Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടു ദിവസത്തേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മസൂറി എല്‍.ബി.എസ്.എന്‍.എ.എയില്‍; 92-ാമത് ഫൗണ്ടേഷന്‍ കോഴ്‌സിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിച്ചു


ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനി(എല്‍.ബി.എസ്.എന്‍.എ.എ.)ല്‍ നടക്കുന്ന 92-ാമത് ഫൗണ്ടേഷന്‍ കോഴ്‌സിലെ അംഗങ്ങളായ 360 ഓഫീസര്‍ ട്രെയിനികളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എല്‍.ബി.എസ്.എന്‍.എ.എയില്‍ എത്തിയത്.

ഓഫീസര്‍ ട്രെയിനികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് അവരുമായി സജീവവും അനൗദ്യോഗിക സ്വഭാവത്തോടുകൂടിയതുമായ സംവാദമാണു പ്രധാനമന്ത്രി നടത്തിയത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത നാലു മണിക്കൂറോളം നീണ്ട ആശയവിനിമയത്തിനിടെ, ആശയങ്ങളും ചിന്തകളും പേടികൂടാതെ തന്നോടു തുറന്നുപറയാന്‍ ഓഫീസര്‍ ട്രെയിനികളോട് പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ഭരണം, സാങ്കേതികവിദ്യ, നയരൂപീകരണം തുടങ്ങി പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഭരണപരമായ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും ഗവേഷണം ചെയ്യാനും തയ്യാറാകണമെന്നും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ദേശീയവീക്ഷണം വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മിപ്പിച്ചു. ചര്‍ച്ചയ്ക്കിടെ ഏറെ അനുഭവങ്ങള്‍ പങ്കുവെക്കപ്പെട്ടു.

അക്കാദമിയിലെ അധ്യാപകരുമായും പ്രധാനമന്ത്രി സംവദിച്ചു. ഇന്ത്യയുടെ സിവില്‍ സെര്‍വന്റുകളെ പരിശീലിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പ്രധാനമന്ത്രിക്കുമുന്നില്‍ അധ്യാപകര്‍ വിശദീകരിച്ചു.

എല്‍.ബി.എസ്.എന്‍.എ.എയിലുള്ള മികച്ച നിലവാരമുള്ള ഗാന്ധി സ്മൃതി ലൈബ്രറി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഓഫീസര്‍ ട്രെയിനികള്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്തു.

അക്കാദമിയില്‍ എത്തിയ ഉടന്‍ സര്‍ദാര്‍ പട്ടേലിന്റെയും മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും പ്രതിമകളില്‍ പ്രധാനമന്ത്രി പുഷ്പാഞ്ജലിയര്‍പ്പിച്ചിരുന്നു.

ക്യാബിനറ്റ് സെക്രട്ടറി ശ്രീ.പി.കെ.സിന്‍ഹ, എല്‍.ബി.എസ്.എന്‍.എ.എ. ഡയറക്ടര്‍ ശ്രീമതി ഉപ്മ ചൗധരി എന്നിവരും സന്നിഹിതരായിരുന്നു.

******