രാജ്യത്തെ ജനങ്ങളോട് ഫലപ്രദമായി ബന്ധപ്പെടാന്‍ പര്യാപ്തമാകും വിധം സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും സംവേദനക്ഷമമായിരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുവ ഐ.എ.എസ് ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു. ന്യൂഡല്‍ഹിയില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്, 2014 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ, ഇതുവരെയുള്ള പരിശീലനത്തിനിടയില്‍ ഹൃദിസ്ഥമാക്കിയതിനെക്കാള്‍ ഉപരിയായി തങ്ങളുടെ നൈപുണ്യവും അറിവും വിപുലപ്പെടുത്താനുള്ള വലിയൊരു അവസരമാണ് കൈവന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയോഗിക്കപ്പെടുന്ന വകുപ്പുകളിലെ തങ്ങളുടെ ജോലികളില്‍ മൂല്യവര്‍ദ്ധന വരുത്തിക്കൊണ്ടും സ്വന്തം കഴിവുകള്‍ പരിപോഷിപ്പിച്ചും അടുത്ത മൂന്ന് മാസം വിനിയോഗിക്കണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഭരണനിര്‍വ്വഹണത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എടുത്ത് പറഞ്ഞു കൊണ്ട് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയുടെ നിലവാരം ഉയര്‍ത്താന്‍ യുവ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിമാരായിട്ടുള്ള തങ്ങളുടെ അടുത്ത മൂന്ന് മാസക്കാലത്തെ അറ്റാച്ച്‌മെന്റിനിടെ അധികാരശ്രണിയുടെ പേരില്‍ ഭയചകിതരാകാതെ തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ നിര്‍ഭയരും, തുറന്ന മനസ്ഥിതിയുള്ളവരുമാകാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഐ.എ.എസ്. പരിശീലനത്തില്‍ 2013 ബാച്ച്
മുതല്‍ ആരംഭിച്ച സവിശേഷതയാണ് അസിസ്റ്റന്റ് സെക്രട്ടറിമാരായുള്ള അറ്റാച്ച്‌മെന്റ്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര ഭരണത്തില്‍ ഒരു നിശ്ചിത സമയം പങ്കാളിയാകാന്‍ കഴിയുന്ന ഈ അവസരം മുന്‍ ബാച്ചുകാര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര പേഴ്‌സണല്‍, പൊതു ആവലാതി, പെന്‍ഷന്‍സ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.