Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


“മൗറീഷ്യസിന്റെ 57-ാം ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എന്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഡോ. നവീൻചന്ദ്ര രാംഗൂലത്തിന്റെ ക്ഷണപ്രകാരം, രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞാൻ മൗറീഷ്യസിലേക്കു പുറപ്പെടുകയാണ്.

മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ​ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.

മൗറീഷ്യസ് നേതൃത്വവുമായി ഇടപഴകാനും നമ്മുടെ പങ്കാളിത്തം അതിന്റെ എല്ലാ വശങ്ങളിലും ഉയർത്താനുമുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. നമ്മുടെ SAGAR കാഴ്ചപ്പാടിന്റെ ഭാഗമായി നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കുംവേണ്ടിയും ഒപ്പം, ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷയ്ക്കും വികസനത്തിനുംവേണ്ടിയും നമ്മുടെ ശാശ്വതമായ സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ഈ സന്ദർശനം മുൻകാലങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുക്കാനാകുമെന്നും ഇന്ത്യ-മൗറീഷ്യസ് ബന്ധത്തിൽ പുതിയതും തിളക്കമാർന്നതുമായ അധ്യായം തുറക്കുമെന്നും എനിക്കുറപ്പുണ്ട്.”
 

-SK-