ഥാനസൗകര്യ ആധുനീകരണം, നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളികളോട് യോജിച്ച് പ്രതികരിക്കാനുള്ള വഴികള്‍ തേടല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കല്‍, ജലവും വനവിഭവങ്ങളും സംരക്ഷിക്കല്‍, സാമ്പത്തിക പരിഷ്‌കരണത്തിലെയും ചെറുതും മധ്യതലത്തിലുള്ളതുമായ സംരംഭങ്ങള്‍ വികസിപ്പിക്കുന്ന പരിപാടികളിലെയും നൈപുണ്യ വികസനത്തിലെയും അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ എന്നിവയില്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കും.
രണ്ട് രാജ്യങ്ങളുടെയും നിലവിലെ ശക്തിസ്രോതസുകളുടെ പരിപൂര്‍ണ നേട്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വജ്ര വ്യവസായത്തില്‍ സഹകരണ സാധ്യത കൂടുതല്‍ വികസിപ്പിക്കാന്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കും. വെളിപ്പെടുത്താത്ത കൃത്രിമ കല്ലുകള്‍ വജ്ര വിപണിയില്‍ പ്രവേശിക്കുന്നത് ചെറുക്കാനും വജ്രങ്ങള്‍ക്ക് ജനറിക് വിപണി പരിപാടികള്‍ വികസിപ്പിക്കുന്നത് പിന്തുണയ്ക്കാനുമുള്ള സംയുക്ത ശ്രമം നാം സജീവമാക്കും.
സാങ്കേതികവിദ്യകളുടെ വിനിയോഗത്തിലും റഷ്യക്കുള്ള കരുത്ത് അംഗീകരിച്ചുകൊണ്ട് കപ്പല്‍ നിര്‍മാണത്തിലും നദി നാവിക പ്രവര്‍ത്തനത്തിലും ഉള്‍നാടന്‍ ജലഗതാഗതം, നദീ സംയോജനം, തുറമുഖങ്ങള്‍, കപ്പല്‍ ചരക്ക് കണ്ടെയ്‌നറുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെയും അനുഭവ സമ്പത്ത് പങ്കുവയ്ക്കുന്നതിലൂടെയും സംയുക്ത പദ്ധതികള്‍ വികസിപ്പിക്കാന്‍ നാം യോജിച്ച് പ്രവര്‍ത്തിക്കും. അതിന് ഇന്ത്യയിലെ വിപുലമായ നദി സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കും.
അതിവേഗ റെയില്‍പാതാ വികസനം, ചരക്കുഗതാഗത ഇടനാഴികള്‍ സൃഷ്ടിക്കല്‍, സംയുക്ത വികസനത്തിലൂടെയും സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കല്‍, കാര്യക്ഷമമായ റെയില്‍ ഗതാഗതത്തിന് പുതിയ സാങ്കേതികവിദ്യ നടപ്പാക്കല്‍ എന്നിവയിലും റെയില്‍, റോഡ് മേഖലയിലെ എല്ലാ കമ്പനികള്‍ക്കും മെച്ചമുണ്ടാകുന്ന വിധത്തില്‍ ആളുകളെ പരിശീലിപ്പിക്കുന്നതിനും നാം യോജിച്ചു പ്രവര്‍ത്തിക്കും.
രണ്ടു രാജ്യങ്ങളിലെയും കൃഷിക്കും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വിപണി മെച്ചപ്പെടുത്താനും കൃഷിയിലും ഭക്ഷ്യസംസ്‌കരണ മേഖലയിലും നിലവിലുള്ള സാധ്യതകള്‍ ഗവേഷണത്തിലൂടെയും വികസനത്തിലൂടെയും വിനിയോഗിക്കാന്‍ സംയുക്ത ഉപായമുണ്ടാക്കുന്നതിനും കൃഷി, വിളവെടുപ്പ്, ഉല്‍പ്പാദനം, വിപണി തന്ത്രങ്ങള്‍ രൂപീകരിക്കല്‍ എന്നിവയില്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തനങ്ങള്‍ക്കും നാം യോജിച്ചു പ്രവര്‍ത്തിക്കും. നിലവിലുള്ള സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിലൂടെ രണ്ടു രാജ്യങ്ങളിലെയും പ്രകൃതി വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ക്കും പ്രകൃതി വിഭവങ്ങളുടെ ചെലവുകുറഞ്ഞതും കാലാവസ്ഥാ സൗഹൃദപരവുമായ വിനിയോഗത്തിന് ഖനന- ലോഹസംസ്‌കരണ ശാസ്ത്ര മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കുന്നത് വികസിപ്പിക്കാനും പങ്കുവയ്ക്കാനും നാം യോജിച്ചു പ്രവര്‍ത്തിക്കും.
രണ്ടായിരത്തി ഇരുപതോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുമെന്ന നമ്മുടെ തിരിച്ചറിവുമായി ബന്ധപ്പെട്ട്, മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വേണ്ടി കയറ്റുമതി ആവശ്യകത സൃഷ്ടിക്കുന്നതിന് വ്യോമയാന മേഖലയില്‍ ഉല്‍പ്പാദനത്തിന് സംയുക്ത സംരംഭങ്ങള്‍ സജ്ജീകരിക്കാനും സംയുക്ത ഉല്‍പ്പാദനത്തില്‍ സഹകരണം ശക്തിപ്പെടുത്താനും അവസരം ലഭ്യമാക്കുന്ന മേഖലാപരമായ ബന്ധം സംബന്ധിച്ച ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതി അംഗീകരിച്ചു.
നമ്മുടെ ഉഭയകക്ഷി പ്രതിരോധ സഹകരണം കെട്ടിപ്പടുത്തിരിക്കുന്നത് ശക്തമായ പരസ്പര വിശ്വാസത്തിലാണ്. റഷ്യ അതിന്റെ ആധുനിക സൈനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഭാവിയിലെ സാങ്കേതികവിദ്യകളുടെ ഏറ്റെടുക്കലും പങ്കുവയ്ക്കലും സംബന്ധിച്ച വര്‍ധിച്ച ആശ്രയത്തോടൊപ്പം സൈനിക സാങ്കേതിക സഹകരണത്തിലെ നിലവിലുള്ള കരാറിനു കീഴിലുള്ള ബാധ്യതകള്‍ അനുവദിക്കലുമായി ബന്ധപ്പെട്ട സൈനിക ഹാര്‍ഡ്‌വെയറിന്റെയും സൈനിക കരുതല്‍ ഉപകരണങ്ങളുടെയും സംയുക്ത ഉല്‍പ്പാദനം, സഹ ഉല്‍പ്പാദനം, സഹ വികസനം എന്നിവയിലൂടെ നാം ഈ സഹകരണത്തിന്റെ നില ഉയര്‍ത്തുകയും സജീവമാക്കുകയും ചെയ്യും.
സൈന്യങ്ങള്‍ തമ്മില്‍ ഗുണപരമായി ഉന്നത നിലവാരമുള്ള സഹകരണത്തിന് നാം മുന്നോട്ടു പ്രവര്‍ത്തിക്കും. കരയിലും കടലിലും തുടര്‍ച്ചയായ സംയുക്ത സൈനികാഭ്യാസങ്ങളും രണ്ട് രാജ്യങ്ങളിലെയും സൈനിക സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കുന്നത് നാം തുടരും. ഇതാദ്യമായി മൂന്ന് സേനകളുടെയും സംയുക്ത അഭ്യാസമായ ഇന്ദ്ര 2017, ഈ വര്‍ഷം കാണാന്‍ സാധിക്കും.
സമൂഹത്തിന് മെച്ചമുണ്ടാവുക എന്ന കാഴ്ചപ്പാടോടെ മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ബഹിരാകാശ ഗവേഷണത്തില്‍ ഉഭയകക്ഷി സഹകരണത്തിന് പര്യാപ്തമായ അവസരങ്ങള്‍ നാം കാണുന്നു.
പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിനും പ്രതികരിക്കുന്നതിനും യോജിച്ച പ്രവര്‍ത്തനം നാം തുടരും.
റഷ്യയുടെ പശ്ചിമ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് മേഖലകളും രാജ്യങ്ങളും തമ്മിലുള്ള മഹത്തായ സഹകരണം വര്‍ധിപ്പിക്കാനും സജീവമായി പ്രോല്‍സാഹിപ്പിക്കാനും നാം ഉദ്ദേശിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭരണകൂടങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ സ്വാഭാവികവും അത്യന്താപേക്ഷിതവുമായ വികാസ പ്രക്രിയയുടെ പ്രതിഫലനമെന്ന നിലയില്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബഹുധ്രുവ ആഗോള ക്രമം സ്ഥാപിക്കുന്നതിനെ ഇന്ത്യയും റഷ്യയും മാനിക്കുന്നു. ഇതു സംബന്ധിച്ച്, നിയമ വ്യവസ്ഥയുടെ തത്വങ്ങളില്‍ അധിഷ്ഠിതമായി അന്താരാഷ്ട്ര ബന്ധങ്ങളുടെ സ്ഥിതിയെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും ലോക രാഷ്ട്രീയത്തിന്റെ ഏകോപനത്തില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര പങ്കിന്റെ അടിസ്ഥാനത്തിലും നാം സഖ്യം വലുതാക്കും. നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കൂടുതല്‍ പ്രാതിനിധ്യത്തോടെ അറിയുകയും വളര്‍ന്നുവരുന്ന വെല്ലുവിളികളോടും ഭീഷണികളോടും ഫലപ്രദമായി പ്രതികരിക്കുന്നതിനും ഐക്യരാഷ്ട്രസഭ, പ്രത്യേകിച്ചും ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടണം എന്ന് നാം വിശ്വസിക്കുന്നു. പരിഷ്‌കരിക്കപ്പെട്ട ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യയുടെ ഉറച്ച പിന്തുണ റഷ്യ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. സമാധാനം ശക്തിപ്പെടുത്തുന്നതിനും ആഗോളവും മേഖലാപരവുമായ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനും വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിനും പ്രതിസന്ധി നിവാരണത്തിന് സജീവമായി പ്രോല്‍സാഹിപ്പിക്കപ്പെടുന്ന ഏകോപിത സമീപനത്തിനും ഗുണപരമായ ഏകീകൃത ആഗോള കാര്യപരിപാടിയുടെ അഭിവൃദ്ധിപ്പെടുത്തലിനെ നാം പിന്തുണയ്ക്കും.
അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും മികച്ച താല്‍പര്യ സംരക്ഷണത്തിന് ആഗോള രാഷ്ട്രീയ, ധനകാര്യ, സാമൂഹിക സ്ഥാപനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നത് പരിപാലിക്കാന്‍ നാം യോജിച്ച് പ്രവര്‍ത്തിക്കും. ഏതുതരത്തിലുള്ള ഏകപക്ഷീയത സ്ഥാപിക്കാനുള്ള ശ്രമത്തെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിലെ വീഴ്ചയെയും രാജ്യങ്ങളുടെ ശരിയായ ഉത്കണ്ഠകളും നിയമപരമായ താല്‍പര്യങ്ങളും അവഗണിക്കുന്നതിനെയും നാം എതിര്‍ക്കും. സമ്മര്‍ദ്ദത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ അനുമതികള്‍ ഏകപക്ഷീയമായി വിനിയോഗിക്കുന്നത് നാം സ്വീകരിക്കില്ല. നമ്മുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി ഉണ്ടായ ബ്രിക്‌സിനുള്ളില്‍ ഫലപ്രദമായ സഹകരണം കൂടുതലായി കെട്ടിപ്പടുക്കാന്‍ നാം ബാധ്യസ്ഥരാണ്. ആഗോളകാര്യങ്ങളില്‍ അതിന്റെ ആധികാരികവും സ്വാധീനപരവുമായ പങ്ക് സ്ഥിരമായി വര്‍ധിപ്പിക്കാനാണിത്.
ലോകവ്യാപാര സംഘടന, ജി20, ഷാങ്ഹായി സഹകരണ സംഘടന, റഷ്യ- ഇന്ത്യ- ചൈന സഹകരണം എന്നിവ ഉള്‍പ്പെടെ മറ്റു ബഹുതല വേദികളും സംഘടനകളുമായി സഹകരണം വികസിപ്പിക്കുന്നത് നാം തുടരും.
ഷാങ്ഹായി സഹകരണ സംഘടനയില്‍ ഇന്ത്യ പൂര്‍ണാംഗമാകുന്നത് യൂറേഷ്യയിലും ഏഷ്യാ-പസിഫിക് മേഖലയിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാനും സാമ്പത്തിക വികസനവും സമൃദ്ധിയും നേടാനും സംഘടനയുടെ ശേഷിയെ പരിഗണനാര്‍ഹമായ വിധത്തില്‍ ഉയര്‍ത്തുകയും സംഘടനയുടെ അന്താരാഷ്ട്ര നിലയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഏഷ്യാ-പസിഫിക് മേഖലയില്‍ പങ്കുവയ്ക്കപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തില്‍ തുറന്നതും തുല്യനിലയിലുള്ളതുമായ ആസകല സുരക്ഷാ ഘടന കെട്ടിപ്പടുക്കാനുള്ള പ്രോല്‍സാഹനം നാം തുടരും. കിഴക്കനേഷ്യാ ഉച്ചകോടിയുടെ രൂപരേഖയ്ക്കുള്ളില്‍ നിന്നുകൊണ്ടും പ്രസക്തമായ സംഭാഷണത്തിന്റെ വികാസത്തിലൂടെ മേഖലയിലെ രാഷ്ട്രങ്ങളുടെ നിയമപരമായ താല്‍പര്യങ്ങള്‍ കണക്കിലെടുത്തും കൂടിയാണിത്.
വെല്ലുവിളികളായ മാറിയ പ്രശ്‌നങ്ങളെന്ന നിലയില്‍ മധ്യേഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനും സിറിയയിലെ പ്രതിസന്ധി പരിഹരിക്കാനും അഫ്ഗാനിസ്ഥാനിലെ ദേശീയ പുനര്‍ അനുരഞ്ജന നേട്ടത്തിനും നാം കൂടുതലായി നമ്മുടെ പദവികള്‍ ഏകോപിപ്പിക്കും. മോസ്‌കോ സംഭാഷണം, മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ദേശീയ പരമാധികാരം അംഗീകരിക്കുകയും ചെയ്യുന്നതു സംബന്ധിച്ച തത്വങ്ങള്‍, രാജ്യങ്ങളെ സ്വന്തം നിലയ്ക്ക് മതിയായ മാറ്റങ്ങള്‍ക്ക് പ്രോല്‍സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അംഗീകൃത രൂപരേഖ വിനിയോഗിക്കും.
വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കുന്നതിന് ഇന്ത്യയും റഷ്യയും തമ്മില്‍ പങ്കുവയ്ക്കപ്പെട്ട പ്രതിബദ്ധതയുണ്ട്. ബഹുതല കയറ്റുമതി നിയന്ത്രണ ക്രമത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തങ്ങളുടെ വളര്‍ച്ചയ്ക്കുതകുമെന്ന് റഷ്യക്ക് ബോധ്യമുണ്ട്. ഈ പശ്ചാത്തലത്തില്‍, ആണവ വിതരണ ഗ്രൂപ്പില്‍ ചേരാനുള്ള ഇന്ത്യയുടെ അപേക്ഷയെയും വാസെനാര്‍ ചട്ടവട്ടങ്ങളെയും റഷ്യ സ്വാഗതം ചെയ്യുകയും ഈ കയറ്റുമതി നിയന്ത്രണക്രമങ്ങളില്‍ ഇന്ത്യക്ക് വേഗംതന്നെ പ്രവേശനം നല്‍കാന്‍ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഭീകരപ്രവര്‍ത്തനത്തിന്റെ എല്ലാ രൂപങ്ങളെയും നാം ശക്തമായി അപലപിക്കുകയും ആശയപരമോ മതപരമോ രാഷ്ട്രീയപരമോ വംശീയമോ ഗോത്രപരമോ ആയ ഭീകരപ്രവര്‍ത്തനത്തിന്റെ ഏത് പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കാനാകില്ലെന്ന് ശക്തമായി ആവര്‍ത്തിക്കുകയും ചെയ്യുന്നു. സമാധാനത്തിനും സുരക്ഷയ്ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുന്ന അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിനെതിരേ പൊരുതാനുള്ള ശ്രമം നാം തുടരുകയും ചെയ്യും. അന്തര്‍ദേശീയ നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും അടിസ്ഥാനത്തില്‍ ഇരട്ടത്താപ്പോ തെരഞ്ഞെടുത്ത വിവേചനോ കൂടാതെ മുഴുവന്‍ ആഗോള സമൂഹവും മുമ്പില്ലാത്ത വിധമുള്ള ഈ ഭീഷണിക്കെതിരേ കൂട്ടായി പ്രതികരിക്കേണ്ടതുണ്ട്. ഭീകരപ്രവര്‍ത്തന ശൃംഖലകള്‍ തകര്‍ക്കുകയും അവയുടെ സാമ്പത്തിക സ്രോതസുകള്‍ നശിപ്പിക്കാനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനും എല്ലാ രാജ്യങ്ങളോടും നാം ആവശ്യപ്പെടുന്നു. ഈ ഭീഷണിയെ നേരിടുന്നതിന് നിയമപരമായ ഒരു രൂപരേഖയും ഭീകര വിരുദ്ധ ആഗോള ഇടപെടല്‍ ശക്തമാക്കാനും അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിനെതിരേ സമഗ്ര സമ്മേളനം വിളിക്കാന്‍ വൈകരുതെന്ന് നാം ആഹ്വാനം ചെയ്യുന്നു.
വിവര, ആശയവിനിമയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തില്‍ സുരക്ഷ നല്‍കുന്നതിന് പൊതു സമീപനം പങ്കുവയ്ക്കാന്‍ ആഗോള നിയമങ്ങളും ക്രമവും തത്വങ്ങളും വികസിപ്പിക്കാനും ആഗോള ഇന്റര്‍നെറ്റ് നിര്‍വഹണത്തില്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം രൂപീകരിക്കാനും രാജ്യങ്ങളുടെ ഉത്തരവാദിത്തപൂര്‍ണമായ പെരുമാറ്റം ഉറപ്പാക്കാനും ഈ പശ്ചാത്തലത്തില്‍ നാം ഇടപെടും.
വിവര സാങ്കേതികവിദ്യയുടെയും ആശയവിനിമയ സാങ്കേതികവിദ്യകളുടെയും ഉപയോഗത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള സഹകരണത്തിന് ഇന്ത്യ- റഷ്യ അന്തര്‍ സര്‍ക്കാര്‍ കരാറിന്റെ അടിസ്ഥാനത്തില്‍ സജീവമായ ഉഭയകക്ഷി ചര്‍ച്ചയുടെ അനിവാര്യത നാം അംഗീകരിക്കുന്നു.
ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങള്‍ തമ്മിലുള്ള പരസ്പര താല്‍പര്യം, സഹതാപം, ബഹുമാനം എന്നിവയുടെ ആഴം കണകക്കിലെടുത്ത് സംസ്‌കാരം, കായികം എന്നീ രംഗങ്ങളിലും വാര്‍ഷിക ഉല്‍സവങ്ങള്‍ സംഘടിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നതിലും ഉള്‍പ്പെടെ കൂടുതല്‍ ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിന് നാം സംഭാവന നല്‍കും. ഇന്ത്യയും റഷ്യയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികം 2017-18ല്‍ അനുസ്മരിച്ച് രണ്ട് രാജ്യങ്ങളിലെയും വ്യത്യസ്ഥ നഗരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ നാം സ്വാഗതം ചെയ്യുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഉഭയകക്ഷി സഹകരണം മഹത്തായ അവസരങ്ങളാണ് നല്‍കുന്നത്. സര്‍വകലാശാലകളും അക്കാദമിക സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനും രണ്ട് രാജ്യങ്ങളുടെയും സഹായം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യാന്‍ നാം പ്രവര്‍ത്തിക്കും.
ശാസ്ത്ര, സാങ്കേതിക മേഖലയിലെ നമ്മുടെ ഉഭയകക്ഷി സഹകരണം മഹത്തായ അവസരമാണ് പ്രദാനം ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സൈബര്‍ സുരക്ഷ, കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷ, മറൈന്‍ ബയോളജി തുടങ്ങിയവയിലൂടെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും പൊതുതാല്‍പര്യങ്ങളുള്ള മേഖലകളില്‍ മുന്‍ഗണ കണ്ടെത്താനുമുള്ള ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക വികസനത്തിന് സാങ്കേതികവിദ്യാ വികസനവും നവീനാശയങ്ങളുടെ നേതൃത്വത്തിലുള്ള വിജ്ഞാന കേന്ദ്രങ്ങളുടെ ശൃംഖലയും മനസുകളുടെ ബന്ധവും ശാസ്ത്രീയ ഇടനാഴികളും സൃഷ്ടിക്കാനും നാം യോജിച്ച് പ്രവര്‍ത്തിക്കും.
വിസാ ചട്ടങ്ങള്‍ ഉള്‍പ്പെടെ ലഘൂകരിച്ചുകൊണ്ട് വിനോദസഞ്ചാര വികസനവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ പരിപാലിക്കാന്‍ നാം ഇടപെടും.
രണ്ട് രാജ്യങ്ങളും തമ്മില്‍ ശക്തമായ പരസ്പര നേട്ടമുള്ള പങ്കാളിത്തവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് ഒരു മാതൃക തുടരാന്‍ ഇന്ത്യയ്ക്കും റഷ്യക്കും സാധിക്കുമെന്നതില്‍ നമുക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നേട്ടത്തിന് ഇന്ത്യാ- റഷ്യ പ്രത്യേക വിശേഷാധികാര തന്ത്രപരമായ പങ്കാളിത്തത്തിനു വേണ്ടി പൂര്‍ണ്ണമായ ഉഭയകക്ഷി ബന്ധങ്ങളുടെ പങ്കുവയ്ക്കപ്പെട്ട ദര്‍ശനം കെട്ടിപ്പടുക്കാന്‍ അതിരുകളില്ലാത്ത സാധ്യതയെ നാം കൂടുതല്‍ സഫലമാക്കും”.