Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മൻ കി ബാത്തിന്റെ’ 116-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (24-11-2024)


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. ‘മൻ കി ബാത്ത്’ എന്നാൽ രാജ്യത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുക, രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുക, ജനങ്ങളുടെ കഴിവുകളെക്കുറിച്ച് സംസാരിക്കുക, ‘മൻ കി ബാത്ത്’ എന്നാൽ രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് സംസാരിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ആഗ്രഹാഭിലാഷങ്ങൾ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ, മാസത്തിലുടനീളം ഞാൻ ‘മൻ കി ബാത്തിന്’ വേണ്ടി കാത്തിരിക്കുന്നു. നിരവധി സന്ദേശങ്ങൾ, അനവധി സന്ദേശങ്ങൾ! കഴിയുന്നത്ര സന്ദേശങ്ങൾ വായിക്കാനും നിങ്ങളുടെ നിർദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കാനും ഞാൻ പരമാവധി ശ്രമിക്കുന്നു.

സുഹൃത്തുക്കളേ, ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ് – ഇന്ന് എൻ.സി.സി. ദിനമാണ്. എൻ.സി.സി.യുടെ പേര് വരുമ്പോൾ തന്നെ നമ്മുടെ സ്കൂൾ-കോളേജ് കാലത്തെ ഓർമ്മ വരും. ഞാൻ തന്നെ ഒരു എൻ.സി.സി കേഡറ്റായിരുന്നു, അതിനാൽ അതിൽ നിന്ന് നേടിയ അനുഭവം എനിക്ക് വിലമതിക്കാനാവാത്തതാണെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും. ‘എൻ.സി.സി.’ യുവാക്കളിൽ അച്ചടക്ക – നേതൃത്വ – സേവന മനോഭാവങ്ങൾ വളർത്തുന്നു. നിങ്ങൾ ചുറ്റുപാടും കണ്ടിട്ടുണ്ടാകണം, ഏത് ദുരന്തമുണ്ടായാലും, അത് വെള്ളപ്പൊക്ക സാഹചര്യമോ, ഭൂകമ്പമോ, ഏത് അപകടമോ ആകട്ടെ, സഹായിക്കാൻ തീർച്ചയായും NCC കേഡറ്റുകൾ ഉണ്ടാകും. ഇന്ന് രാജ്യത്ത് എൻ.സി.സി.യെ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2014ൽ, 14 ലക്ഷം യുവാക്കൾ എൻ.സി.സി.യിൽ ചേർന്നിരിക്കുന്നു. ഇപ്പോൾ 2024ൽ, 20 ലക്ഷത്തിലധികം യുവാക്കൾ എൻ.സി.സി.യിൽ ചേർന്നു. മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ അയ്യായിരം പുതിയ സ്കൂളുകളിലും കോളേജുകളിലും എൻ.സി.സി. സൗകര്യമുണ്ട്, ഏറ്റവും വലിയ കാര്യം മുൻപൊക്കെ എൻ.സി.സി.യിലെ ഗേൾസ് കേഡറ്റുകളുടെ എണ്ണം 25 ശതമാനത്തിനടുത്തായിരുന്നു. ഇപ്പോൾ എൻ.സി.സി.യിലെ ഗേൾസ് കേഡറ്റുകളുടെ എണ്ണം ഏകദേശം 40% ആയി വർദ്ധിച്ചു. അതിർത്തിയിൽ താമസിക്കുന്ന കൂടുതൽ യുവാക്കളെ എൻ.സി.സി.യുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണവും തുടർച്ചയായി നടക്കുന്നുണ്ട്. പരമാവധിപേർ എൻ.സി.സി.യിൽ ചേരാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഏത് കരിയർ പിന്തുടരുന്നുണ്ടെങ്കിലും, നിങ്ങളുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിന് എൻ.സി.സി. വളരെയധികം സഹായിക്കുമെന്ന് നിങ്ങൾക്ക് ബോധ്യമാകും.

സുഹൃത്തുക്കളേ, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് വളരെ വലുതാണ്. യുവമനസ്സുകൾ ഒത്തുചേരുകയും രാജ്യത്തിന്റെ ഭാവി യാത്രയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോൾ, തീർച്ചയായും വ്യക്തമായ പാതകൾ തെളിഞ്ഞുവരും. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12നാണ് രാജ്യം യുവജനദിനം ആഘോഷിക്കുന്നതെന്ന് നിങ്ങൾക്കറിയാം. അടുത്ത വർഷം സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മവാർഷികമാണ്. ഇത്തവണ അത് വളരെ വിശേഷപ്പെട്ട രീതിയിലായിരിക്കും ആഘോഷിക്കുക. ഈ അവസരത്തിൽ, ജനുവരി 11-12 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ യുവജന ആശയങ്ങളുടെ മഹാകുംഭം നടക്കുകയാണ്, ഈ സംരംഭത്തിന്റെ പേര് ‘വികസിത ഭാരതം യുവ നേതാക്കളുടെ സംവാദം’ എന്നാണ്. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും കോടിക്കണക്കിന് യുവജനങ്ങൾ ഇതിൽ പങ്കെടുക്കും. ഗ്രാമം, ബ്ലോക്ക്, ജില്ല, സംസ്ഥാനം എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരം യുവാക്കൾ ഭാരത് മണ്ഡപത്തിൽ ‘വികസിത ഭാരതം യുവ നേതാക്കളുടെ സംവാദ’ത്തിനായി ഒത്തുചേരും. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ, പുതിയ യുവാക്കളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ, രാഷ്ട്രീയത്തിൽ ചേരാൻ ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് ആഹ്വാനം ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാവും. ഇതിനായി രാജ്യത്ത് വിവിധ പ്രത്യേക പ്രചാരണ പരിപാടികൾ നടത്തും. ‘വികസിത ഭാരതം യുവനേതാക്കളുടെ സംവാദം’ ഇത്തരത്തിലുള്ള ഒരു ശ്രമമാണ്. ഭാരതത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധർ ഈ പരിപാടിയിൽ പങ്കെടുക്കും. നിരവധി ദേശീയ അന്തർദേശീയ പ്രമുഖരും പങ്കെടുക്കും. ഞാനും പരമാവധി അതിൽ ഉണ്ടാകും. യുവാക്കൾക്ക് അവരുടെ ആശയങ്ങൾ നേരിട്ട് നമുക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഈ ആശയങ്ങളെ എങ്ങനെയാണ് രാജ്യത്തിന് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുക? ഒരു കോൺക്രീറ്റ് റോഡ് മാപ്പ് എങ്ങനെ സൃഷ്ടിക്കാം? ഇതിനുള്ള രൂപരേഖ തയ്യാറാക്കും, അതിനാൽ തയ്യാറാകൂ, രാജ്യത്തിന്റെ ഭാവി തലമുറയായ ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ പോകുന്നവർക്ക് ഇതൊരു വലിയ അവസരമാണ്. നമുക്കൊരുമിച്ച് രാജ്യം കെട്ടിപ്പടുക്കാം, രാജ്യത്തെ വികസിപ്പിക്കാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മൻ കി ബാത്തിൽ’ നമ്മൾ പലപ്പോഴും ഇത്തരം യുവാക്കളെ കുറിച്ച് സംസാരിക്കാറുണ്ട്. നമുക്ക് ചുറ്റും നോക്കിയാൽ,  കാണുന്നവരിൽ പലർക്കും ഏതെങ്കിലും രീതിയിലുള്ള സഹായമോ, വിവരങ്ങളോ ആവശ്യമുള്ളതായി കാണാം. നിസ്വാർത്ഥമായി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയും ജനങ്ങളുടെ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന നിരവധി യുവാക്കൾ ഉണ്ട്. ചില യുവാക്കൾ ഒത്തുചേർന്ന് ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, ലഖ്‌നൗവിലെ താമസക്കാരൻ വീരേന്ദ്രൻ മുതിർന്ന പൌരന്മാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് എടുത്തുകൊടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും അറിയാം നിയമപ്രകാരം എല്ലാ പെൻഷൻകാരും വർഷത്തിലൊരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. 2014 വരെ പ്രായമായവർ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് ബാങ്കുകളിൽ പോയി സമർപ്പിക്കണമായിരുന്നു. ഇത് പ്രായംചെന്നവർക്ക് എത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് ഈ സമ്പ്രദായം മാറി. കാര്യങ്ങൾ കൂടുതൽ ലളിതമായി. അവർക്ക് ഇതിനായി ഇപ്പോൾ ബാങ്കുകളിലേയ്ക്ക് പോകേണ്ടതില്ല. സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിൽ മുതിർന്ന പൌരന്മാർക്ക് ഉണ്ടാകുന്ന അസൌകര്യങ്ങൾ ഇല്ലാതാക്കുന്നതിൽ വീരേന്ദ്രനെപ്പോലുള്ള യുവാക്കൾക്കൊരു വലിയ പങ്കുണ്ട്. ഈ യുവാക്കൾ പ്രദേശത്തെ മുതിർന്നവരെ ബോധവൽക്കരിക്കുക മാത്രമല്ല സാങ്കേതികവിദ്യാനിപുണരാക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലമായി ഇന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ എണ്ണം 80 ലക്ഷം കടന്നു. ഇവരിൽ രണ്ട് ലക്ഷത്തിലധികം പേർ 80 വയസ്സ് പിന്നിട്ട വയോധികരാണ്.
സുഹൃത്തുക്കളേ പലനഗരങ്ങളിലും യുവാക്കൾ മുതിർന്ന പൌരന്മാരെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമാക്കാൻ മുൻകൈയെടുക്കുന്നുണ്ട്. ഭോപാലിലെ മഹേഷ് തന്റെ ചുറ്റുവട്ടത്തുള്ള ധാരാളം പ്രായംചെന്ന ആൾക്കാരെ മൊബൈൽ ഉപയോഗിച്ച് പണമിടപാട് നടത്താൻ പഠിപ്പിച്ചു. ഇവരുടെയെല്ലാം കൈയിൽ സ്മാർട്ട് ഫോണുകൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ ശരിയായ ഉപയോഗം പറഞ്ഞുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല.  ഡിജിറ്റൽ അറസ്റ്റിന്റെ അപകടത്തിൽ നിന്ന് വയോജനങ്ങളെ രക്ഷിക്കാൻ യുവാക്കൾ മുന്നോട്ട് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ രാജീവ് ആളുകളെ ഡിജിറ്റൽ അറസ്റ്റ് എന്ന അപകടത്തിൽനിന്ന് ഒഴിവാകാൻ വേണ്ട ബോധവൽക്കരണം നൽകുന്നു. മൻ കി ബാത്തിന്റെ കഴിഞ്ഞ അദ്ധ്യായത്തിൽ ഞാൻ ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഏറ്റവും വലിയ ഇരകളാകുന്നത് ഏറ്റവും കൂടുതൽ മുതിർന്ന പൌരന്മാരാണ്. അതുകൊണ്ടുതന്നെ അവരെ ബോധവൽക്കരിക്കുകയും സൈബർ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും അവരെ രക്ഷിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റൽ അറസ്റ്റ് എന്നൊരു കാര്യത്തിന് സർക്കാരിന് ഒരു സാധ്യതയുമില്ലായെന്ന് നമ്മൾ ആവർത്തിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് പച്ചക്കള്ളമാണ്, ആളുകളെ കുടുക്കാനുള്ള ഗൂഢാലോചനയാണ്. നമ്മുടെ യുവസുഹൃത്തുക്കൾ ഈ പ്രവർത്തനത്തിൽ പൂർണ്ണമായ സംവേദനക്ഷമതയോടെ പങ്കെടുക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ദിവസങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ കുട്ടികളിൽ സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും പുസ്തകങ്ങളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനുമാണ് ശ്രമം – ‘പുസ്തകങ്ങൾ’ മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണെന്ന് പറയപ്പെടുന്നു, ഇപ്പോൾ ഈ സൗഹൃദം ശക്തിപ്പെടുത്താൻ ലൈബ്രറിയേക്കാൾ മികച്ച സ്ഥലം എന്തായിരിക്കും? ചെന്നൈയിൽ നിന്നുള്ള ഒരു ഉദാഹരണം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ കുട്ടികൾക്കായി ഒരു ലൈബ്രറി ഒരുക്കിയിട്ടുണ്ട്, അത് സർഗ്ഗാത്മകതയുടെയും പഠനത്തിന്റെയും കേന്ദ്രമായി മാറി. ഇത് ‘പ്രകൃത് അറിവകം’ എന്നറിയപ്പെടുന്നു. സാങ്കേതികവിദ്യയുടെ ലോകവുമായി ബന്ധപ്പെട്ട ശ്രീറാം ഗോപാലന്റെ സംഭാവനയാണ് ഈ ലൈബ്രറിയുടെ ആശയം. വിദേശത്ത് ജോലി ചെയ്യുന്നതിനിടയിൽ, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ ലോകവുമായി അദ്ദേഹം ബന്ധപ്പെട്ടു. പക്ഷേ, കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ശീലം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നു. ഭാരതത്തിൽ തിരിച്ചെത്തിയശേഷം അദ്ദേഹം ‘പ്രകൃത് അറിവകം’ തയ്യാറാക്കി. കുട്ടികൾ വായിക്കാൻ മത്സരിക്കുന്ന മൂവായിരത്തിലധികം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങൾക്ക് പുറമെ ഈ ലൈബ്രറിയിൽ നടക്കുന്ന നിരവധി പ്രവർത്തനങ്ങളും കുട്ടികളെ ആകർഷിക്കുന്നു. സ്റ്റോറി ടെല്ലിംഗ് സെഷനുകളോ ആർട്ട് വർക്ക്‌ഷോപ്പുകളോ മെമ്മറി പരിശീലന ക്ലാസുകളോ റോബോട്ടിക്‌സ് പാഠങ്ങളോ പബ്ലിക് സ്പീക്കിംഗോ ആകട്ടെ, എല്ലാവർക്കും ആസ്വദിക്കാൻ എന്തെങ്കിലും ഉണ്ട്.
സുഹൃത്തുക്കളേ, ‘ഫുഡ് ഫോർ തോട്ട്’ ഫൗണ്ടേഷൻ ഹൈദരാബാദിൽ നിരവധി മികച്ച ലൈബ്രറികൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിയുന്നത്ര വിഷയങ്ങളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ കിട്ടുമെന്ന് ഉറപ്പാക്കാനാണ് അവരുടെ ശ്രമം. ബീഹാറിൽ ഗോപാൽഗഞ്ചിലെ ‘പ്രയോഗ് ലൈബ്രറി’ സമീപ നഗരങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ഈ ലൈബ്രറിയിൽ നിന്ന് 12 ഓളം ഗ്രാമങ്ങളിലെ യുവാക്കൾക്ക് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്, ഇതോടൊപ്പം പഠനത്തിന് സഹായിക്കുന്നതിന് ആവശ്യമായ മറ്റ് സൗകര്യങ്ങളും ലൈബ്രറി ഒരുക്കുന്നുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഉപയോഗപ്രദമായ ചില ലൈബ്രറികളുണ്ട്. സമൂഹത്തെ ശാക്തീകരിക്കുന്നതിന് ഇന്ന് ലൈബ്രറി വളരെ നന്നായി ഉപയോഗിക്കപ്പെടുന്നു എന്നത് ശരിക്കും സന്തോഷകരമാണ്. പുസ്തകങ്ങളുമായുള്ള നിങ്ങളുടെ സൗഹൃദം വർദ്ധിപ്പിക്കുക, നിങ്ങളുടെ ജീവിതം എങ്ങനെ മാറുന്നുവെന്ന് കാണുക.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ മെനിഞ്ഞാന്ന് രാത്രി തെക്കേ അമേരിക്കയിലെ ഗയാനയിൽ നിന്ന് മടങ്ങി. ഭാരതത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഗയാനയിലും ഒരു ‘മിനി ഭാരതം’ ഉണ്ട്. ഏകദേശം 180 വർഷങ്ങൾക്ക് മുമ്പ്, ഭാരതത്തിൽ നിന്നുള്ള ആളുകളെ വയലുകളിലും മറ്റ് ജോലികൾക്കുമായി ഗയാനയിലേക്ക് കൊണ്ടുപോയി. ഇന്ന്, ഗയാനയിലെ ഭാരതവംശജരായ ആളുകൾ രാഷ്ട്രീയം, ബിസിനസ്സ്, വിദ്യാഭ്യാസം, സംസ്കാരം എന്നീ എല്ലാ മേഖലകളിലും ഗയാനയെ നയിക്കുന്നു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഭാരത വംശജനാണ്, ഭാരത പൈതൃകത്തിൽ അദ്ദേഹം അഭിമാനിക്കുന്നു. ഞാൻ ഗയാനയിൽ ആയിരുന്നപ്പോൾ, എന്റെ മനസ്സിൽ ഒരു ചിന്ത വന്നു – അത് ഞാൻ നിങ്ങളുമായി ‘മൻ കി ബാത്തിൽ’ പങ്കിടുന്നു. ഗയാനയെപ്പോലെ, ലോകത്തിലെ ഡസൻ കണക്കിന് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഭാരതീയരുണ്ട്. അവരുടെ പൂർവ്വികർക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ്, 200-300 വർഷങ്ങൾക്ക് മുമ്പുള്ള സ്വന്തം കഥകളുണ്ട്. വിവിധ രാജ്യങ്ങളിൽ ഭാരത കുടിയേറ്റക്കാർ തങ്ങളുടെ മുദ്ര പതിപ്പിച്ചതിന്റെ കഥകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ! അവിടെനിന്ന് അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതെങ്ങനെ! എങ്ങനെയാണ് അവർ തങ്ങളുടെ ഭാരത പൈതൃകം നിലനിർത്തിയത്? നിങ്ങൾ അത്തരം യഥാർത്ഥ കഥകൾ കണ്ടെത്തി പങ്കിടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. #IndianDiasporaStories-മായി NaMo ആപ്പിലോ MyGov-ലോ നിങ്ങൾക്ക് ഈ സ്റ്റോറികൾ പങ്കിടാം.
സുഹൃത്തുക്കളേ, ഒമാനിൽ നടക്കുന്ന അസാധാരണമായ ഒരു പ്രോജക്ടിനെ കുറിച്ചറിഞ്ഞാൽ നിങ്ങൾക്ക് വളരെ രസകരമായി തോന്നും. ഒമാനിൽ നിരവധി ഭാരത കുടുംബങ്ങൾ നൂറ്റാണ്ടുകളായി താമസിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഗുജറാത്തിലെ കച്ചിൽ നിന്ന് സ്ഥിരതാമസമാക്കിയവരാണ്. ഈ ആളുകൾ വ്യാപാരത്തിന്റെ പ്രധാന കണ്ണികൾ സൃഷ്ടിച്ചു. ഇന്നും അവർക്ക് ഒമാനി പൗരത്വമുണ്ട്, പക്ഷേ അവരുടെ സിരകളിൽ ഭാരതീയത രൂഢമൂലമാണ്. ഒമാനിലെ ഭാരത എംബസിയുടെയും നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ ഒരു സംഘം, ഈ കുടുംബങ്ങളുടെ ചരിത്രം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് രേഖകളാണ് ഈ കാമ്പയിന് കീഴിൽ ഇതുവരെ ശേഖരിച്ചത്. ഡയറി, അക്കൗണ്ട് ബുക്ക്, ലെഡ്ജറുകൾ, കത്തുകൾ, ടെലിഗ്രാമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകളിൽ ചിലത് 1838 മുതലുള്ളവയാണ്. ഈ രേഖകൾ ഏറെ വൈകാരികത നിറഞ്ഞതാണ്. വർഷങ്ങൾക്കുമുമ്പ് അവർ ഒമാനിൽ എത്തിയപ്പോൾ അവർ നയിച്ച ജീവിതം, അവർ എന്തെല്ലാം സന്തോഷങ്ങളും സങ്കടങ്ങളും നേരിട്ടു, ഒമാനിലെ ജനങ്ങളുമായുള്ള അവരുടെ ബന്ധം എങ്ങനെയായിരുന്നു – ഇതെല്ലാം ഈ രേഖകളുടെ ഭാഗമാണ്. ‘Oral History Project’ ഈ ദൗത്യത്തിന്റെ ഒരു പ്രധാന അടിത്തറയാണ്. അവിടെയുള്ള മുതിർന്ന ആളുകൾ ഈ ദൗത്യത്തിലെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആളുകൾ അവിടെ താമസിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജക്ടിന്റെ ഭാഗമായി വിശദമാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ, സമാനമായ ഒരു ‘Oral History Project’ ഭാരതത്തിലും നടക്കുന്നുണ്ട്. രാജ്യവിഭജന കാലത്തെ ഇരകളുടെ അനുഭവങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ ചരിത്രസ്നേഹികൾ ശേഖരിക്കുന്നത്. ഇപ്പോൾ വിഭജനത്തിന്റെ ഭീകരത കണ്ടവർ വളരെ കുറച്ചുപേർ മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ ഈ ശ്രമത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.  

സുഹൃത്തുക്കളേ, ഏത് രാജ്യമാണോ, ഏത് സ്ഥലമാണോ, അതിന്റെ ചരിത്രം സംരക്ഷിക്കുന്നത്, അതിന്റെ ഭാവിയും സുരക്ഷിതമാണ്. ഈ ചിന്ത മനസ്സിൽ വെച്ചുകൊണ്ട്, ഗ്രാമങ്ങളുടെ ചരിത്രം സംരക്ഷിക്കുന്നതിനായി ഒരു ഡയറക്ടറി സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമം നടന്നു. ഭാരതത്തിന്റെ പുരാതന കടൽ യാത്രാ ശേഷിയുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കുന്നതിനുള്ള പ്രചാരണവും രാജ്യത്ത് നടക്കുന്നു. ഇത് കൂടാതെ ലോത്തലിൽ ഒരു വലിയ മ്യൂസിയം നിർമ്മിക്കുന്നുണ്ട്. നിങ്ങളുടെ അറിവിൽ ഏതെങ്കിലും കൈയ്യെഴുത്തുപ്രതിയോ, ചരിത്രരേഖയോ, കൈയെഴുത്തു പകർപ്പോ ഉണ്ടെങ്കിൽ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സഹായത്തോടെ അവ സുരക്ഷിതമാക്കാം. 

സുഹൃത്തുക്കളേ, നമ്മുടെ സംസ്കാരം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ലൊവാക്യയിൽ നടക്കുന്ന മറ്റൊരു ശ്രമത്തെക്കുറിച്ച് ഞാൻ അറിഞ്ഞു. ഇവിടെ ആദ്യമായി നമ്മുടെ ഉപനിഷത്തുകൾ സ്ലോവാക് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ഈ ശ്രമങ്ങൾ ഭാരത സംസ്കാരത്തിന്റെ ആഗോള സ്വാധീനം വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ, അവരുടെ ഹൃദയങ്ങളിൽ ഭാരതം വസിക്കുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്ന രാജ്യത്തിന്റെ അത്തരമൊരു നേട്ടം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ അത് ചെയ്തില്ലെങ്കിൽ, ഒരുപക്ഷേ ഖേദിച്ചേക്കാം. ഏതാനും മാസങ്ങൾക്കുമുമ്പ് ഞങ്ങൾ ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ കാമ്പയിനിൽ വളരെ ആവേശത്തോടെ പങ്കെടുത്തു. ഈ കാമ്പയിൻ 100 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നൂറു കോടി മരങ്ങൾ, അതും വെറും അഞ്ച് മാസത്തിനുള്ളിൽ – ഇത് സാധ്യമായത് നമ്മുടെ നാട്ടുകാരുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി അറിയുമ്പോൾ നിങ്ങൾ അഭിമാനിക്കും. ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പയിൻ ഇപ്പോൾ ലോകത്തിലെ മറ്റു രാജ്യങ്ങളിലും വ്യാപിക്കുകയാണ്. ഞാൻ ഗയാനയിലായിരുന്നപ്പോൾ അവിടെയും ഈ പ്രചാരണത്തിന് സാക്ഷിയായി. അവിടെ ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും അദ്ദേഹത്തിന്റെ ഭാര്യയുടെ അമ്മയും കുടുംബത്തിലെ മറ്റുള്ളവരും ചേർന്ന് ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പെയ്‌നിൽ എന്നോടൊപ്പം ചേർന്നു.
സുഹൃത്തുക്കളേ, ഈ പ്രചാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്നു. ‘ഏക് പേട് മാം കെ നാം’ കാമ്പെയ്‌നിന് കീഴിൽ, മധ്യപ്രദേശിലെ ഇൻഡോറിൽ മരങ്ങൾ നട്ടുപിടിപ്പിച്ചതിൽ ഒരു റെക്കോർഡ് സൃഷ്ടിച്ചു – 24 മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിലധികം മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചു. ഈ പ്രചാരണം കാരണം, ഇൻഡോറിലെ രേവതി ഹിൽസിലെ തരിശായ പ്രദേശങ്ങൾ ഇപ്പോൾ ഗ്രീൻ സോണായി മാറും. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഈ കാമ്പെയ്ൻ ഒരു അദ്വിതീയ റെക്കോർഡ് സൃഷ്ടിച്ചു – ഇവിടെ ഒരു സംഘം സ്ത്രീകൾ ഒരു മണിക്കൂറിനുള്ളിൽ ഇരുപത്തയ്യായിരം മരങ്ങൾ നട്ടു. അമ്മമാർ അവരുടെ അമ്മമാരുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്തു. ഇവിടെ, അയ്യായിരത്തിലധികം ആളുകൾ ഒരുമിച്ച് ഒരിടത്ത് മരങ്ങൾ നട്ടു – ഇതും ഒരു റെക്കോർഡാണ്. ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പയിന് കീഴിൽ നിരവധി സാമൂഹിക സംഘടനകൾ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കുന്നിടത്തെല്ലാം പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഒരു സമ്പൂർണ്ണ പരിസ്ഥിതി വ്യവസ്ഥ വികസിക്കണമെന്ന് ഉറപ്പാക്കാനാണ് സംഘടനകളുടെ ശ്രമം. അതുകൊണ്ടാണ് ഈ സംഘടനകൾ ചിലയിടങ്ങളിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ച് പക്ഷികൾക്ക് കൂടുണ്ടാക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. ബീഹാറിൽ 75 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ‘ജീവിക’ സ്വയം സഹായ സംഘത്തിലെ സ്ത്രീകൾ ക്യാമ്പയിൻ നടത്തുന്നു. ഈ സ്ത്രീകളുടെ ശ്രദ്ധ ഫലവൃക്ഷങ്ങളിലാണ്, അതുവഴി അവർക്ക് ഭാവിയിൽ വരുമാനം നേടാനാകും.

സുഹൃത്തുക്കളേ, ഈ ക്യാമ്പയിനിൽ ചേരുന്നതിലൂടെ ഏതൊരു വ്യക്തിക്കും തന്റെ അമ്മയുടെ പേരിൽ ഒരു മരം നടാം. നിങ്ങളുടെ അമ്മ കൂടെയുണ്ടെങ്കിൽ അവരെയും കൂട്ടിക്കൊണ്ടുപോയി ഒരു മരം നടാം, അല്ലാത്തപക്ഷം അവരുടെ ഫോട്ടോ എടുത്ത് നിങ്ങൾക്ക് ഈ കാമ്പയിനിന്റെ ഭാഗമാകാം. വൃക്ഷത്തിനൊപ്പമുള്ള നിങ്ങളുടെ സെൽഫി mygov.in-ലും നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം. അമ്മ നമുക്കുവേണ്ടി ചെയ്യുന്ന എല്ലാത്തിനും അമ്മയോടുള്ള കടം നമുക്ക് ഒരിക്കലും വീട്ടാൻ കഴിയില്ല, പക്ഷേ അവരുടെ പേരിൽ ഒരു മരം നട്ടുപിടിപ്പിച്ചാൽ, അവരുടെ സാന്നിധ്യം എന്നെന്നേക്കുമായി നിലനിർത്താം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങളുടെ വീടിന്റെ മേൽക്കൂരയിലോ മരങ്ങളിലോ കുരുവികൾ ചിലയ്ക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടിരിക്കണം. കുരുവി തമിഴിലും മലയാളത്തിലും കുരുവി എന്നും തെലുങ്കിൽ പിച്ചുക എന്നും കന്നഡയിൽ ഗുബ്ബി എന്നും അറിയപ്പെടുന്നു. എല്ലാ ഭാഷയിലും സംസ്കാരത്തിലും കുരുവികളെക്കുറിച്ച് കഥകൾ പറയാറുണ്ട്. നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യം നിലനിർത്തുന്നതിൽ കുരുവികൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു, എന്നാൽ ഇന്ന് നഗരങ്ങളിൽ കുരുവികൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം മൂലം കുരുവികൾ നമ്മിൽ നിന്ന് അകന്നുപോയി. ചിത്രങ്ങളിലോ വീഡിയോകളിലോ മാത്രം കുരുവികളെ കണ്ടിട്ടുള്ള നിരവധി കുട്ടികൾ ഇന്നത്തെ തലമുറയിലുണ്ട്. അത്തരം കുട്ടികളുടെ ജീവിതത്തിൽ ഈ മനോഹര പക്ഷിയെ തിരികെ കൊണ്ടുവരാൻ ചില അതുല്യമായ ശ്രമങ്ങൾ നടക്കുന്നു. കുരുവികളുടെ എണ്ണം വർധിപ്പിക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തി, ചെന്നൈയിലെ കൂടുഗൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആളുകൾ സ്കൂളുകളിൽ പോയി, നിത്യജീവിതത്തിൽ കുരുവികൾ എത്ര പ്രധാനമാണെന്ന് കുട്ടികളോട് പറയുന്നു. കുരുവികളുടെ കൂടുണ്ടാക്കാൻ ഈ സ്ഥാപനങ്ങൾ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ആളുകൾ മരംകൊണ്ടുള്ള ചെറിയ വീട് ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഇതിൽ കുരുവികൾക്ക് തങ്ങാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കി. ഏതെങ്കിലും കെട്ടിടത്തിന്റെ പുറം ഭിത്തിയിലോ മരത്തിലോ സ്ഥാപിക്കാവുന്ന വീടുകളാണിത്. കുട്ടികൾ ഈ കാമ്പയിനിൽ ആവേശത്തോടെ പങ്കെടുക്കുകയും കുരുവികൾക്ക് കൂട്ടത്തോടെ കൂടുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്തരത്തിലുള്ള പതിനായിരം കൂടുകളാണ് കുരുവികൾക്കായി സംഘടന ഒരുക്കിയത്. കൂടുഗൽ ട്രസ്റ്റിന്റെ ഈ സംരംഭം മൂലം സമീപ പ്രദേശങ്ങളിൽ കുരുവികളുടെ എണ്ണം വർധിച്ചു തുടങ്ങിയിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ ചുറ്റുപാടിൽ അത്തരം ശ്രമങ്ങൾ നടത്തുകയാണെങ്കിൽ, തീർച്ചയായും കുരുവികൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും.

സുഹൃത്തുക്കളേ, കർണാടകയിലെ മൈസൂരൂവിലെ ഒരു സംഘടന കുട്ടികൾക്കായി ‘ഏർലി ബേർഡ്’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു. കുട്ടികൾക്ക് പക്ഷികളെ കുറിച്ച് പറഞ്ഞു കൊടുക്കാൻ ഈ സംഘടന ഒരു പ്രത്യേക ലൈബ്രറി നടത്തുന്നു. മാത്രമല്ല, കുട്ടികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനായി ‘നേച്ചർ എജ്യുക്കേഷൻ കിറ്റ്’ തയ്യാറാക്കിയിട്ടുണ്ട്. ഈ കിറ്റിൽ കുട്ടികൾക്കുള്ള സ്റ്റോറി ബുക്ക്, ഗെയിമുകൾ, ആക്റ്റിവിറ്റി ഷീറ്റുകൾ, ജിഗ്-സോ പസിലുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഈ സംഘടന നഗരത്തിലെ കുട്ടികളെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുകയും പക്ഷികളെക്കുറിച്ച് പറയുകയും ചെയ്യുന്നു. ഈ സംഘടനയുടെ ശ്രമഫലമായി കുട്ടികൾ പലതരം പക്ഷികളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ‘മൻ കി ബാത്ത്’ ശ്രോതാക്കൾക്ക് അവരുടെ ചുറ്റുപാടുകൾ കാണുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള വ്യത്യസ്തമായ ഒരു രീതിയും ഇത്തരം ശ്രമങ്ങളിലൂടെ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആരെങ്കിലും ‘സർക്കാർ ഓഫീസ്’ എന്ന് പറഞ്ഞാലുടൻ നിങ്ങളുടെ മനസ്സിലേക്ക് വരുന്നത് ഫയലുകളുടെ കൂമ്പാരത്തിന്റെ ചിത്രമായിരിക്കും. സിനിമകളിലും സമാനമായ എന്തെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. സർക്കാർ ഓഫീസുകളിലെ ഈ ഫയലുകളുടെ കൂമ്പാരങ്ങളിൽ എത്രയോ തമാശകൾ, എത്രയെത്ര കഥകൾ എഴുതിയിരിക്കുന്നു. വർഷങ്ങളായി, ഈ ഫയലുകൾ ഓഫീസിൽ കിടന്നു പൊടി നിറഞ്ഞു അവിടെ മലിനമാകാൻ തുടങ്ങി – പതിറ്റാണ്ടുകൾ പഴക്കമുള്ള ഫയലുകളും സ്ക്രാപ്പുകളും നീക്കം ചെയ്യുന്നതിനായി പ്രത്യേക ശുചിത്വ ക്യാമ്പയിൻ ആരംഭിച്ചു. ഈ കാമ്പയിൻ സർക്കാർ വകുപ്പുകളിൽ അത്ഭുതകരമായ ഫലങ്ങൾ നൽകി എന്നറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും. ഇത്തരം ശുചീകരണയജ്ഞങ്ങളിലൂടെ ഓഫീസുകളിൽ ധാരാളം സ്ഥലം ലാഭിക്കാനായിട്ടുണ്ട്. ഇത് ഓഫീസിൽ ജോലി ചെയ്യുന്നവരിൽ ഉടമസ്ഥാവകാശബോധവും ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ജോലിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്ന ബോധവും അവർക്കുണ്ടായിട്ടുണ്ട്. 

സുഹൃത്തുക്കളെ, എവിടെ വൃത്തിയുണ്ടോ അവിടെ ലക്ഷ്മീദേവി കുടികൊള്ളുമെന്ന് മുതിർന്നവർ പറയുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. ‘മാലിന്യത്തിൽ നിന്നും മാണിക്യം’ എന്ന ആശയം ഇവിടെ വളരെ പഴക്കമുള്ളതാണ്. ഉപയോഗശൂന്യമെന്ന് കരുതുന്ന സാധനങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ‘യുവാക്കൾ’ മാലിന്യത്തിൽ നിന്ന് വരുമാനമുണ്ടാക്കുന്നു. പലതരത്തിലുള്ള നൂതനാശയങ്ങൾ നടപ്പിലാക്കുന്നു. ഇതിലൂടെ അവർ പണം സമ്പാദിക്കുന്നു, തൊഴിൽ മാർഗങ്ങൾ വികസിപ്പിക്കുന്നു. ഈ യുവാക്കൾ അവരുടെ ശ്രമങ്ങളിലൂടെ സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു. മുംബൈയിലെ രണ്ട് പെൺമക്കളുടെ ഈ ശ്രമം ശരിക്കും പ്രചോദനം നൽകുന്നതാണ്. അക്ഷര, പ്രകൃതി എന്നീ പേരുള്ള ഈ രണ്ട് പെൺമക്കളാണ് ക്ലിപ്പിംഗുകൾ കൊണ്ട് ഫാഷൻ സാമഗ്രികൾ ഉണ്ടാക്കുന്നത്. വസ്ത്രങ്ങൾ മുറിക്കുമ്പോഴും തുന്നുമ്പോഴും ബാക്കിവരുന്ന ക്ലിപ്പിംഗുകൾ ഉപയോഗശൂന്യമായി കണക്കാക്കി വലിച്ചെറിയുന്നതും നിങ്ങൾക്കറിയാം. അക്ഷരയുടെയും പ്രകൃതിയുടെയും സംഘം ആ തുണ്ടുതുണികൾ ഫാഷൻ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. ക്ലിപ്പിംഗുകൾ കൊണ്ട് നിർമ്മിച്ച തൊപ്പികൾ, ബാഗുകൾ എന്നിവ ചൂടപ്പംപോലെ വിറ്റഴിക്കുന്നു.

സുഹൃത്തുക്കളേ, യു.പി.യിലെ കാൺപൂരിലും ശുചിത്വവുമായി ബന്ധപ്പെട്ട് നല്ല സംരംഭങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ചിലർ എല്ലാ ദിവസവും മോണിംഗ് വാക്ക് നടത്തുകയും ഗംഗയുടെ ഘാട്ടുകളിൽ വിതറുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിന് ‘കാൻപൂർ പ്ലോഗേഴ്സ് ഗ്രൂപ്പ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചില സുഹൃത്തുക്കൾ ചേർന്നാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ക്രമേണ ഇതൊരു വലിയ ജനപങ്കാളിത്തമുള്ള പ്രചാരണമായി മാറി. നഗരത്തിലെ നിരവധി ആളുകൾ അതിൽ ചേർന്നു. അതിലെ അംഗങ്ങൾ ഇപ്പോൾ കടകളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാലിന്യത്തിൽ നിന്ന് റീസൈക്കിൾ പ്ലാന്റിൽ ട്രീ ഗാർഡുകൾ തയ്യാറാക്കുന്നു, അതായത്, ഈ ഗ്രൂപ്പിലെ ആളുകൾ മാലിന്യത്തിൽ നിന്ന് നിർമ്മിച്ച ട്രീ ഗാർഡുകൾ ഉപയോഗിച്ച് ചെടികളെ സംരക്ഷിക്കുന്നു.

സുഹൃത്തുക്കളേ, ചെറിയ ചെറിയ പ്രയത്നങ്ങളിലൂടെ എത്ര വലിയ വിജയം നേടാം എന്നതിന്റെ ഉദാഹരണമാണ് അസമിലെ ഇതിഷ. ഡൽഹിയിലും പൂനെയിലുമാണ് ഇതിഷയുടെ വിദ്യാഭ്യാസം. കോർപ്പറേറ്റ് ലോകത്തിന്റെ തിളക്കവും ഗ്ലാമറും ഉപേക്ഷിച്ച് അരുണാചലിലെ സാംഗ്തി താഴ്‌വര വൃത്തിയാക്കുന്ന തിരക്കിലാണ് ഇതിഷ. വിനോദസഞ്ചാരികൾ കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ ധാരാളമായി അവിടെ കുമിഞ്ഞുകൂടാൻ തുടങ്ങി. ഒരുകാലത്ത് ശുദ്ധമായിരുന്ന നദി പ്ലാസ്റ്റിക് മാലിന്യം മൂലം മലിനമായി. ഇത് ശുചീകരിക്കാൻ നാട്ടുകാരുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഇതിഷ. ഇവരുടെ സംഘത്തിലെ ആളുകൾ അവിടെ വരുന്ന വിനോദസഞ്ചാരികളെ ബോധവൽക്കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ താഴ്‌വരയിലാകെ മുളകൊണ്ട് നിർമ്മിച്ച ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, ഇത്തരം ശ്രമങ്ങൾ ഭാരതത്തിന്റെ ശുചിത്വ കാമ്പയിന് ഊർജം പകരുന്നു. ഇതൊരു തുടർച്ചയായ പ്രചാരണമാണ്. ഇത് നിങ്ങളുടെ ചുറ്റുപാടും സംഭവിക്കുന്നുണ്ടാകണം. അത്തരം ശ്രമങ്ങളെക്കുറിച്ച് നിങ്ങൾ എനിക്ക് എഴുതിക്കൊണ്ടിരിക്കണം.

സുഹൃത്തുക്കളേ, ‘മൻ കി ബാത്തിന്റെ’ ഈ എപ്പിസോഡിൽ തൽക്കാലം ഇത്രമാത്രം. ഈ മാസം മുഴുവൻ നിങ്ങളുടെ പ്രതികരണങ്ങൾക്കും കത്തുകൾക്കും നിർദ്ദേശങ്ങൾക്കും വേണ്ടി ഞാൻ കാത്തിരിക്കുന്നു. എല്ലാ മാസവും വരുന്ന നിങ്ങളുടെ സന്ദേശങ്ങൾ, ഈ പരിപാടി കൂടുതൽ മികച്ചതാക്കാൻ എന്നെ പ്രചോദിപ്പിക്കുന്നു. അടുത്ത മാസം, ‘മൻ കി ബാത്തിന്റെ’ മറ്റൊരു ലക്കത്തിൽ നമുക്ക് വീണ്ടും ഒത്തുചേരാം – രാജ്യത്തിന്റെയും നാട്ടുകാരുടെയും പുതിയ നേട്ടങ്ങളുമായി. അതുവരെ, എല്ലാ നാട്ടുകാർക്കും എന്റെ ആശംസകൾ. വളരെ നന്ദി.

*****

SK