മെര്‍ച്ചന്റ് ഷിപ്പിങ് ബില്‍ 2016 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.
മെര്‍ച്ചന്റ് ഷിപ്പിങ് ആക്റ്റ് 1958ന്റെ പരിഷ്‌കരിച്ച രൂപമാണ് മെര്‍ച്ചന്റ് ഷിപ്പിങ് ബില്‍ 2016. മെര്‍ച്ചന്റ് ഷിപ്പിങ് ആക്റ്റ് 1958, കോസ്റ്റിങ് വെസ്സല്‍സ് ആക്റ്റ് 1838 എന്നിവ പിന്‍വലിക്കുന്നതിനും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്.
കാലാകാലങ്ങളില്‍ വരുത്തിയ നിയമപരിഷ്‌കാരങ്ങള്‍ നിമിത്തം മെര്‍ച്ചന്റ് ഷിപ്പിങ് ആക്റ്റ് 1958 വലിപ്പമേറിയതായിത്തീര്‍ന്നിട്ടുണ്ട്. 1966നും 2014നും ഇടയില്‍ 17 തവണ നടത്തിയ ഭേദഗതികളിലൂടെ 560 വകുപ്പുകള്‍ ഉള്‍പ്പെട്ടതായി ഈ നിയമം മാറി. പുതിയ ബില്ലില്‍ ഈ വ്യവസ്ഥകളെല്ലാം 280 വകുപ്പുകളിലായി ഒതുക്കിയിട്ടുണ്ട്.
പുതിയ ബില്ലിലെ വ്യവസ്ഥകള്‍ ഇന്ത്യയില്‍ മെര്‍ച്ചന്റ് ഷിപ്പിങ് രംഗത്തെ നിയമങ്ങള്‍ കൂടുതല്‍ ലളിതവത്കരിക്കാന്‍ സഹായകമാകും. ആവര്‍ത്തിക്കപ്പെടുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുകയും കൂടുതല്‍ സമഗ്രവും ലളിതവുമാക്കിത്തീര്‍ക്കുകയും വഴി വാണിജ്യവും സുതാര്യതയും സേവനങ്ങളുടെ ഫലപ്രദമായ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.
ഇന്ത്യയില്‍ തീരദേശ കപ്പല്‍ഗതാഗതം വികസിപ്പിക്കാനും സമുദ്രസഞ്ചാരികള്‍ക്കു ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും സുരക്ഷാകാര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രോട്ടോക്കോളുകള്‍ ഇന്ത്യന്‍ നിയമത്തില്‍ ഉള്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഇതിനു പുറമേ, ഇന്ത്യയിലെ കപ്പല്‍വ്യവസായം നിയന്ത്രിക്കുന്നത് എളുപ്പമാക്കാനായി, നിലവിലുള്ള നിയമത്തില്‍ പലയിടത്തായി കിടക്കുന്ന കപ്പലുകളുടെ സര്‍വേ, പരിശോധന, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരേ ഭാഗത്തേക്കു കൊണ്ടുവരും. മെര്‍ച്ചന്റ് ഷിപ്പിങ് ബില്‍ 2016 പ്രകാരം ഇന്ത്യയിലെവിടെയും കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ സൗരാഷ്ട്ര, കച്ച് പ്രദേശങ്ങൡ മാത്രം ബാധകമായതും ബ്രിട്ടീഷ് ഭരണകാലത്തു രൂപം നല്‍കിയതുമായ കോസ്റ്റിങ് വെസ്സല്‍സ് ആക്റ്റ് 1838 പിന്‍വലിക്കും.