Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എസ്. കോണ്ഗ്രസിന്റെ സംയുക്തസമ്മേളനത്തില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

ബഹുമാനപ്പെട്ട വൈസ് പ്രസിഡന്റ്,

വിശിഷ്ട യു.എസ്. കോണ്ഗ്രസ് അംഗങ്ങളേ,

സഹോദരീസഹോദരന്മാരേ,

യു.എസ്. കോണ്ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യാന് ക്ഷണിക്കപ്പെട്ടതിലൂടെ ഞാന് അങ്ങേയറ്റം ആദരിക്കപ്പെട്ടിരിക്കുകയാണ്.

രാജകീയപ്രൗഢിയുള്ള ഈ മന്ദിരത്തിന്റെ വാതിലുകള് തുറക്കപ്പെട്ടതിനു ബഹുമാനപ്പെട്ട സഭാധ്യക്ഷനു നന്ദി.

ജനാധിപത്യത്തിന്റെ ഈ ക്ഷേത്രം ലോകത്താകമാനമുള്ള മറ്റു ജനാധിപത്യരാഷ്ട്രങ്ങളെ പ്രോല്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിലൂടെ വെളിവാകുന്നത് അബ്രഹാം ലിങ്കന്റെ വാക്കുകളില് ‘സ്വാതന്ത്ര്യത്തില് രൂപപ്പെട്ടതും എല്ലാ മനുഷ്യരും തുല്യരാണെന്ന വിശ്വാസപ്രമാണത്തിന് അനുസരിച്ചു നിലകൊള്ളുന്നതു’മായ ഈ രാഷ്ട്രത്തിന്റെ വികാരമാണ്.

എനിക്ക് ഈ അവസരം തരിക വഴി നിങ്ങള് ആദരിച്ചിരിക്കുന്നത് ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തെയും അവിടത്തെ 125 കോടി ജനങ്ങളെയുമാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രതിനിധിയെന്ന നിലയില് ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാക്കളോടു സംസാരിക്കുക എന്നത് അംഗീകാരം തന്നെയാണ്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

രണ്ടു ദിവസം മുമ്പ്, ഞാന് സന്ദര്ശനം ആരംഭിച്ചത് ഈ മണ്ണിലെ ധീരജവാന്മാര് അന്തിയുറങ്ങുന്ന ആര്ലിങ്ടണ് ദേശീയ സെമിത്തേരിയില്നിന്നാണ്.

സ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്ക്കായി ത്യാഗം ചെയ്യാന് തയ്യാറായ അവരുടെ ധൈര്യത്തോടു ഞാന് ആദരവു പ്രകടിപ്പിച്ചു.

ഡി-ഡേയുടെ 72-ാം വാര്ഷികംകൂടിയായിരുന്നു അന്ന്.

ആ ദിനത്തിലാണ് സ്വാതന്ത്ര്യത്തിന്റെ ദീപം കെടാതെ കാക്കുന്നതിനായി ഈ രാഷ്ട്രത്തില്നിന്നുള്ള ആയിരങ്ങള് തങ്ങള്ക്കറിയാത്ത വിദൂരതീരങ്ങളിലെവിടെയോ പോരാടിയത്.

അവര് ജീവന് ത്യജിക്കാന് തയ്യാറായതുകൊണ്ടാണ് ലോകം സ്വാതന്ത്ര്യം അനുഭവിക്കുന്നത്.

മാനവസമൂഹത്തിനായി സേവനം നടത്തിയ ‘സ്വതന്ത്രരുടെ നാടും ധൈര്യവാന്മാരുടെ ഗൃഹവു’മായ ഇവിടത്തെ സ്ത്രീപുരുഷന്മാരുടെ വലിയ ത്യാഗത്തെ ഞാന് അഭിനന്ദിക്കുന്നു; ഇന്ത്യ അഭിനന്ദിക്കുന്നു.

ഇതിന്റെ അര്ഥമെന്താണെന്ന് ഇന്ത്യക്കു തിരിച്ചറിയാന് സാധിക്കും. കാരണം, ഇതേ ആശയങ്ങള് ഉയര്ത്തിപ്പിടിക്കുന്നതിനായി വിദൂര യുദ്ധഭൂമികകളില് ഞങ്ങളുടെ ജവാന്മാര്ക്കും ജീവന് ബലിയര്പ്പിക്കേണ്ടിവന്നിട്ടുണ്ട്.

അതുകൊണ്ടാണ് ഈ രണ്ടു രാഷ്ട്രങ്ങള്ക്കുമിടയില് സ്വാതന്ത്ര്യത്തിന്റെയും വിശേഷാധികാരത്തിന്റെയും നൂലിഴകള് കരുത്തുറ്റ ബന്ധമായി നിലകൊള്ളുന്നത്.

ബഹുമാനപ്പെട്ട സ്പീക്കര്,

നമ്മുടെ രാഷ്ട്രങ്ങള് വ്യത്യസ്തങ്ങളായ ചരിത്രത്താലും സംസ്കാരത്താലും വിശ്വാസത്താലും പടുത്തുയര്ത്തപ്പെട്ടവയാണ്.

എങ്കിലും, ജനാധിപത്യരാഷ്ട്രത്തെക്കുറിച്ചും ജനങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള നമ്മുടെ വിശ്വാസം ഒന്നുതന്നെയാണ്.

എല്ലാ മനുഷ്യരും സമന്മാരാണെന്ന ആശയമാണ് അമേരിക്കന് ഭരണഘടനയുടെ മുഖ്യസ്തംഭം.

ഞങ്ങളുടെ രാഷ്ട്രത്തിന്റെ സ്ഥാപകനേതാക്കളും ഇതേ ആശയം പിന്പറ്റിയവരായിരുന്നു എന്നു മാത്രമല്ല, അവര് ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും വ്യക്തിഗത സ്വാതന്ത്ര്യം കാംക്ഷിക്കുകയും ചെയ്തു.

ഒരു നവ സ്വതന്ത്രരാഷ്ട്രമെന്ന നിലയില് ഇന്ത്യ ജനാധിപത്യത്തില് വിശ്വാസമര്പ്പിച്ചപ്പോള് സംശയത്തോടെ വീക്ഷിച്ചവരുണ്ട്.

നാം പരാജയപ്പെടുമെന്ന് ഉറപ്പിച്ചവരുണ്ട്.

പക്ഷേ, ഇന്ത്യയിലെ ജനങ്ങള് കുലുങ്ങിയില്ല.

നമ്മുടെ പിതാമഹന്മാര് സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും അടിസ്ഥാനമൂല്യങ്ങളായുള്ള ആധുനിക രാഷ്ട്രം സ്ഥാപിച്ചു.

ഇതു ചെയ്തതാകട്ടെ, കാലങ്ങളായുള്ള നമ്മുടെ നാനാത്വത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു താനും.

ഇപ്പോള് തെരുവുകളിലാവട്ടെ, സ്ഥാപനങ്ങളിലാവട്ടെ; ഗ്രാമങ്ങളിലാവട്ടെ, നഗരങ്ങളിലാവട്ടെ; എല്ലാ മതവിശ്വാസങ്ങള്ക്കും ആദരവു നല്കിക്കൊണ്ടും നൂറുകണക്കിനു ഭാഷകളും അവയുടെ ഉച്ചാരണശൈലികളും നിലനിര്ത്തിക്കൊണ്ടും ഇന്ത്യ ഒന്നായി ജീവിക്കുകയാണ്. ഇന്ത്യ ഒന്നായി വളരുകയും ഒന്നായി സന്തോഷിക്കുകയും ചെയ്യുന്നു.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

ആധുനിക ഇന്ത്യ രൂപീകൃതമായിട്ട് ഇത് എഴുപതാം വര്ഷമാണ്.

എന്റെ ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണു വിശുദ്ധപുസ്തകം.

ആ വിശുദ്ധഗ്രന്ഥത്തില് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും വോട്ടവകാശവും പൗരന്മാരുടെ തുല്യതയും പൗരാവകാശങ്ങളായി ഉയര്ത്തിക്കാട്ടിയിട്ടുണ്ട്.

എന്റെ രാജ്യത്ത് അഞ്ചു വര്ഷത്തിലൊരിക്കല് സമ്മതിദാനാവകാശത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന 80 കോടി പേരുണ്ടായിരിക്കാം.

പക്ഷേ, ഞങ്ങളുടെ 125 കോടി പൗരന്മാരും നിര്ഭയരായി കഴിയുന്നു. ഈ സ്വാതന്ത്ര്യം അവര് ഓരോ നിമിഷവും അനുഭവിക്കുന്നു.

വിശിഷ്ടരായ അംഗങ്ങളേ,

ജനാധിപത്യ ശക്തികളായ നാം തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ് നമ്മുടെ ചിന്തകര് പരസ്പരം സ്വാധീനിക്കപ്പെട്ടു എന്നുള്ളതും ഇരു രാജ്യങ്ങളിലെയും പൗരസമൂഹം എങ്ങനെ രൂപപ്പെട്ടു എന്നതും.

തോറോയുടെ സിവില് ഡിസ്ഒബീഡിയന്സ് എന്ന ആശയം നമ്മുടെ രാഷ്ട്രീയചിന്തകളെ സ്വാധീനിച്ചു.

മാനുഷികതയെ പുല്കാന് ആഹ്വാനംചെയ്തുകൊണ്ടുള്ള തന്റെ പ്രസംഗം മഹാനായ സന്ന്യാസി സ്വാമി വിവേകാനന്ദന് നടത്തിയതു ചിക്കാഗോയിലാണ്.

ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം മാര്ട്ടിന് ലൂതര് കിങ്ങിന്റെ ധീരതയെ സ്വാധീനിച്ചിട്ടുണ്ട്.

ഇപ്പോള്, ടിഡല് ബേസിനിലുള്ള മാര്ട്ടിന് ലൂതര് കിങ് സ്മാരകവും മസാച്യുസെറ്റ്സ് അവെന്യൂവിലുള്ള ഗാന്ധിപ്രതിമയും തമ്മിലുള്ള അകലം കേവലം മൂന്നു നാഴികയാണെന്നോര്ക്കണം.

വാഷിങ്ടണില് അവരുടെ സ്മാരകങ്ങള് ഇത്രമാത്രം അടുത്താണെന്നത് അവര് പിന്തുടര്ന്നിരുന്ന മൂല്യങ്ങളും ആശയങ്ങളും എത്രമാത്രം യോജിപ്പുള്ളതായിരുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു.

ഒരു നൂറ്റാണ്ടു മുമ്പ് കൊളംബിയ സര്വകലാശാലയില് കഴിഞ്ഞ നാളുകള് ഡോ. ബി.ആര്.അംബേദ്കറുടെ പ്രതിഭയെ വളര്ത്തി.

യു.എസ്. ഭരണഘടന അദ്ദേഹത്തില് ചെലുത്തിയ സ്വാധീനം മൂന്നു ദശാബ്ദം കഴിഞ്ഞ് ഡോ.അംബേദ്കറുടെ നേതൃത്വത്തില് ഇന്ത്യന് ഭരണ തയ്യാറാക്കുമ്പോള് പ്രകടമായിരുന്നു.

ഇവിടുത്തെ സ്വാതന്ത്ര്യസമരത്തിന് ഊര്ജം പകര്ന്ന അതേ ആശയങ്ങളാണ് ഞങ്ങളുടെ സ്വാതന്ത്ര്യസമരത്തെയും ഉത്തേജിപ്പിച്ചത്.

ഇന്ത്യയുടെ മുന് പ്രധാനമന്ത്രി ശ്രീ. അടല് ബിഹാരി വാജ്പേയി ഇന്ത്യയെയും യു.എസിനെയും സ്വാഭാവിക മിത്രങ്ങള് എന്നു വിശേഷിപ്പിച്ചതില് അദ്ഭുതപ്പെടാനില്ല.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരേ ആശയങ്ങളും ദര്ശനങ്ങളുമാണ് നമ്മുടെ പരസ്പരബന്ധത്തെ നിര്ണയിച്ചതെന്നതില് സംശയമില്ല.

എന്നിരിക്കെ, 21ാം നൂറ്റാണ്ടിനെ നിര്ണയിക്കുന്ന പങ്കാളിത്തമെന്നു നമ്മുടെ ബന്ധത്തെ പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചതിലും അദ്ഭുതത്തിനു വകയില്ല.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

15 വര്ഷത്തിലേറെ മുമ്പ് അന്നത്തെ ഇന്ത്യന് പ്രധാനമന്ത്രി ശ്രീ. അടല് ബിഹാരി വാജേപേയി ഇവിടെ നിന്നുകൊണ്ട്, സംശയത്തിന്റെ നിഴല്പ്പാടുള്ള ഇന്നലെകളില്നിന്നു പുറത്തുവരണമെന്ന് ആഹ്വാനം ചെയ്തു.

അന്നു മുതല്ക്കു നമ്മുടെ സൗഹൃദത്തില് ശ്രദ്ധേയമായ മാറ്റമുണ്ടായി.

ഇപ്പോള്, നാം തമ്മിലുള്ള ബന്ധത്തില് ചരിത്രത്തിലെ സംശയത്തിന്റെ പാടുകള് നീങ്ങിക്കഴിഞ്ഞു.

സമാധാനവും ആര്ജവത്വവും യോജിപ്പുമാണു നമ്മുടെ ചര്ച്ചകളെ നിര്ണയിക്കുന്നത്.

തെരഞ്ഞെടുപ്പുകളിലൂടെയും ഭരണപരമായ മാറ്റങ്ങളിലൂടെയും കാലം മുന്നോട്ടുനീങ്ങിയപ്പോള് നാം തമ്മിലുള്ള ഇടപെടലുകള് വര്ധിച്ചുകൊണ്ടിരുന്നു.

ആവേശം പകരുന്ന ഈ യാത്ര യു.എസ്. കോണ്ഗ്രസിനെ ചുറ്റിപ്പറ്റി ആയിരുന്നു.

തടസ്സങ്ങളെ പങ്കാളിത്തത്തിന്റെ പാലങ്ങളാക്കിത്തീര്ക്കാന് നിങ്ങള് ഞങ്ങളെ സഹായിച്ചു.

2008ല് ഇന്ത്യ-യു.എസ്. സിവില് ന്യൂക്ലിയര് കോ-ഓപറേഷന് എഗ്രിമെന്റ് പാസ്സാക്കാന് കോണ്ഗ്രസ് തയ്യാറായതു നമ്മുടെ ബന്ധം കൂടുതല് ഊഷ്മളമാക്കിത്തീര്ത്തു.

നാം തമ്മിലുള്ള പങ്കാളിത്തത്തില് ഏറ്റവും അനിവാര്യമായ ഘട്ടത്തില് ഒപ്പം നിന്നതിനു ഞങ്ങള് നന്ദി അറിയിക്കുകയാണ്.

ദുഃഖത്തിന്റെ നാളുകളിലും നിങ്ങള് കൂടെ നിന്നിട്ടുണ്ട്.

2008 നവംബറില് അതിര്ത്തി കടന്നെത്തിയ തീവ്രവാദികള് മുംബൈയില് അക്രമം നടത്തിയപ്പോള് യു.എസ്. കോണ്ഗ്രസ് കാട്ടിയ ഐക്യദാര്ഢ്യം ഇന്ത്യ ഒരിക്കലും മറക്കില്ല.

ഇതിനു ഞങ്ങള്ക്ക് നന്ദിയുണ്ട്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

വളരെ ചേര്ച്ചയോടെയാണ് യു.എസ്. കോണ്ഗ്രസ് പ്രവര്ത്തിക്കുന്നതെന്നാണു കേട്ടിട്ടുള്ളത്.

ദ്വികക്ഷിസമ്പ്രദായത്തിനും നിങ്ങള് പ്രശസ്തരാണ്.

നല്ലത്. ഇക്കാര്യത്തില് നിങ്ങള് തനിച്ചല്ല.

ഇന്ത്യന് പാര്ലമെന്റില്, വിശേഷിച്ച് ഉപരിസഭയില് ഇത്തരമൊരു സാഹചര്യം പലവട്ടം ഞാന് അനുഭവിച്ചിട്ടുണ്ട്.

നമുക്കു കാണാം, പല പ്രവര്ത്തനരീതികളും നമുക്കു പൊതുവായുണ്ടെന്ന്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

ഈ രാജ്യത്തിനു നന്നായി അറിയുന്നതുപോലെ, എല്ലാ യാത്രയ്ക്കും മാര്ഗദര്ശികളുണ്ട്.

പരസ്പര കൂടിക്കാഴ്ചയ്ക്കു പരിമിതികളുണ്ടായിരുന്ന പണ്ടുകാലത്തു തന്നെ അത്തരക്കാര് വികസനസൗഹൃദത്തിനു രൂപം നല്കിയിരുന്നു.

നോര്മന് ബോര്ലോഗിന്റെ ബുദ്ധിയാണ് ഇന്ത്യയില് ഹരിതവിപ്ലവും ഭക്ഷ്യസുരക്ഷയും സാധ്യമാക്കിയത്.

അമേരിക്കന് സര്വകലാശാലകളുടെ പ്രതിഭാസ്പര്ശം ഇന്ത്യയിലെ സാങ്കേതിക, മാനേജ്മെന്റ് പഠനസ്ഥാപനങ്ങളെ ഉത്തേജിപ്പിച്ചു.

ഇപ്പോള് കാര്യങ്ങള് പിന്നെയുമേറെ മുന്നോട്ടുപോയിക്കഴിഞ്ഞു.

ആഴിയുടെ അഗാധത മുതല് ബഹിരാകാശാത്തിന്റെ വിസ്തൃതി വരെ മനുഷ്യപ്രയത്നത്തിന്റെ എല്ലാ മേഖലകളിലേക്കും നമ്മുടെ പങ്കാളിത്തം വികസിച്ചു.

ശാസ്ത്ര, സാങ്കേതികരംഗത്തെ സഹകരണം പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, കൃഷി എന്നീ മേഖലകളില് കാലങ്ങളായി നിലനില്ക്കുന്ന പ്രതിസന്ധികളെപ്പോലും മറികടക്കാന് സഹായകമായി.

വാണിജ്യ, നിക്ഷേപ ബന്ധങ്ങള് വളരുകയാണ്. ഇന്ത്യ ഏറ്റവും കൂടുതല് വാണിജ്യബന്ധം പുലര്ത്തുന്ന രാഷ്ട്രമാണ് യു.എസ്.

ചരക്ക്, സേവന, മൂലധന ഒഴുക്ക് ഇരു സമൂഹത്തിനും തൊഴിലവസരങ്ങള് പ്രദാനം ചെയ്യുന്നു. വാണിജ്യത്തിനു തുല്യമാണു പ്രതിരോധമേഖലയിലുമുള്ള സഹകരണം. ഈ രംഗത്തും ഇന്ത്യക്ക് ഏറ്റവും കൂടുതല് പങ്കാളിത്തമുള്ളത് യു.എസുമായാണ്.

ഒരു ദശാബ്ദം മുമ്പ് പ്രതിരോധത്തിനായുള്ള സാമഗ്രികള് യു.എസില്നിന്നു തീരെ വാങ്ങിയിരുന്നില്ലെങ്കില് ഇപ്പോള് ആയിരം കോടിയോളം ഡോളറിന്റെ ഇടപാടാണു നടക്കുന്നത്.

പ്രതിരോധരംഗത്തെ നമ്മുടെ സഹകരണം നഗരങ്ങളെയും പൗരന്മാരെയും സൈബര് രംഗത്തെ അടിസ്ഥാനസംവിധാനങ്ങളെയും തീവ്രവാദി ആക്രമണങ്ങളില്നിന്നു സംരക്ഷിക്കുന്നു.

ഞാന് ഇന്നലെ പ്രസിഡന്റ് ഒബാമയോടു പറഞ്ഞതുപോലെ, സിവില് ന്യൂക്ലിയര് പങ്കാളിത്തം യാഥാര്ഥ്യമായിക്കഴിഞ്ഞു.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

നമ്മുടെ ജനതകള് തമ്മിലുള്ളത് അടുത്ത ബന്ധമാണ്. ഇഴയടുപ്പമുള്ള സാംസ്കാരിബന്ധവുമുണ്ട്, നമുക്കിടയില്.

ഇന്ത്യയുടെ പൗരാണികപാരമ്പര്യമായ യോഗ അനുഷ്ഠിക്കുന്ന മൂന്നു കോടി പേര് യു.എസിലുണ്ടെന്നാണ് എസ്.ഐ.ആര്.ഐ. നമ്മോടു പറയുന്നത്.

കര്വ് ബോള് എറിയാന് സന്നദ്ധരാകുന്നതിലേറെ അമേരിക്കക്കാര് യോഗ ചെയ്യാന് തയ്യാറാകുന്നുണ്ടെന്നാണു കണക്ക്.

പക്ഷേ, ഞങ്ങള് ഒരിക്കലും യോഗയ്ക്കു മേല് ബൗദ്ധികസ്വത്തവകാശം ഉന്നയിച്ചിട്ടില്ല.

ഇരു രാഷ്ട്രങ്ങളെയും ചേര്ത്തുനിര്ത്തുന്ന ഒരു പാലം 30 ലക്ഷം വരുന്ന ഇന്ത്യന് അമേരിക്കക്കാരാണ്.

ഇപ്പോള് അവര് നിങ്ങളുടെ ഏറ്റവും നല്ല സി.ഇ.ഒമാരുടെയും വിദ്യാഭ്യാസവിചക്ഷണന്മാരുടെയും ബഹിരാകാശസഞ്ചാരികളുടെയും ശാസ്ത്രജ്ഞരുടെയും സാമ്പത്തികവിദഗ്ധരുടെയും ഡോക്ടര്മാരുടെയും എന്തിന്, സ്പെല്ലിങ് ബീ ചംപ്യന്മാരുടെയും ഗണത്തില് പെടും.

അവര് നിങ്ങള്ക്കു കരുത്താണ്. അവര് ഇന്ത്യയുടെയും അഭിമാനമാണ്. അവര് നമ്മുടെ രണ്ടു സമൂഹങ്ങളുടെയും മികവിന്റെ അടയാളങ്ങളാണ്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

ഈ മഹത്തായ രാഷ്ട്രത്തെക്കുറിച്ചു പൊതുപ്രവര്ത്തന രംഗത്തേക്ക് എത്തുംമുന്പു തന്നെ ഞാന് മനസ്സിലാക്കിയിട്ടുണ്ട്.

അധികാരമേല്ക്കുന്നതിനു വളരെ മുമ്പ് അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലൂടെ തീരങ്ങള് സ്പര്ശിച്ചു ഞാന് യാത്ര ചെയ്തിട്ടുണ്ട്.

ജനതയുടെ സ്വപ്നങ്ങളിലും അവരുടെ സ്ഥൈര്യമാര്ന്ന ജീവിത ലക്ഷ്യങ്ങളിലുമാണ് യു.എസിന്റെ ശരിയായ കരുത്തെന്നു ഞാന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്, ഇതേ ഊര്ജം ഇപ്പോള് ഇന്ത്യയിലും പ്രകടമാണ്.

വിശേഷിച്ച്, ഇന്ത്യയിലെ 80 കോടി യുവാക്കള് അക്ഷമരാണ്.

ഇന്ത്യ ശ്രദ്ധേയമായ സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ നൂറു കോടി പൗരന്മാരും രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടവരാണ്.

സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങളിലൂടെ അവരെ സാമ്പത്തിമായി ശാക്തീകരിക്കുകയാണ് എന്റെ സ്വപ്നം.

ഇന്ത്യ സ്വതന്ത്രമായതിന്റെ 75ാം വാര്ഷികമായ 2022 ആകുമ്പോഴേക്കും അതൊരു യാഥാര്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക നീണ്ടതും ശ്രമകരമായതുമാണ്.

അതില് കരുത്തുറ്റ കാര്ഷികമേഖലയോടുകൂടിയ ഊര്ജസ്വലതയാര്ന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥ, എല്ലാവര്ക്കും വീടും വൈദ്യുതിയും, ദശലക്ഷക്കണക്കിനു വരുന്ന യുവാക്കള്ക്കു തൊഴില്നൈപുണ്യം പകരല്, 100 സ്മാര്ട്ട് സിറ്റികള് യാഥാര്ഥ്യമാക്കല്, എല്ലാവര്ക്കും ബ്രോഡ്ബാന്ഡ് കണക്ഷന്, ഗ്രാമങ്ങളെ ഡിജിറ്റല് ലോകത്തിന്റെ കണ്ണികളാക്കിത്തീര്ക്കല്, 21ാം നൂറ്റാണ്ടിനു യോജിച്ച റെയില്, റോഡ്, തുറമുഖ അടിസ്ഥാന സൗകര്യമൊരുക്കല് എന്നിവയൊക്കെ ഉള്പ്പെടും.

ഇതൊക്കെ വെറും ആഗ്രഹങ്ങള് മാത്രമല്ല, സമയത്തിന്റെ ചട്ടക്കൂടിനു വിധേയമായി കയ്യെത്തിപ്പിടിക്കേണ്ട ലക്ഷ്യങ്ങളാണ്.

താരതമ്യേന കുറഞ്ഞ കാര്ബണ് പ്രിന്റുമായി, പുനരുപയോഗിക്കാവുന്ന സാമഗ്രികള് ഉപയോഗപ്പെടുത്തി ഇതു സാധ്യമാക്കാനാണു ശ്രമം.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

ഓരോ മേഖലയിലുമുള്ള ഇന്ത്യയുടെ വളര്ച്ചയില് ഒഴിവാക്കാനാവാത്ത പങ്കാളി ആയാണ് യു.എസിനെ ഞാന് കാണുന്നത്.

കരുത്തുറ്റതും അഭിവൃദ്ധിയുള്ളതുമായ ഇന്ത്യ ഉണ്ടാവണമെന്നത് അമേരിക്കയുടെ തന്ത്രപരമായ താല്പര്യമാണെന്നു നിങ്ങളേറെപ്പേരും കരുതുന്നുണ്ടല്ലോ.

പൊതു ആശയങ്ങള് പ്രായോഗിക സഹകരണത്തിലേക്കു കൊണ്ടെത്തിക്കാന് നമുക്ക് ഒരുമിച്ചു യത്നിക്കാം.

ഈ ബന്ധം മെച്ചപ്പെടുന്നതിലൂടെ ഇരു രാഷ്ട്രങ്ങള്ക്കും നേട്ടമുണ്ടാകുമെന്നതില് തര്ക്കമില്ല.

യു.എസ്. ബിസിനസ് സംരംഭങ്ങള് സാമ്പത്തികവളര്ച്ചയ്ക്കായി പുതിയ വിപണികള് തേടുകയും തൊഴില്നൈപുണ്യത്തിനു വഴിതേടുകയും ഉല്പാദനത്തിനു പുതിയ കേന്ദ്രങ്ങള് തേടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില് ഏറ്റവും നല്ല പങ്കാളിയാകാന് ഇന്ത്യക്കു സാധിക്കും.

ഇന്ത്യയുടെ കരുത്തുറ്റ സമ്പദ്വ്യവസ്ഥയും 7.6 ശതമാനം പ്രതിവര്ഷ വളര്ച്ചാനിരക്കും പരസ്പരം അഭിവൃദ്ധിയിലേക്കു നയിക്കാനുതകുന്ന പുതിയ സാധ്യതകളാണു സൃഷ്ടിക്കുന്നത്.

അമേരിക്കന് സാങ്കേതികവിദ്യ ഇന്ത്യയില് ഉപയോഗപ്പെടുത്തുകവഴിയും ഇന്ത്യന് കമ്പനികള് യു.എസില് നിക്ഷേപം നടത്തുകവഴിയും നമ്മുടെ പൗരന്മാരുടെ ജീവിതത്തില് ഗുണകരമായ മാറ്റമുണ്ടായിട്ടുണ്ട്.

ഇപ്പോള് യു.എസ്. കമ്പനികള്ക്ക് ആഗോള ഗവേഷണങ്ങള്ക്കും വികസനത്തിനും പ്രിയ കേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ട്.

ഇന്ത്യയില്നിന്നു കിഴക്കോട്ടു നോക്കിയാല്, ശാന്തസമുദ്രത്തിനു കുറുകെ, പുതുമകള് ആവിഷ്കരിക്കാനുള്ള നാം ഇരു രാഷ്ട്രങ്ങളുടെയും കഴിവ് കാലിഫോര്ണിയയില് സംഗമിക്കുകയാണ്.

ഇവിടെ, പുതുമ തേടാനുള്ള അമേരിക്കന് ബുദ്ധിയും ഇന്ത്യയുടെ ബൗദ്ധികമായ സൃഷ്ടിവൈഭവവും ഭാവിയിലേക്കുള്ള പുതുവ്യവസായങ്ങളെ രൂപപ്പെടുത്താനായി പ്രവര്ത്തിക്കുകയാണ്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

21ാം നൂറ്റാണ്ട് എത്രയോ സാധ്യതകളെ പരിചയപ്പെടുത്തുന്നു.
അതോടോപ്പം അതു ചില വെല്ലുവിളികളും സൃഷ്ടിച്ചിട്ടുണ്ട്.
പരസ്പര ആശ്രിതത്വം വര്ധിക്കുകയാണ്.
എന്നാല്, ലോകത്തിലെ ചില മേഖലകള് സാമ്പത്തിക വളര്ച്ചയുടെ കേന്ദ്രങ്ങളായി മുന്നേറുമ്പോള് ചിലയിടങ്ങള് സംഘര്ഷത്താല് ഉഴലുകയാണ്.

ഏഷ്യയില് സുരക്ഷാതയ്യാറെടുപ്പുകളിലെ പരിമിതി അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

തീവ്രവാദഭീഷണി വര്ധിക്കുകയാണ്. സൈബര് ലോകത്തിലും ബഹിരാകാശത്തിലുമൊക്കെ പുതിയ വെല്ലുവിളികള് രൂപപ്പെടുകയും ചെയ്യുന്നു.

ഇരുപതാം നൂറ്റാണ്ടില് രൂപകല്പന ചെയ്യപ്പെട്ട ആഗോള സ്ഥാപനങ്ങള് പുതിയ വെല്ലുവിളികളെ നേരിടാനോ പുതിയ ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കാനോ കെല്പുള്ളവയല്ല.

മാറ്റങ്ങള്ക്കും സാമ്പത്തിക സാധ്യതകള്ക്കും നടുവിലുള്ള ലോകത്തില്, അനിശ്ചിതത്വം പെരുകുകയും രാഷ്ട്രീയ നിഗൂഢത വളരുകയും ചെയ്യുന്ന സാഹചര്യത്തില്, നിലവിലുള്ളതും പുതുതായി തലനീട്ടുന്നതുമായ വെല്ലുവിളികളുടെ സാഹചര്യത്തില്, നമുക്കു മാറ്റം സൃഷ്ടിക്കാന് സാധിക്കുന്നത് ഇനി പറയുന്ന വഴികളിലൂടെയായിരിക്കും.
അധീശത്വമല്ല, സഹകരണം.
ഒറ്റപ്പെട്ടുനില്ക്കലല്ല, പരസ്പരം ബന്ധപ്പെട്ടു കഴിയല്.
എല്ലാവരെയും ബഹുമാനിക്കല്.
ഒഴിവാക്കുന്നവയല്ല, ഉള്ച്ചേര്ക്കുന്ന സംവിധാനങ്ങള്.
എല്ലാറ്റിനും മീതെ, രാജ്യാന്തര നിയമങ്ങളും ചട്ടങ്ങളും അനുസരിക്കല്.

ഇന്ത്യന് മഹാസമുദ്ര പ്രദേശം സുരക്ഷിതമായി നിലനിര്ത്തുന്നതിനുള്ള ഉത്തരവാദിത്തം ഇന്ത്യ നിറവേറ്റിപ്പോരുന്നുണ്ട്.

ശക്തമായ ഇന്ത്യ-യു.എസ്. സൗഹാര്ദത്തിലൂടെ ഏഷ്യ മുതല് ആഫ്രിക്ക വരെയും ഇന്ത്യന് മഹാസമുദ്രം മുതല് ശാന്തസമുദ്രം വരെയും ശാന്തിയും പുരോഗതിയും സുസ്ഥിരതയും വിളയിക്കാനാകും.

കടല്മാര്ഗമുള്ള യാത്രയും ചരക്കുനീക്കവും സുരക്ഷിതമാക്കാന് ഇതിലൂടെ സാധിക്കും.

എന്നാല്, ഇരുപതാം നൂറ്റാണ്ടിനെ മുന്നില്കണ്ടു രൂപവല്ക്കരിക്കപ്പെട്ട ആഗോളസ്ഥാപനങ്ങള് പുതിയ കാലമുയര്ത്തുന്ന വെല്ലുവിളികള് ഏറ്റെടുക്കാന് തയ്യാറാകുകയാണെങ്കില് നമ്മുടെ സഹകരണം കൂടുതല് ഫലപ്രദമായിത്തീരും.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

വാഷിങ്ടണ് ഡി.സിയിലേക്കു തിരിക്കുംമുമ്പ്, ഇന്ത്യയുടെ സഹായത്തോടെ പടിഞ്ഞാറന് അഫ്ഗാനിസ്ഥാനിലെ ഹെരാത്തില് നിര്മിച്ച 42 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയായ അഫ്ഗാന്-ഇന്ത്യ ഫ്രന്ഡ്ഷിപ് ഡാം ഉദ്ഘാടനം ചെയ്യാന് ഞാന് പോയിരുന്നു. ജനാധിപത്യ രാഷ്ട്രങ്ങള് തമ്മിലുള്ള ബന്ധത്തിന്റെ നിദര്ശനമെന്നോണം, കഴിഞ്ഞ ക്രിസ്മസ് നാളില് അഫ്ഗാന് പാര്ലമെന്റിന്റെ സമര്പ്പണച്ചടങ്ങില് സംബന്ധിക്കാനും ഞാന് പോയിരുന്നു.

അമേരിക്കക്കാര് സഹിക്കാന് തയ്യാറായ ത്യാഗം തങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കിയെന്ന് അഫ്ഗാന്കാര്ക്കു സ്വാഭാവികമായും അറിയാം.

എന്നാല്, മേഖലയിലാകെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില് നിങ്ങള് നല്കിയ സംഭാവന അതിലുമപ്പുറം അംഗീകരിക്കപ്പെടുന്നുണ്ട്.

അഫ്ഗാന് ജനതയുമായുള്ള സൗഹൃദം നിലനിര്ത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ഏറെ സംഭാവനകള് നല്കിയിട്ടുണ്ട്.

സമാധാനപൂര്ണവും സ്ഥിരതയാര്ന്നതും അഭിവൃദ്ധിയുള്ളതുമായ അഫ്ഗാനെന്നതു നമ്മുടെ പൊതുലക്ഷ്യമാണ്.

ബഹുമാന്യരായ അംഗങ്ങളേ, അഫ്ഗാനിസ്ഥാനില് മാത്രമല്ല, ദക്ഷിണേഷ്യയില് മറ്റു ചിലയിടങ്ങളിലും അതിനപ്പുറം ലോകത്താകെത്തന്നെയും തീവ്രവാദം ഏറ്റവും വലിയ വെല്ലുവിളിയായി തുടരുകയാണ്.

ഇന്ത്യയുടെ പടിഞ്ഞാറു മുതല് ആഫ്രിക്കയുടെ അതിര്ത്തി വരെയുള്ള പ്രദേശങ്ങളില് ലഷ്കര്-ഇ-തയ്ബയെന്നോ താലിബാന് എന്നോ ഐസിസ് എന്നോ ഒന്നിലധികം പേരുകളിലായിരിക്കാം പ്രവര്ത്തിക്കുന്നത്; പക്ഷേ, അവയുടെയൊക്കെ തത്വശാസ്ത്രം ഒന്നു തന്നെയാണ്- വെറുപ്പിന്റെയും കൊലപാതകത്തിന്റെയും ഹിസയുടേതും.

ഇത്തരം തീവ്രവാദപ്രവര്ത്തനങ്ങളുടെ നിഴല് ലോകത്താകെ പടര്ന്നിട്ടുണ്ടെങ്കില് ഇന്ത്യയുടെ അയല്പക്കത്താണ് അതു ജന്മമെടുക്കുന്നത്.

രാഷ്ട്രീയ നേട്ടങ്ങള്ക്കായി തീവ്രവാദം പ്രചരിപ്പിക്കുകയും അനുവര്ത്തിക്കുകയും ചെയ്യുന്നവര്ക്കു കൃത്യമായ സന്ദേശം നല്കുന്ന യു.എസ്. കോണ്ഗ്രസ് അംഗങ്ങളെ ഞാന് അഭിനന്ദിക്കുന്നു.

അവരെ അംഗീകരിക്കാതിരിക്കുക എന്നതു തന്നെയാണ് തങ്ങള് നടത്തുന്ന ഹീനകൃത്യങ്ങള്ക്ക് തങ്ങള് ഉത്തരവാദികളാണെന്ന ബോധം അത്തരക്കാരില് സൃഷ്ടിക്കുന്നതിനുള്ള ആദ്യ പടി.

തീവ്രവാദത്തിനെതിരെയുള്ള യുദ്ധം വിവിധ തലങ്ങളിലായി നടത്തേണ്ടിയിരിക്കുന്നു.

അതിനു പരമ്പരാഗത ആയുധങ്ങളായ പട്ടാളം, രഹസ്യ പൊലീസ്, നയതന്ത്രം എന്നിവ മാത്രം മതിയാകില്ല.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

നമുക്കു രണ്ടു രാഷ്ട്രങ്ങള്ക്കും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില് പൗരന്മാരെയും ഭടന്മാരെയും നഷ്ടമായിട്ടുണ്ട്.
അടിയന്തരമായി ചെയ്യേണ്ടത് സുരക്ഷാരംഗത്തെ സഹകരണം ശക്തിപ്പെടുത്തുകയെന്നതാണ്.

അത് ഇനി പറയുന്ന നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം:
തീവ്രവാദികള്ക്കു താവളമൊരുക്കുകയോ അവരെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തല്.
തീവ്രവാദികളെ നല്ലതെന്നും ചീത്തയെന്നും വേര്തിരിക്കാതിരിക്കല്.
തീവ്രവാദത്തെ മതത്തില്നിന്നു വേര്പെടുത്തി കാണല്.
നമുക്കു വിജയിക്കണമെങ്കില് ഒരു കാര്യം കൂടി ആവശ്യമാണ്. മാനവികതയില് വിശ്വസിക്കുന്നവര് തീവ്രവാദത്തിനെതിരെ യോജിച്ചു പൊരുതാനും ശബ്ദിക്കാനും ഒരേ സ്വരത്തോടെ രംഗത്തു വരണം.
തീവ്രവാദം നിയമവിരുദ്ധമായി കണക്കാക്കപ്പെടണം.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

നമ്മുടെ പങ്കാളിത്തത്തിന്റ നേട്ടം ഇരു രാഷ്ട്രങ്ങള്ക്കോ അവ ഉള്പ്പെടുന്ന മേഖലയ്ക്കോ മാത്രമായുള്ളതല്ല.

ദുരന്തങ്ങള് നാശം വിതയ്ക്കുകയും ദുരിതാശ്വാസം അനിവാര്യമായിത്തീരുകയും ചെയ്യുന്ന അവസരങ്ങളില് തനിച്ചും പരസ്പരം കൂട്ടുചേര്ന്നും നാം പ്രതികരിക്കാറുണ്ട്.

ഞങ്ങളുടെ തീരത്തുനിന്ന് വളരെയകലെ യെമനില്നിന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരെയും അമേരിക്കക്കാരെയും ഞങ്ങള് രക്ഷപ്പെടുത്തി.

അടുത്ത പ്രദേശത്താണെങ്കില്, നേപ്പാളില് ഭൂകമ്പമുണ്ടായപ്പോള് ഏറ്റവുമാദ്യം സഹായവുമായെത്തിയത് ഇന്ത്യയാണ്. മാലിദ്വീപില് ജലപ്രതിസന്ധിയുണ്ടായപ്പോഴും ഏറ്റവുമൊടുവില് ശ്രീലങ്കയില് ഉരുള്പൊട്ടലുണ്ടായപ്പോഴും ആദ്യം പ്രതികരിച്ച രാഷ്ട്രങ്ങളിലൊന്ന് ഇന്ത്യയായിരുന്നു.

യു.എന്. സമാധാനസേനയുടെ പ്രവര്ത്തനങ്ങള്ക്ക് ഏറ്റവും കൂടുതല് സംഭാവനകള് നല്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷ്യക്ഷാമം, ദാരിദ്ര്യം, രോഗങ്ങള്, നിരക്ഷരത തുടങ്ങിയ പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്താന് ഇന്ത്യയും യു.എസും പലപ്പോഴും ശാസ്ത്ര, സാങ്കേതിക രംഗത്തും പുതിയ കണ്ടുപിടിത്തങ്ങള് നടത്തുന്ന കാര്യത്തിലുമുള്ള മികവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ പങ്കാളിത്തത്തിന്റെ വിജയം ഏഷ്യ മുതല് ആഫ്രിക്ക വരെയുള്ള പ്രദേശങ്ങളില് പഠനത്തിനും സുരക്ഷയ്ക്കും വികസനത്തിനും പുതിയ സാധ്യതകള് തുറന്നിടുകയാണ്.

നീതിയുക്തമായ ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവീക്ഷണത്തിന്റെ ഭാഗമാണ് പരിസ്ഥിതിസംരക്ഷണവും ഭൂമിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയും.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോലം ഭൂമാതാവിനെ സ്നേഹിച്ചുജീവിക്കുകയെന്നത് പുരാതനകാലം മുതല്ക്കുള്ള വിശ്വാസത്തിന്റെ ഭാഗമാണ്.

അത്യാവശ്യത്തിനുള്ളതു മാത്രം പ്രകൃതിയില്നിന്ന് എടുക്കുകയെന്നതാകട്ടെ, ഞങ്ങളുടെ സാംസ്കാരിക ധാര്മികതയുടെ ഭാഗവും.

അതുകൊണ്ടുതന്നെ, നമ്മുടെ സഹകരണം ശ്രമിക്കുന്നത് ഉത്തരവാദിത്തങ്ങളെയും കഴിവിനെയും തുലനം ചെയ്യാനാണ്.

പുനരുപയോഗിക്കാവുന്ന ഊര്ജത്തിന്റെ ലഭ്യതയും ഉപയോഗവും വര്ധിപ്പിക്കുന്നതുള്ള വഴികളില് അതു ശ്രദ്ധയൂന്നുന്നു.

രാജ്യാന്തര സൗരോര്ജ മുന്നണി രൂപീകരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്ക്കുള്ള യു.എസിന്റെ കരുത്തുറ്റ പിന്തുണ അത്തരമൊരു ഉദ്യമമാണ്.

നമ്മുടെ നല്ല നാളേക്കു വേണ്ടി മാത്രമല്ല, ലോകത്തിന്റെ തന്നെ നല്ല നാളേക്കുവേണ്ടിയാണു നാം പ്രവര്ത്തിക്കുന്നത്.
ജി-20യില് ആയാലും കിഴക്കനേഷ്യന് ഉച്ചകോടിയിലായാലും കാലാവസ്ഥാ വ്യതിയാന ഉച്ചകോടികളിലായാലും നമ്മുടെ ലക്ഷ്യം ഇതു തന്നെയായിരുന്നു.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്, വിശിഷ്ടാംഗങ്ങളെ,

നമുക്കിടയിലുള്ള ബന്ധം കൂടുതല് ആഴമേറിയതായി പരിണമിക്കുന്നതിനിടെ, ചില വിഷയങ്ങളില് നമുക്കു വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളുണ്ടായേക്കാം.
പക്ഷേ, നമ്മുടെ താല്പര്യങ്ങളും പരിഗണനകളും ഒന്നാണെന്നതിനാല് തീരുമാനങ്ങള് കൈക്കൊള്ളുന്നതിനുള്ള സ്വതന്ത്ര അധികാരവും ദര്ശനങ്ങളിലെ വൈജാത്യവും പങ്കാളിത്തത്തിനു കരുത്തു പകരുകയേ ഉള്ളൂ.

അതുകൊണ്ട്, പുതിയൊരു യാത്രയ്ക്കുള്ള തുടക്കം കുറിക്കുകയും പുതിയ ലക്ഷ്യങ്ങള് മുന്നില് കാണുകയും ചെയ്യുന്ന ഈ സാഹചര്യത്തില് നമ്മുടെ ശ്രദ്ധ പതിവു വിഷയങ്ങള്ക്കപ്പുറം പരിവര്ത്തനം സൃഷ്ടിക്കാന് പോരുന്ന ആശയങ്ങളിലാകട്ടെ.

ശ്രദ്ധകൊടുക്കാവുന്ന ആശയങ്ങള്:

കേവലം സമ്പത്തു മാത്രമല്ല, ജനങ്ങളില് മൂല്യബോധവും സൃഷ്ടിക്കുക
പെട്ടെന്നുള്ള നേട്ടങ്ങളില് മാത്രമൊതുങ്ങാതെ ദീര്ഘകാലം കൊണ്ടുണ്ടാക്കാവുന്ന നേട്ടങ്ങളിലും ശ്രദ്ധയൂന്നുക
നല്ല മാതൃകകള് പങ്കു വെക്കുക മാത്രമല്ല, പങ്കാളിത്തത്തിനു രൂപം നല്കുക കൂടി ചെയ്യുക.

നമ്മുടെ പൗരന്മാരുടെ മെച്ചപ്പെട്ട ഭാവി മാത്രമല്ല, കൂടുതല് ഐക്യമുള്ളതും മാനുഷികതയാര്ന്നതും അഭിവൃദ്ധിയുള്ളതുമായ ലോകം യാഥാര്ഥ്യമാക്കുക.

ഈ യാത്രയുടെ വിജയത്തിന് അനിവാര്യമായിട്ടുള്ളത് പുതിയ വീക്ഷണകോണിലൂടെ കാണുകയും പുതിയ വികാരങ്ങളെ തിരിച്ചറിയുകയും ചെയ്യാന് സാധിക്കുക എന്നതാണ്.

ഇതു ചെയ്യാന് തയ്യാറായാല് ഈ അനിതരസാധാരണമായ ബന്ധംകൊണ്ടുള്ള നേട്ടങ്ങള് അനുഭവവേദ്യമാകും.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്,

ചരിത്രപ്രധാനമായ ഭാവിയിലേക്കു വഴിതെളിക്കുന്നതാവും നമ്മുടെ പരസ്പര ബന്ധമെന്ന് ഞാന് അവസാനഘട്ടത്തില് പങ്കുവെക്കുന്ന ചിന്തകളില്നിന്നും പറയുന്ന വാക്കുകളില്നിന്നും വ്യക്തമാകും.

പഴയ കാലത്തിന്റെ തടസ്സങ്ങള് പിന്നിടുകയും ഭാവിയുടെ അടിത്തറ ഉറപ്പിക്കുകയും ചെയ്തുകഴിഞ്ഞു.

വാള്ട്ട് വിറ്റ്മാന്റെ വരികള് ശ്രദ്ധിക്കുക:

‘വാദ്യോപകരണക്കാര് ഉപകരണങ്ങള് തയ്യാറാക്കുകയും സംഗീതസംവിധായകന് ചെറുവടിയാല് നിര്ദേശം നല്കുകയും ചെയ്തുകഴിഞ്ഞു.’

അതിനോടു ഞാന് കൂട്ടിച്ചേര്ക്കാന് ഇഷ്ടപ്പെടുകയാണ്, പാടാന് പുതിയൊരു നാദമുണ്ടെന്ന്.

ബഹുമാനപ്പെട്ട സഭാധ്യക്ഷന്, വിശിഷ്ടാംഗങ്ങളേ, ഈ അംഗീകാരത്തിനു നന്ദി.

വളരെ നന്ദി.