പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ, മൂന്നാം ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള ദ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ്) ബില്‍ 2016ന് അംഗീകാരം നല്‍കി.
മൂന്നാം ലിംഗക്കാരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിനുള്ള സംവിധാനമാണ് ബില്ലിലൂടെ ഗവണ്‍മെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മൂന്നാം ലിംഗക്കാര്‍ നേരിടേണ്ടിവരുന്ന അപമാനവും മാറ്റിനിര്‍ത്തപ്പെടലും പരിഹാസവും കുറയുകയും അവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. ഒരു വിഭാഗത്തെക്കൂടി സാമൂഹ്യവ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കുകകൂടി ഇതോടെ സംഭവിക്കും. മൂന്നാം ലിംഗക്കാര്‍ സമൂഹത്തിലെ ഉല്‍പാദനശേഷിയുള്ള അംഗങ്ങളായിത്തീരുമെന്ന നേട്ടവുമുണ്ട്.
സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള ഗണങ്ങളില്‍ പെടാത്തതിനാല്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗമാണ് മൂന്നാം ലിംഗക്കാര്‍. സാമൂഹികമായ വേര്‍തിരിവും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടലും തൊഴിലില്ലായ്മയും ചികില്‍സാസൗകര്യം ലഭിക്കായ്കയുമൊക്കെ അവര്‍ നേരിടേണ്ടിവരുന്നു.
ബില്ലില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള തത്ത്വങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും നിര്‍ബന്ധിതരായിത്തീരും. മാത്രമല്ല, മൂന്നാം ലിംഗക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ക്കു കൂടുതല്‍ ഉത്തരവാദിത്തം സൃഷ്ടിക്കപ്പെടുകയും ചെയ്യും.