Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ

രാഷട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ


നമസ്‌കാരം!
ദേശീയ ഐക്യ ദിനത്തില്‍ എല്ലാ രാജ്യവാസികള്‍ക്കും വളരെയധികം ആശംസകള്‍! ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ (ഏക ഇന്ത്യ, പരമോന്നത ഇന്ത്യ) എന്നതിനായി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമര്‍പ്പിച്ച ദേശീയ നായകന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് രാജ്യം ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സര്‍ദാര്‍ പട്ടേല്‍ ജി വെറുമൊരു ചരിത്രപുരുഷന്‍ മാത്രമല്ല, മറിച്ച് നമ്മുടെ രാജ്യവാസികളുടെ ഹൃദയത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇന്ന്, ഐക്യത്തിന്റെ സന്ദേശവുമായി രാജ്യത്തുടനീളം തടസമില്ലാതെ മുന്നേറുന്ന നമ്മുടെ ഊര്‍ജ്ജസ്വലരായ സുഹൃത്തുക്കള്‍ ഇന്ത്യയുടെ അഖണ്ഡതയോടുള്ള സമര്‍പ്പണത്തിന്റെ പ്രതീകമാണ്. രാജ്യത്തുടനീളം നടക്കുന്ന ദേശീയ ഐക്യ പരേഡിലും സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ നടക്കുന്ന പരിപാടികളിലും ഈ ഊര്‍ജ്ജം നമുക്ക് കാണാന്‍ കഴിയും.
സുഹൃത്തുക്കളെ,
ഇന്ത്യ ഭൂമിശാസ്ത്രപരമായ വെറുമൊരു ഘടകം മാത്രമല്ല, ആദര്‍ശങ്ങളും സങ്കല്‍പ്പങ്ങളും നാഗരികതയുടെയും സംസ്‌കാരത്തിന്റെയും മനോവിശാലതയുടെ മാനദണ്ഡങ്ങള്‍ നിറഞ്ഞ ഒരു രാഷ്ട്രമാണ്. 130 കോടിയിലധികം ഇന്ത്യക്കാര്‍ ജീവിക്കുന്ന വന്‍കര നമ്മുടെ ആത്മാവിന്റെയും സ്വപ്‌നങ്ങളുടെയും അഭിലാഷങ്ങളുടെയും അവിഭാജ്യ ഘടകമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി ഇന്ത്യയുടെ സമൂഹത്തിലും പാരമ്പര്യത്തിലും വികസിച്ച ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറ ഏക ഇന്ത്യയുടെ ചേതനയെ സമ്പന്നമാക്കി. എന്നാല്‍ ബോട്ടിലിരിക്കുന്ന ഓരോ വ്യക്തിയും ആ ബോട്ടിന്റെ സംരക്ഷണം ഏറ്റെടുക്കണം എന്നതും ഓര്‍ക്കണം. നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ, എങ്കില്‍ മാത്രമേ രാജ്യത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയൂ.

സുഹൃത്തുക്കളെ,
സര്‍ദാര്‍ പട്ടേല്‍ എപ്പോഴും ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സംവേദനക്ഷമതയുള്ളതും ജാഗ്രതയുള്ളതും എളിമയുള്ളതും വികസിതവുമായ ഒരു ഇന്ത്യയെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം എന്നും രാജ്യതാല്‍പ്പര്യത്തിനാണ് മുന്‍തൂക്കം നല്‍കിയത്. അദ്ദേഹത്തിന്റെ പ്രചോദനത്തിന് കീഴില്‍, ബാഹ്യവും ആന്തരികവുമായ എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യ പൂര്‍ണമായി പ്രാപ്തമാവുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, രാജ്യം പതിറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന നിയമങ്ങളില്‍ നിന്ന് മുക്തി നേടുകയും ദേശീയ ഐക്യത്തെ വിലമതിക്കുന്ന ആദര്‍ശങ്ങള്‍ക്ക് പുതിയ ഉയരങ്ങള്‍ നല്‍കുകയും ചെയ്തു. ജമ്മു കശ്മീരിലായിക്കോട്ടെ, വടക്കുകിഴക്കാകട്ടെ അല്ലെങ്കില്‍ ഹിമാലയത്തിലെ ഏതെങ്കിലും ഗ്രാമത്തിലായിക്കോട്ടെ, ഇന്ന് എല്ലാം വികസനത്തിന്റെ പാതയില്‍ പുരോഗമിക്കുകയാണ്. രാജ്യത്തിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അകലങ്ങളെ ഇല്ലാതാക്കുകയാണ്. ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങുന്നതിന് മുമ്പ് രാജ്യത്തെ ജനങ്ങള്‍ക്ക് നൂറ് തവണ ചിന്തിക്കേണ്ടി വന്നാല്‍, എങ്ങനെയാണത് പ്രവര്‍ത്തിക്കുക? രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരാന്‍ എളുപ്പമാകുന്നത് എപ്പോഴാണോ, അപ്പോള്‍ ആളുകളുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുകയും ചെയ്യും. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ഈ ചൈതന്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, സാമൂഹികവും സാമ്പത്തികവും ഭരണഘടനാപരവുമായ സമന്വയത്തിന്റെ മഹത്തായ മഹായജ്ഞം രാജ്യത്ത് നടക്കുകയാണ്. ജലം-ഭൂമി-ആകാശം- എന്നിങ്ങനെ എല്ലാ മുന്നണികളിലും ഇന്ത്യയുടെ കഴിവും നിശ്ചയദാര്‍ഢ്യവും അഭൂതപൂര്‍വമാണ്. ഇന്ത്യ അതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വാശ്രയത്വത്തിന്റെ ഒരു പുതിയ ദൗത്യം തുടങ്ങിയിരിക്കുകയാണ്

ഒപ്പം സുഹൃത്തുക്കളെ,
അത്തരം സമയങ്ങളില്‍ സര്‍ദാര്‍ സാഹിബിന്റെ വാക്കുകള്‍ നാം ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു:
” പൊതുപ്രയത്‌നത്തിലൂടെ, രാജ്യത്തെ നമുക്ക് ഒരു പുതിയ മഹത്വത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും, അതേസമയം ഐക്യത്തിന്റെ അഭാവം നമ്മെ പുതിയ വിപത്തുകളിലേക്ക് നയിക്കും”.
ഐക്യമില്ലായ്മ പുതിയ പ്രതിസന്ധികള്‍ കൊണ്ടുവരുന്നിടത്ത് എല്ലാവരുടെയും കൂട്ടായ പ്രയത്‌നം രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഓരോരുത്തരും നടത്തിയ പരിശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യയുഗത്തിലാണ് അന്നത്തേതിനേക്കാള്‍ കൂടുതല്‍ പ്രസക്തമാകാന്‍ പോകുന്നത്. വികസനത്തിന്റെ അഭൂതപൂര്‍വമായ വേഗതയും ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുമാണ് സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യയുഗം. സര്‍ദാര്‍ സാഹിബിന്റെ സ്വപ്‌നങ്ങള്‍ക്കനുസൃതമായി പുതിയ ഇന്ത്യയുടെ നിര്‍മ്മാണമാണിത്.

സുഹൃത്തുക്കളെ,
സര്‍ദാര്‍ സാഹിബ് നമ്മുടെ രാജ്യത്തെ ഒരു ശരീരമായി, ഒരു ജീവനുള്ള അസ്തിത്വമായാണ് കണ്ടിരുന്നത്. എല്ലാവര്‍ക്കും തുല്യ അവസരങ്ങളുണ്ടെന്നും ഒരേ അഭിലാഷം സ്വപ്‌നം കാണാനുള്ള അവകാശമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ‘ഏക ഭാരതം'(ഏക ഇന്ത്യ) എന്ന ദര്‍ശനം അര്‍ത്ഥമാക്കുന്നത് അര്‍ത്ഥമാക്കുന്നത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ആ കാലഘട്ടത്തിലെ അവരുടെ ചലനങ്ങളുടെ ശക്തിയും സ്ത്രീകളുടെയും പുരുഷന്മാരുടെയും, എല്ലാ വര്‍ഗ്ഗങ്ങളുടെയും, എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ ഊര്‍ജ്ജത്തിന്റെ ഇടപെടലായിരുന്നു. അതിനാല്‍, ഇന്ന് നമ്മള്‍ ‘ഒരു ഇന്ത്യ’യെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആ ‘ഒരു ഇന്ത്യ’യുടെ സ്വഭാവം എന്തായിരിക്കണം? ആ ‘ ഏക ഇന്ത്യ’യുടെ സ്വഭാവം എന്നത് അതിന്റെ സ്ത്രീകള്‍ക്ക് ഒന്നിലേറെ സാദ്ധ്യതകളുള്ള ഇന്ത്യയായിരിക്കണം! ദലിതരും ഭാരിദ്ര്യമനുഭവിക്കുന്നവരും ആദിവാസികളും വനവാസികളും രാജ്യത്തെ ഓരോ പൗരനും തുല്യരാണെന്ന് തോന്നുന്ന ഒരു ഇന്ത്യ! വീട്, വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങളില്‍ യാതൊരു വിവേചനവുമില്ലാത്ത, തുല്യ അവകാശങ്ങള്‍ ഉള്ള ഒരു ഇന്ത്യ!
ഇതാണ് ഇന്ന് രാജ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ദിശയില്‍ അത് പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയാണ്. ഇന്ന് ‘സബ്കാ പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) രാജ്യത്തിന്റെ എല്ലാ ദൃഡനിശ്ചയങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇന്ന് ഇതെനല്ലാം സംഭവിക്കുന്നത്.

സുഹൃത്തുക്കളെ,
കൊറോണയ്‌ക്കെതിരായി രാജ്യം നടത്തിയ പോരാട്ടത്തില്‍ കൂട്ടായ പരിശ്രമത്തിന്റെ ഫലവും നാം കണ്ടു. പുതിയ കോവിഡ് ആശുപത്രികള്‍ മുതല്‍ വെന്റിലേറ്ററുകള്‍ വരെ, അവശ്യമരുന്നുകളുടെ ഉല്‍പ്പാദനം മുതല്‍ 100 കോടി വാക്‌സിന്‍ ഡോസ് എന്ന നാഴികക്കല്ല് വരെ, ഓരോ ഇന്ത്യക്കാരന്റെയും ഓരോ ഗവണ്‍മെന്റിന്റെയും ഓരോ വ്യവസായത്തിന്റെയും പരിശ്രമങ്ങള്‍ കൊണ്ടാണ് ഇതെല്ലാം സാദ്ധ്യമായത്. ഒരു സ്വാശ്രയ ഇന്ത്യ ഉണ്ടാക്കുന്നതിനായുള്ള വികസനത്തിന്റെ വേഗതയുടെ അടിസ്ഥാനം നമുക്ക് ഈ ‘സബ്കാ പ്രയാസിന്റെ'(ഓരോരുത്തരുടേയും പരിശ്രമം) ആത്മാവാക്കേണ്ടതുണ്ട്. അടുത്തിടെ, പി.എം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ രൂപത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടായ അധികാരം ഒരൊറ്റ വേദിയില്‍ കൊണ്ടുവന്നു. വര്‍ഷങ്ങളായി നടപ്പാക്കിയ നിരവധി പരിഷ്‌കാരങ്ങളുടെ സംയുക്ത ഫലം ഇന്ത്യയെ ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യകേന്ദ്രമാക്കി മാറ്റിയിട്ടുമുണ്ട്.

.

സഹോദരീ സഹോദരന്മാരേ,
എല്ലാം സാദ്ധ്യമാണ്, സമൂഹത്തിന്റെ ചലനാത്മകത ഗവണ്‍മെന്റുമായി ബന്ധപ്പെട്ടുകയാണെങ്കില്‍ ഏറ്റവും വലിയ ദൃഢനിശ്ചയങ്ങള്‍ പോലും കൈവരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അതിനാല്‍, നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍, അത് നമ്മുടെ വിശാലമായ ദേശീയ ലക്ഷ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. ഒരു സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന ഒരു ചെറുപ്പക്കാരന്, ഏത് മേഖലയിലും ഒരു നൂതനാശയം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുന്നതുപോലെ. വിജയവും പരാജയവും പ്രശ്‌നമല്ല, എന്നാല്‍ പരിശ്രമം വളരെ പ്രധാനമാണ്. അതുപോലെ, നമ്മള്‍ വിപണിയില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍, നമ്മള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണോ അതോ വിപരീതമാണോ ചെയ്യുന്നത് എന്നും നമ്മള്‍ നോക്കണം. വിദേശ അസംസ്‌കൃത വസ്തുക്കളെയോ ഘടകങ്ങളെയോ ആശ്രയിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും കഴിയും. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ കൃഷിരീതികളും പുതിയ വിളകളും സ്വീകരിച്ചുകൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് ആത്മനിര്‍ഭര്‍ ഭാരതിലെ പങ്കാളിത്തം ശക്തിപ്പെടുത്താനുമാകും. നമ്മുടെ സഹകരണ സ്ഥാപനങ്ങളും രാജ്യത്തെ ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തണം. നമ്മുടെ ചെറുകിട കര്‍ഷകരില്‍ നാം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ ഉന്നമനത്തിനായി മുന്നോട്ട് വരികയും ചെയ്താല്‍; ഗ്രാമങ്ങളിലെ വിദൂര സ്ഥലങ്ങളില്‍ പോലും നമുക്ക് ഒരു പുതിയ വിശ്വാസ്യത സൃഷ്ടിക്കാന്‍ കഴിയും. ആ ദിശയിലേക്കുള്ള ഒരു നിശ്ചയദാര്‍ഢ്യം ഏറ്റെടുക്കാന്‍ നാം മുന്നോട്ടു വരണം.

സുഹൃത്തുക്കളെ,
ഈ കാര്യങ്ങള്‍ സാധാരണമാണെന്ന് തോന്നുമെങ്കിലും അവയുടെ ഫലങ്ങള്‍ അഭൂതപൂര്‍വമായിരിക്കും. ശുചിത്വം പോലുള്ള ചെറിയ കാര്യങ്ങളില്‍ പോലും ജനപങ്കാളിത്തം രാഷ്ട്രത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് വര്‍ഷങ്ങളായി നാം കാണുകയാണ്. ഒരു പൗരനെന്ന നിലയില്‍, ‘ഒരു ഇന്ത്യ’ എന്ന നിലയില്‍ നമ്മള്‍ മുന്നോട്ട് പോയപ്പോള്‍, നമുക്കും വിജയം ലഭിക്കുകയും നമ്മള്‍ ഇന്ത്യയുടെ ഔന്നിത്യത്തിനായി സംഭാവന നല്‍കുകയും ചെയ്തു. നല്ല മനോഭാവം പിന്നിലുണ്ടെങ്കില്‍ ഏറ്റവും ചെറിയ പ്രവൃത്തി പോലും പ്രാധാന്യമുള്ളതാണെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. രാജ്യത്തെ സേവിക്കുന്നതില്‍ ഉള്ള സന്തോഷം വാക്കുകളില്‍ വിവരിക്കാനാവില്ല. നമ്മുടെ പൗരധര്‍മ്മങ്ങള്‍ നിറവേറ്റുന്നതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള നമ്മുടെ ഓരോ ശ്രമവും സര്‍ദാര്‍ പട്ടേല്‍ ജിയോടുള്ള യഥാര്‍ത്ഥ ആദരവാണ്. നമ്മള്‍ മുന്നോട്ടുപോകുമെന്നും നമ്മുടെ നേട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ഐക്യത്തിനും ശ്രേഷ്ഠതയ്ക്കും പുതിയ ഉയരങ്ങള്‍ നല്‍കുമെന്നുമുള്ള പ്രതീക്ഷയോടെ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ദേശീയ ഐക്യദിനത്തില്‍ അനവധി നിരവധി അഭിനന്ദനങ്ങള്‍.

നന്ദി!