ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ്,
മാധ്യമപ്രവര്‍ത്തകരേ,
സഹോദരീസഹോദരന്മാരേ,
പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. ഈ വര്‍ഷമാദ്യം മൗറീഷ്യസ് പ്രധാനമന്ത്രിയായി ചുമതലയേറ്റ അങ്ങ് ആദ്യവിദേശ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത രാജ്യം ഇന്ത്യയാണെന്നതു തീര്‍ച്ചയായും ഞങ്ങള്‍ക്കുള്ള അംഗീകാരമാണ്. താങ്കളുടെ സന്ദര്‍ശനം നമുക്കിടയില്‍ രണ്ടു ശതാബ്ദത്തിലേറെയായി നിലനില്‍ക്കുന്ന ആഴമേറിയ ബന്ധത്തെ വെളിപ്പെടുത്തുന്നു. നാം തമ്മിലുള്ള ബന്ധമാകട്ടെ ഗവണ്മെന്റ് തലത്തില്‍ മാത്രമുള്ളതല്ല താനും. അവ നമ്മുടെ പൊതുപാരമ്പര്യത്തില്‍ അഭിമാനംകൊള്ളുന്ന നമ്മുടെ ജനങ്ങളിലേക്കും സമൂഹങ്ങളിലേക്കും നീളുന്നു. നാം തമ്മിലുള്ള ബന്ധം ദൂരത്തെയും സമയത്തെയും ഭേദിച്ചു പുഷ്കലമായി. ഇന്നത് വിവിധ മേഖലകളിലുള്ള സൗഹൃദത്തിന്റെ സമ്പന്നമായ ഒരു ചിത്രകമ്പളമായിത്തീര്ന്നിരിക്കുന്നു.
സുഹൃത്തുക്കളേ,
പ്രധാനമന്ത്രി ജഗന്നാഥുമായി ഞാന്‍ നടത്തിയ ചര്‍ച്ചകള്‍ വളരെ ഊഷ്മളവും സൃഷ്ടിപരവുമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സംസാരം 2015 മാര്‍ച്ചില്‍ നടത്തിയ മൗറീഷ്യസ് സന്ദര്‍ശനത്തിന്റെ ഓര്‍മകളെ എന്നില്‍ തിരികെ കൊണ്ടുവന്നു. ഇന്ത്യാ മഹാസമുദ്ര മേഖലയിലേക്കു നടത്തിയ ആദ്യത്തെ ആ സന്ദര്‍ശനം സഹകരണത്തിനായുള്ള കരുത്തുറ്റ അജണ്ട രൂപീകരിക്കുന്നതിലേക്കു നയിച്ചു. നമ്മുടെ മൂല്യങ്ങള്‍ക്കും താല്പര്യങ്ങള്ക്കും ശ്രമങ്ങള്‍ക്കും ഊന്നല്‍ നല്‍കാനും അതു സഹായകമായി.
സുഹൃത്തുക്കളേ,
ഇന്നു നാം ഉഭയകക്ഷി അജണ്ടയില്‍ പുതിയൊരു കുതിപ്പുകൂടി നേടിയിരിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുന്‍നിര രാഷ്ട്രങ്ങളെന്ന നിലയില്‍ നമ്മുടെ തീരത്തും ഇ.ഇ.സെഡുകളിലും നാവികസുരക്ഷ ഏര്‍പ്പെടുത്തേണ്ടതു നമ്മുടെ പൊതുചുമതലയാണെന്ന കാര്യത്തില്‍ യോജിപ്പിലെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചു. സാമ്പത്തിക അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും നമ്മുടെ ജനങ്ങളുടെ ഉപജീവനം സംരക്ഷിക്കാനും നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യാ മഹാസമുദ്ര പ്രദേശത്തു നേരത്തേ ഉള്ളതും പുതുതായി രൂപപ്പെട്ടതുമായ ഭീഷണികളെ ഫലപ്രദമായി നേരിടേണ്ടത് അനിവാര്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ക്കു സാധിച്ചു.
വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഭീഷണി ഉയര്‍ത്തുന്ന കടല്‍ക്കൊള്ള, ലഹരിമരുന്നു കടത്ത്, മനുഷ്യക്കടത്ത്, അനധികൃത മല്‍സ്യബന്ധനം, സമുദ്രവിഭവങ്ങള്‍ മറ്റു രീതികളില്‍ ചൂഷണം ചെയ്യല്‍ എന്നിവയ്ക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ഇന്നു രൂപപ്പെട്ട ഉഭയകക്ഷി നാവിക സുരക്ഷാ കരാര്‍ നാം തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. സുരക്ഷിതവും ശാന്തവുമായ നാവികപ്രദേശം യാഥാര്‍ഥ്യമാക്കാനായി ജലമാപനത്തിലും സഹകരിക്കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. പ്രോജക്ട് ട്രിഡന്റിലൂടെ ശേഷി വര്‍ധിപ്പിക്കാനുള്ള മൗറീഷ്യസ് ദേശീയ തീരസംരക്ഷണ സേനയുടെ പ്രവര്‍ത്തനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്. സഹായക ഗ്രാന്റ് പദ്ധതി പ്രകാരം മൗറീഷ്യസിനു നല്കിയ കോസ്റ്റ് ഗാര്‍ഡ് ഷിപ് ഗാര്‍ഡിയന്റെ കാലപരിധി നീട്ടിനല്‍കാനും നാം തീരുമാനിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
മൗറീഷ്യസുമായുള്ള കരുത്തുറ്റ വികസനപങ്കാളിത്തം നാം തമ്മിലുള്ള ബന്ധത്തിന്റെ മുഖമുദ്രയാണ്. മൗറീഷ്യസില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. മൗറീഷ്യസിന് 50 കോടി യു.എസ്. ഡോളറിന്റെ വായ്പ അനുവദിക്കാന്‍ ഇന്ത്യ ഇന്നു സമ്മതിച്ച കരാര്‍ ആ രാജ്യത്തിന്റെ വികസനത്തിന് ഇന്ത്യ നല്കുന്ന പിന്തുണയ്ക്ക് ഉദാഹരണമാണ്. മുന്‍ഗണന നല്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് അതു സഹായകമാകും. പ്രവര്ത്തനഘട്ടത്തിലുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതിനെ പ്രധാനമന്ത്രി ജഗന്നാഥും ഞാനും സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളും അംഗീകരിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഇന്ത്യ സര്‍വവിധ പിന്തുണയും നല്‍കും. നൈപുണ്യവികസനത്തിനായി മൗറീഷ്യസുമായി സഹകരിക്കുന്നതിനക്കുറിച്ചും ചര്‍ച്ച ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ കൂടുതല്‍ കൈമാറ്റങ്ങള്‍ നടത്താന്‍ സന്തോഷമേയുള്ളൂ.
സുഹൃത്തുക്കളേ,
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ജഗന്നാഥിന്റെ നേതൃത്വത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ ചട്ടക്കൂട് സംബന്ധിച്ച കരാര്‍ അംഗീകരിച്ച് ഒപ്പുവെക്കാന്‍ മൗറീഷ്യസ് തയ്യാറായതോടെ ഈ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള മേഖലാതല സഹകരണത്തിനു പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
മൗറീഷ്യസിന് ഇന്ത്യന്‍ വംശജരായ സമൂഹം നല്കുന്ന സംഭാവനകള്‍ നമ്മില്‍ അഭിമാനം വളര്‍ത്തുന്നു. മൗറീഷ്യസിലുള്ള ഇന്ത്യന്‍ വംശജരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഈ ജനുവരിയില്‍ മൗറീഷ്യസിലുള്ള ഒ.സി.ഐ. കാര്‍ഡുകള്‍ക്കു മാത്രമായി ചില സവിശേഷതകള്‍ ഇന്ത്യ പ്രഖ്യാപിക്കുകയുണ്ടായി. നമ്മുടെ മുന്‍നിര വിമാനക്കമ്പനികള്‍ പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാര സാധ്യതകളും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്താന്‍ സഹായകമാകും.
സുഹൃത്തുക്കളേ,
ഉഭയകക്ഷിപ്രശ്നങ്ങള്ക്കു പുറമെ, ഏറെ മേഖലാതല, ആഗോള പ്രശ്നങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ബഹുരാഷ്ട്ര വേദികളില്‍ പരസ്പരം പിന്തുണയ്ക്കാനും പൊതുവെല്ലുവിളികളെ നേരിടാനും പൊതുതാല്പര്യങ്ങള് സംരക്ഷിക്കാനും അങ്ങേയറ്റം സഹകരിക്കാനും തീരുമാനിച്ചു. പരമ്പരാഗതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പോഷിപ്പിക്കുന്നതിനു പ്രധാനമന്ത്രി ജഗന്നാഥിന്റെ സന്ദര്‍ശനം ഉപകരിക്കും. നാം തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. ഇന്നു കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാനായി വരുംമാസങ്ങളില്‍ അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ്. ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി ജഗന്നാഥിന് ഊഷ്മളമായ സ്വാഗതം നേരുകയും ഇന്ത്യയില്‍ ഫലപ്രദമായ പ്രവര്‍ത്തനം ആശംസിക്കുകയും ചെയ്യുന്നു.
നന്ദി.
വളരെയധികം നന്ദി.