കോവിഡ് -19 അവസ്ഥയെക്കുറിച്ചും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ്
യജ്ഞത്തെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഗവർണർമാരുമായി സംസാരിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ വാക്സിനുകൾക്കൊപ്പം നമ്മുടെ മൂല്യങ്ങളും കടമ ബോധവുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം, തങ്ങളുടെ കടമയായി കണ്ട് ഈ യുദ്ധത്തിൽ പങ്കെടുത്ത പൗരന്മാരെ പ്രശംസിച്ച അദ്ദേഹം, ജനപങ്കാളിത്തത്തിന്റെ അതേ വികാരം ഇപ്പോൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഗവർണർമാരുടെ പങ്ക്, അവരുടെ സാമൂഹിക ശേഷി ഉചിതമായ രീതിയിൽ വിനിയോഗിക്കുന്നതിലൂടെ, ഇത് നേടുന്നതിന് കൂടുതൽ നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവൺമെന്റുകളും സമൂഹവും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന കണ്ണിയായ ഗവർണർമാർ, സാമൂഹ്യ സംഘടനകൾ , രാഷ്ട്രീയ പാർട്ടികൾ, ഗവൺമെന്റിതര സംഘടനകൾ , സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ സംയോജിത ശക്തി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷ്മ നിയന്ത്രണത്തിനായി സാമൂഹിക സ്ഥാപനങ്ങൾ സംസ്ഥാന ഗവൺമെന്റുകളുമായി പരിധിയില്ലാതെ സഹകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഗവർണർമാർക്ക് സജീവമായി ഇടപെടാൻ കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ആശുപത്രികളിലെ ആംബുലൻസുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിൽ അവരുടെ സാമൂഹ്യ ശൃംഘലയ്ക്ക് സഹായിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ആയുഷുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചും ഗവർണർമാർക്ക് അവബോധം പകരാൻ കഴിയും.
നമ്മുടെ യുവജനങ്ങളും, തൊഴിൽ ശക്തിയും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാൽ, കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും മുൻകരുതലുകളും നമ്മുടെ യുവജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനപെട്ടതാണ് . സർവ്വകലാശാല കാമ്പസുകളിലെ നമ്മുടെ വിദ്യാർത്ഥികളുടെ ഈ ഇടപഴകൽ ഉറപ്പുവരുത്തുന്നതിൽ ഗവർണർമാരുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകളിലെയും , കോളേജ് കാമ്പസുകളിലെയും സൗകര്യങ്ങൾ നന്നായി വിനിയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെപ്പോലെ എൻസിസിക്കും എൻഎസ്‌എസിനും ഈ വർഷം പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ യുദ്ധത്തിൽ ഗവർണർമാർ ജനപങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണെന്നും സംസ്ഥാന ഗവൺമെന്റുകളുമായുള്ള അവരുടെ ഏകോപനവും സംസ്ഥാന സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശവും രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർധനയെക്കുറിച്ച് ചർച്ച ചെയ്ത പ്രധാനമന്ത്രി, വൈറസിനെതിരായ പോരാട്ടത്തിന്റെ ഈ ഘട്ടത്തിൽ, കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ നിന്നും വർധിച്ച ആരോഗ്യസംരക്ഷണ ശേഷിയിൽ നിന്നും നേട്ടമുണ്ടാക്കാൻ കഴിയണമെന്ന് പറഞ്ഞു. ആർടിപിസിആർ പരിശോധനാ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. കിറ്റുകളുടെയും മറ്റു പരിശോധനാ സാമഗ്രികളുടെയും കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തമായി മാറിയിട്ടുണ്ട്. ഇതെല്ലാം ആർടിപിസിആർ പരിശോധനകളുടെ ചിലവ് കുറയ്ക്കുന്നതിന് കാരണമായി. പരിശോധനയുമായി ബന്ധപ്പെട്ട മിക്ക ഉൽപ്പന്നങ്ങളും ജിഎം പോർട്ടലിൽ ലഭ്യമാണ്. പിന്തുടരൽ , കണ്ടെത്തൽ , പരിധോധന എന്നിവ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ആർടിപിസിആർ പരിശോധന 60% ൽ നിന്ന് 70% ആക്കേണ്ടതുണ്ടെന്നും പറഞ്ഞു. കൂടുതൽ കൂടുതൽ ആളുകൾ പരിശോധിക്ക ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിനുകളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നതിൽ പ്രധാനമന്ത്രി അടിവരയിട്ടു. കഴിഞ്ഞ നാല് ദിവസങ്ങളിലെ ടിക്ക ഉത്സവത്തിന്റെ ഗുണപരമായ സ്വാധീനം ചൂണ്ടിക്കാട്ടിക്കൊണ്ട്, 10 കോടി പ്രതിരോധ കുത്തിവയ്പുകളെന്ന നാഴികക്കല്ലിൽ അതിവേഗമെത്തിയ രാജ്യമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ കാലയളവിൽ പ്രതിരോധ കുത്തിവയ്പ് യജ്ഞം വിപുലീകരിക്കുകയും പുതിയ വാക്സിനേഷൻ കേന്ദ്രങ്ങളും നിലവിൽ വരികയും ചെയ്തു.
ആശയവിനിമയം
ഉപരാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവരും ആശയവിനിമയത്തിൽ പങ്കെടുത്തു.
കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയതിന് പ്രധാനമന്ത്രിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയ്ക്കും ലോകമെമ്പാടും ഒരു വാക്സിൻ നൽകുന്നതിൽ ശാസ്ത്ര സമൂഹത്തിന്റെ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു. മഹാമാരിയുടെ സമയത്ത് നിർണായക പങ്ക് വഹിച്ച ആരോഗ്യ പ്രവർത്തകർ, ശുചിത്വ തൊഴിലാളികൾ, മറ്റ് മുൻനിര പ്രവർത്തകർ എന്നിവരുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കോവിഡ് അനുസൃത പെരുമാറ്റത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് അതത് സംസ്ഥാനങ്ങളിലെ സർവ്വ കക്ഷി യോഗങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടും പൊതു സമൂഹത്തിലെ സംഘടനകളുമായി ഇടപഴകുന്നതിലൂടെയും ഏകോപിതമായ ഒരു മുന്നണി രൂപീകരിക്കാൻ ഉപരാഷ്ട്രപതി ഗവർണർമാരോട് ആവശ്യപ്പെട്ടു. നയരേഖകൾ മറികടന്ന് ‘ടീം ഇന്ത്യ സ്പിരിറ്റ്’ കൈക്കൊള്ളേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ ഗവർണർമാർക്ക് ‘സംസ്ഥാനത്തിന്റെ രക്ഷാധികാരികൾ’ എന്ന നിലയിൽ സംസ്ഥാന ഗവൺമെന്റുകളെ നയിക്കാനാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഓരോ ജീവൻ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആഭ്യന്തരമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡ് കേസുകൾ, പ്രതിരോധ കുത്തിവയ്പ് യജ്ഞം എന്നിവയെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി അവതരണം നൽകി. ഈ ശ്രമത്തിൽ ഇന്ത്യ എങ്ങനെ സജീവവും മുൻകൂട്ടിയുള്ള സമീപനവും പിന്തുടർന്നു എന്നതിനെക്കുറിച്ച് അദ്ദേഹം ഒരു അവലോകനം നൽകി.
വൈറസിന്റെ വ്യാപനത്തെ അതാത് സംസ്ഥാനങ്ങൾ എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ് യജ്ഞം സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചുമുള്ള വിവരങ്ങൾ ഗവർണർമാർ പങ്കുവെച്ചു, അതേസമയം സംസ്ഥാനങ്ങളിലെ ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതകളെക്കുറിച്ചും പരാമർശിച്ചു.
ശ്രമങ്ങളുടെ കൂടുതൽ പുരോഗതിയ്ക്കായുള്ള നിർദ്ദേശങ്ങൾ അവർ നൽകി.വിവിധ ഗ്രൂപ്പുകളുടെ സജീവമായ സാമൂഹിക ഇടപെടലിലൂടെ ജനപങ്കാളിത്തം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള പദ്ധതികളും പങ്കുവെച്ചു.
*****
PM interacts with the Governors on Covid-19 situation and Vaccination Drive in the country. https://t.co/9KwHDjmW43
— PMO India (@PMOIndia) April 14, 2021
via NaMo App pic.twitter.com/pnjE2QFccd