Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭയിൽ ഉപരാഷ്ട്രപതി‌ ജഗ്ദീപ് ധൻഖറിനെ സ്വാഗതംചെയ്തു പ്രധാനമന്ത്രി നടത്തിയ അഭിസംബോധന


ബഹുമാനപ്പെട്ട അധ്യക്ഷൻ,

ബഹുമാന്യരായ മുതിർന്ന പാർലമെന്റംഗങ്ങളേ,

ആദ്യമായി, ബഹുമാനപ്പെട്ട അധ്യക്ഷനെ ഈ സഭയ്ക്കുവേണ്ടിയും രാജ്യത്തിനാകെവേണ്ടിയും ഞാൻ അഭിനന്ദിക്കുന്നു. സാധാരണ കുടുംബത്തിൽനിന്ന്, പോരാട്ടങ്ങളുടെ നടുവിലൂടെയുള്ള ജീവിതയാത്രയിൽ താങ്കൾ ഇന്നെത്തിയിരിക്കുന്ന സ്ഥാനം രാജ്യത്തെ നിരവധിപേർക്കു പ്രചോദനമാണ്. താങ്കൾ ഉപരിസഭയിലെ ഈ അന്തസുറ്റ ഇരിപ്പിടത്തെ മഹത്വവൽക്കരിക്കുന്നു. കിഠാനയുടെ പുത്രന്റെ നേട്ടങ്ങൾ കാണുമ്പോൾ രാജ്യത്തിന്റെ സന്തോഷത്തിന് അതിരുകളില്ലെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഇന്നു സായുധസേനാ പതാകദിനംകൂടിയാണ് എന്നതു സന്തോഷകരമായ സന്ദർഭമാണ്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഝുഞ്ഝുനുവിൽനിന്നാണു താങ്കൾ വരുന്നത്. ഝുഞ്ഝുനു ധീരരുടെ നാടാണ്. രാജ്യസേവനത്തിൽ നേതൃപരമായ പങ്കുവഹിക്കാത്ത ഒരുകുടുംബവും (ഝുഞ്ഝുനുവിൽ) ഉണ്ടാകില്ല. താങ്കളും സൈനികവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കർഷകന്റെ മകനായും സൈനിക് സ്കൂളിലെ വിദ്യാർഥിയായും ഞാൻ താങ്കളെ കാണുമ്പോൾ, താങ്കൾ ഒരു കർഷകനും സൈനികനുമാണെന്ന് എനിക്കു കാണാനാകുന്നു.

താങ്കളുടെ അധ്യക്ഷതയിലുള്ള ഈ സഭയെ പ്രതിനിധാനംചെയ്ത് എല്ലാ ഇന്ത്യക്കാർക്കും സായുധസേനാ പതാകദിനത്തിൽ ഞാൻ ആശംസകൾ അറിയിക്കുന്നു. ഈ സഭയിലെ ബഹുമാന്യരായ എല്ലാ അംഗങ്ങൾക്കുംവേണ്ടി ഞാൻ രാജ്യത്തെ സായുധസേനയെ അഭിവാദ്യംചെയ്യുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഇന്ന്, രാജ്യം രണ്ടു സുപ്രധാന സന്ദർഭങ്ങൾക്കു സാക്ഷിയായി മാറിയിരിക്കുന്ന ഈ വേളയിൽ, പാർലമെന്റിന്റെ ഈ ഉപരിസഭ താങ്കളെ സ്വാഗതംചെയ്യുകയാണ്. കുറച്ചു നാളുകൾക്കുമുമ്പ്, ജി-20 സംഘത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉത്തരവാദിത്വം ലോകം ഇന്ത്യയെ ഏൽപ്പിച്ചു. കൂടാതെ, ഇത് ‘അമൃതകാല’ത്തിന്റെ തുടക്കവുമാണ്. ഈ ‘അമൃതകാലം’ വികസിതമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാലഘട്ടമാണ്. മാത്രമല്ല, ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഭാവിദിശ നിർണയിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുകയുംചെയ്യും.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

നമ്മുടെ ജനാധിപത്യവും പാർലമെന്റും പാർലമെന്ററി സംവിധാനവും ഇന്ത്യയുടെ ഈ യാത്രയിൽ സുപ്രധാന പങ്കുവഹിക്കും. ഈ നിർണായക കാലഘട്ടത്തിൽ താങ്കളെപ്പോലെ കഴിവുറ്റതും ഫലപ്രദവുമായ നേതൃത്വം ഉപരിസഭയ്ക്കു ലഭിച്ചതിൽ ഞാൻ ആഹ്ലാദിക്കുന്നു. താങ്കളുടെ മാർഗനിർദേശത്തിനുകീഴിൽ, നമ്മുടെ എല്ലാ അംഗങ്ങളും അവരുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കും. രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങൾ നിറവേറ്റുന്നതിനുള്ള ഫലപ്രദമായ വേദിയായി ഈ സഭ മാറുകയും ചെയ്യും.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഇന്നു താങ്കൾ പാർലമെന്റിന്റെ ഉപരിസഭയുടെ തലവൻ എന്ന നിലയിൽ താങ്കളുടെ പുതിയ ഉത്തരവാദിത്വത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കുകയാണ്. ഈ ഉപരിസഭയുടെ ഉത്തരവാദിത്വത്തിന്റെ ആദ്യപരിഗണന രാജ്യത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരന്റെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന് അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു ബോധ്യമുണ്ട്. ഈ കാലയളവിൽ അതു പൂർണ ഉത്തരവാദിത്വത്തോടെ തുടരും.

ഇതാദ്യമായി, രാജ്യത്തിന്റെ മഹത്തായ ഗോത്രപാരമ്പര്യം, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ രൂപത്തിൽ നമ്മെ മുന്നോട്ടുനയിക്കുകയാണ്. നേരത്തെ, ശ്രീ രാംനാഥ് കോവിന്ദ് ജിയും ഇത്തരത്തിൽ ഇല്ലായ്മയുടെ സമൂഹത്തിൽനിന്ന് ഉയർന്നുവന്നു രാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തിയിരുന്നു. ഇപ്പോൾ കർഷകന്റെ മകനെന്ന നിലയിൽ താങ്കൾ കോടിക്കണക്കിനു നാട്ടുകാരുടെയും ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും കർഷകരുടെയും ഊർജത്തെ പ്രതിനിധാനംചെയ്യുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

മാർഗങ്ങളിലൂടെ മാത്രമല്ല, ‘സാധന’(കഠിനാധ്വാനം)യിലൂടെയുമാണു വിജയം കൈവരിക്കാനാകുക എന്നതിന്റെ തെളിവാണു താങ്കളുടെ ജീവിതം. കിലോമീറ്ററുകൾനടന്നു സ്കൂളിൽ പോയിരുന്ന കാലവും താങ്കൾ കടന്നുവന്നിട്ടുണ്ടാകും. ഗ്രാമങ്ങൾക്കും പാവപ്പെട്ടവർക്കും കർഷകർക്കുംവേണ്ടി നിങ്ങൾ ചെയ്തതു സാമൂഹ്യജീവിതത്തിലെ ഓരോ വ്യക്തിക്കും മാതൃകയാണ്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

മുതിർന്ന അഭിഭാഷകനെന്ന നിലയിൽ താങ്കൾക്കു മൂന്നുപതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്. സഭയിൽ കോടതിയുടെ അഭാവം താങ്കൾക്ക് അനുഭവപ്പെടില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. കാരണം, രാജ്യസഭയിൽ സുപ്രീം കോടതിയിൽ താങ്കളെ കണ്ടുമുട്ടുന്ന ധാരാളംപേരുണ്ട്. അതിനാൽ, കോടതിയിലെ അതേ മാനസികാവസ്ഥയും സ്വഭാവസവിശേഷതകളും താങ്കളെ ഇവിടെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും.

എംഎൽഎ, എംപി, കേന്ദ്രമന്ത്രി, ഗവർണർ എന്നീ നിലകളിലും താങ്കൾ താങ്കളുടെ പങ്കുവഹിച്ചു. ഇവയിലെല്ലാം പൊതുവായി നിലനിൽക്കുന്നത്, രാജ്യത്തിന്റെ വികസനത്തിനും ജനാധിപത്യമൂല്യങ്ങൾക്കും വേണ്ടിയുള്ള താങ്കളുടെ സമർപ്പണമാണ്. തീർച്ചയായും, താങ്കളുടെ അനുഭവങ്ങൾ രാജ്യത്തിനും ജനാധിപത്യത്തിനും പരമപ്രധാനമാണ്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

രാഷ്ട്രീയത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും, കക്ഷിരാഷ്ട്രീയഭേദമെന്യേ ഏവരേയും ഒന്നിപ്പിക്കുന്നതിനായാണു താങ്കൾ ഇടപെടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുവേളയിലും താങ്കളോടുള്ള ഏവരുടെയും അടുപ്പം ഞങ്ങൾ വ്യക്തമായി കണ്ടു. പോൾചെയ്ത വോട്ടിന്റെ 75% നേടി വിജയം കൈവരിക്കുക എന്നതു പ്രാധാന്യമർഹിക്കുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്: नयति इति नायक. അതായത്, നമ്മെ മുന്നോട്ടുനയിക്കുന്നവനാണു നായകൻ. നേതൃത്വം ഏറ്റെടുക്കുക എന്നതാണു നേതൃത്വത്തിന്റെ യഥാർഥ നിർവചനം. രാജ്യസഭയുടെ പശ്ചാത്തലത്തിൽ ഇതു കൂടുതൽ പ്രാധാന്യമർഹിക്കുന്നു. കാരണം ജനാധിപത്യ തീരുമാനങ്ങൾ കൂടുതൽ പരിഷ്കൃതമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഈ സഭയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഈ സഭയ്ക്കു താങ്കളെപ്പോലെ വിനയാന്വിതനായ നേതാവിനെ ലഭിക്കുമ്പോൾ, അതു സഭയിലെ ഓരോ അംഗത്തിനും ലഭിക്കുന്ന അംഗീകാരമായി ഞാൻ കരുതുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

രാജ്യത്തിന്റെ മഹത്തായ ജനാധിപത്യപൈതൃകം വഹിക്കുന്ന ‌ഒരിടംകൂടിയാണു രാജ്യസഭ. അതാണ് അതിന്റെ ശക്തിയും. ഒരുകാലത്തു രാജ്യസഭാംഗമായിട്ടുള്ള നിരവധി പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. നിരവധി പ്രമുഖ നേതാക്കളുടെ പാർലമെന്ററി യാത്ര തുടങ്ങിയതു രാജ്യസഭയിൽനിന്നാണ്. അതിനാൽ, ഈ സഭയുടെ അന്തസു നിലനിർത്താനും വർധിപ്പിക്കാനുമുള്ള വലിയ ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

താങ്കളുടെ മാർഗനിർദേശത്തിനുകീഴിൽ, ഈ സഭ അതിന്റെ പൈതൃകവും അന്തസും മുന്നോട്ടുകൊണ്ടുപോകുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും എനിക്കുറപ്പുണ്ട്. സഭയിലെ ഗൗരവമായ സംവാദങ്ങളും ജനാധിപത്യപരമായ ചർച്ചകളും ജനാധിപത്യത്തിന്റെ മാതാവെന്ന മഹത്വം വർധിപ്പിക്കും.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

നമ്മുടെ മുൻ ഉപരാഷ്ട്രപതിയും മുൻ അധ്യക്ഷനുമായ വെങ്കയ്യ നായിഡു കഴിഞ്ഞ സെഷൻവരെ ഈ സഭയെ നയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ തെരഞ്ഞെടുപ്പും നർമബോധവും എല്ലായ്പോഴും സഭയെ സന്തോഷിപ്പിച്ചിരുന്നു. ഒപ്പം മനസുതുറന്നു ചിരിക്കാനും നിരവധി അവസരങ്ങൾ ലഭിച്ചു. താങ്കളുടെ ദ്രുതഗതിയിൽ ഇടപെടുന്ന പ്രകൃതം ഒരിക്കലും അക്കാര്യങ്ങൾ ഞങ്ങൾക്കു നഷ്ടപ്പെടുത്തില്ലെന്ന് എനിക്കുറപ്പുണ്ട്. അതുപോലെതന്നെ താങ്കൾ തുടർന്നും സഭയ്ക്കു പ്രയോജനപ്രദമാകും.

ഇതോടൊപ്പം, സഭയ്ക്കുവേണ്ടിയും രാജ്യത്തിനാകെവേണ്ടിയും താങ്കൾക്കു ഞാൻ ആശംസകൾ അറിയിക്കുന്നു.

നന്ദി.

–ND–