നാരീശക്തി പുരസ്കാര ജേതാക്കളുമായി തലസ്ഥാനത്തു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ലേ, കശ്മീര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള, നേട്ടം കൈവരിച്ച 15 സ്ത്രീകള്‍ പങ്കെടുക്കുകയും ജീവിതത്തില്‍ നേരിടേണ്ടിവന്ന പരീക്ഷണങ്ങളും പോരാട്ടവും ലക്ഷ്യം നേടിയെടുത്ത വഴിയും വിശദീകരിക്കുകയും ചെയ്തു.
93ാം വയസ്സില്‍ അത്ലറ്റിക്സിനു തുടക്കമിട്ട് പോളണ്ടില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഫീല്‍ഡ് ആന്‍ഡ് ട്രാക്ക് ഇനങ്ങളില്‍ നാലു സ്വര്‍ണം നേടിയ 103 വയസ്സുള്ള ശ്രീമതി മന് കൗര്‍ ഉള്‍പ്പെടെയുള്ള കഴിവു തെളിയിച്ചവരാണു പങ്കെടുത്തത്.
കൈമോശം പോയിരുന്ന നുംധ കരകൗശലവിദ്യ പുനരുജ്ജീവിപ്പിച്ചത് നുംധ കരകൗശല കേന്ദ്രത്തിന്റെ സ്ഥാപകയായ ജമ്മു-കശ്മീര്‍ സ്വദേശിനി ആരിഫ ജാന്‍ ആണ്. കശ്മീരില്‍ നൂറിലേറെ വനിതകള്‍ക്കു പരിശീലനം നല്‍കുകയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കരകൗശല വിദ്യ പുനരുജ്ജീവിപ്പിക്കുകയും ചെയ്ത അനുഭവം അവര്‍ പങ്കുവെച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രഥമ വനിതാ പൈലറ്റുമാരായ മോഹന സിങ്, ഭാവന കാന്ത്, ആവണി ചതുര്‍വേദി എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യോമസേനയില്‍ വനിതകള്‍ക്കായി
പരീക്ഷണാടിസ്ഥാനത്തില്‍ ഫൈറ്റര്‍ സ്ട്രീം ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇവര്‍ മൂവരെയും ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ക്വാഡ്രനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 2018ല്‍ മിഗ്-21ല്‍ വനിതകള്‍ മാത്രമായി നടത്തിയ യാത്രയില്‍ പങ്കെടുത്ത ആദ്യ വനിതാ പൈലറ്റുമാരായി അവര്‍ മാറുകയും ചെയ്തു.
ആന്ധ്രാപ്രദേശില്‍നിന്നുള്ള ഗ്രാമീണ സംരംഭകയായ ഗോത്രവര്‍ഗ കര്‍ഷക പാദല ദേവി, കൂണ് കൃഷി പ്രചരിപ്പിച്ചതിനു ‘മഷ്റൂം മഹിള’ എന്നറിയപ്പെടുന്ന ബിഹാര്‍ മുംഗറിലെ ബീന ദേവി എന്നിവര്‍ കൃഷിയും വിപണനവും സംബന്ധിച്ചുള്ള അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്നുള്ള കല്‍പണിക്കാരിയായ കലാവതി ദേവി ജില്ലയില്‍ വെളിയിടവിസര്‍ജനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയാണ്. കാണ്‍പൂരിലും ചുറ്റുവട്ടത്തുമുള്ള ഗ്രാമങ്ങളില്‍ നാലായിരത്തിലേറെ ശുചിമുറികള്‍ സ്ഥാപിച്ചത് അവരുടെ നേതൃത്വത്തിലാണ്. വെളിയിട വിസര്‍ജനത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനു വീടുവീടാന്തരം കയറിയിറങ്ങിയതും കാണ്‍പൂരിലെ ഗ്രാമങ്ങൡലേക്കു മാസങ്ങളോളം യാത്ര ചെയ്തതും സംബന്ധിച്ച അനുഭവങ്ങള്‍ അവര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
30,000 സ്ത്രീകള്‍ക്കായി 2,800 ഗ്രൂപ്പുകള്‍ ആരംഭിച്ച, സമര്‍പ്പണ ഭാവത്തോടുകൂടിയ പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഖണ്ഡുകാരിയായ ചാമി മുര്‍മു ഒഴിഞ്ഞ പറമ്പുകളില്‍ 25 ലക്ഷം വൃക്ഷത്തൈകള്‍ നട്ട അനുഭവം വിശദീകരിച്ചു.
നാലാം തരത്തിനു തുല്യമായ യോഗ്യതയായ കേരള സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ പരീക്ഷ 2018 ഓഗസ്റ്റില്‍ എഴുതി വിജയിച്ചതിനെ കുറിച്ചായിരുന്നു 98 വയസ്സുള്ള കേരളക്കാരിയായ കാര്‍ത്യായനി അമ്മയ്ക്കു പറയാനുണ്ടായിരുന്നത്. 98 ശതമാനം മാര്‍ക്കോടെ അവര്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
ചടങ്ങില്‍ പ്രസംഗിക്കവേ, നാരീശക്തി അവാര്‍ഡ് ജേതാക്കള്‍ സമൂഹ നിര്‍മാണത്തിലും രാജ്യത്തെ പ്രചോദിപ്പിക്കുന്നതിലും വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകളില്നിന്നു ശ്രദ്ധേയമായ സംഭാവനകള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ വെളിയിട വിസര്‍ജന മുക്തമായി മാറാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ പങ്കാളിത്തത്തോടെ പോഷകാഹാരക്കുറവെന്ന പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
ജലസംരക്ഷണത്തെ കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ജല്‍ ജീവന് ദൗത്യത്തിനു വനിതകളുടെ വര്‍ധിച്ച പങ്കാളിത്തം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി.
നേട്ടങ്ങള്‍ കൈവരിച്ചവരെ അഭിനന്ദിച്ച അദ്ദേഹം, അവര്‍ രാജ്യത്തിനു പ്രചോദനം പകരുന്ന സ്രോതസ്സാുകളാണെന്നു വെളിപ്പെടുത്തി.
PM @narendramodi interacted with the Nari Shakti Puraskar winners earlier today. pic.twitter.com/v5D7Xro4D1
— PMO India (@PMOIndia) March 8, 2020