Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തെ പ്രഥമ സമ്പൂര്‍ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

രാജ്യത്തെ പ്രഥമ സമ്പൂര്‍ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, കേന്ദ്ര മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, സഹമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ, സഹമന്ത്രി ശ്രീ മുരളീധരന്‍, വേദിയിലുള്ള മറ്റ് വിശിഷ്ടാതിഥികളെ,
സുഹൃത്തുക്കളെ,
നമസ്‌കാരം കൊച്ചി. നമസ്‌കാരം കേരളം. അറബിക്കടലിന്റെ റാണി എപ്പോഴും അത്ഭുതമാണ്. നിങ്ങളോടൊപ്പം നില്‍ക്കുക എന്നത് എന്നെ വളരെ ആഹ്ളാദിപ്പിക്കുന്നു. ഇന്ന് നാം ഇവിടെ സന്നിഹിതരായിരിക്കുന്നത് വികസനം ആഘോഷിക്കുന്നതിന്. കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം. വിപുലമായ മേഖലകളിലെ കര്‍മ്മ പരിപാടികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ സഞ്ചാരപഥത്തെ അവ ഉത്തേജിപ്പിക്കും.
സുഹൃത്തുക്കളെ,
രണ്ടു വര്‍ഷം മുമ്പ് ഞാന്‍ കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ വന്നിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനിക ശുദ്ധീകരണ ശാലകളില്‍ ഒന്നാണ് അത്. വീണ്ടും ഒരിക്കല്‍ കൂടി കൊച്ചിയില്‍ നിന്ന് നാം രാഷ്ടത്തിന് സമര്‍പ്പിക്കുകയാണ്, കൊച്ചി റിഫൈനറിയുടെ പ്രൊപ്പലിന്‍ ഡെറിവേറ്റിവ്സ് പെട്രോകെമിക്കല്‍ സമുച്ചയം. സ്വയം പര്യാപ്തതയിലേക്കുള്ള നമ്മുടെ യാത്രയെ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. ഈ സമുച്ചയം വിദേശ നാണ്യ സമ്പാദത്തിനും സഹായകരമാകും. ബൃഹത് വ്യവസായങ്ങള്‍ നേട്ടങ്ങളുണ്ടാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും.
സുഹൃത്തുക്കളെ,
കൊച്ചി വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും നഗരമാണ്. സമയമാണ് മുഖ്യമെന്ന് ഈ നഗരത്തിലെ ജനങ്ങള്‍ക്ക് അറിയാം. കൃത്യമായ സമ്പര്‍ക്കത്തിന്റെ പ്രാധാന്യം അവര്‍ അംഗീകരിക്കും. അതുകൊണ്ടാണ് റോ റോ യാനങ്ങളുടെ രാഷ്ട്ര സമര്‍പ്പണം സവിശേഷമാകുന്നത്. റോഡു മാര്‍ഗ്ഗമുള്ള മുപ്പതു കിലോമീറ്റര്‍ ദൂരം ജലപാതയിലൂടെ വെറും മൂന്നര കിലോമീറ്റര്‍ ആയി മാറും. ഇതിനര്‍ത്ഥം സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുമ്പോള്‍ വ്യവസായങ്ങളും അഭിവൃദ്ധിപ്പെടുന്നു. ശേഷി വികസനം അഭിവൃദ്ധിപ്പെടുന്നു. തിക്കും തിരക്കും കുറയുന്നു. പരിസരമലിനീകരണം കുറയുന്നു, ഗതാഗത ചെലവുകള്‍ കുറയുന്നു.
സുഹൃത്തുക്കളെ,
വിനോദ സഞ്ചാരികള്‍ കൊച്ചിയിലേയ്ക്കു വരുന്നത് കേരളത്തിന്റെ ഇതര ഭാഗങ്ങളിലേയ്ക്കുള്ള സംക്രമ കേന്ദ്രം എന്ന നിലയില്‍ മാത്രമല്ല. ഇവിടുത്തെ സംസ്‌കാരം, ഭക്ഷണം, ബീച്ചുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍, ആധ്യാത്മിക ഇടങ്ങള്‍ തുടങ്ങിയവയുടെ പ്രശസ്തി കൊണ്ടു കൂടിയാണ്. ഇവിടുത്തെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുക്കുകയാണ്. കൊച്ചിയിലെ അന്താരാഷ്ട്ര യാത്രാ കപ്പല്‍ ടെര്‍മിനലായ സാഗരികയുടെ ഉദ്ഘാടനം ഇതിന് ഒരു ഉദാഹരണം മാത്രമാണ്. സാഗരിക ക്രൂയിസ് ടെര്‍മിനല്‍ വിനോദ സഞ്ചാരികള്‍ക്ക് ഒരേ സമയം സൗകര്യവും സുഖവും പ്രദാനം ചെയ്യും. ഒരു ലക്ഷത്തിലധികം ക്രൂയിസ് അതിഥികളുടെ ആവശ്യങ്ങളും നിറവേറ്റപ്പെടും.
സുഹൃത്തുക്കളെ,
കഴിഞ്ഞ ചുരുക്കം മാസങ്ങളായി ഞാന്‍ ചിലതു കാണുകയാണ്. അനേകം ആളുകളാണ് എനിക്ക് എഴുതുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രാദേശിക യാത്രകളെ സംബന്ധിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കകയും ചെയ്യുന്നു. ആഗോള മഹാമാരി അന്താരാഷ്ട്ര യാത്രകളെ മുടക്കിയതുമൂലം ജനങ്ങള്‍ അടുത്തുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. നമുക്കിതു സുവര്‍ണാവസരമാണ്. ഒരു വശത്ത് ഇത് പ്രാദേശിക വിനോദസഞ്ചാര വ്യവസായത്തില്‍ ഉള്ളവര്‍ക്ക് ജീവനോപാധി നല്കി സഹായിക്കുന്നു. മറുവശത്ത് നമ്മുടെ യുവജനങ്ങളും നമ്മുടെ സംസ്‌കാരവും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. കൂടുതല്‍ കാണാനും പഠിക്കാനും കണ്ടെത്താനും ഉണ്ട്.
വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളെ കുറിച്ചു ചിന്തിക്കൂ എന്നാണ് ചെറുപ്പക്കാരായ നമ്മുടെ നവസംരംഭക സുഹൃത്തുക്കളോട് എനിക്കു പറയാനുള്ളത്. നിങ്ങള്‍ എല്ലാവരും ഈ സമയം പ്രയോജനപ്പെടുത്തണമെന്നും, സാധിക്കുന്നത്ര അടുത്തുള്ള സ്ഥലങ്ങളിലേയ്ക്കു യാത്ര നടത്തണം എന്നും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ വിനോദസഞ്ചാര മേഖല തൃപ്തികരമായി വളരുകയാണ് എന്നറിയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകാം. ആഗോള വിനോദ സഞ്ചാര സൂചികയില്‍ നാം അറുപത്തി അഞ്ചില്‍ നിന്ന് മുപ്പത്തി നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. പക്ഷെ ഇനിയും കൂടുതല്‍ ചെയ്യുവാനുണ്ട്. കൂടുതല്‍ മെച്ചപ്പെടും എന്ന് എനിക്ക് ആത്മവിശ്വാസവും ഉണ്ട്.
സുഹൃത്തുക്കളെ,
സാമ്പത്തിക വികസനത്തെ രൂപപ്പെടുത്തുന്ന രണ്ട് സുപ്രധാന ഘടകങ്ങള്‍ ശേഷി വികസനവും ഭാവി വികസനാവശ്യങ്ങള്‍ക്കുള്ള ആധുനിക അടിസ്ഥാന സൗകര്യ നിര്‍മ്മിതിയുമാണ്. അടുത്ത രണ്ടു വികസന പ്രവര്‍ത്തനങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പുതിയ കോളേജ് ആണ് വിജ്ഞാന്‍ സാഗര്‍. ഇതുവഴി നാം നമ്മുടെ മനുഷ്യവിഭവശേഷി മൂലധനം വികസിപ്പിക്കുകയാണ്. ശേഷി വികസനത്തിന്റെ പ്രാധാന്യമാണ് ഈ കോളജ് പ്രതിഫലിപ്പിക്കുന്നത്. മറൈന്‍ എന്‍ജിനിയറിംങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇതു പ്രത്യേകമായി സഹായിക്കും. വരാനിരിക്കുന്ന കാലത്ത് ഈ മേഖലയുടെ പ്രധാന കേന്ദ്രമായി ഇതു മാറുന്നത് ഞാന്‍ കാണുന്നു. ഈ മണ്ഡലത്തില്‍ അറിവുള്ള ചെറുപ്പക്കാര്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഞാന്‍ മുമ്പു സൂചിപ്പിച്ചതു പോലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിലവിലുള്ള ശേഷി വര്‍ദ്ധന ആവശ്യമാണ്. ഇവിടെ നാം സൗത്ത് കോള്‍ ബര്‍ത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും ശിലയിടുകയാണ്. ഇത് ചരക്കു നീക്ക ചെലവുകള്‍ കുറയ്ക്കുകയും ചരക്കു കപ്പലുകള്‍ക്കു നങ്കൂരമിടാനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. വ്യാപാര പുരോഗതിക്ക് രണ്ടും നിര്‍ണായകമാണ്.
സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യം എന്ന പദത്തിന്റെ നിര്‍വചനവും സാധ്യതതയും മാറിയിരിക്കുന്നു. നല്ല റോഡുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നഗര കേന്ദ്രങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിനുമൊക്കെ അപ്പുറത്താണ് അത്. ഉയര്‍ന്ന അളവിലും ഉന്നത ഗുണമേന്മയിലുമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് വരാന്‍ പോകുന്ന തലമുറകള്‍ക്കായി നാം അന്വേഷിക്കുന്നത്. ദേശീയ അടിസ്ഥാന സൗകര്യ നടപടിക്രമത്തിലൂടെ നൂറ്റിപ്പത്തു ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ സൃഷ്ടിക്കായി നിക്ഷേപിക്കുന്നത്. അതില്‍ പ്രത്യേക ശ്രദ്ധ തീരദേശങ്ങള്‍ക്കും വടക്കു കിഴക്കിനും പര്‍വത മേഖലകള്‍ക്കും ഉണ്ട്. ഓരോ ഗ്രാമങ്ങളെയും ബ്രോഡ് ബ്രാന്‍ഡ് വഴി ബന്ധിപ്പിക്കുക എന്ന മഹാ പദ്ധതിക്ക് ഇന്ന് ഇന്ത്യ തുടക്കം കുറിച്ചു കഴിഞ്ഞു. അതുപോലെ തന്നെ നമ്മുടെ നീല സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനും ഇന്ത്യ ഉന്നത പ്രാധാന്യമാണ് നല്കുന്നത്.  കൂടുതല്‍ തുറമുഖങ്ങള്‍, നിലവിലുള്ള തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ആഴക്കടല്‍ ഊര്‍ജ്ജം, സുസ്ഥിര തീരദേശ വികസനം, തീരദേശ സമ്പര്‍ക്കം തുടങ്ങിയവയാണ് ഈ മേഖലയിലെ നമ്മുടെ കാഴ്ച്ചപ്പാടും പ്രവര്‍ത്തനവും. ഈ തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന്‍മന്ത്രി മത്സ്യ സമ്പാദ യോജന. മത്സ്യതൊഴിലാളി സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ ഈ പദ്ധതി നിറവേറ്റുന്നു. കൂടുതല്‍ വായ്പ ഉറപ്പാക്കാനും ഈ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. മത്സ്യതൊഴിലാളികളെയും കിസാന്‍ ക്രെഡിറ്റു കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ കടല്‍ വിഭവ കയറ്റുമതിയുടെ ഹബ്ബാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. കടല്‍പായല്‍ കൃഷി കൂടുതല്‍ ജനകീയമാകുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്. മത്സ്യ ബന്ധന മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കു വയ്ക്കുന്നതിന് ഗവേഷകരെയും നിക്ഷേപകരെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഇത് കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ മത്സ്യതൊഴിലാളികള്‍ക്ക് വലിയ ബഹുമതിയാവും.
സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് പ്രയോജനകരമായ പദ്ധതികളും വിഭവങ്ങളും ഉണ്ട്. കൊച്ചിന്‍ മെട്രോയുടെ അടുത്ത ഘട്ടം ഇതില്‍ ഉള്‍പ്പെടും. ഈ മെട്രോ ശൃംഖല വിജയകരമായി പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല തൊഴില്‍ ശൈലിയ്ക്കും പ്രവര്‍ത്തന രീതിയ്ക്കും അത് മികച്ച ഉദാഹരണവുമാണ്.
പോയവര്‍ഷം, മനുഷ്യവംശം മുമ്പെങ്ങും കാണാത്ത വെല്ലുവിളിയെയാണ് നേരിട്ടത്. 130 കോടി ഇന്ത്യക്കാരില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ചുകൊണ്ട് നാം കോവിഡ് 19 ന് എതിരെയുള്ള പോരാട്ടം ഉജ്വലമാക്കി. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളുടെ ആവശ്യങ്ങളോട് ഗവണ്‍മെന്റ് എന്നും വളരെ സചേതന സമീപനമാണ് സ്വീകരിച്ചത്. ഗള്‍ഫിലുള്ള ഇന്ത്യന്‍ സമൂഹം നമുക്ക് എന്നും അഭിമാനമാണ്. കഴിഞ്ഞ പ്രാവശ്യത്തെ എന്റെ സൗദി, ഖത്തര്‍, യു എ ഇ , ബഹറൈന്‍ സന്ദര്‍ശനവേളയില്‍ അവര്‍ക്കൊപ്പം കുറെ സമയം ചെലവഴിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി ഞാന്‍ കരുതുന്നു. ഞാന്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, അവരുമായി സംസാരിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 50 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ വീടുകളില്‍ മടങ്ങിയെത്തി. അവരില്‍ ധാരാളം പേര്‍ മലയാളികളായിരുന്നു. ഇതുപോലെ നിര്‍ണായകമായ സമയത്ത് അവരെ സേവിക്കാന്‍ സാധിച്ചത് നമ്മുടെ ഗവണ്‍മെന്റിന് വലിയ അഭിമാനമായി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി ഗള്‍ഫ് ഭരണകൂടങ്ങളും ആ രാജ്യങ്ങളില്‍ തടവില്‍ കഴിഞ്ഞിരുന്ന അനേകം ഇന്ത്യക്കാരെ മോചിപ്പിക്കുകയുണ്ടായി. അത്തരം ആളുകള്‍ക്കു വേണ്ടി ഈ ഗവണ്‍മെന്റ് എന്നും സംസാരിക്കും. ഈ വിഷയത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകള്‍ സ്വീകരിച്ച സമീപനത്തോട് എനിക്കു നന്ദിയുണ്ട്. എന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുഭാവപൂര്‍വം പ്രതികരിക്കുകയും നമ്മുടെ സമൂഹത്തിന് പ്രത്യേക പരിഗണന നല്കുകയും ചെയ്തു. വീണ്ടും തൊഴിലിനായി ആ മേഖലകളിലേയ്ക്കു മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് അവര്‍ മുന്‍ഗണന നല്കുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ നാം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു. ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്നവര്‍ അറിയുക, അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എന്റെ ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണ അവിടെ ഉണ്ട്.
സുഹൃത്തുക്കളെ,
നാം ഇന്ന് ഒരു ചരിത്ര ബിന്ദുവിലാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളിലെ നമ്മുടെ വളര്‍ച്ചാ മുന്നേറ്റത്തെ രൂപപ്പെടുത്തുന്നത് ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. ആഗോള നന്മയ്ക്കായി സംഭാവനകള്‍ അര്‍പ്പിക്കാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഇന്ത്യയ്ക്കു കഴിവുണ്ട്. ഉചിതമായ അവസരങ്ങള്‍ ലഭിച്ചാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് നമ്മുടെ ആളുകള്‍ കാണിച്ചു കൊടുത്തിട്ടുമുണ്ട്. ആ അവസരങ്ങളുടെ സൃഷ്ടിക്കു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാം. ഒപ്പം നമുക്ക് ഒരു ആത്മനിര്‍ഭര്‍ ഭാരതം സൃഷ്ടിക്കുകയും ചെയ്യാം. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരിക്കല്‍ കൂടി കേരള ജനതയ്ക്കു ഞാന്‍ നന്ദി പറയുന്നു.
നിങ്ങള്‍ക്കു നന്ദി, നിങ്ങള്‍ക്കു വളരെ നന്ദി
ഒരായിരം നന്ദി.

 

***