Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവ ശാസ്ത്രജ്ഞര്‍ക്കായുള്ള ഡി.ആര്‍.ഡി.ഒയുടെ അഞ്ചു പരീക്ഷണശാലകള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു


യുവ ശാസ്ത്രജ്ഞര്‍ക്കായുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷ(ഡി.ആര്‍.ഡി.ഒ.)ന്റെ അഞ്ചു പരീക്ഷണശാലകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബംഗളുരുവില്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

ബംഗളുരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണു പരീക്ഷണശാലകള്‍. നിര്‍മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യകള്‍, കോഗ്നിറ്റീവ് സാങ്കേതിക വിദ്യകള്‍, അസിമെട്രിക് സാങ്കേതികവിദ്യകള്‍, സ്മാര്‍ട് മെറ്റീരിയില്‍സ് എന്നീ മേഖലകളില്‍ ഒന്നുമായി ബന്ധപ്പെട്ട വരുംകാല പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചാണ് ഓരോ കേന്ദ്രവും പഠിക്കുക.

2014 ഓഗസ്റ്റ് 24ന് സംഘടിപ്പിക്കപ്പെട്ട ഡി.ആര്‍.ഡി.ഒ. അവാര്‍ഡ് വിതരണ ചടങ്ങില്‍ പ്രധാനമന്ത്രി തന്നെ നല്‍കിയ പ്രോല്‍ഹാസനമാണ് ഈ പരീക്ഷണ ശാലകള്‍ തുടങ്ങുന്നതിലേക്കു നയിച്ചത്. തീരുമാനമെടുക്കാനുള്ള അധികാരവും വെല്ലുവിളി നിറഞ്ഞ ഗവേഷണ സാഹചര്യങ്ങളും നല്‍കുക വഴി യുവാക്കളെ ശാക്തീകരിക്കണമെന്ന് അവാര്‍ഡ് വിതരണ വേളയില്‍ ശ്രീ. നരേന്ദ്ര മോദി ഡി.ആര്‍.ഡി.ഒയെ ഉപദേശിച്ചിരുന്നു.

പരീക്ഷണശാലകള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രസംഗിക്കവേ, നൂതന സാങ്കേതിക വിദ്യാ രംഗത്തുള്ള ഗവേഷണവും വികസന പദ്ധതികളും രാജ്യത്തു സാധ്യമാക്കാന്‍ ഈ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ വിവിധ മേഖലകളിലുള്ള ശാസ്ത്രഗേവഷണത്തിന്റെ ദിശ ഡി.ആര്‍.ഡി.ഒ. നിര്‍ണയിക്കുംവിധം അടുത്ത ദശാബ്ദത്തിലേക്കുള്ള രൂപരേഖ തയ്യാറാക്കാന്‍ അദ്ദേഹം ശാസ്ത്രജ്ഞരോടു നിര്‍ദേശിച്ചു.

ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവേ, ഇന്ത്യയുടെ മിസൈല്‍ പദ്ധതി ലോകോത്തരമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെയും വ്യോമ സുരക്ഷാ സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചു.

ശാസ്ത്ര ഗവേഷണത്തില്‍ ഇന്ത്യ പിറകിലാകുന്ന സാഹചര്യം ഉണ്ടാവരുതെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സുരക്ഷയ്ക്കായി നൂതന സാങ്കേതിക വിദ്യയും നവീന ആശയങ്ങളും ഉപയോഗപ്പെടുത്തുന്നതിനായി ശാസ്ത്ര സമൂഹവുമായി ചേര്‍ന്നു കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഡി.ആര്‍.ഡി.ഒയുടെ നൂതന പദ്ധതികള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തു ചലനാത്മകമായ പ്രതിരോധം സാധ്യമാക്കുന്നതിലും ഡി.ആര്‍.ഡി.ഒയുടെ നൂതനാശയങ്ങള്‍ക്കു വലിയ പങ്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
വരുംകാല സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉള്ള അടിത്തറയാണ് ഡി.ആര്‍.ഡി.ഒയുടെ അഞ്ചു പരീക്ഷണ ശാലകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ സാങ്കേതിക വിദ്യയില്‍ വരുംകാലത്ത് ഇന്ത്യയെ സ്വാശ്രയമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കു ഡി.ആര്‍.ഡി.ഒയ്ക്ക് വലിയ കുതിപ്പേകുന്നതായിരിക്കും ഈ സ്ഥാപനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിവേഗം വികസിക്കുന്ന നിര്‍മിത ബുദ്ധി സംബന്ധിച്ച ഗവേഷണം ബംഗളുരുവിലായിരിക്കും നടക്കുക. ക്വാണ്ടം ടെക്‌നോളജി മുംബൈ ഐ.ഐ.ടിയില്‍ കൈകാര്യം ചെയ്യും. ഭാവിയുടെ ആശ്രയമായ കോഗ്നിറ്റീവ് സാങ്കേതിക വിദ്യ സംബന്ധിച്ച പരീക്ഷണശാല ഒരുക്കുക ചെന്നൈ ഐ.ഐ.ടിയില്‍ ആയിരിക്കും. നിലവിലുള്ള യുദ്ധ രീതികളെ മാറ്റിമറിക്കാന്‍ ഉതകുന്നതും നവീനവും ഭാവിയില്‍ വികസിക്കാന്‍ പോകുന്നതുമായ അസിമെട്രിക് ടെക്‌നോളജീസ് സംബന്ധിച്ച ഗവേഷണത്തിനു കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലാ വളപ്പില്‍ സൗകര്യമൊരുക്കും. സ്മാര്‍ട്ട് മെറ്റീരിയില്‍സ് എന്ന നിര്‍ണായക മേഖല സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും പ്രായോഗിക പരീക്ഷണത്തിനും വേദിയൊരുക്കുന്നത് ഹൈദരാബാദിലായിരിക്കും.

*****