Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുഎഇ ഉപപ്രധാനമന്ത്രിയെ സ്വീകരിച്ച് പ്രധാനമന്ത്രി മോദി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിച്ചു. 2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം ഉൾപ്പെടെ, ഉഭയകക്ഷിബന്ധങ്ങളിൽ തലമുറകളുടെ തുടർച്ചയെ അടയാളപ്പെടുത്തി, പതിവായി നടക്കുന്ന ഉന്നതതല സന്ദർശനങ്ങളിലും വിനിമയങ്ങളിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

സാങ്കേതികവിദ്യ, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിന് ഇരുനേതാക്കളും ഊന്നൽ നൽകി.

പ്രാദേശിക സമ്പർക്കസൗകര്യവും സമൃദ്ധിയും പരിപോഷിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സംരംഭമെന്ന നിലയിൽ ഇന്ത്യ-മധ്യപൂർവമേഖല-യൂറോപ്പ് ഇടനാഴി (IMEEC) നടപ്പാക്കലിനു പ്രധാനമന്ത്രി പ്രത്യേക ഊന്നൽ നൽകി.

ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടു പങ്കുവച്ചു. മേഖലയുടെ ദീർഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

ബൃഹത്തായതും ഊർജസ്വലവുമായ യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് യുഎഇ നേതൃത്വത്തിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു.

*****
 

SK