പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 11, 12 തീയതികളില തന്റെ മൗറീഷ്യസ് സന്ദർശന വേളയിൽ ഇന്ത്യാ – മൗറീഷ്യസ് ഉഭയകക്ഷി ബന്ധം സംബന്ധിച്ച്, മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം, ജി.സി.എസ്.കെ., എഫ്.ആർ.സി.പി.യുമായി സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.
2025 മാർച്ച് 11 ന് നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം സവിശേഷവും അതുല്യവുമാണെന്ന് ഇരു നേതാക്കളും ആവർത്തിച്ചു. ചരിത്രം, ഭാഷ, സംസ്കാരം, പൈതൃകം, മൂല്യങ്ങൾ എന്നിവയിൽ അടിസ്ഥാനമായ ഇന്ത്യ-മൗറീഷ്യസ് ബന്ധം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വിവിധ മേഖലകളെ മറികടന്ന് സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ശക്തിപ്പെട്ടുവെന്നും ഇതിന്റെ നേട്ടങ്ങൾ ഇന്ത്യയിലും മൗറീഷ്യസിലും മാത്രമല്ല വിശാലമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും പ്രയോജനം ചെയ്യുന്നുണ്ടെന്നും അവർ അംഗീകരിച്ചു.
മൗറീഷ്യസ് സ്വാതന്ത്ര്യം നേടിയത് മുതൽ സാമൂഹിക-സാമ്പത്തിക വികസനത്തിൽ മൗറീഷ്യസിന്റെ നല്ല ഭാവിക്കായി വിശ്വസനീയ പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് മൗറീഷ്യസ് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യ എല്ലായ്പ്പോഴും മൗറീഷ്യസിനെ ഉറച്ചു പിന്തുണച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭാവി വികസനങ്ങൾക്കായി ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ ശക്തമായ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.
ഇന്ത്യയുടെ വിഷൻ സാഗർ, അതായത് മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന പദ്ധതി, ഉദ്ഘാടനം ചെയ്യപ്പെട്ട 2015 മാർച്ചിലെ തന്റെ മൗറീഷ്യസ് സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച ഇന്ത്യൻ പ്രധാനമന്ത്രി, വിഷൻ സാഗർ യാഥാർത്ഥ്യമാക്കുന്നതിൽ മൗറീഷ്യസ് ഇപ്പോഴും ഇന്ത്യയുടെ നിർണായക പങ്കാളിയാണെന്ന് ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മൗറീഷ്യസ് ഗവണ്മെന്റ് നൽകുന്ന വിശാലമായ പിന്തുണയെ അദ്ദേഹം പ്രകീർത്തിച്ചു. ഇന്ത്യയുടെ വിഷൻ സാഗറിന്റെയും, ‘അയൽരാജ്യം ആദ്യം’ എന്ന സമീപനത്തിന്റെയും, ആഗോള ദക്ഷിണ മേഖലയോടുള്ള പ്രതിബദ്ധതയുടെയും കേന്ദ്രസ്ഥാനത്ത് മൗറീഷ്യസ് നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും പൊതു നേട്ടത്തിനായി ഈ നയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മൗറീഷ്യസ് വഹിച്ച പ്രധാന പങ്ക് അദ്ദേഹം അടിവരയിട്ടു.
ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും അതുല്യതയും അടിവരയിട്ടുകൊണ്ട്, അതിന് കൂടുതൽ മാർഗ്ഗനിർദ്ദേശവും ദിശാബോധവും നൽകാനും അത് കൂടുതൽ മികച്ച തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനുമുള്ള സമയമാണിതെന്ന് ഇരു നേതാക്കളും അംഗീകരിച്ചു.
രാഷ്ട്രീയ ഇടപെടലുകൾ
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളിലെ വിവിധ തലങ്ങളിൽ ഉയർന്ന തോതിലുള്ള വിശ്വാസവും പരസ്പര ധാരണയും നിലനിൽക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പതിവ് ഉന്നതതല ഇടപെടലുകളും സന്ദർശനങ്ങളും ഇതിന് സഹായകമായതായും നേതാക്കൾ വിലയിരുത്തി. ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്കു കീഴിൽ അതിഥി രാഷ്ട്രമായുള്ള മൗറീഷ്യസിന്റെ പങ്കാളിത്തം എല്ലാ മേഖലകളിലുമുള്ള ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും ഈ ഇടപെടലുകൾ തുടരാനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.
ശേഷി വികസന മേഖല ഉൾപ്പെടെ ഇരു രാജ്യങ്ങളുടെയും പാർലമെന്റുകൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്തുകൊണ്ട്, പാർലമെന്ററി നടപടിക്രമങ്ങളിൽ മികച്ച രീതികൾ പങ്കിടുന്നതിലെ സഹകരണം ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തീരുമാനിച്ചു. മാത്രമല്ല ഇരു രാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കാനും അവർ സമ്മതമറിയിച്ചു.
വികസന പങ്കാളിത്തം
സ്വാതന്ത്ര്യാനന്തരം മൗറീഷ്യസിന്റെ മുൻനിര വികസന പങ്കാളിയാണ് ഇന്ത്യയെന്നും അടിസ്ഥാന സൗകര്യങ്ങൾക്കും വികസന ആവശ്യങ്ങൾക്കും ഇന്ത്യ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇന്ത്യ-മൗറീഷ്യസ് മെട്രോ എക്സ്പ്രസ് പദ്ധതി, പുതിയ സുപ്രീം കോടതി മന്ദിരം, പുതിയ ഇഎൻടി ആശുപത്രി, 956 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ, വിദ്യാഭ്യാസ ടാബ്ലെറ്റുകൾ തുടങ്ങിയ നിരവധി ഉന്നത അടിസ്ഥാന സൗകര്യ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ എടുത്തുകാണിച്ചുകൊണ്ട്, വിവിധ മേഖലകളിലായി മൗറീഷ്യസിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സഹായത്തോടെയുള്ള ഇത്തരം പദ്ധതികൾക്ക് മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
അഗലേഗയിൽ ഇന്ത്യൻ സഹായത്തോടെ വികസിപ്പിച്ച പുതിയ റൺവേയുടെയും ജെട്ടിയുടെയും നേട്ടങ്ങളും അഗലേഗയിൽ അടുത്തിടെയുണ്ടായ ചിഡോ ചുഴലിക്കാറ്റിനെത്തുടർന്ന് അടിയന്തര മാനുഷിക സഹായം നൽകുന്നതിൽ ഇന്ത്യ വഹിച്ച നിർണായക പങ്കും ഇരു നേതാക്കളും അംഗീകരിച്ചു. ദുരന്താനന്തര പുനരധിവാസത്തിനായുള്ള മൗറീഷ്യസ് ഗവണ്മെന്റിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് യാത്രാ വിമാനങ്ങളും കപ്പലുകളും വിന്യസിച്ചത് ഉൾപ്പെടെ സമയബന്ധിതവും വേഗത്തിലുള്ളതുമായ സഹായത്തിന് മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യാ ഗവൺമെന്റിനോട് നന്ദി പറഞ്ഞു. അങ്ങനെ, മൗറീഷ്യസിന്റെ അടിയന്തിര ഘട്ടങ്ങളിൽ ‘ആദ്യം പ്രതികരിച്ച രാജ്യം’ എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് അദ്ദേഹം ആവർത്തിച്ചു. അഗലേഗയി നിവാസികളുടെ ക്ഷേമത്തിനും അഗലേഗയുടെ വികസനത്തിനുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സഹായത്തെ മൗറീഷ്യസ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
മൗറീഷ്യസിലുടനീളമുള്ള ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകൾ, വൃക്ക മാറ്റിവയ്ക്കൽ യൂണിറ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി, നാഷണൽ ആർക്കൈവ്സ് ആൻഡ് ലൈബ്രറി, സിവിൽ സർവീസ് കോളേജ് തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രാധാന്യം നേതാക്കൾ അടിവരയിടുകയും അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള പൂർണ്ണ പിന്തുണ ആവർത്തിക്കുകയും ചെയ്തു.
ഇന്ത്യയുടെ സഹായത്തോടെയുള്ള ജനകേന്ദ്രീകൃത വികസന സഹായം മൗറീഷ്യസിലെ സുഹൃത് ജനങ്ങൾക്ക് പ്രകടമായ നേട്ടങ്ങൾ നൽകുന്നുവെന്നതും മൗറീഷ്യസിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതും കണക്കിലെടുത്തുകൊണ്ട്, ഇരു നേതാക്കളും ഇനിപ്പറയുന്നകാര്യങ്ങളിൽ ധാരണയിലെത്തി:
i. 100 ഇലക്ട്രിക് ബസുകളും അനുബന്ധ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുക;
ii. അടിയന്തിര പ്രാധാന്യമുള്ള കമ്മ്യൂണിറ്റി വികസന പദ്ധതികളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക;
iii. ഇരു രാജ്യങ്ങളും തമ്മിൽ സമ്മതിച്ച INR മൂല്യമുള്ള ആദ്യ വായ്പാ കരാർ പ്രകാരം മൗറീഷ്യസിൽ 100 കിലോമീറ്റർ ജല പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുക;
iv. മൗറീഷ്യസ് ഗവണ്മെന്റ് നിശ്ചയിക്കുന്ന സ്ഥലത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള ചർച്ചകളും ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖയും അന്തിമമാക്കുക; കൂടാതെ
v. ഗംഗാ തലാവ് ആത്മീയ സങ്കേതത്തിന്റെ പുനർവികസനത്തെക്കുറിച്ചുള്ള ചർച്ച അന്തിമമാക്കുക, ഇന്ത്യയുടെ ഗ്രാന്റ് സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ സംബന്ധിച്ച ധാരണയിൽ എത്തിച്ചേരുക;
vi. മൗറീഷ്യസ് ഗവണ്മെന്റിന്റെ ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ച് വികസന സഹകരണത്തിന്റെ പുതിയ മേഖലകൾ അന്വേഷിച്ച് കണ്ടെത്തുക
മാനവ വിഭവശേഷി വികസനവും ശേഷി വികസനവും
മൗറീഷ്യസിന്റെ ശേഷിവികസനത്തിലും പരിശീലന ആവശ്യങ്ങൾ നിറവേറ്റുന്നതിനും എപ്പോഴും സഹായിച്ചിട്ടുള്ളതും മാനവവിഭവശേഷി വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ളതും ചൂണ്ടിക്കാട്ടി, ഇരു നേതാക്കളും ഇനിപ്പറയുന്ന കാര്യങ്ങൾക്ക് പ്രതിബദ്ധരായി:
i. ഇന്ത്യാ ഗവൺമെന്റിന്റെ ഐടിഇസി ചട്ടക്കൂടിനും ഇഷ്ടാനുസൃത പരിശീലന പരിപാടികൾക്കും കീഴിൽ നിലവിലുള്ള ശേഷി വികസന ഉദ്യമങ്ങൾ തുടരുക; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസ് വഴി മൗറീഷ്യസിലെ 500 സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കായി ആവശ്യമായ പരിശീലന പരിപാടി നടപ്പിലാക്കുക;
ii. മികച്ച രീതികൾ പങ്കിടുന്നതിനും അവയിൽ തുടർച്ചയായി സഹകരിക്കുന്നതിനുമായി ഇന്ത്യയിലെ പ്രസക്തമായ മുൻനിര സ്ഥാപനങ്ങളുമായി സിവിൽ സർവീസ് കോളേജ്, ഫോറൻസിക് സയൻസ് ലബോറട്ടറി, നാഷണൽ ആർക്കൈവ്സ് ആൻഡ് ലൈബ്രറി എന്നിവയുമായുള്ള സ്ഥാപനപരമായ ബന്ധം സ്ഥാപിക്കുക;
iii. പ്രവർത്തനപരമായ ആവശ്യങ്ങൾക്കായി മൗറീഷ്യസ് ഗവൺമെന്റിനെ സഹായിക്കുന്നതിന് കൺസൾട്ടന്റുമാരേയോ സാങ്കേതിക വിദഗ്ധരെയോ തുടർച്ചയായി നിയോഗിക്കുന്നതിനെ പിന്തുണയ്ക്കുക;
iv. സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസിൽ ഒരു ശേഷി വികസന പരിപാടി സ്ഥാപനവൽക്കരിച്ചുകൊണ്ട് മൗറീഷ്യൻ നയതന്ത്രജ്ഞർക്കായി നിലവിലുള്ള പരിശീലന സഹകരണം മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക; കൂടാതെ
v. മൗറീഷ്യസിന്റെ ആവശ്യങ്ങൾക്കനുസൃതമായി സിവിൽ, പോലീസ്, പാർലമെന്ററി, കസ്റ്റംസ്, നിയമ, ആരോഗ്യം, ഉൾപ്പെടെയുള്ള മേഖലകളിൽ മൗറീഷ്യൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലന പരിപാടികൾ പര്യവേക്ഷണം ചെയ്യുക.
ബഹിരാകാശവും കാലാവസ്ഥാ വ്യതിയാനവും
ബഹിരാകാശമേഖലയിലെ നിലവിലുള്ള സഹകരണം ഇരു രാജ്യങ്ങള്‍ക്കും വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും മൗറീഷ്യസുമായി ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യയുടെ പ്രത്യേക ബന്ധത്തിന്റെ പ്രാധാന്യം ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഇരു നേതാക്കളും സമ്മതിച്ചു. മൗറീഷ്യസിന് സംയുക്തമായി ഒരു ഉപഗ്രഹം വികസിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച മൗറീഷ്യസ് പ്രധാനമന്ത്രി, മൗറീഷ്യസിന്റെ വികസന യാത്രയില്‍ ഇന്ത്യ നല്കുന്ന അചഞ്ചലമായ പിന്തുണയുടെ തെളിവാണിതെന്നത് അംഗീകരിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന്, ഇനിപ്പറയുന്നവയ്ക്ക് അവര്‍ സമ്മതിക്കുകയും ചെയ്തു:
1. മൗറീഷ്യസ് ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ആവശ്യമായ പരിശീലനം നല്കുന്നതു ഉള്‍പ്പെടെ, ഇന്ത്യ-മൗറീഷ്യസ് ഉപഗ്രഹത്തിന്റെ വിജയകരമായ വികസനത്തിനും വിക്ഷേപണത്തിനും വേണ്ടി ചേര്‍ന്ന് പ്രവര്‍ത്തിക്കുക;
2. പ്രതിരോധശേഷിയുള്ള ഒരു ദുരന്ത തയാറെടുപ്പ് പ്രതികരണ സംവിധാനം നിര്‍മ്മിക്കുന്നതിന് മൗറീഷ്യസിനെ സഹായിക്കുന്നതിനായി വ്യത്യസ്ത താല്‍ക്കാലിക സ്കെയിലുകളിലുകളിലുള്ള കാലാവസ്ഥാ, കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍, വേവ് റൈഡര്‍ ബോയ്കള്‍, മള്‍ട്ടി-ഹസാര്‍ഡ് എമര്‍ജന്‍സി സിസ്റ്റം എന്നിവ നടപ്പിലാക്കുന്നതിന് പിന്തുണയ്ക്കുക.
3. മൗറീഷ്യസിലെ ഐ.എസ്.ആര്.ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് സെന്ററിനായി ഐ.എസ്.ആര്.ഒയും മൗറീഷ്യസ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് കൗണ്‍സിലും (എം.ആര്.ഐ.സി) തമ്മില്‍ നിലവിലുള്ള സഹകരണം പുതുക്കുക.
4. ബഹിരാകാശ, കാലാവസ്ഥാ വ്യതിയാന മേഖലകളില്‍ മൗറീഷ്യസിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സഹകരണത്തിന്റെ പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അനുബന്ധ കാര്യശേഷി വികസന പിന്തുണ നല്‍കുകയും ചെയ്യുക.
5. തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ നിരീക്ഷിക്കാനും കാലാവസ്ഥാ ആഘാതം ഫലപ്രദമായി പഠിക്കാനും മൗറീഷ്യസിനെ പ്രാപ്തമാക്കുന്നതിന് ഒരു എര്‍ത്ത് ഒബ്സര്‍വേഷന്‍ ആപ്ലിക്കേഷനും ഒരു ഇന്ററാക്ടീവ് കമ്പ്യൂട്ടിംഗ് ചട്ടക്കൂടും ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യന്‍ സ്പെയ്സ് ഓര്ഗനൈഷേനും (ഐ.എസ്.ആര്.ഒ) ഭൗമ ശാസ്ത്ര മന്ത്രാലയവും (എം.ഒ.ഇ.എസ്) ക്വാഡിന്റെ കീഴില്‍ നടപ്പിലാക്കുന്ന വികസന പങ്കാളിത്ത പദ്ധതിക്കായി ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദ്ദേശം പിന്തുടരുക.
ആരോഗ്യ-വിദ്യാഭ്യാസ സഹകരണം
ആരോഗ്യ സംബന്ധിയായ ഡി.പി.ഐകളും പ്ലാറ്റ്ഫോമുകളും സ്വീകരിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള സഹായം ഉള്‍പ്പെടെ ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്കുന്ന പിന്തുണയ്ക്കും മൗറീഷ്യസിന്റെ വികസനത്തിനുള്ള അതിന്റെ ഗുണപരമായ സംഭാവനകള്‍ക്കും അടിവരയിട്ടുകൊണ്ട്, മൗറീഷ്യസിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതും പ്രാപ്യമാകുന്നതുമായ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. വിദേശത്തെ ഇന്ത്യയുടെ ആദ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ മൗറീഷ്യസില്‍ ആരംഭിച്ചതിനെ അഭിനന്ദിച്ച അവര്‍, മൗറീഷ്യസിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ മുന്‍കൈ വ്യാപിപ്പിക്കുന്നതിന് സമ്മതിക്കുകയും ചെയ്തു.
വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയും അനുബന്ധ സാമൂഹിക പ്രശ്നങ്ങളും മൂലം മൗറീഷ്യസ് നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയ നേതാക്കള്‍, മയക്കുമരുന്ന് ആസക്തി ഇല്ലാതാക്കല്‍, പുനരധിവാസം എന്നിവയിലെ വൈദഗ്ദ്ധ്യം പങ്കിടുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും, ദേശീയ മയക്കുമരുന്ന് നയം, നിരീക്ഷണം, ഏകോപന ഏജന്‍സി എന്നിവയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫ് ഇന്ത്യയുടെ വൈദഗ്ധ്യവും പിന്തുണയും ലഭ്യമാക്കാനും സമ്മതിച്ചു.
ആരോഗ്യ മേഖലയില്‍ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തിക്കൊണ്ട്, മൗറീഷ്യസില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനുള്ള മൗറീഷ്യസ് ഗവണ്മെന്റിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ഒരു സ്പെഷ്യലിസ്റ്റിനെ നിയോഗിക്കുന്നതിനൊപ്പം, മൗറീഷ്യസില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഓഫീസ് സംവിധാനം സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ഇരു നേതാക്കളും സമ്മതിച്ചു.
ആയുഷിലെ സഹകരണത്തിന്റെ പ്രാധാന്യത്തിനും നേതാക്കള്‍ അടിവരയിട്ടു. മൗറീഷ്യസില്‍ ഒരു ആയുഷ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യ നല്കിയ പിന്തുണയ്ക്ക് നന്ദിരേഖപ്പെടുത്തിയ മൗറീഷ്യസ് പ്രധാനമന്ത്രി ഈ തീവ്രഉല്കര്ഷേച്ഛ പദ്ധതി സാക്ഷാത്കരിക്കുന്നതിന് ഇന്ത്യയുടെ തുടര്‍ന്നുള്ള സഹായം ഉറ്റുനോക്കുകയാണെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്ന മൗറീഷ്യസിലെ രോഗികള്‍ക്ക് ഇന്ത്യ നല്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കും മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദിയും രേഖപ്പെടുത്തി.
സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിലെ വൈദഗ്ദ്ധ്യം പങ്കിടുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്.ടി) ഉം മൗറീഷ്യസിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിലും സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും അത്തരം സഹകരണ മുന്‍കൈകള്‍ ശുഭ സൂചകങ്ങളാണെന്ന് സമ്മതിക്കുകയും ചെയ്തു. മൗറീഷ്യസില്‍ ദേശീയ ശാസ്ത്ര സാങ്കേതിക തന്ത്രം നടപ്പിലാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗരേഖ തയാറാക്കുന്നതിനും ശാസ്ത്ര സാങ്കേതിക ഡയറക്ടട്രേറ്റ് സ്ഥാപിക്കുന്നതിനുമുള്ള സഹകരണവും ഉള്‍പ്പെടുന്ന ഇന്ത്യ മൗറീഷ്യസ് ശാസ്ത്ര സാങ്കേതിക സഹകരണം ശക്തിപ്പെടുത്താനും അവര്‍ സമ്മതിച്ചു.
സാമ്പത്തിക, വ്യാപാര സഹകരണം
ആഫ്രിക്കന്‍ മേഖലയിലെ ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യത്തെ വ്യാപാര കരാറായ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാറിന്റെ (സി.ഇ.സി.പി.എ) തീര്ച്ചപ്പെടുത്തല് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര ബന്ധങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അംഗീകരിച്ച നേതാക്കള്‍, മൗറീഷ്യസിന്റേയും ഇന്ത്യയുടേയും സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും എന്ന പങ്കാളിത്ത ലക്ഷ്യത്തിനായി ഉഭയകക്ഷി വ്യാപാരത്തിന്റെ മുഴുവന്‍ സാദ്ധ്യതകളും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുകയും ചെയ്തു. മറ്റുപലതിനുമൊപ്പം ആഫ്രിക്കയുമായി മൗറീഷ്യസിനുള്ള സ്ഥിതിസ്ഥാപന നേട്ടവും സാംസ്ക്കാരിക ബന്ധവും ആഫ്രിക്കന്‍ കോണ്ടിനെന്റല് ഫ്രീ ട്രേഡ് ഏരിയയുടെ (എ.എഫ്.സി.എഫ്.ടി.എ) ഭാഗമാണെന്നതും ഉയര്‍ത്തിക്കാട്ടിയ മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യന്‍ കമ്പനികളും വ്യാപാരങ്ങളും മൗറീഷ്യസിനെ ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ഇടപെടലുകളുടെ ഒരു കവാടമായി കണ്ടുകൊണ്ട് ആഫ്രിക്ക വാഗ്ദാനം ചെയ്യുന്ന വ്യാപാര, ബിസിനസ് അവസരങ്ങളില്‍ നിന്ന് പ്രയോജനം നേടേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ വൈവിദ്ധ്യവല്ക്കരിക്കാുന്നതിനുള്ള അവരുടെ ഉറച്ച പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് നേതാക്കള്‍ ഇനിപ്പറയുന്നവയ്ക്ക് സമ്മതിച്ചു:
1. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാമ്പത്തിക സഹകരണം, പങ്കാളിത്തം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സി.ഇ.സി.പിക്ക് കീഴിലുള്ള ഉന്നതതല ജോയിന്റ് ട്രേഡ് കമ്മിറ്റിയുടെ രണ്ടാം സെഷന് സംഘടിപ്പിക്കുക;
2. പങ്കാളികളായ സെന്‍ട്രല്‍ ബാങ്കുകള്‍ ഒപ്പുവച്ച പ്രാദേശിക കറന്‍സി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി ഉഭയകക്ഷി വ്യാപാരത്തിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന്, പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ, മൗറീഷ്യന്‍ രൂപ എന്നിവയിലുള്ള വ്യാപാര ഇടപാടുകള്‍ സുഗമമാക്കുക;
3. ഉടമ്പടി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഓണ്‍ ട്രീറ്റി അബ്യുസ്) യോജിച്ചുകൊണ്ട് തുടര്‍ച്ചയായ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ, ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ ഭേദഗതി സംബന്ധിച്ച പ്രോട്ടോക്കോള്‍ എത്രയും വേഗം അംഗീകരിക്കുക; കൂടാതെ
4. ദീര്‍ഘകാലവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കായി മൗറീഷ്യസിന്റെ സമ്പദ്വ്യവസ്ഥയുടെ വൈവിദ്ധ്യവല്‍ക്കരണത്തിന് പിന്തുണ നല്‍കുന്നതിനായി സമുദ്ര സമ്പദ്വ്യവസ്ഥ, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ.ടി, ഫിന്‍ടെക് തുടങ്ങിയ സൂര്യോദയ മേഖലകളിലെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
ഡിജിറ്റൽ സഹകരണം
ജനകേന്ദ്രീകൃതമായ നിരവധി ഡിജിറ്റൈസേഷൻ സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ നേട്ടങ്ങളും, ഭരണത്തിലും സേവനവിതരണത്തിലും അവ ചെലുത്തുന്ന ഗുണപരമായ സ്വാധീനവും അടിവരയിട്ട്, വിവിധ മേഖലകളിലുടനീളം ഡിജിറ്റൈസേഷൻ യജ്ഞത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യയുടെ പിന്തുണ അഭ്യർഥിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി അതിനു പൂർണപിന്തുണ അറിയിച്ചു. ഈ ലക്ഷ്യത്തിന് അനുസൃതമായി, നേതാക്കൾ ഇനി പറയുന്ന കാര്യങ്ങളിൽ ധാരണയായി:
i. ഇ-ജുഡീഷ്യറി സംവിധാനം നടപ്പാക്കലും മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ആർക്കൈവുകളുടെയും രേഖകളുടെയും ഡിജിറ്റൈസേഷനെ പിന്തുണയ്ക്കലും;
ii. സൈബർ സുരക്ഷ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ശേഷിവികസനം എന്നിവയുൾപ്പെടെ ഐസിടി മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ; ഒപ്പം,
iii. മൗറീഷ്യസിന്റെ ആവശ്യകതകൾക്കനുസരിച്ച് ഇന്ത്യ വികസിപ്പിച്ചെടുത്ത വിജയകരമായ ഡിജിറ്റൽ സങ്കേതങ്ങളായ പിഎം ഗതിശക്തി ഡിജിറ്റൽ പ്ലാറ്റ്ഫോംപോലുള്ളവ നടപ്പാക്കുന്നതു പരിശോധിക്കൽ.
പ്രതിരോധ-സമുദ്രസുരക്ഷ സഹകരണം
പ്രതിരോധ-സമുദ്രസുരക്ഷ സഹകരണം ഉഭയകക്ഷിബന്ധങ്ങളുടെ പ്രധാന സ്തംഭമായി തുടരുന്നുവെന്നും ഈ മേഖലയിലെ വളരെയടുത്ത സഹകരണം തന്ത്രപ്രധാന മാനം കൈവരിക്കുകയും ഇരുരാജ്യങ്ങൾക്കും വളരെയധികം പ്രയോജനം ചെയ്തുവെന്നും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്ത്യൻ മഹാസമുദ്രമേഖല ഉറപ്പാക്കുന്നതിനു പൊതുവായ പ്രതിജ്ഞാബദ്ധതയുള്ള മൗറീഷ്യസും ഇന്ത്യയും മേഖലയിലെ സ്വാഭാവിക പങ്കാളികളാണെന്നു നേതാക്കൾ വിലയിരുത്തി. സമുദ്ര വെല്ലുവിളികളെ നേരിടുന്നതിലും മേഖലയിലെ ബൃഹത്തായ തന്ത്രപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും വളരെയടുത്തു പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം നേതാക്കൾ ആവർത്തിച്ചു.
പ്രതിരോധ-സമുദ്ര ആസ്തികൾ ലഭ്യമാക്കൽ, കപ്പലുകളുടെയും വിമാനങ്ങളുടെയും പതിവുവിന്യാസം, സംയുക്ത സമുദ്രനിരീക്ഷണം, ഹൈഡ്രോഗ്രാഫിക് സർവേകൾ, പട്രോളിങ്, ഉഭയകക്ഷി വ്യായാമങ്ങൾ, വിവരങ്ങൾ പങ്കിടൽ, പരിശീലനപിന്തുണ എന്നിവയിലൂടെ മൗറീഷ്യസിന്റെ വിശാലമായ പ്രത്യേക സാമ്പത്തിക മേഖല സംരക്ഷിക്കുന്നതിൽ ഇന്ത്യ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
തീരസംരക്ഷണ കപ്പലുകളായ വിക്ടറി, വാലിയന്റ്, ബരാക്കുഡ എന്നിവയുടെ പുനർനിർമാണത്തിന് ഇന്ത്യ പതിവായി നൽകിയ സഹായത്തിനു മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യയുടെ പ്രത്യേക സമുദ്രപങ്കാളിയാണ് മൗറീഷ്യസെന്നും ഇന്ത്യയുടെ SAGAR കാഴ്ചപ്പാടിനുകീഴിലെ പ്രധാന പങ്കാളിയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ നമ്മുടെ പൊതുവായ ലക്ഷ്യങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ-സുരക്ഷാ ആവശ്യങ്ങൾ വർധിപ്പിക്കുന്നതിൽ മൗറീഷ്യസിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണയും സഹായവും ഇന്ത്യൻ പ്രധാനമന്ത്രി ആവർത്തിച്ചു.
മേഖലയിൽ വർധിച്ചുവരുന്ന ഭീഷണികളെയും വെല്ലുവിളികളെയും നേരിടാനുള്ള കൂട്ടായ ആഗ്രഹം ആവർത്തിച്ച നേതാക്കൾ ഇനി പറയുന്ന കാര്യങ്ങൾ തീരുമാനിച്ചു:
i. മൗറീഷ്യസിന്റെ ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ച് പ്രതിരോധ-സമുദ്ര ആസ്തികളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിൽ സഹകരണം തുടരൽ;
ii. സംയുക്ത സമുദ്രനിരീക്ഷണത്തിനും ഹൈഡ്രോഗ്രാഫി സർവേകൾക്കുമായി കപ്പലുകളുടെയും വിമാനങ്ങളുടെയും വിന്യാസം വർധിപ്പിച്ച് സമുദ്രസഹകരണം മെച്ചപ്പെടുത്തൽ;
iii. അഗലേഗയിൽ പുതുതായി നിർമിച്ച റൺവേയുടെയും ജെട്ടിയുടെയും മെച്ചപ്പെട്ട ഉപയോഗം ഉൾപ്പെടെ, മൗറീഷ്യസിന്റെ EEZ സുരക്ഷിതമാക്കുന്നതിനുള്ള സഹകരണം കൂടുതൽ ശക്തമാക്കൽ;
iv. സമുദ്രമേഖല അവബോധം വർധിപ്പിക്കുന്നതിനു ദേശീയ സമുദ്രവിവരങ്ങൾ പങ്കിടൽ കേന്ദ്രം സ്ഥാപിക്കാൻ സഹായിക്കൽ;
v. മൗറീഷ്യസ് തുറമുഖ അതോറിറ്റിക്ക് മറൈൻ ഓപ്പറേഷൻസ് ആൻഡ് മറൈൻ എൻജിനിയറിങ്; തുറമുഖ സുരക്ഷാ പരിതസ്ഥിതി, തുറമുഖ അടിയന്തരസാഹചര്യം, തുറമുഖ സുരക്ഷ എന്നീ മേഖലകളിൽ വൈദഗ്ധ്യമേകി സഹകരിക്കൽ; ഒപ്പം,
vi. മൗറീഷ്യസ് പൊലീസ് സേനയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അനുയോജ്യമായ പരിശീലനപരിപാടിയും ശേഷിവികസന സംരംഭങ്ങളും സംഘടിപ്പിക്കൽ.
മേഖലാതല-ബഹുരാഷ്ട്ര സഹകരണം
ചാഗോസ് ദ്വീപുകളുടെ കാര്യത്തിൽ മൗറീഷ്യസും ബ്രിട്ടനും തമ്മിൽ നടക്കുന്ന ചർച്ചകളെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ചാഗോസ് വിഷയത്തിൽ മൗറീഷ്യസിന് ഇന്ത്യയുടെ ഉറച്ച പിന്തുണ ഇന്ത്യൻ പ്രധാനമന്ത്രി ആവർത്തിച്ചു. ഈ വിഷയത്തിൽ ആഗോള നേതാക്കൾക്കളുമായുള്ള വ്യക്തിപരമായ പിന്തുണയ്ക്കും ഇടപെടലിനും മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു.
ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA), കൊളംബോ സുരക്ഷാസമ്മേളനം, ആഗോള ജൈവ ഇന്ധനസഖ്യം, അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം എന്നിവയിലൂടെ മേഖലാതല-ബഹുരാഷ്ട്ര ചട്ടക്കൂടുകൾക്കു കീഴിൽ സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ കൂട്ടായി പ്രവർത്തിക്കാൻ നേതാക്കൾ ധാരണയായി. കൊളംബോ സുരക്ഷാ സമ്മേളനത്തിന്റെ സ്ഥാപകരേഖകളിൽ അടുത്തിടെ ഒപ്പുവച്ചതിനെയും 2025-26 കാലയളവിലേക്ക് ഇന്ത്യ IORA യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെയും അവർ സ്വാഗതം ചെയ്തു. കൂടാതെ സമുദ്രസുരക്ഷയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പൊതുവായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും ഈ മേഖലാതല സംവിധാനങ്ങളുടെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു.
സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധങ്ങൾ
സാംസ്കാരികപൈതൃകം, ചരിത്രപരമായ ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ മൗറീഷ്യസ്-ഇന്ത്യ പ്രത്യേക ബന്ധങ്ങൾക്ക് അടിവരയിടുന്നുവെന്നു ചൂണ്ടിക്കാട്ടി, ഇരുരാജ്യങ്ങളും തമ്മിലുള്ള വളരെയടുത്ത സൗഹൃദബന്ധം കൂടുതൽ ആഴത്തിലാക്കാൻ നേതാക്കൾ ധാരണയായി. ഇനി പറയുന്ന കാര്യങ്ങളിൽ നേതാക്കൾ ധാരണയായി:
i. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ വഴി പ്രത്യേക പരിശീലനത്തിലൂടെയും സ്ഥാപനപരമായ പിന്തുണയിലൂടെയും ഉൾപ്പെടെ, ഇന്ത്യയിൽ നിന്നുള്ള കരാറുകാരായ തൊഴിലാളികളുടെ രേഖകൾ സംരക്ഷിക്കുന്നതിൽ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കൽ;
ii. ഇന്ത്യയെ അറിയാം പരിപാടി, വേരുകൾ കൂട്ടിയിണക്കൽ, പ്രവാസി ഭാരതീയ ദിവസ്, സ്കോളർഷിപ്പുകൾ എന്നിവയിലൂടെ പ്രവാസികളുടെ ഇടപെടൽ ശക്തിപ്പെടുത്തൽ, ഗിർമിടിയയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അവരുടെ സംഭാവനകൾ രേഖപ്പെടുത്തുന്നതിലും സഹകരിക്കൽ;
iii. ചാർ ധാം, രാമായണ പാത, ഇന്ത്യയിലെ പുരാതന മത ആരാധനാലയങ്ങൾ എന്നിവ സന്ദർശിക്കുന്നതിലൂടെ വിനോദസഞ്ചാരവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കൽ; ഒപ്പം,
iv. മൗറീഷ്യസിനും ഇന്ത്യയ്ക്കും ഇടയിൽ തൊഴിൽപരമായ ചലനാത്മകത സുഗമമാക്കുന്നതിനു തൊഴിൽ നിയമനം സംബന്ധിച്ച ധാരണാപത്രം നടപ്പാക്കൽ വേഗത്തിലാക്കാൻ കൂടുതൽ സഹകരിക്കൽ.
ഉഭയകക്ഷിബന്ധത്തിന്റെ വ്യാപ്തിയെക്കുറിച്ചു നടത്തിയ സമഗ്രമായ ചർച്ചകളിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിക്കുകയും അവരുടെ സവിശേഷവും വളരെയടുത്തതുമായ ഉഭയകക്ഷിപങ്കാളിത്തം തന്ത്രപ്രധാനമായ ആഴം കൈവരിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. വികസന പങ്കാളിത്തം, പ്രതിരോധം, സമുദ്രസുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ മൗറീഷ്യസ്-ഇന്ത്യ ഉഭയകക്ഷിപങ്കാളിത്തം സഹകരണത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണെന്നും മേഖലയിലെ ഉഭയകക്ഷിപങ്കാളിത്തത്തിനു മാനദണ്ഡമാണെന്നും അവർ ചൂണ്ടിക്കാട്ടി. മൗറീഷ്യസിന്റെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മേഖലയിലെ പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സംഭാവന നൽകുന്നതിനും പരസ്പരപ്രയോജനകരമായ മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തത്തിലേക്കു ബന്ധം ഉയർത്തുന്നതിനുള്ള ദിശാബോധവും മാർഗനിർദേശവും തുടർന്നും നൽകുന്നതിന് ഇരുനേതാക്കളും ധാരണയായി.
മൗറീഷ്യസ് സ്വാതന്ത്ര്യത്തിന്റെ 57-ാം വാർഷികവും മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ 33-ാം വാർഷികവും ആഘോഷിക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തതിന് ഇന്ത്യൻ പ്രധാനമന്ത്രിക്കു മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
പറ്റുന്ന അടുത്ത അവസരത്തിൽ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താൻ ഇന്ത്യൻ പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിയെ ക്ഷണിച്ചു.
***
SK