മൂന്ന് ഇടനാഴികള്‍ ഉള്‍പ്പെടുന്ന ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 128 സ്റ്റേഷനുകളിലായി 118.9 കിലോമീറ്ററാണ് അംഗീകൃത ലൈനുകളുടെ ആകെ നീളം.
63,246 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരണ ചെലവ്, 2027-ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ചെന്നൈ നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖലയുണ്ടാകും. രണ്ടാംഘട്ട പദ്ധതിയില്‍ ഇനിപ്പറയുന്ന മൂന്ന് ഇടനാഴികള്‍ ഉള്‍പ്പെടുന്നു:
ഇടനാഴി-(i): മാധവരം മുതല്‍ സിപ്കോട്ട് വരെ 50 സ്റ്റേഷനുകളുള്ള 45.8 കി.മീ.
ഇടനാഴി-(ii): ലൈറ്റ് ഹൗസ് മുതല്‍ പൂനമല്ലെ വരെയുള്ള ബൈപാസ് 30 സ്റ്റേഷനുകളുള്ള 26.1 കി.മീ.
ഇടനാഴി-(iii): മാധവരം മുതല്‍ ഷോളിങ്ങനല്ലൂര്‍ വരെ 48 സ്റ്റേഷനുകളുള്ള 47 കി.മീ.
രണ്ടാം ഘട്ടം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍, ചെന്നൈ നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖല ഉണ്ടാകും.
നേട്ടങ്ങളും വളര്‍ച്ചയും:
ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള ഗണ്യമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു. നഗരത്തിലെ മെട്രോ റെയില്‍ ശൃംഖലയുടെ പ്രധാന വിപുലീകരണമായി രണ്ടാം ഘട്ടം വര്‍ത്തിക്കുന്നു.
മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി: രണ്ടാം ഘട്ടത്തില്‍ ഏകദേശം 118.9 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കും. മാധവരം, പെരമ്പൂര്‍, തിരുമയിലൈ, അഡയാര്‍, ഷോളിങ്ങനല്ലൂര്‍, സിപ്കോട്ട്, കോടമ്പാക്കം, വടപളനി, പോരൂര്‍, വില്ലിവാക്കം, അണ്ണാനഗര്‍, സെന്റ് തോമസ് തുടങ്ങിയ പ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ചെന്നൈയുടെ വടക്കുനിന്ന് തെക്കുവരെയും കിഴക്കുനിന്നു പടിഞ്ഞാറുവരെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാം ഘട്ട ഇടനാഴി. നിരവധി വ്യവസായ, വാണിജ്യ, പാര്‍പ്പിട, സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഫലപ്രദമായ പൊതുഗതാഗതം ഉറപ്പുവരുത്തുന്നതും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതും ആയിരിക്കും. ദക്ഷിണ ചെന്നൈ ഐടി ഇടനാഴിയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോളിങ്ങനല്ലൂര്‍ പോലുള്ള അതിവേഗം വളരുന്ന പ്രദേശങ്ങളിലേക്ക് ഇത് കണക്റ്റിവിറ്റി വ്യാപിപ്പിക്കും. ഷോളിംഗനല്ലൂരിനെ എല്‍കോട്ട് വഴി ബന്ധിപ്പിക്കുന്നതിലൂടെ, ഐടി തൊഴിലാളികളുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ മെട്രോ ഇടനാഴി സഹായിക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കല്‍: റോഡ് ഗതാഗതത്തിനു കാര്യക്ഷമമായ ഒരു ബദലായ മെട്രോ റെയില്‍, ചെന്നൈയുടെ രണ്ടാം ഘട്ട വിപുലീകരണത്തിലൂടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് നഗരത്തിലെ തിരക്കേറിയ റൂട്ടുകളില്‍ പ്രത്യേകിച്ച് സ്വാധീനം ചെലുത്തും. റോഡ് ഗതാഗതം കുറയുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും യാത്രാ സമയം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
പാരിസ്ഥിതിക നേട്ടങ്ങള്‍: രണ്ടാം ഘട്ട മെട്രോ റെയില്‍ പദ്ധതിയും ചെന്നൈ നഗരത്തിലെ മൊത്തത്തിലുള്ള മെട്രോ റെയില്‍ ശൃംഖലയുടെ വര്‍ദ്ധനവും, പരമ്പരാഗത ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ പുറംതള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
സാമ്പത്തിക വളര്‍ച്ച: കുറഞ്ഞ യാത്രാ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും വ്യക്തികളെ അവരുടെ ജോലിസ്ഥലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിച്ചേരാന്‍ അനുവദിക്കുന്നതിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിര്‍മ്മാണ തൊഴിലാളികള്‍ മുതല്‍ ഭരണവിഭാഗം ഉദ്യോഗസ്ഥന്‍, പരിപാലന ഉദ്യോഗസ്ഥര്‍ വരെ വിവിധ മേഖലകളിലായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിക്ക് പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കാന്‍ കഴിയും, പ്രത്യേകിച്ച് പുതിയ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍, മുമ്പ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്ന പ്രദേശങ്ങളില്‍ നിക്ഷേപവും വികസനവും ആകര്‍ഷിക്കാന്‍ കഴിയും.
സാമൂഹിക നേട്ടം: ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയില്‍ ശൃംഖലയുടെ വിപുലീകരണം പൊതുഗതാഗതത്തില്‍ കൂടുതല്‍ തുലത ഉറപ്പാക്കും. വൈവിധ്യമാര്‍ന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യും, ഗതാഗത അസമത്വങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇത് യാത്രാ സമയം കുറയ്ക്കുകയും അവശ്യ സേവനങ്ങള്‍. എളുപ്പത്തില്‍ ലഭ്യമാക്കുകയും വഴി ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകും.
രണ്ടാം ഘട്ടം ചെന്നൈ മെട്രോ റെയില്‍ പദ്ധതി നഗരത്തിന്റെ പരിവര്‍ത്തനം കുറിക്കുന്ന വികസനം ആയിരിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി, കുറഞ്ഞ ഗതാഗതക്കുരുക്ക്, പാരിസ്ഥിതിക നേട്ടങ്ങള്‍, സാമ്പത്തിക വളര്‍ച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രധാന നാഗരിക വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ഭാവി വിപുലീകരണത്തിന് അടിത്തറ നല്‍കുകയും ചെയ്യുന്നതിലൂടെ, നഗരത്തിന്റെ വികസന പാതയും സുസ്ഥിരതയും രൂപപ്പെടുത്തുന്നതില്‍ രണ്ടാം ഘട്ടം നിര്‍ണായക പങ്ക് വഹിക്കും.
****
Boosting ‘Ease of Living’ in a vibrant city!
— Narendra Modi (@narendramodi) October 3, 2024
I congratulate the people of Chennai and Tamil Nadu on the Cabinet’s approval of the Chennai Metro Rail Project Phase-II. This will help in easing traffic, improving sustainability and economic growth. https://t.co/NShzNC50AU