Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.പി.എസ്.സിയും മൗറീഷ്യസ് പബ്ലിക് സര്‍വീസ് കമ്മിഷനും


തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനും(യു.പി.എസ്.സി) മൗറീഷ്യസ് പബ്ലിക് സര്‍വീസ് കമ്മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
യു.പി.എസ്.സിയും മൗറീഷ്യസ് പബ്ലിക് സര്‍വീസ് കമ്മിഷനും തമ്മിലുള്ള ബന്ധം ഈ ധാരണാപത്രത്തിലൂടെ കൂടുതല്‍ ദൃഢമാകും. നിയമന മേഖലയില്‍ ഇരുസ്ഥാപനങ്ങള്‍ക്കുമുള്ള പരിചയവും വൈവിധ്യവും പങ്കുവയ്ക്കുന്നതിന് ഇത് സൗകര്യമൊരുക്കും.
ധാരണാപത്രത്തിലൂടെ ഇരു രാജ്യങ്ങളിലെയും പബ്ലിക് സര്‍വീസ് കമ്മിഷനുകള്‍ തമ്മിലുള്ള സ്ഥാപനപരമായ ബന്ധം വികസിക്കും. മൗറീഷ്യസിലെ പി.എസ്.സിയും യു.പി.എസ്.സിയും തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തി നിര്‍വചിക്കപ്പെടുകയും സഹകരണത്തിന്റെയും കര്‍ത്തവ്യങ്ങളുടെയും മേഖലകള്‍ തീരുമാനിക്കപ്പെടുകയും ചെയ്യുമെന്ന നേട്ടവുമുണ്ട്. താഴെ പറയുന്ന മേഖലകളില്‍ക്കൂടി സഹകരണം സാധ്യമാകുകയും ചെയ്യും.
1) പൊതുസേവന നിയമനങ്ങളിലെയും തെരഞ്ഞെടുക്കലുകളിലെയും പരിചയസമ്പന്നതയും ആധുനിക സമീപനവും കൈമാറ്റം ചെയ്യുക; പ്രത്യേകിച്ച് യു.പി.എസ്.സിയുടെയും പി.എസ്.സിയുടെയും പ്രവര്‍ത്തനത്തില്‍.
2) രഹസ്യസ്വഭാവമില്ലാത്ത ബുക്കുകള്‍, മാനുവലുകള്‍, രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും പരിചയസമ്പന്നതയും കൈമാറുക.
3) എഴുത്തുപരീക്ഷയുടെ തയാറെടുപ്പിലും കമ്പ്യൂട്ടര്‍ അധിഷ്ഠിത നിയമപരീക്ഷയും ഓണ്‍ലൈന്‍ പരീക്ഷയും നടത്തുന്നതിലും വിവരസാങ്കേതികവിദ്യാ രംഗത്തെ വൈദഗ്ധ്യം പങ്കുവയ്ക്കുക.
4) ത്വരിത പരിശോധനയ്ക്കും അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുമുള്ള ഏകജാലക സംവിധാനത്തിലെ പരിചയം പങ്കുവയ്ക്കുക.
5) പതിവു രീതിയിലുള്ള പരീക്ഷാസമ്പ്രദായത്തില്‍ ഉള്‍പ്പെടെ വിവിധ പ്രക്രിയകളിലുള്ള പരിചയസമ്പന്നതയും വൈദഗ്ധ്യവും പങ്കുവയ്ക്കുക.
6) ഇരുകക്ഷികളുടെയും താല്‍പര്യത്തിനനുസരിച്ചുള്ള വിഷയങ്ങളില്‍ കക്ഷികളുടെ സെക്രട്ടേറിയറ്റ്/ആസ്ഥാനം എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക.
7) അനുവദിച്ചിട്ടുള്ള അധികാരത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ഏജന്‍സികളുടെ നിയമനത്തിന് ആവശ്യമായ കണക്കു പരിശോധനാ പ്രക്രിയകള്‍ക്കും നടപടികള്‍ക്കുമായി സ്വീകരിച്ചിട്ടുള്ള സമ്പ്രദായങ്ങളിലുള്ള പരിചയസമ്പത്തിന്റെ പങ്കുവയ്ക്കല്‍.

പശ്ചാത്തലം
മുന്‍കാലങ്ങളില്‍ കാനഡ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മിഷനുകളുമായി യു.പി.എസ്.സി. ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. 2011 മാര്‍ച്ച് 15 മുതല്‍ 2014 മാര്‍ച്ച് 14 വരെയായിരുന്നു കാനഡയുമായുള്ള ധാരണാപത്രം പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. 2005 നവംബര്‍ 10നാണ് മുന്നുവര്‍ഷത്തേക്ക് റോയല്‍ ഭൂട്ടാന്‍ സിവില്‍ സര്‍വീസ് കമ്മിഷനുമായി (ആര്‍.സി.എസ്.സി) ധാരണാപത്രം ഒപ്പുവച്ചത്. അത് 2011 സെപ്റ്റംബര്‍ ഒന്‍പതിനു മൂന്നുവര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു. അത് 2014 സെപ്റ്റംബര്‍ എട്ടിന് അവസാനിച്ചു. ഈ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂട്ടാനിലെ ആര്‍.സി.എസ്.സി. ഉദ്യോഗസ്ഥര്‍ക്കായി യു.പി.എസ്.സി. പരിശീലന പരിപാടി നടത്തുകയും ബന്ധിപ്പിക്കുകയൂം ചെയ്തിട്ടുണ്ട്. അടുത്തിടെ മൂന്നുവര്‍ഷത്തേക്കായി 2017 മേയ് 29ന് ഭൂട്ടാനിലെ ആര്‍.സി.എസ്.സിയുമായി യു.പി.എസ്.സി. വീണ്ടും ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.