‘മേരാ യുവ ഭാരത്’ (MY ഭാരത്) എന്ന സ്വയംഭരണ സ്ഥാപനത്തിന്റെ രൂപവൽക്കരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. യുവാക്കളുടെ വികസനത്തിനും യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിനും സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന കരുത്തുറ്റ സമഗ്ര സംവിധാനമായി പ്രവർത്തിക്കുന്നതിനും, യുവാക്കൾക്ക് അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഗവണ്മെന്റിന്റെ എല്ലാ മേഖലകളിലും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനും തുല്യമായ പ്രവേശനം നൽകുന്നതിനുമായാണ് ഈ സംവിധാനത്തിനു രൂപം നൽകുന്നത്.
അനന്തരഫലം:
യുവജന വികസനത്തിനായുള്ള ഗവണ്മെന്റ് വേദിയാക്കി മാറ്റുക എന്നതാണ് ‘മേരാ യുവ ഭാരതി’ന്റെ (MY ഭാരത്) പ്രാഥമിക ലക്ഷ്യം. പുതിയ ക്രമീകരണത്തിന് കീഴിൽ, വിഭവങ്ങളിലേക്കുള്ള പ്രവേശനവും അവസരങ്ങളുമായുള്ള ബന്ധവും ഉപയോഗിച്ച്, യുവാക്കൾ സാമൂഹ്യമാറ്റത്തിനുള്ള പ്രതിനിധികളും രാഷ്ട്ര നിർമാതാക്കളുമായി മാറും. ഗവണ്മെന്റിനും പൗരന്മാർക്കും ഇടയിലുള്ള യുവസേതുവായി പ്രവർത്തിക്കാൻ അവരെ അനുവദിക്കുകയും ചെയ്യും. രാഷ്ട്രനിർമാണത്തിന് യുവജനങ്ങളുടെ വിപുലമായ ഊർജം ഉപയോഗിക്കാൻ ഇതു ശ്രമിക്കുന്നു.
വിശദാംശങ്ങൾ:
ദേശീയ യുവജന നയത്തിലെ ‘യുവജനം’ എന്നതിന്റെ നിർവചനത്തിന് അനുസൃതമായി 15നും29നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് സ്വയംഭരണ സ്ഥാപനമായ ‘മേരാ യുവ ഭാരത്’ (MY ഭാരത്) പ്രയോജനപ്പെടും. പരിപാടിയിൽ കൗമാരക്കാർക്കായി പ്രത്യേകം ഉദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളുടെ കാര്യത്തിൽ, ഗുണഭോക്താക്കൾ 10നും 19നും ഇടയിൽ പ്രായമുള്ളവരായിരിക്കും.
‘മേരാ യുവ ഭാരത്’ (MY ഭാരത്) സ്ഥാപിക്കുന്നത് ഇനി പറയുന്ന കാര്യങ്ങളിലേക്ക് നയിക്കും:
a. യുവജനങ്ങളിലെ നേതൃത്വ വികസനം:
(i) ഒറ്റപ്പെട്ട ശാരീരിക ഇടപെടലിൽ നിന്ന് വിവിധ പരിപാടികൾക്ക് അനുസൃതമാംവിധത്തിലുള്ള കഴിവുകളിലേക്ക് മാറിക്കൊണ്ട് അനുഭവപരമായ പഠനത്തിലൂടെ നേതൃത്വ കഴിവുകൾ മെച്ചപ്പെടുത്തൽ.
(ii) യുവാക്കളെ സമൂഹത്തിൽ നൂതനാശയം കൊണ്ടുവരുന്നവരും നയിക്കുന്നവരുമാക്കാൻ കൂടുതൽ നിക്ഷേപം നടത്തൽ.
(iii) യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിൽ ഗവൺമെന്റിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുവാക്കളെ കേവലം ‘നിഷ്ക്രിയ സ്വീകർത്താക്കൾ’ എന്നതിലുപരി വികസനത്തിന്റെ ‘സജീവ ചാലകശക്തികളാ’ക്കൽ.
b. യുവാക്കളുടെ അഭിലാഷങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും തമ്മിലുള്ള മികച്ച വിന്യാസം.
c. നിലവിലുള്ള പരിപാടികളുടെ സംയോജനത്തിലൂടെ കാര്യക്ഷമത വർധിപ്പിക്കൽ.
d. യുവാക്കൾക്കും മന്ത്രാലയങ്ങൾക്കും ‘വൺ സ്റ്റോപ്പ് ഷോപ്പാ’യി പ്രവർത്തിക്കൽ.
e. കേന്ദ്രീകൃത യുവജന വിവരശേഖരം സൃഷ്ടിക്കൽ.
f. യുവാക്കളുമായി ഇടപഴകുന്ന യുവജന ഗവൺമെന്റ് സംരംഭങ്ങളെയും മറ്റ് പങ്കാളികളുടെ പ്രവർത്തനങ്ങളെയും ബന്ധിപ്പിക്കുന്നതിന് മെച്ചപ്പെട്ട ദ്വിമുഖ ആശയവിനിമയം ഉറപ്പാക്കൽ.
g. ഭൗതിക ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് പ്രവേശനക്ഷമത ഉറപ്പാക്കൽ.
പശ്ചാത്തലം:
അതിവേഗ ആശയവിനിമയം, സോഷ്യൽ മീഡിയ, പുതിയ ഡിജിറ്റൽ അവസരങ്ങൾ, ഉയർന്നുവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയുടെ ചുറ്റുപാടുകളുള്ള, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, യുവാക്കളെയും അവരുടെ ശാക്തീകരണത്തെയും ‘ഗവണ്മെന്റിന്റെ സർവതോമുഖ സമീപന’ത്തിന്റെ തത്വങ്ങളാൽ നയിക്കുക എന്ന ലക്ഷ്യത്തോടെ ‘മേരാ യുവ ഭാരത്’ (MY ഭാരത്) എന്ന പേരിൽ പുതിയ സ്വയംഭരണ സ്ഥാപനത്തിന്റെ രൂപത്തിൽ സമഗ്രമായ സംവിധാനം സ്ഥാപിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു.
–NS–
The Cabinet decision on establishing Mera Yuva Bharat (MY Bharat) will go a long way in furthering youth-led development and giving wings to the aspirations of our talented Yuva Shakti. https://t.co/l9IC9in45C https://t.co/yiURBxsEQM
— Narendra Modi (@narendramodi) October 11, 2023