പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂളിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സവിശേഷവും വളരെയടുത്തതുമായ ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഈ സാഹചര്യത്തിൽ, ഇരുരാജ്യങ്ങളുടെയും പൊതുവായ ചരിത്രം അനുസ്മരിച്ച നേതാക്കൾ, ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന്റെ നിലനിൽപ്പും പരാമർശിച്ചു. രണ്ടാം തവണയും മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതു ബഹുമതിയായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഗോഖൂളിനും പ്രഥമ വനിത വൃന്ദ ഗോഖൂളിനും പ്രധാനമന്ത്രി ഒസിഐ കാർഡുകൾ കൈമാറി. ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് ഔദ്യോഗിക വസതിയിൽ സ്ഥാപിച്ച ആയുർവേദ ഉദ്യാനവും പ്രധാനമന്ത്രി സന്ദർശിച്ചു. ആയുർവേദമുൾപ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണു മൗറീഷ്യസ് എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചർച്ചകൾക്കുശേഷം, പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് ഗോഖൂൾ ഔദ്യോഗിക മധ്യാഹ്നവിരുന്നൊരുക്കി.
-SK-