Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന


ജൂലൈ ഏഴിനു വ്യാഴാഴ്ച ഞാന്‍ മൊസാംബിക്കിലായിരിക്കും. സന്ദര്‍ശനത്തിന്റെ ലക്ഷ്യം സഹകരണം വര്‍ധിപ്പിക്കുകയും സാംസ്‌കാരികബന്ധം മെച്ചപ്പെടുത്തുകയുമാണ്. ഞാന്‍ പ്രസിഡന്റ് ഫിലിപ് ന്യൂസിയെ കണ്ട് വിശദമായ ചര്‍ച്ച നടത്തും.

നാഷണല്‍ അസംബ്ലി പ്രസിഡന്റ് ശ്രീമതി വെറോനിക്ക മക്കാമോയെ കാണുക, മൗലാനാ എസ്. ആന്‍ഡ് ടി. പാര്‍ക്ക് സന്ദര്‍ശിച്ചു വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നിവയാണു മറ്റു പരിപാടികള്‍.

കുറച്ചു സമയം ഇന്ത്യന്‍ സമൂഹമവുമായി ഇടപഴകുകയും ചെയ്യും.

ജൂലൈ ഏഴിനു വൈകിട്ട് ഞാന്‍ ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയയില്‍ എത്തും. നാം ചരിത്രപരവും ആഴമേറിയതുമായ ബന്ധം നിലനിര്‍ത്തിവരുന്ന രാഷ്ട്രങ്ങളിലൊന്നായ ദക്ഷിണാഫ്രിക്ക തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പങ്കാളിയാണ്.

ദക്ഷിണാഫ്രിക്കയില്‍ പ്രിറ്റോറിയ, ജോഹന്നസ്ബര്‍ഗ്, ഡര്‍ബന്‍, പീറ്റര്‍മാര്‍ടിസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് എനിക്കു പരിപാടികള്‍ ഉള്ളത്. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞത് അദ്ദേഹത്തിലും ലോകചരിത്രത്തിലും എന്തെന്തു മാറ്റങ്ങള്‍ സൃഷ്ടിച്ചു എന്നതിനു ചരിത്രം സാക്ഷിയാണ്. ഒരു അഭിഭാഷകനെന്ന നിലയില്‍ തൊഴില്‍ തേടിയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയതെങ്കില്‍, ഇന്ത്യയില്‍ തിരികെ എത്തിയത് മാനവരാശിയുടെ ചരിത്രം രൂപപ്പെടുത്താന്‍ സാധിക്കുവോളം കരുത്തുറ്റ മാനുഷിക മൂല്യങ്ങളുടെ ശബ്ദമായാണ്.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ വാസത്തിലെ പ്രധാനപ്പെട്ട ഇടങ്ങളായ ഫീനിക്‌സ് സെറ്റില്‍മെന്റും പീറ്റര്‍മാര്‍ടിസ്ബര്‍ഗ് സ്റ്റേഷനും സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവും. പ്രിയപ്പെട്ട മഡിബയെ ഓര്‍ക്കാതെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ണമാകില്ല. തന്റെ രാഷ്ട്രത്തെയും ലോകത്തെ തന്നെയും മെച്ചമാര്‍ന്ന ഇടമാക്കിത്തീര്‍ത്ത, മനുഷ്യചരിത്രത്തിലെ ഒരു ബിംബമായ അദ്ദേഹത്തിന് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഹില്ലും നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷനും സന്ദര്‍ശിച്ച് ആദരവ് അര്‍പ്പിക്കും.

സന്ദര്‍ശനത്തിനിടെ, പ്രസിഡന്റ് സുമയെ ഞാന്‍ സന്ദര്‍ശിക്കും. ഡെപ്യൂട്ടി പ്രസിഡന്റ് സിറില്‍ രമഫോസയെയും കാണും.

സാമ്പത്തികബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ-ദക്ഷിണാഫ്രിക്ക ബിസിനസ് മീറ്റില്‍ ഞാന്‍ പ്രസംഗിക്കും. ഡര്‍ബനിലെ അലുംനി നെറ്റ്‌വര്‍ക്കുമായുള്ള കൂടിക്കാഴ്ച, ഡര്‍ബന്‍ സിറ്റി ഹാളില്‍ ഡര്‍ബന്‍ മേയറുടെ സ്വീകരണം എന്നിവയാണു മറ്റു പരിപാടികള്‍.

ജൂലൈ എട്ടിന് ജോഹന്നസ്ബര്‍ഗില്‍ നടക്കുന്ന പരിപാടിയില്‍ ദക്ഷിണാഫ്രിക്ക വര്‍ഷങ്ങളായി തങ്ങളുടെ വീടാക്കി മാറ്റിയ ഇന്ത്യന്‍ സമൂഹവുമായി ഞാന്‍ സംവദിക്കും. പ്രസംഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ആശയങ്ങള്‍ ‘നരേന്ദ്ര മോദി മൊബൈല്‍ ആപ്പി’ലൂടെ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആഫ്രിക്കയിലെ നമ്മുടെ വിലപ്പെട്ട പങ്കാളിയായ ടാന്‍സാനിയയുമായുള്ള ബന്ധത്തിന് ഊര്‍ജം പകരുന്നതിനായി ജൂലൈ പത്തിന് ഞാന്‍ ആ രാജ്യത്തു ഹ്രസ്വസന്ദര്‍ശനം നടത്തും.

പ്രസിഡന്റ് ഡോ. ജോണ്‍ മഗുഫുലിയമായി നടത്തുന്ന വിശദമായ ചര്‍ച്ചയില്‍ ഏറെ രംഗങ്ങളില്‍ ഇന്ത്യ-ടാന്‍സാനിയ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കും. സൗരോര്‍ജ വിളക്കുകളും സൗരോര്‍ജ ഗൃഹവൈദ്യുതീകരണ സംവിധാനവും നിര്‍മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പരിശീലനം നല്‍കപ്പെട്ട ആഫ്രിക്കയിലെ ഗ്രാമീണ മേഖലകളിലെ സൗരോര്‍ജ എന്‍ജിനീയര്‍മാരായ ‘സോളാര്‍ മാമ’മാരെ ഞാന്‍ കാണും.

ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്യും.

ജൂലൈ പത്തിനു വൈകിട്ടാണു കെനിയ സന്ദര്‍ശനത്തിനു തുടക്കമിടുക. ഇന്ത്യ-കെനിയ ബന്ധം ഏറ്റവും മികച്ച നിലയിലാണിപ്പോള്‍. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നു മാത്രമല്ല, ഇരു രാജ്യങ്ങളും കഴിഞ്ഞ ശതകത്തില്‍ കൊളോണിയലിസത്തെ പൊരുതി ജയിച്ചവരാണെന്ന പൊതുചരിത്രവും നമുക്കുണ്ട്.
പ്രസിഡന്റ് ഉഹുറു കെന്യാറ്റയുമായുള്ള ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുക ഇന്ത്യയും കെനിയയുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനായിരിക്കും. ഇന്ത്യയും കെനിയയുമായി മെച്ചപ്പെട്ട വ്യാപാരവും വാണിജ്യ, സാംസ്‌കാരിക വിനിമയവും ഞാന്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇക്കാര്യത്തിലുള്ള സാധ്യതകള്‍ അപാരമാണ്. ഒരുമിച്ചു നീങ്ങിയാല്‍ അതു നമുക്കു നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യും.
കെനിയയില്‍ ഏറെ ആദരിക്കപ്പെടുന്ന മഹാത്മാഗാന്ധിക്ക് ഞാന്‍ നെയ്‌റോബിയിലെത്തി ആദരാഞ്ജലിയര്‍പ്പിക്കും. ആഫ്രിക്കയിലെ തലയെടുപ്പുള്ള രാഷ്ട്രീയ വ്യക്തിത്വവും കെനിയയുടെ ആദ്യ പ്രസിഡന്റുമായ സീ ജോമോ കെന്യാറ്റയ്ക്കും ആദരാഞ്ജലിയര്‍പ്പിക്കുന്നുണ്ട്.

ഇന്ത്യയും കെനിയയുമായുള്ള സാമ്പത്തികബന്ധം വിപുലപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ് ഇന്ത്യ-കെനിയ ബിസിനസ് ഫോറത്തിന്റെ യോഗം.

ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പരിപാടി നയ്‌റോബി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള സംവാദമാണ്.

കെനിയയിലുള്ള ഇന്ത്യന്‍ വംശജരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ജൂലൈ പത്തിന് ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ഭാരത്‌വാല അലുംനി അസോസിയേഷനുമായുള്ള കൂടിക്കാഴ്ചയും നടക്കും. ആംബുലന്‍സുകളുടെയും ഭാഭാട്രോണിന്റെ മാതൃകയുടെയും കൈമാറ്റമാണ് മറ്റു പരിപാടികള്‍.