Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ജോധ്പൂരില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

രാജസ്ഥാനിലെ ജോധ്പൂരില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം


വേദിയില്‍ സന്നിഹിതരായിരിക്കുന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരും ഈ നാടിന്റെ ‘സേവകരു’ce/ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കൈലാഷ് ചൗധരി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മന്ത്രി ഭജന്‍ ലാല്‍, പാര്‍ലമെന്റ് അംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ശ്രീ സി.പി. ജോഷി ജി, നമ്മുടെ മറ്റ് എംപിമാര്‍, മുഴുവന്‍ ജനപ്രതിനിധികളേ, മഹതികളേ, മാന്യരേ,

വീര്‍ ദുര്‍ഗാദാസ് റാത്തോഡിന്റെ ധീരഭൂമിയായ മണ്ടോറിനു ഞാന്‍ പ്രഥമപ്രധാനമായി ഹൃദയംഗമമായ ആദരവ് അര്‍പ്പിക്കുന്നു. ഇന്ന്, ജോധ്പൂരിലെ പുണ്യഭൂമിയായ മാര്‍വാറില്‍ നിരവധി സുപ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു. കഴിഞ്ഞ 9 വര്‍ഷമായി, രാജസ്ഥാന്റെ വികസനത്തിനായുള്ള ഞങ്ങളുടെ നിരന്തര പ്രയത്നങ്ങള്‍ പ്രകടമാണ്; അതിന്റെ ഫലം നാമെല്ലാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വികസന സംരംഭങ്ങളുടെ പേരില്‍ നിങ്ങളെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്തിന്റെ വീര്യം, സമൃദ്ധി, സംസ്‌കാരം എന്നിവ പ്രതിഫലിപ്പിക്കുന്ന പുരാതന ഭാരത മഹത്വത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഒരു സംസ്ഥാനമാണ് രാജസ്ഥാന്‍. അടുത്തിടെ ജോധ്പൂരില്‍ നടന്ന ജി20 ഉച്ചകോടിക്ക് ലോകമെമ്പാടുമുള്ള അതിഥികളുടെ പ്രശംസ ലഭിച്ചു. അവര്‍ നമ്മുടെ രാജ്യത്തെ പൗരന്മാരായാലും വിദേശ വിനോദസഞ്ചാരികളായാലും, എല്ലാവരും ഒരിക്കലെങ്കിലും സൂര്യനഗരം ജോധ്പൂര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. പ്രാദേശിക കരകൗശലവസ്തുക്കളുടെ ആവേശത്തോടൊപ്പം മെഹ്റാന്‍ഗഡിലെയും ജസ്വന്ത് താഡയിലെയും മണല്‍ നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ അന്വേഷണത്വരയോടെ സഞ്ചരിക്കാനുള്ള ആഗ്രഹം സ്പഷ്ടമാണ്. അതിനാല്‍, ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തെ പ്രതിനിധീകരിക്കുന്ന രാജസ്ഥാന്‍ ഭാരതത്തിന്റെ ഭാവിയെ പ്രതീകപ്പെടുത്തുന്നു എന്നത് നിര്‍ണായകമാണ്. മേവാര്‍ മുതല്‍ മാര്‍വാര്‍ വരെയുള്ള രാജസ്ഥാന്‍ മുഴുവനും വികസനത്തിന്റെ ഉന്നതിയിലെത്തുകയും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം നടക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ. ബിക്കാനീറില്‍ നിന്ന് ജയ്സാല്‍മീറിലേക്കുള്ള എക്സ്പ്രസ് വേ ഇടനാഴി, ജോധ്പൂരിലൂടെ ബന്ധിപ്പിക്കുന്നത് രാജസ്ഥാനിലെ ആധുനിക, ഹൈടെക് അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ഉദാഹരണമാണ്. കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് രാജസ്ഥാനിലെ എല്ലാ മേഖലകളിലും റെയില്‍, റോഡ് ഉള്‍പ്പെടെ എല്ലാ ദിശകളിലും അതിവേഗം പ്രവര്‍ത്തിക്കുകയാണ്.

രാജസ്ഥാനിലെ റെയില്‍വേ വികസനത്തിനായി ഈ വര്‍ഷം മാത്രം 9,500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മുന്‍ ഗവണ്‍മെന്റിന്റെ വാര്‍ഷിക ശരാശരി ബജറ്റിനേക്കാള്‍ 14 മടങ്ങ് കൂടുതലാണ് ഈ ബജറ്റ്. ഞാന്‍ രാഷ്ട്രീയ പ്രസ്താവന നടത്തുകയല്ല; ഞാന്‍ വസ്തുതാപരമായ വിവരങ്ങള്‍ നല്‍കുകയാണ്, അല്ലെങ്കില്‍ മാധ്യമങ്ങള്‍ ‘മോദിയുടെ വലിയ ആക്രമണം’എന്ന് എഴുതും. സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെയുള്ള ദശകങ്ങളില്‍ രാജസ്ഥാനില്‍ 600 കിലോമീറ്റര്‍ റെയില്‍ പാതകള്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 3,700 കിലോമീറ്ററിലധികം റെയില്‍പ്പാതകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം ഇലക്ട്രിക് എന്‍ജിനുള്ള ട്രെയിനുകള്‍ ഇനി ഈ പാതകളിലൂടെ ഓടും. ഇത് രാജസ്ഥാനിലെ മലിനീകരണം കുറയ്ക്കുക മാത്രമല്ല, വായു ശുദ്ധമായി സൂക്ഷിക്കുകയും ചെയ്യും. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍, ഞങ്ങള്‍ രാജസ്ഥാനില്‍ 80 ലധികം റെയില്‍വേ സ്റ്റേഷനുകള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയാണ്. സമ്പന്നര്‍ പോകുന്നിടത്ത്, പലയിടത്തും അതിമനോഹരമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവണതയുണ്ടെങ്കിലും, മോദിയുടെ ലോകം വ്യത്യസ്തമാണ്. പാവപ്പെട്ടവരോ ഇടത്തരക്കാരോ ആയ ഒരാള്‍ എവിടെ പോയാലും ഞാന്‍ ആ റെയില്‍വേ സ്റ്റേഷനെ വിമാനത്താവളത്തേക്കാള്‍ മികച്ച സൗകര്യമുള്ളതാക്കി മാറ്റും. ഇതില്‍ നമ്മുടെ ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടുന്നു.

സഹോദരീ സഹോദരന്മാരേ,

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട റോഡ്, റെയില്‍ പദ്ധതികള്‍ ഈ വികസന പ്രചാരണത്തിന് കൂടുതല്‍ ആക്കം കൂട്ടും. റെയില്‍ പാത ഇരട്ടിപ്പിക്കുന്നത് യാത്രാ സമയം കുറയ്ക്കുകയും സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജയ്സാല്‍മീര്‍-ഡല്‍ഹി എക്സ്പ്രസ് ട്രെയിനും മാര്‍വാര്‍-ഖാംബ്ലി ഘട്ട് ട്രെയിനും ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനും അവസരം ലഭിച്ചു. ഇന്ന് ഇവിടെ മൂന്ന് റോഡ് പദ്ധതികള്‍ക്കും തറക്കല്ലിടുന്നു. ജോധ്പൂര്‍, ഉദയ്പൂര്‍ വിമാനത്താവളങ്ങളിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും നടന്നു. ഈ വികസന പദ്ധതികളെല്ലാം ഈ പ്രദേശത്തിന്റെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. രാജസ്ഥാനിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും അവ സംഭാവന നല്‍കും.

സുഹൃത്തുക്കളേ,

മെഡിക്കല്‍, എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ രാജസ്ഥാന്‍ വേറിട്ട വ്യക്തിത്വം കൊത്തിവച്ചിട്ടുണ്ട്. കോട്ടാ എണ്ണമറ്റ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും രാജ്യത്തിനായി സൃഷ്ടിച്ചു. രാജസ്ഥാനെ വിദ്യാഭ്യാസത്തിന്റെ ഒരു കേന്ദ്രം മാത്രമല്ല, മെഡിക്കല്‍, എന്‍ജിനീയറിംഗ് മികവിന്റെ കേന്ദ്രം കൂടിയാക്കി പുതിയ ഉയരങ്ങളിലെത്താനാണ് ഞങ്ങളുടെ ശ്രമം. ഇതിനായി ജോധ്പൂരിലെ എയിംസില്‍ ട്രോമ, അത്യാഹിത, തീവ്രപരിചരണം എന്നിവയ്ക്കുള്ള വിപുലമായ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് അടിസ്ഥാന സൗകര്യ ദൗത്യത്തിനു കീഴില്‍ ജില്ലാ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളും സ്ഥാപിക്കുന്നുണ്ട്. എയിംസ് ജോധ്പൂര്‍, ഐഐടി ജോധ്പൂര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാജസ്ഥാനില്‍ മാത്രമല്ല, രാജ്യത്തിനാകെയുള്ള പ്രധാന സ്ഥാപനങ്ങളായി മാറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

എയിംസും ഐഐടി ജോധ്പൂരും വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ രംഗത്തെ പുതിയ സാധ്യതകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോബോട്ടിക് സര്‍ജറി പോലുള്ള ഹൈടെക് വൈദ്യശാസ്ത്ര സാങ്കേതികവിദ്യകള്‍ ഗവേഷണത്തിലും വ്യവസായത്തിലും ഭാരതത്തിന് പുതിയ ഉയരങ്ങളിലെത്താന്‍ വഴിയൊരുക്കും. ഇത് മെഡിക്കല്‍ ടൂറിസത്തിനും ഉയര്‍ച്ച നല്‍കും.

സുഹൃത്തുക്കളേ,

പ്രകൃതിയെയും പരിസ്ഥിതിയെയും സ്‌നേഹിക്കുന്നവര്‍ നെഞ്ചേറ്റുന്ന നാടാണ് രാജസ്ഥാന്‍. ഗുരു ജംഭേശ്വരും ബിഷ്ണോയി സമൂഹവും നൂറ്റാണ്ടുകളായി ഈ ജീവിതശൈലി നയിക്കുന്നു; ഇന്നു ലോകം മുഴുവന്‍ അനുകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതശൈലി. ഈ പൈതൃകത്തെ അടിത്തറയായി ഉപയോഗിച്ചുകൊണ്ട് ഭാരതം ഇന്ന് ലോകത്തെ മുഴുവന്‍ നയിക്കുന്നു. നമ്മുടെ പ്രയത്നങ്ങള്‍ ഒരു വികസിത ഭാരതത്തിന് അടിത്തറയിടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജസ്ഥാന്‍ വികസിക്കുമ്പോള്‍ മാത്രമേ ഭാരതം വികസിപ്പിക്കാനാകൂ. നമ്മള്‍ ഒരുമിച്ച് രാജസ്ഥാനെ സമ്പന്നവും വികസിതവുമാക്കണം. ഈ പ്രതിബദ്ധതയോടെ, ചില പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ ഈ പ്ലാറ്റ്ഫോമില്‍ നിങ്ങളുടെ കൂടുതല്‍ സമയം ഞാന്‍ എടുക്കില്ല. ഇതിനുശേഷം, അന്തരീക്ഷം വ്യത്യസ്തവും മാനസികാവസ്ഥ വ്യത്യസ്തവും ഉദ്ദേശ്യവും വ്യത്യസ്തമായ തുറന്ന സ്ഥലത്തേക്കാണ് ഞാന്‍ പോകുന്നത്. കുറച്ച് മിനിറ്റിനുള്ളില്‍ ഞാന്‍ നിങ്ങളെ തുറന്ന സ്ഥലത്തു കാണും. വളരെ നന്ദി!
…….
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.
….

 

NS