മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കുവെച്ചു;
പ്രധാനമന്ത്രിയുടെ കത്ത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് മുന്‍ രാഷ്ട്രപതി
രാഷ്ട്രപതി പദത്തിലെ തന്റെ അവസാന ദിവസം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയില്‍നിന്ന് ലഭിച്ച കത്ത് മുന്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ കത്ത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് ശ്രീ. പ്രണബ് മുഖര്‍ജി പറഞ്ഞു.
കത്തിന്റെ ഉള്ളടക്കം ചുവടെ:
പ്രിയപ്പെട്ട പ്രണബ് ദാ,
താങ്കളുടെ മഹത്തായ യാത്രയില്‍, പുതിയൊരു ഘട്ടത്തിന് തുടക്കമാവുമ്പോള്‍, താങ്കള്‍ രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ, പ്രത്യേകിച്ച് ഇന്ത്യന്‍ പ്രസിഡന്റെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നല്‍കിയ സംഭാവനകളെ ഞാന്‍ അഗാധമായ ആരാധനയോടും നന്ദിയോടും കൂടി കാണുന്നു. ലാളിത്യം, ഉയര്‍ന്ന മൂല്യങ്ങള്‍, അസാമാന്യമായ നേതൃത്വം എന്നിവയിലൂടെ താങ്കള്‍ ഞങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് പുറത്തുനിന്നുള്ള ഒരാളായാണ് ഞാന്‍ ന്യൂഡല്‍ഹിയിലെത്തിയത്. എനിക്ക് മുന്നിലുള്ള ജോലി ബൃഹത്തും, വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഈ കാലത്തെല്ലാം താങ്കള്‍ എനിക്ക് പിതൃ സമാനനും മാര്‍ഗദര്‍ശിയുമായിരുന്നു. താങ്കളുടെ അറിവ്, മാര്‍ഗദര്‍ശനം, വ്യക്തിപരമായ ഊഷ്മളബന്ധം എന്നിവ എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും നല്‍കി.
താങ്കള്‍ അറിവിന്റെ കലവറയാണെന്നത് വിഖ്യാതമാണ്. നയരൂപീകരണം മുതല്‍ രാഷ്ട്രീയം വരെ, സാമ്പത്തികകാര്യം മുതല്‍ വിദേശകാര്യം വരെ, സുരക്ഷാ പ്രശ്‌നങ്ങള്‍ മുതല്‍ ദേശീയ, അന്തര്‍ദേശീയ പ്രധാന്യമുള്ള വിഷയങ്ങള്‍ വരെയുള്ള താങ്കളുടെ കാഴ്ചപ്പാട് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. താങ്കളുടെ ബൗദ്ധികമായ കരുത്ത് എന്നെയും എന്റെ ഗവണ്‍മെന്റിനെയും സ്ഥിരമായി സഹായിച്ചിട്ടുണ്ട്.
താങ്കള്‍ എന്നോട് എപ്പോഴും ഊഷ്മളതയും വാത്സല്യവും ശ്രദ്ധയും പുലര്‍ത്തി. ‘താങ്കള്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു’ എന്ന താങ്കളുടെ ഒരൊറ്റ ഫോണ്‍ വിളി, ദിവസം മുഴുവന്‍ യോഗങ്ങളിലോ, പ്രചാരണങ്ങളിലോ പങ്കെടുത്ത എന്നില്‍ പുതിയ ഊര്‍ജ്ജം നിറക്കാന്‍ പര്യാപ്തമായിരുന്നു.
പ്രണബ് ദാ, നമ്മുടെ രാഷ്ട്രീയ യാത്രകള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലാണ് രൂപം കൊണ്ടത്. നമ്മുടെ ആശയങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായിരുന്നു. നമ്മുടെ അനുഭവങ്ങളും വിഭിന്നങ്ങളായിരുന്നു. എനിക്കുള്ള ഭരണപരമായ പരിചയം എന്റെ സംസ്ഥാനത്ത് നിന്നായിരുന്നു.അതേസമയം താങ്കള്‍ നമ്മുടെ ദേശീയ, ഭരണസംവിധാനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിശാലത പതിറ്റാണ്ടുകളോളം കണ്ടിട്ടുണ്ട്. എന്നിരുന്നാലും നമ്മുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് സാധ്യമാക്കുന്ന വിധത്തിലായിരുന്നു താങ്കളുടെ ധിഷണാ ശക്തിയും വിവേകവും.
താങ്കളുടെ രാഷ്ട്രീയ യാത്രയിലും രാഷ്ട്രപതിയായിരുന്ന വേളയിലും രാഷ്ട്രത്തിന്റെ പുരോഗതിക്കാണ് താങ്കള്‍ മറ്റെന്തിനെക്കാളും മുന്‍ഗണന നല്‍കിയത്. ഇന്ത്യയിലെ യുവാക്കളുടെ നവീനാശയങ്ങളും പ്രതിഭയും അംഗീകരിക്കുന്ന വിവിധ ഉദ്യമങ്ങള്‍ക്കായി താങ്കള്‍ രാഷ്ട്രപതി ഭവന്‍ തുറന്നുകൊടുത്തു.
സമൂഹത്തിന് നിസ്വാര്‍ത്ഥമായി തിരിച്ചു നല്‍കുന്നതിനുള്ള മാര്‍ഗ്ഗമായി രാഷ്ട്രീയത്തെ കണ്ടിരുന്ന നേതാക്കളുടെ ഒരു തലമുറയില്‍പ്പെട്ടയാളാണ് അങ്ങ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രചോദനത്തിന്റെ മഹത്തായ കേന്ദ്രമായി താങ്കള്‍ നിലകൊള്ളുന്നു. വിനീതനായ പൊതുജനസേവകനും അസാധാരണമായ നേതാവുമായിരുന്ന ഒരു രാഷ്ട്രപതിയെന്ന നിലയില്‍ ഇന്ത്യ എപ്പോഴും അങ്ങയെ കുറിച്ച് അഭിമാനം കൊള്ളും.
താങ്കളുടെ പൈതൃകം ഞങ്ങള്‍ക്ക് തുടര്‍ന്നും വഴികാട്ടും. എല്ലാവരെയും കൂടെക്കൊണ്ടുപോവുകയെന്ന, ദീര്‍ഘവും ശോഭനവുമായ പൊതുജീവിതത്തില്‍ താങ്കള്‍ വികസിപ്പിച്ച ജനാധിപത്യ കാഴ്ചപ്പാടില്‍ നിന്ന് ഞങ്ങള്‍ തുടര്‍ന്നും ഊര്‍ജ്ജം ആവാഹിക്കും. ജീവിതത്തിന്റെ പുതിയ മേഖലയിലേക്ക് കടക്കുമ്പോള്‍ താങ്കളുടെ ഭാവി പരിപാടികള്‍ക്ക് ഞാന്‍ ശുഭാശംസകള്‍ നേരുന്നു.
താങ്കള്‍ നല്‍കിയ പിന്തുണ, പ്രോത്സാഹനം, മാര്‍ഗദര്‍ശനം, പ്രചോദനം എന്നിവയ്ക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റില്‍ വിടവാങ്ങല്‍ വേളയില്‍ താങ്കള്‍ എന്നെക്കുറിച്ച് പറഞ്ഞ വളരെ കരുണയുള്ള വാക്കുകള്‍ക്ക് നന്ദി.
രാഷട്രപതിജീ, പ്രധാനമന്ത്രിയെന്ന നിലയില്‍ താങ്കളോടൊപ്പം പ്രവര്‍ത്തിച്ചത് ഒരു ബഹുമതിയായിരുന്നു.
ജയ് ഹിന്ദ്
വിശ്വസ്തതയോടെ
നരേന്ദ്ര മോദി
Pranab Da, I will always cherish working with you. @CitiznMukherjee https://t.co/VHOTXzHtlM
— Narendra Modi (@narendramodi) August 3, 2017