പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബര്‍ 24ന് യുഎസ് പ്രസിഡന്റ് ജോസഫ് ആര്‍ ബൈഡനുമായി ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി.
2021 ജനുവരിയില്‍ പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതിന് ശേഷമുള്ള ഇരുനേതാക്കളുടെയും വ്യക്തിപരമായ ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യ-യുഎസ് സമഗ്ര ആഗോള നയപങ്കാളിത്തവും ഉഭയകക്ഷി സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ അവലോകനം ചെയ്യാന്‍ നേതാക്കള്‍ ഈ അവസരം ഉപയോഗിച്ചു. ജനാധിപത്യ മൂല്യങ്ങള്‍, സാങ്കേതികവിദ്യ, വ്യാപാരം, നമ്മുടെ ജനങ്ങളുടെ വൈദഗ്ധ്യം, പ്രകൃതിയോടുള്ള കര്‍ത്തവ്യനിര്‍വഹണം, എല്ലാറ്റിനുമുപരിയായി വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിവര്‍ത്തനത്തിന്റെ ദശകത്തിലേക്ക് കടക്കുകയാണ് ഇന്ത്യയും അമേരിക്കയും എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലേക്കുള്ള മുന്‍ഗണനകള്‍ അടയാളപ്പെടുത്തുന്ന, വിദേശ-പ്രതിരോധ മന്ത്രിമാരുടെ വാര്‍ഷിക 2+2 മന്ത്രിതല സംഭാഷണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വരാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളെ നേതാക്കള്‍ സ്വാഗതം ചെയ്തു.
കോവിഡ്-19 സാഹചര്യത്തെക്കുറിച്ചും മഹാമാരി തടയുന്നതിനായി ഇന്ത്യ-യുഎസ് സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഈ സാഹചര്യത്തില്‍, പ്രസിഡന്റ് ബൈഡന്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയെ അഭിനന്ദിച്ചു. ആഗോളതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ത്യ നല്‍കുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് അപാരമായ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ഇരു നേതാക്കളും വാണിജ്യ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കണ്ടെത്താനായി ഈ വര്‍ഷാവസാനം അടുത്ത വ്യാപാര നയ ചര്‍ച്ചാവേദി വിളിച്ചുചേര്‍ക്കാമെന്ന് തീരുമാനിച്ചു. ഇന്ത്യ-യുഎസ് ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി അജന്‍ഡ 2030 സഹകരണത്തിനു കീഴില്‍, ശുദ്ധമായ ഊര്‍ജവികസനവും നിര്‍ണായക സാങ്കേതിക വിദ്യകളുടെ വിന്യാസവും ത്വരിതപ്പെടുത്താന്‍ ധാരണയായി. യുഎസ്എയിലെ വിശാലമായ ഇന്ത്യന്‍ ജനസമൂഹത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും, സഞ്ചാരം സുഗമമാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിലും രണ്ടു രാജ്യങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും എടുത്തുപറഞ്ഞു.
അഫ്ഗാനിസ്ഥാനിലേതുള്‍പ്പെടെ, ദക്ഷിണേഷ്യയിലെ പ്രാദേശിക സംഭവവികാസങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ആഗോള ഭീകരതയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിക്കുകയും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ അപലപിക്കുകയും ചെയ്തു. താലിബാന്‍ തങ്ങളുടെ പ്രതിബദ്ധത പാലിക്കണമെന്നും എല്ലാ അഫ്ഗാനികളുടെയും മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നും അഫ്ഗാനിസ്ഥാനിലേക്ക് നിര്‍ബാധം മാനുഷിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാന്‍ ജനതയോടുള്ള ദീര്‍ഘകാല പ്രതിബദ്ധത കണക്കിലെടുത്ത്, അഫ്ഗാനിലെ മുഴുവന്‍ ജനങ്ങളുടെയും സമാധാനപരമായ ഭാവിക്കായി, ഇന്ത്യയും അമേരിക്കയും പങ്കാളികള്‍ക്കൊപ്പം കൂട്ടായി പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും ധാരണയായി.
ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുനേതാക്കളും കൈമാറി. സ്വതന്ത്രവും വിശാലവും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായുള്ള അവരുടെ കൂട്ടായ വീക്ഷണം ആവര്‍ത്തിച്ചു വ്യക്തമാക്കി.
കാലാവസ്ഥാവ്യതിയാനം, തീവ്രവാദം തുടങ്ങിയ ആഗോള വിഷയങ്ങളില്‍ നയപരമായ കാഴ്ചപ്പാടുകളും പരസ്പര താല്‍പ്പര്യങ്ങളും പരിഗണിച്ച് അന്താരാഷ്ട്ര സംഘടനകളില്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യുഎസ്എയും ധാരണയായി.
പ്രസിഡന്റ് ബൈഡനെയും പ്രഥമ വനിത ഡോ. ജില്‍ ബൈഡനെയും ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ഇരു നേതാക്കളും ഉന്നതതല ചര്‍ച്ചകള്‍ തുടരാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ആഗോള പങ്കാളിത്തം ദൃഢമാക്കാനും ധാരണയിലെത്തി.
******
Meeting @POTUS @JoeBiden at the White House. https://t.co/VqVbKAarOV
— Narendra Modi (@narendramodi) September 24, 2021
Had an outstanding meeting with @POTUS @JoeBiden. His leadership on critical global issues is commendable. We discussed how India and USA will further scale-up cooperation in different spheres and work together to overcome key challenges like COVID-19 and climate change. pic.twitter.com/nnSVE5OSdL
— Narendra Modi (@narendramodi) September 24, 2021
Each of the subjects mentioned by @POTUS are crucial for the India-USA friendship. His efforts on COVID-19, mitigating climate change and the Quad are noteworthy: PM @narendramodi pic.twitter.com/aIM2Ihe8Vb
— PMO India (@PMOIndia) September 24, 2021
Glimpses from the meeting between PM @narendramodi and @POTUS @JoeBiden at the White House. pic.twitter.com/YjishxDVNK
— PMO India (@PMOIndia) September 24, 2021