Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

”രൂപാന്തരം പ്രാപിക്കുന്ന ഇന്ത്യ” പ്രഭാഷണ വേളയില്‍‌ പ്രധാനമന്ത്രിയുടെ പ്രസംഗം

”രൂപാന്തരം പ്രാപിക്കുന്ന ഇന്ത്യ” പ്രഭാഷണ വേളയില്‍‌ പ്രധാനമന്ത്രിയുടെ പ്രസംഗം


സിംഗപ്പൂര്‍ ഉപ പ്രധാനമന്ത്രി ഹിസ് എക്സലന്‍സി ശ്രീ ധര്‍മ്മന്‍ ഷണ്‍മുഖരത്നം,

എന്‍റെ സഹമന്ത്രിമാരെ,

മുഖ്യമന്ത്രിമാരെ,

ക്ഷണിക്കപ്പെട്ട പ്രഭാഷകരേ സുഹൃത്തുക്കളെ,

മൂലധനത്തിന്‍റെയും തൊഴിലിന്‍റെയും അളവിനെ ആശ്രയിച്ചാണ് വികസനമെന്ന് ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമുക്കറിയാം സ്ഥാപനങ്ങളുടെയും ആശയങ്ങളുടെയും ഗുണനിലവാരത്തെയാണ് അത് ആശ്രയിക്കുന്നതെന്ന്. കഴിഞ്ഞ വര്‍‌ഷം ആദ്യം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ അഥവാ നിതി എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ചു. ഇന്ത്യയുടെ പരിവര്‍ത്തനത്തെ നയിക്കുന്നതിന് വിദഗ്ദ്ധരുടെ ഒരു സംഘമായിട്ടാണ് നിതി രൂപീകരിച്ചത്.

നിതിയുടെ ചുമതലകള്‍ :

—- ദേശീയ അന്തര്‍ദേശീയ വിദഗ്ദ്ധരുടെ സഹകരണത്തോടെ പുറത്തുനിന്നുള്ള ആശയങ്ങള്‍ ഗവണ്‍മെന്‍റ് നയങ്ങളില്‍ പ്രതിഫലിപ്പിക്കുക

—- പുറത്തുള്ള ലോകവുമായും വിദഗ്ദ്ധരുമായുള്ള ഗവണ്‍മെന്‍റിന്‍റെ കണ്ണിയായി വര്‍ദ്ധിക്കുക.

—- നയരൂപീകരണത്തില്‍ പുറത്തുനിന്നുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുക.

കേന്ദ്ര ഗവണ്‍മെന്‍റിനും സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കും സുദീര്‍ഘമായ ഭരണ പാരമ്പര്യമുണ്ട്. ഇന്ത്യയുടെ ഗതകാലത്തുനിന്നുള്ള തദ്ദേശീയവും പുറത്തുനിന്നുള്ളവയുമായ ആശയങ്ങളെ സംയോജിപ്പിക്കുന്നതാണ് ഈ പാരമ്പര്യം. ഈ ഭരണപരമായ പാരമ്പര്യം പലതരത്തില്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. എല്ലാറ്റിനും ഉപരിയായി മഹത്തായ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ജനാധിപത്യം, ഫെഡറലിസം, ഐക്യം, അഖണ്ഡത എന്നിവ അത് സംരക്ഷിച്ചു. ഇവയൊന്നും ചെറിയ നേട്ടങ്ങളല്ല. എന്നാല്‍ ഇന്ന് മാറ്റമെന്നത് സ്ഥിരവും, അസ്ഥിരമായി നാമും ജീവിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്.

ആന്തരികവും ബാഹ്യവുമായ കാരണങ്ങളാല്‍ നമുക്ക് മാറിയേ പറ്റൂ. ഓരോ രാജ്യത്തിനും സ്വന്തമായ അനുഭവങ്ങള്‍, സ്വന്തമായ വിഭവങ്ങള്‍, സ്വന്തമായ കരുത്ത് എന്നിവയുണ്ട്. 30 വര്‍ഷം മുമ്പ് ഒരു രാജ്യത്തിന് അതിന്‍റെ ഉള്ളില്‍ നിന്നു തന്നെ പരിഹാരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് രാഷ്ട്രങ്ങള്‍ പരസ്പര ബന്ധിതവും പരസ്പരം ആശ്രയിച്ച് കഴിയുന്നവരുമാണ്. ഒരു രാജ്യത്തിനും ഇനി ഒറ്റപ്പെട്ടുകൊണ്ട് വികസിക്കാനാകില്ല. ഓരോ രാജ്യവും അതിന്‍റെ പ്രവര്‍ത്തനങ്ങളെ ആഗോള നിലവാരത്തിലെത്തിച്ചില്ലെങ്കില്‍ പിന്‍തള്ളപ്പെടും.

ആന്തരിക കാരണങ്ങളാലും മാറ്റം ആവശ്യമാണ്. നമ്മുടെ രാജ്യത്തെ യുവ തലമുറ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും തികച്ചും വ്യത്യസ്ഥമായിട്ടാണ്. ഗവണ്‍മെന്‍റിന് ഇനി പഴമയില്‍ ഊന്നി നിലകൊള്ളാനാവില്ല. കുടുംബങ്ങളിലും ചെറുപ്പക്കാരും മുതിര്‍ന്നവരും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു. ഒരു കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ഇളമുറക്കാരെക്കാള്‍‌ കൂടുതല്‍ അറിവുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് പുതിയ സാങ്കേതിക വിദ്യ വ്യാപകമായതോടെ സ്ഥിതി പലപ്പോഴും മറിച്ചാണ്. ഉയരുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും ആശയവിനിമയത്തിനും ഇത് ഗവണ്‍മെന്‍റിന് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു.

മാറ്റത്തിന്‍റെ വെല്ലുവിളി ഇന്ത്യക്ക് നേരിടേണ്ടി വരും. കേവലം വര്‍ദ്ധിച്ച പുരോഗതി മാത്രം പോരാ രൂപാന്തരീകരണം തന്നെ ആവശ്യമാണ്.

അതിനാലാണ് ഇന്ത്യയെ കുറിച്ചുള്ള എന്‍റെ ദര്‍ശനം എന്നത് അനുക്രമമായ പരിണാമമല്ല മറിച്ച് ദ്രുതഗതിയിലുള്ള പരിവര്‍ത്തനമാണ്.

* ഇന്ത്യയുടെ പരിവര്‍ത്തനം ഭരണ നിര്‍വ്വഹണത്തിലെ പരിവര്‍ത്തനമില്ലാതെ സംഭവിക്കില്ല.

* ഭരണതലത്തിലെ പരിവര്‍ത്തനം മനോഭാവത്തിന്‍റെ പരിവര്‍ത്തനമില്ലാതെ സംഭവിക്കില്ല. മനോഭാവത്തിന്‍റെ പരിവര്‍ത്തനമാകട്ടെ പരിവര്‍ത്തനാത്മകമായ ആശയങ്ങളില്ലാതെ സംഭവിക്കില്ല.

നമുക്ക് അനാവശ്യമായ നിയമങ്ങളും നടപടിക്രമങ്ങളും മാറ്റി കൊണ്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സാങ്കേതിക വിദ്യ സ്വീകരിക്കുകയും വേണം. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഭരണ സംവിധാനവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ നമുക്ക് മുന്നേറാന്‍ സാധ്യമല്ല.

പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലൂടെയോ പ്രതിസന്ധികളിലൂടെയോ ആണ് സാധാരണയായി ഭരണ മനോഭാവങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം സംഭവിക്കുക. അത്തരം ആഘാതങ്ങളുടെ അഭാവത്തില്‍ അത്തരം പരിവര്‍ത്തനാത്മകമായ മാറ്റങ്ങളുണ്ടാക്കുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടത്താന്‍ നാം നമ്മെതന്നെ നിര്‍ബന്ധിക്കണം. വ്യക്തികള്‍ എന്ന നിലയില്‍ പുസ്തകങ്ങളോ ലേഖനങ്ങളോ വായിച്ച് നാം ഉള്‍ക്കൊണ്ടേക്കാം. പുസ്തകങ്ങള്‍ നമ്മുടെ മനസിന്‍റെ ജനാലകള്‍ തുറക്കും. എന്നാലും നാം കൂട്ടായി മസ്തിഷ്ക്കോദ്ദീപനം ചെയ്തില്ലെങ്കില്‍ ആശയങ്ങള്‍ വ്യക്തികളുടെ മനസുകളില്‍ തന്നെ കുടികൊള്ളും. നാം പലപ്പോഴും പുതിയ ആശയങ്ങളെ കുറിച്ച് കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുക എന്നത് നമ്മുടെ വ്യക്തിപരമായ കഴിവിനും അപ്പുറമാണ്. എന്നാല്‍ നാം ഒരുമിച്ചിരുന്നാല്‍ ആശയങ്ങളെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാനുള്ള കൂട്ടായ ശക്തി നമുക്കുണ്ടാകും. പുതിയ ആഗോള പരിപ്രക്ഷ്യം ഉണ്ടാകത്തക്ക തരത്തില്‍ നമ്മുടെ മനസുകള്‍ കൂട്ടായി തുറക്കുകയാണ് നമുക്ക് വേണ്ടത്. ഇതിനായി നാം പുതിയ ആശയങ്ങളെ വ്യക്തിഗതമായിട്ടല്ലാതെ കൂട്ടായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതിന് യോജിച്ച ശ്രമം വേണ്ടിവരും.

നിങ്ങളില്‍ പലര്‍ക്കുമറിയാവുന്നതുപോലെ അധികാരത്തിലേറിയത് മുതല്‍ ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍, പോലീസ് ഉദ്ദ്യോഗസ്ഥര്‍, ബാങ്കര്‍മാര്‍, തുടങ്ങി വിവിധ വിഭാവക്കാരുമായി ഞാന്‍ മസ്തിഷ്ക്കോദ്ദീപന ചര്‍ച്ചകള്‍ നടത്തി വരുന്നു. ഇത്തരം ചര്‍ച്ചകളില്‍ പൊന്തിവരുന്ന ആശയങ്ങള്‍ നയങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നു.

അകത്തുനിന്നുതന്നെ ആശയങ്ങള്‍ സ്വംശീകരിക്കുന്നതിനുള്ളതാണ് ഈ ശ്രമങ്ങള്‍. അടുത്തപടി പുറത്തുനിന്ന് ആശയങ്ങള്‍ കൊണ്ടു വരിക എന്നതാണ്. സാംസ്കാരികമായി, എവിടെ നിന്നുള്ള ആശയങ്ങളെയും ഇന്ത്യ എക്കാലവും സ്വീകരിച്ചു പോന്നിരുന്നു. ഋഗ്വേദത്തില്‍ പറയുന്നതുപോലെ എല്ലാ ദിക്കുകളില്‍ നിന്നും ഒഴുകുന്ന ശ്രഷ്ഠമായ ചിന്തകളെ നമുക്ക് സ്വാഗതം ചെയ്യാം.

രൂപാന്തരം പ്രാപിക്കുന്ന ഇന്ത്യ പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം ഇതാണ്. കേവലം വ്യക്തികളായല്ല മറിച്ച് മാറ്റങ്ങള്‍ കൂട്ടായി നടപ്പാക്കാന്‍ കഴിവുള്ള ഒരു ടീമിന്‍റെ ഭാഗമായി നാം പങ്കെടുക്കുന്ന ഒരു പരമ്പരയാണിത്.

തങ്ങളുടെ രാജ്യത്തെ ഭൂമിയിലെ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുന്നതിനായി നിരവധി പേരേ സ്വാധീനിക്കുകയും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്ത സമുന്നതരായ വ്യക്തികളുടെ ബുദ്ധിയിലും അറിവിലും നിന്ന് മികച്ചവ നാം ശേഖരിക്കുന്നു.

ഈ പരമ്പരയിലെ ആദ്യത്തെതാണ് ഈ പ്രഭാഷണം. പ്രതികരണം അറിയിക്കാനായി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഫോം നല്‍കിയിട്ടുണ്ട്. ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളെ സഹായിക്കാന്‍ തുറന്നതും വിശദവുമായ പ്രതികരണം ഞാന്‍ ഉറ്റു നോക്കുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരുടെയും പാനലിസ്റ്റുകളുടെയും പേരുകള്‍ നിര്‍ദ്ദേശിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. തങ്ങളുടെ മന്ത്രാലയങ്ങളില്‍ നിന്ന് പങ്കെടുത്തവരുമായി ഒരാഴ്ചയ്ക്കുള്ളില്‍ ഒരു തുടര്‍ ചര്‍ച്ച നടത്താന്‍ എല്ലാ ഗവണ്‍മെന്‍റ് സെക്രട്ടറിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ആശയങ്ങളില്‍ ഓരോ ഗ്രൂപ്പിനും പ്രസക്തമായവ വ്യക്തമായ കര്‍മ്മ പരിപാടിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ കാലഘട്ടത്തിലെ വലിയ പരിഷ്ക്കര്‍ത്താക്കളിലും ഭരണകര്‍ത്താക്കളിലും ഒരാളായിരുന്നു, സിംഗപ്പൂരിനെ ഇന്ന് കാണുന്ന തരത്തില്‍ രൂപാന്തരപ്പെടുത്തിയ ലീക്വാന്‍യൂ. അതിനാല്‍ തന്നെ ഈ പരമ്പര നാം ഉദ്ഘാടനം ചെയ്യിപ്പിക്കുന്നത് സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ശ്രീ. തര്‍മന്‍ ഷണ്‍മുഖരത്നത്തെ കൊണ്ടായത് ഏറ്റവും ഉചിതമായി. അദ്ദേഹം പ്രസിദ്ധനായ പണ്ഡിതനും പൊതു നയ വിദഗ്ദ്ധനുമാണ്. ഉപപ്രധാനമന്ത്രി എന്നതിന് പുറമെ അദ്ദേഹം ധനമന്ത്രിയും, സാമ്പത്തിക സാമൂഹിക നടപടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള മന്ത്രിയും, സിംഗപ്പൂര്‍ മോണിറ്ററിംഗ് അതോറിറ്റിയെ ചെയര്‍മാനും കൂടിയാണ്. മനുഷ്യ വിഭവ ശേഷി മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യ സഹമന്ത്രി എന്നീനിലകളിലും മുന്‍പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീ. ഷണ്‍മുഖരത്നം 1957 ല്‍ ശ്രീലങ്കന്‍‌ തമിഴ് വംശത്തില്‍ ജനിച്ചയാളാണ് അദ്ദേഹം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബാച്ചിലര്‍ ബിരുദം നേടിയിട്ടുണ്ട്. കേമ്പ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും, ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് പൊതുഭരണത്തില്‍ മാസ്റ്റേഴ്സ് ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. തന്‍റെ അതിവിശിഷ്ഠമായ പ്രകടനത്തിന് ഹാര്‍വാഡില്‍ അദ്ദേഹത്തിന് ലിറ്റോര്‍ഫെല്ലോ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ലോകത്തെ മുന്‍പന്തിയിലുള്ള ബുദ്ധിജീവികളിലൊരാളാണ് ശ്രീ. ഷണ്‍മുഖരത്നം അദ്ദേഹത്തിന്‍റെ ആശയങ്ങളുടെ വ്യാപ്തിക്ക് ഒരു ഉദാഹരണം ഞാന്‍ നല്‍കാം. ഇന്ന് സിംഗപ്പൂരിന്‍റെ സമ്പദ്ഘടന ട്രാന്‍സ്ഷിപ്പ്മെന്‍റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പക്ഷേ ആഗോള താപനം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളെ ഉരുക്കിയാല്‍ പുതിയ നാവിക പാതകള്‍ രൂപപ്പെടുകയും അത് സിംഗപ്പൂരിന്‍റെ പ്രസക്തിയെ കുറയ്ക്കുകയും ചെയ്തേക്കാം. എനിക്കറിയാന്‍ കഴിഞ്ഞത് ഈ സാധ്യതയെ കുറിച്ച് അദ്ദേഹം ഇപ്പോഴേ ചിന്തിച്ച് തുടങ്ങിയെന്നും അതിനായി ആസൂത്രണം ചെയ്തു തുടങ്ങിയെന്നുമാണ്.

സുഹൃത്തുക്കളെ,

ശ്രീ. ഷണ്‍മുഖരത്നത്തിന്‍റെ നേട്ടങ്ങളുടെയും ബഹുമതികളുടെയും പട്ടിക നീണ്ടതാണ്. നാം എല്ലാം അദ്ദേഹത്തെ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ വൈകാതെ വളരെയധികം സന്തോഷത്തോടെ ശ്രീ. തര്‍മന്‍ ഷണ്‍മുഖരത്നത്തെ ഈ വേദിയിലേയ്ക്ക് ഞാന്‍ ക്ഷണിക്കുകയാണ്. ആഗോള സമ്പദ് ഘടനയില്‍ ഇന്ത്യ എന്ന വിഷയത്തില്‍ നമ്മെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.