പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ലോക് കല്യാൺ മാർഗ് 7 ലെ അദ്ദേഹത്തിൻ്റെ വസതിയിൽ, രാജ്യം നേരിടുന്ന ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യവും മൺസൂൺ ആരംഭത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി യോഗം ചേർന്നു.
രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഉള്ളതായി പ്രധാനമന്ത്രിയെ അറിയിച്ചു. ഈ വർഷം, രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മൺസൂൺ സാധാരണ നിലയിലോ സാധാരണ നിലയെക്കാൾ കൂടുതലോ ആയിരിക്കുമെന്നും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ സാധാരണ നിലയിലും കുറവായിരിക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
തീപിടിത്തങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കൃത്യമായ പരിശീലനങ്ങൾ പതിവായി നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും ഇലക്ട്രിക്കൽ സുരക്ഷാ ഓഡിറ്റും പതിവായി നടത്തണം. വനങ്ങളിലെ ഫയർ ലൈനുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തണമെന്നും ജൈവവസ്തുക്കളുടെ ഉൽപ്പാദനക്ഷമമായ ഉപയോഗത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുതീ സമയബന്ധിതമായി തിരിച്ചറിയുന്നതിനും നിയന്ത്രണത്തിനുമായുള്ള “വൻ അഗ്നി” പോർട്ടലിൻ്റെ പ്രയോജനത്തെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി, എൻഡിആർഎഫ് ഡയറക്ടർ ജനറൽ , എൻഡിഎംഎ മെമ്പർ സെക്രട്ടറി എന്നിവരും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
–SK–