Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മൻ കി ബാത്തിന്റെ’ 109-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന


ന്യൂഡൽഹി : 28 ജനുവരി 2024

നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ ‘മന്‍ കി ബാത്’ പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ ‘ദേവ് സെ ദേശ്’, ”രാം സെ രാഷ്ട്ര്” എന്നിവയെക്കുറിച്ച് സംസാരിച്ചത്.

സുഹൃത്തുക്കളേ, അയോധ്യയിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഒരു ചരടില്‍ ചേര്‍ത്തതായി തോന്നുന്നു. എല്ലാവരുടെയും വികാരങ്ങള്‍ ഒന്നുതന്നെ, എല്ലാവരുടെയും ഭക്തി ഒന്നുതന്നെ, എല്ലാവരുടെയും വാക്കുകളില്‍ രാമന്‍, എല്ലാവരുടെയും ഹൃദയത്തില്‍ രാമന്‍. ഈ സമയത്ത്, രാജ്യത്തെ നിരവധി ആളുകള്‍ ‘രാംഭജന്‍’ ആലപിക്കുകയും ശ്രീരാമന്റെ പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ജനുവരി 22 ന് വൈകുന്നേരം രാജ്യം മുഴുവന്‍ രാംജ്യോതി കത്തിച്ച് ദീപാവലി ആഘോഷിച്ചു. ഈ സമയത്ത്, ഒരു വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഒരു പ്രധാന അടിസ്ഥാനമായ കൂട്ടായ്മയുടെ ശക്തി രാജ്യം കണ്ടു. മകരസംക്രാന്തി മുതല്‍ ജനുവരി 22 വരെ ശുചിത്വ കാമ്പയിന്‍ നടത്തണമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ‘ഭക്തിയോടെ അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ വൃത്തിയാക്കിയത് എനിക്ക് നന്നായി തോന്നി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും എനിക്ക് എത്രപേര്‍ അയച്ചുതന്നിട്ടുണ്ട്! ഈ വികാരത്തിന് വിരമമരുത്, ഈ പ്രചാരണം അവസാനിക്കുകയും അരുത്. കൂട്ടായ്മയുടെ ഈ ശക്തി നമ്മുടെ രാജ്യത്തെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ ജനുവരി 26ലെ പരേഡ് വളരെ ഗംഭീരമായിരുന്നു, എന്നാല്‍ പരേഡില്‍ സ്ത്രീശക്തി കണ്ടതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്, കേന്ദ്ര സുരക്ഷാ സേനയുടെയും ഡല്‍ഹി പോലീസിന്റെയും വനിതാ സംഘങ്ങള്‍ മാര്‍ച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും അഭിമാനപൂരിതരായി. വനിതാസംഘത്തിന്റെ ഘോഷയാത്രയും അവരുടെ ഏകോപനവും കണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ആവേശത്തിലായി. ഇത്തവണ പരേഡില്‍ അണിനിരന്ന 20 സ്‌ക്വാഡുകളില്‍ 11 സ്‌ക്വാഡുകളും വനിതകള്‍ മാത്രമായിരുന്നു. കടന്നുവന്ന ഫ്‌ളോട്ടുകളില്‍ എല്ലാ അഭിനേതാക്കളും സ്ത്രീകളാണെന്ന് ഞങ്ങള്‍ കണ്ടു. നടന്ന സാംസ്‌കാരിക പരിപാടികളില്‍ ആയിരത്തഞ്ഞൂറോളം പുത്രിമാര്‍ പങ്കെടുത്തു. നിരവധി കലാകാരികള്‍ ശംഖ്, നാദസ്വരം, നഗാഢ തുടങ്ങിയ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിച്ചു. ഡി.ആര്‍.ഡി.ഒ. പുറത്തിറക്കിയ ടാബ്ലോയും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ജലം, ഭൂമി, ആകാശം, സൈബര്‍ലോകം, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീശക്തി രാജ്യത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് അത് കാണിച്ചുതന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം എന്ന മന്ത്രവുമായി മുന്നേറുകയാണ്.

സുഹൃത്തുക്കളേ, നിങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജുന അവാര്‍ഡ് ചടങ്ങ് കണ്ടിരിക്കണം. ഇതില്‍ രാജ്യത്തെ വാഗ്ദാനങ്ങളായ നിരവധി കളിക്കാരെയും കായികതാരങ്ങളെയും രാഷ്ട്രപതിഭവനില്‍ ആദരിച്ചിട്ടുണ്ട്. ഇവിടെയും ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു അര്‍ജുന അവാര്‍ഡ് ലഭിച്ച പെണ്‍കുട്ടികളും അവരുടെ ജീവിതവും. ഇത്തവണ 13 വനിതാ കായികതാരങ്ങള്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ഈ വനിതാ അത്‌ലറ്റുകള്‍ നിരവധി വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ഭാരതത്തിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു. ധീരരും കഴിവുറ്റവരുമായ ഈ കളിക്കാര്‍ക്ക് മുന്നില്‍ ശാരീരിക വെല്ലുവിളികള്‍ക്കും സാമ്പത്തിക വെല്ലുവിളികള്‍ക്കും നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. മാറുന്ന ഭാരതത്തില്‍, രാജ്യത്തെ നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും എല്ലാ മേഖലകളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീകള്‍ തങ്ങളുടെ മുദ്ര പതിപ്പിച്ച മറ്റൊരു മേഖലയുണ്ട്, അത് സ്വയം സഹായസംഘങ്ങളാണ്. ഇന്ന്, രാജ്യത്ത് വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു, അവരുടെ പ്രവര്‍ത്തന വ്യാപ്തിയും വളരെയധികം വികസിച്ചു. എല്ലാ ഗ്രാമങ്ങളിലെയും വയലുകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കൃഷിയില്‍ സഹായിക്കുന്ന നമോ ഡ്രോണ്‍ ദീദികളെ നിങ്ങള്‍ കാണുന്ന ആ ദിവസം വിദൂരമല്ല. യു.പി.യിലെ ബഹ്‌റായിച്ചില്‍ സ്ത്രീകള്‍ നാടന്‍ ചേരുവകള്‍ ഉപയോഗിച്ച് ജൈവവളവും ജൈവകീടനാശിനിയും തയ്യാറാക്കുന്നത് ഞാന്‍ അറിഞ്ഞു. സ്വയംസഹായ സംഘങ്ങളുമായി ബന്ധമുള്ള നിബിയ ബേഗംപൂര്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ചാണകവും വേപ്പിലയും പലതരം ഔഷധസസ്യങ്ങളും ചേര്‍ത്താണ് ജൈവവളം തയ്യാറാക്കുന്നത്. അതുപോലെ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മുളക് എന്നിവയുടെ പേസ്റ്റ് ഉണ്ടാക്കി ഈ സ്ത്രീകള്‍ ജൈവകീടനാശിനി തയ്യാറാക്കുന്നു. ഈ സ്ത്രീകള്‍ ഒരുമിച്ച് ‘ഉന്നതി ബയോളജിക്കല്‍ യൂണിറ്റ്’എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ജൈവ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ ഈ സംഘടന ഈ സ്ത്രീകളെ സഹായിക്കുന്നു. ഇവര്‍ നിര്‍മ്മിക്കുന്ന ജൈവവളം, ജൈവകീടനാശിനി എന്നിവയുടെ ആവശ്യവും തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഇന്ന്, സമീപഗ്രാമങ്ങളില്‍ നിന്നുള്ള ആറായിരത്തിലധികം കര്‍ഷകര്‍ അവരില്‍ നിന്ന് ജൈവഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. ഇതുമൂലം, സ്വയം സഹായസംഘങ്ങളുമായി ബന്ധപ്പെട്ട ഈ സ്ത്രീകളുടെ വരുമാനം വര്‍ദ്ധിച്ചു, അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സമൂഹത്തെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പൗരന്മാരുടെ ശ്രമങ്ങളെ ‘മന്‍ കി ബാത്തില്‍’ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്ന് ദിവസം മുമ്പ് രാജ്യം പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ‘മന്‍ കി ബാത്തില്‍’ ഇത്തരം പൗരന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണ്. അടിത്തട്ടിലുള്ളവരുമായി ഇടപഴകി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നിരവധി നാട്ടുകാര്‍ക്ക് ഇത്തവണയും പത്മസമ്മാന്‍ ലഭിച്ചു. ഈ പ്രചോദകരായ ആളുകളുടെ ജീവിതയാത്രയെക്കുറിച്ച് അറിയാന്‍ രാജ്യത്തുടനീളം വളരെയധികം ആകാംക്ഷയുണ്ട്. മാധ്യമതലക്കെട്ടുകളില്‍ നിന്ന് മാറി, പത്രങ്ങളുടെ മുന്‍ പേജുകളില്‍ നിന്ന് മാറി, ഒരു ലൈംലൈറ്റും ഇല്ലാതെ സാമൂഹിക സേവനത്തില്‍ മുഴുകി. ഇക്കൂട്ടരെ കുറിച്ച് നമ്മള്‍ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടായിരിക്കില്ല. പത്മ പുരസ്‌ക്കാര പ്രഖ്യാപനത്തിന് ശേഷം ഇത്തരക്കാര്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ആളുകള്‍ അവരെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു, കാത്തിരിക്കുന്നു. ഈ പത്മ അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗവും അവരവരുടെ മേഖലകളില്‍ വളരെ അതുല്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ചിലര്‍ ആംബുലന്‍സ് സേവനം നല്‍കുന്നു, ചിലര്‍ നിരാലംബര്‍ക്ക് തലയ്ക്ക് മുകളില്‍ മേല്‍ക്കൂര ഒരുക്കുന്നു. ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ട്. 650 ലധികം ഇനം നെല്ലുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച ഒരാളുമുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതിരിക്കാന്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്നവരുമുണ്ട്. നിരവധി ആളുകള്‍ സ്വയം സഹായ ഗ്രൂപ്പുകളുമായി, പ്രത്യേകിച്ച് നാരി ശക്തി കാമ്പെയ്‌നുമായി ആളുകളെ ബന്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബഹുമതി ലഭിച്ചവരില്‍ 30 പേര്‍ സ്ത്രീകളാണെന്നതില്‍ നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. താഴെത്തട്ടിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെയും രാജ്യത്തെയും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ സ്ത്രീകള്‍.

സുഹൃത്തുക്കളേ, പത്മ പുരസ്‌കാര ജേതാക്കളില്‍ ഓരോരുത്തരുടെയും സംഭാവനകള്‍ രാജ്യക്കാര്‍ക്ക് പ്രചോദനമാണ്. ശാസ്ത്രീയനൃത്തം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, നാടകം, ഭജന എന്നിവയില്‍ രാജ്യത്തിന് കീര്‍ത്തി വരുത്തുന്നവരാണ് ഇത്തവണ ബഹുമതികള്‍ ഏറ്റുവാങ്ങുന്നത്. പ്രാകൃതം, മാളവി, ലംബാഡി ‘ഭാഷകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിനും പൈതൃകത്തിനും പുതിയ ഉയരങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുനിന്നും നിരവധിപേര്‍ പത്മ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഫ്രാന്‍സ്, തായ്‌വാന്‍, മെക്‌സിക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു.

സുഹൃത്തുക്കളേ, കഴിഞ്ഞ ദശകത്തില്‍ പത്മപുരസ്‌കാരങ്ങളുടെ സമ്പ്രദായം പൂര്‍ണ്ണമായും മാറിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇപ്പോഴത് ജനകീയ പദ്മമായി മാറി. പത്മപുരസ്‌കാര സമ്പ്രദായത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ആളുകള്‍ക്ക് സ്വയം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവസരമുണ്ട്. 2014-നെ അപേക്ഷിച്ച് ഇത്തവണ 28 മടങ്ങ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചതിന് കാരണം ഇതാണ്. പത്മപുരസ്‌കാരത്തിന്റെ അന്തസ്സും അതിന്റെ വിശ്വാസ്യതയും ബഹുമാനവും ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് കാണിക്കുന്നു. പത്മ പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ നേരുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഓരോ ജീവനും ഓരോ ലക്ഷ്യമുണ്ടെന്ന് പറയപ്പെടുന്നു, എല്ലാവരും ജനിച്ചത് ഒരു ലക്ഷ്യം നിറവേറ്റാനാണ്. അതിനായി ആളുകള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ തികഞ്ഞ ഭക്തിയോടെ നിര്‍വഹിക്കുന്നു. ചിലര്‍ സാമൂഹ്യസേവനത്തിലൂടെയും, ചിലര്‍ പട്ടാളത്തില്‍ ചേര്‍ന്നും, ചിലര്‍ വരും തലമുറയെ പഠിപ്പിച്ചുകൊണ്ടും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് നാം കണ്ടു, എന്നാല്‍ സുഹൃത്തുക്കളേ, ജീവിതാവസാനത്തിനു ശേഷവും സാമൂഹിക ജീവിതത്തോടുള്ള കടമകള്‍ നിറവേറ്റുന്ന ചിലര്‍ നമുക്കിടയിലുണ്ട്. അതിനുള്ള അവരുടെ മാധ്യമം അവയവദാനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്ത ആയിരത്തിലധികം ആളുകള്‍ രാജ്യത്തുണ്ട്. ഈ തീരുമാനം എളുപ്പമല്ല, എന്നാല്‍ ഈ തീരുമാനം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ പോകുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങളെ മാനിച്ച കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന്, രാജ്യത്തെ പല സംഘടനകളും ഈ ദിശയില്‍ വളരെ പ്രചോദനാത്മകമായ ശ്രമങ്ങള്‍ നടത്തുന്നു. ചില സംഘടനകള്‍ അവയവദാനത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നു, ചില സംഘടനകള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള ആളുകളെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ മൂലം രാജ്യത്ത് അവയവദാനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രോഗികളുടെ ജീവിതം സുഗമമാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ അത്തരമൊരു നേട്ടം ഞാന്‍ ഇപ്പോള്‍ നിങ്ങളുമായി പങ്കിടുന്നു. ചികിത്സയ്ക്കായി ആയുര്‍വേദം, സിദ്ധ അല്ലെങ്കില്‍ യുനാനി സമ്പ്രദായത്തില്‍ നിന്ന് സഹായം ലഭിക്കുന്ന നിരവധി ആളുകള്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകും. എന്നാല്‍ ഇതേ രീതിയിലുള്ള മറ്റേതെങ്കിലും ഡോക്ടറിലേക്ക് പോകുമ്പോള്‍ അവരുടെ രോഗികള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഈ ചികിത്സാസമ്പ്രദായങ്ങളില്‍, രോഗങ്ങളുടെ പേരുകള്‍ക്കും ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും ഒരേ ഭാഷ ഉപയോഗിക്കാറില്ല. ഓരോ ഡോക്ടറും രോഗത്തിന്റെ പേരും ചികിത്സയുടെ രീതികളും അവരുടേതായ രീതിയില്‍ എഴുതുന്നു. ഇത് ചിലപ്പോള്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ആയുഷ് മന്ത്രാലയം ആയുര്‍വേദം, സിദ്ധ, യുനാനി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഡാറ്റയും ടെര്‍മിനോളജിയും തരംതിരിച്ചതില്‍ സന്തോഷമുണ്ട്. ഇരുവരുടെയും ശ്രമഫലമായി ആയുര്‍വേദം, യുനാനി, സിദ്ധ വൈദ്യം എന്നിവയിലെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട പദങ്ങള്‍ ക്രോഡീകരിച്ചു. ഈ കോഡിംഗിന്റെ സഹായത്തോടെ, ഇപ്പോള്‍ എല്ലാ ഡോക്ടര്‍മാരും അവരുടെ കുറിപ്പടികളിലോ സ്‌ലിപ്പുകളിലോ ഒരേ ഭാഷ എഴുതും. ആ സ്‌ലിപ്പുമായി മറ്റൊരു ഡോക്ടറുടെ അടുത്ത് പോയാല്‍, ആ സ്‌ലിപ്പില്‍ നിന്ന് മാത്രമേ ഡോക്ടര്‍ക്ക് അതിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കൂ എന്നതാണ് ഇതിന്റെ ഒരു നേട്ടം. നിങ്ങളുടെ അസുഖം, ചികിത്സ, എന്ത് മരുന്നുകളാണ് കഴിക്കുന്നത്, എത്ര നാളായി ചികിത്സ തുടരുന്നു, ഏതൊക്കെ കാര്യങ്ങളോട് നിങ്ങള്‍ക്ക് അലര്‍ജിയുണ്ട ഇവ അറിയാന്‍ ആ സ്‌ലിപ്പ് നിങ്ങളെ സഹായിക്കും. ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായിരിക്കും ഇതിന്റെ മറ്റൊരു നേട്ടം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ക്ക് രോഗം, മരുന്നുകള്‍, അതിന്റെ ഫലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കും. ഗവേഷണം വര്‍ദ്ധിക്കുകയും നിരവധി ശാസ്ത്രജ്ഞര്‍ ഒരുമിച്ച് ചേരുകയും ചെയ്യുമ്പോള്‍, ഈ മെഡിക്കല്‍ സംവിധാനങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കുകയും അവയോടുള്ള ആളുകളുടെ ചായ്‌വ് വര്‍ദ്ധിക്കുകയും ചെയ്യും. ഈ ആയുഷ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട നമ്മളുടെ ഡോക്ടര്‍മാര്‍ ഈ കോഡിംഗ് എത്രയും വേഗം സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

സുഹൃത്തുക്കളേ, ഞാന്‍ ആയുഷ് സമ്പ്രദായത്തെക്കുറിച്ച് പറയുമ്പോള്‍, യാനുങ് ജമോഹ് ലാഗോവിന്റെ ചിത്രവും എന്റെ കണ്‍മുന്നില്‍ വരുന്നു. അരുണാചല്‍ പ്രദേശിലെ താമസക്കാരിയായ ശ്രീമതി. യാനുങ് ഒരു പച്ചമരുന്ന് വിദഗ്ധയാണ്. ആദിവാസി ഗോത്രത്തിന്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായം പുന:രുജ്ജീവിപ്പിക്കാന്‍ അവര്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഭാവനയ്ക്കുള്ള പത്മപുരസ്‌കാരവും ഇത്തവണ അവര്‍ക്ക്് ലഭിച്ചിട്ടുണ്ട്. അതുപോലെ ഇത്തവണ ഛത്തീസ്ഗഢിലെ ഹേംചന്ദ് മാഞ്ചിക്കും പത്മ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വൈദ്യരാജ് ഹേംചന്ദ് മാഞ്ചിയും ആയുഷ് സമ്പ്രദായത്തിന്റെ സഹായത്തോടെ ആളുകളെ ചികിത്സിക്കുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ പാവപ്പെട്ട രോഗികളെ സേവിക്കുന്നു. നമ്മുടെ രാജ്യത്ത് മറഞ്ഞിരിക്കുന്ന ആയുര്‍വേദത്തിന്റെയും ഔഷധസസ്യത്തിന്റെയും നിധി സംരക്ഷിക്കുന്നതില്‍ ശ്രീമതി. യാനുങ്ങിനെയും ശ്രീ. ഹേംചന്ദിനെയും പോലുള്ളവര്‍ക്ക് വലിയ പങ്കുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മന്‍ കി ബാത്തിലൂടെ’ നമ്മള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും ഈ കാലഘട്ടത്തില്‍ പോലും, രാജ്യത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമാണ് റേഡിയോ. റേഡിയോയുടെ ശക്തിക്ക് എത്രമാത്രം മാറ്റം കൊണ്ടുവരാന്‍ കഴിയും എന്നതിന്റെ അതുല്യമായ ഉദാഹരണമാണ് ഛത്തീസ്ഗഢില്‍ കാണുന്നത്. കഴിഞ്ഞ 7 വര്‍ഷമായി റേഡിയോയില്‍ ഒരു ജനപ്രിയ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നുണ്ട്, അതിന്റെ പേര് ”ഹമര്‍ ഹാത്തി  ഹമര്‍ ഗോഠ്” എന്നാണ്. റേഡിയോയും ആനയും തമ്മില്‍ എന്ത് ബന്ധമുണ്ടെന്ന് പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇതാണ് റേഡിയോയുടെ സൗന്ദര്യം. ഛത്തീസ്ഗഢില്‍, ഈ പരിപാടി എല്ലാ വൈകുന്നേരവും ആകാശവാണി, അംബികാപൂര്‍, റായ്പൂര്‍, ബിലാസ്പൂര്‍, റായ്ഗഡ് എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്ന് പ്രക്ഷേപണം ചെയ്യപ്പെടുന്നു, ഛത്തീസ്ഗഡിലെയും പരിസര പ്രദേശങ്ങളിലെയും വനങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഈ പരിപാടി ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നുവെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ‘ഹമര്‍ ഹാത്തി  ഹമര്‍ ഗോഠ്’ എന്ന പരിപാടിയില്‍ ആനക്കൂട്ടം ഏത് വനമേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുന്നുണ്ട്. ഈ വിവരം ഇവിടുത്തെ ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണ്. ആനക്കൂട്ടം എത്തിയ വിവരം റേഡിയോയിലൂടെ ജനം അറിഞ്ഞയുടന്‍ ജാഗരൂകരാകും. ആനകള്‍ കടന്നുപോകുന്ന റോഡുകളിലൂടെയുള്ള അപകടം ഒഴിവായി. ഒരു വശത്ത്, ഇത് ആനക്കൂട്ടങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ സാധ്യത കുറയ്ക്കുന്നു, മറുവശത്ത് ഇത് ആനകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാന്‍ സഹായിക്കുന്നു. ഈ ഡാറ്റയുടെ ഉപയോഗം ഭാവിയില്‍ ആനകളുടെ സംരക്ഷണത്തിനും സഹായിക്കും. ഇവിടെ ആനകളുമായി ബന്ധപ്പെട്ട വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇതോടെ കാടിന്റെ ചുറ്റുപാടില്‍ താമസിക്കുന്നവര്‍ക്ക് ആനകലുമായി ചങ്ങാത്തം കൂടാനും സൗകര്യമായി. രാജ്യത്തെ മറ്റ് വനമേഖലകളില്‍ താമസിക്കുന്നവര്‍ക്കും ഛത്തീസ്ഗഡിന്റെ ഈ അതുല്യമായ സംരംഭവും അതിന്റെ അനുഭവങ്ങളും പ്രയോജനപ്പെടുത്താം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ജനുവരി 25-ന് നാമെല്ലാവരും ദേശീയ വോട്ടര്‍ ദിനം ആഘോഷിച്ചു. നമ്മുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് ഇത് സുപ്രധാന ദിനമാണ്. ഇന്ന് രാജ്യത്ത് ഏകദേശം 96 കോടി വോട്ടര്‍മാരുണ്ട്. ഈ കണക്ക് എത്ര വലുതാണെന്ന് അറിയാമോ? ഇത് അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിരട്ടിയാണ്. ഇത് യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ ഒന്നര ഇരട്ടിയാണ്. പോളിംഗ് സ്‌റ്റേഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇന്ന് രാജ്യത്ത് അവയുടെ എണ്ണം ഏകദേശം 10.5 ലക്ഷത്തോളം വരും. ഭാരതത്തിലെ ഓരോ പൗരനും അവന്റെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ പ്രാപ്തമാക്കുന്നതിന് നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു വോട്ടര്‍ മാത്രമുള്ള അത്തരം സ്ഥലങ്ങളില്‍ പോലും പോളിംഗ് ബൂത്തുകള്‍ നിര്‍മ്മിക്കുന്നു. രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ലോകത്തെ പല രാജ്യങ്ങളിലും വോട്ടിംഗ് ശതമാനം കുറയുമ്പോള്‍ ഭാരതത്തില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുന്നത് രാജ്യത്തിന് ആവേശം പകരുന്ന കാര്യമാണ്. 1951-52 ല്‍ രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 45 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് ഈ കണക്ക് ഗണ്യമായി വര്‍ദ്ധിച്ചു. രാജ്യത്ത് വോട്ടര്‍മാരുടെ എണ്ണം മാത്രമല്ല, പോളിംഗ് ശതമാനവും വര്‍ദ്ധിച്ചു. നമ്മുടെ യുവവോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിയമത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിപ്പിക്കാന്‍ കമ്മ്യൂണിറ്റി തലത്തില്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എവിടെയൊക്കെയോ ആളുകള്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ചെയ്യുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ചിലയിടത്ത് പെയിന്റിംഗുകള്‍ ഉണ്ടാക്കി, ചിലയിടത്ത് യുവാക്കള്‍ തെരുവ് നാടകങ്ങളിലൂടെ ആകര്‍ഷിക്കപ്പെടുന്നു. അത്തരത്തിലുള്ള ഓരോ ശ്രമങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ ആഘോഷത്തിന് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നു. ‘മന്‍ കി ബാത്തിലൂടെ’ ഞാന്‍ എന്റെ ആദ്യ വോട്ടര്‍മാരോട് തീര്‍ച്ചയായും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് പറയും. നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടലിലൂടെയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയും അവര്‍ക്ക് ഇത് എളുപ്പത്തില്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ ഒരു വോട്ടിന് രാജ്യത്തിന്റെ ഭാഗധേയം മാറ്റാനും രാജ്യത്തിന്റെ ഭാഗധേയം നിര്‍മ്മിക്കാനും കഴിയുമെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ജനുവരി 28, വിവിധ കാലഘട്ടങ്ങളില്‍ രാജ്യസ്‌നേഹത്തിന്റെ മാതൃക കാട്ടിയ ഇന്ത്യയിലെ രണ്ട് മഹത്‌വ്യക്തികളുടെ ജന്മദിനം കൂടിയാണ്. ഇന്ന് രാജ്യം, പഞ്ചാബ് കേസരി ലാലാ ലജ്പത് റായ് ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വൈദേശിക ഭരണത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു ലാലാജി. ലാലാജിയുടെ വ്യക്തിത്വം സ്വാതന്ത്ര്യസമരത്തില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. അദ്ദേഹം വളരെ ദീര്‍ഘദര്‍ശിയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും മറ്റ് നിരവധി സ്ഥാപനങ്ങളുടെയും സൃഷ്ടിയില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുക മാത്രമല്ല, രാജ്യത്തിന് സാമ്പത്തിക ശക്തി നല്‍കുകയെന്ന കാഴ്ചപ്പാടും അദ്ദേഹത്തിന്റെ ചിന്തയുടെ പ്രധാന ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ത്യാഗവും ഭഗത് സിംഗിനെ വളരെയധികം സ്വാധീനിച്ചു. ഇന്ന് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയെ ആദരവോടെ ഓര്‍ക്കേണ്ട ദിനംകൂടിയാണ്. ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തില്‍ നമ്മുടെ സൈന്യത്തെ നയിച്ചുകൊണ്ട് അദ്ദേഹം ധീരതയുടെയും ശൗര്യത്തിന്റെയും മാതൃക കാണിച്ചു. നമ്മുടെ സൈന്യത്തെ കൂടുതല്‍ ശക്തമാക്കിയതില്‍ അദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഭാരതത്തിന്റെ കായികലോകം ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ തൊടുകയാണ്. കായികലോകത്ത് പുരോഗതി കൈവരിക്കുന്നതിന് കളിക്കാര്‍ക്ക് കളിക്കാന്‍ കഴിയുന്നത്ര അവസരങ്ങള്‍ ലഭിക്കുകയും മികച്ച സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ രാജ്യത്ത് സംഘടിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇത് മനസ്സില്‍ വെച്ചാണ് ഇന്ന് ഭാരതത്തില്‍ പുതിയ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ അയ്യായിരത്തിലധികം കായികതാരങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഭാരതത്തില്‍ അത്തരം പുതിയ പ്ലാറ്റ്‌ഫോമുകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അതില്‍ കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. അത്തരമൊരു പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു, ബീച്ച് ഗെയിംസ്, അത് ദിയുവില്‍ സംഘടിപ്പിച്ചു. സോമനാഥിനോട് വളരെ അടുത്തുള്ള ഒരു കേന്ദ്രഭരണ പ്രദേശമാണ് ‘ദിയു’ എന്ന് നിങ്ങള്‍ക്കറിയാം. ഈ വര്‍ഷം ആദ്യം തന്നെ ദിയുവില്‍ ഈ ബീച്ച് ഗെയിമുകള്‍ സംഘടിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ആദ്യത്തെ മള്‍ട്ടി സ്‌പോര്‍ട്‌സ് ബീച്ച് ഗെയിമായിരുന്നു ഇത്. വടംവലി, കടല്‍നീന്തല്‍, പെന്‍കാക്‌സിലാറ്റ്, മല്‍ഖാംബ്, ബീച്ച് വോളിബോള്‍, ബീച്ച് കബഡി, ബീച്ച് സോക്കര്‍, ബീച്ച് ബോക്‌സിംഗ് തുടങ്ങിയ മത്സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍, ഓരോ മത്സരാര്‍ത്ഥിക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു, ഈ ടൂര്‍ണമെന്റില്‍ കടലുമായി യാതൊരു ബന്ധവുമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കളിക്കാര്‍ എത്തിയെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. കടല്‍ത്തീരമില്ലാത്ത മധ്യപ്രദേശാണ് ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതും. സ്‌പോര്‍ട്‌സിനോടുള്ള ഈ സമീപനം ഏതൊരു രാജ്യത്തെയും കായിക ലോകത്തെ രാജാവാക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ മന്‍ കി ബാത്തില്‍’ എന്നോടൊപ്പം ഇത്രമാത്രം. ഫെബ്രുവരിയില്‍ നിങ്ങളോട് വീണ്ടും സംസാരിക്കും. രാജ്യത്തെ ജനങ്ങളുടെ കൂട്ടായതും വ്യക്തിഗതമായതും ആയ പ്രയത്‌നത്തിലൂടെ രാജ്യം എങ്ങനെ പുരോഗമിക്കുന്നു എന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. സുഹൃത്തുക്കളേ, നാളെ 29 ന് രാവിലെ 11 മണിക്ക് ‘പരീക്ഷാ പേ ചര്‍ച്ച’യും’ ഉണ്ടായിരിക്കും. ”പരീക്ഷ പേ ചര്‍ച്ച’യുടെ ഏഴാം പതിപ്പാണിത്. ഞാന്‍ എപ്പോഴും കാത്തിരിക്കുന്ന ഒരു പരിപാടിയാണിത്. ഇത് എനിക്ക് വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ അവസരം നല്‍കുന്നു, കൂടാതെ അവരുടെ പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കുറയ്ക്കാനും ഞാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ 7 വര്‍ഷമായി ‘പരീക്ഷാ പേ ചര്‍ച്ച” വിദ്യാഭ്യാസവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംവദിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. ഇത് വളരെ നല്ല മാധ്യമമായി മാറി. ഇത്തവണ 2.25 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ഇന്‍പുട്ടുകള്‍ നല്‍കുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. 2018 ല്‍ ഞങ്ങള്‍ ഈ പ്രോഗ്രാം ആദ്യമായി ആരംഭിക്കുമ്പോള്‍ ഈ എണ്ണം 22,000 മാത്രമായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പരീക്ഷാ സമ്മര്‍ദ്ദത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമായി നിരവധി നൂതനമായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. നാളെ നിങ്ങളെല്ലാവരോടും, പ്രത്യേകിച്ച് യുവജനങ്ങളോടും, വിദ്യാര്‍ത്ഥികളോടും, റെക്കോര്‍ഡ് സംഖ്യകളില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളോട് സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ‘മന്‍ കി ബാത്തിന്റെ’ ഈ അധ്യായത്തില്‍ ഈ വാക്കുകളോടെ ഞാന്‍ നിങ്ങളോട് വിടപറയുന്നു. ഉടന്‍ വീണ്ടും കാണാം, നന്ദി.

–NS–