Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


 

മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. 
‘നമുക്കു പ്രിയങ്കരനായ അടല്‍ജിയുടെ നിര്യാണത്തില്‍ ഇന്ത്യ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യം ഒരു യുഗത്തിന് അന്ത്യം കുറിക്കുകയാണ്. അദ്ദേഹം രാജ്യത്തിനായി ജീവിക്കുകയും ദശാബ്ദങ്ങളോളം ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ദുഃഖകരമായ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബി.ജെ.പി. ഭാരവാഹികളുടെയും ലക്ഷക്കണക്കിന് ആരാധകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ഓം ശാന്തി. 
21ാം നൂറ്റാണ്ടില്‍ ശക്തവും അഭിവൃദ്ധിയുള്ളതും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ളതുമായ ഇന്ത്യക്ക് അടിത്തറയൊരുക്കിയത് അടല്‍ ജിയുടെ അനുകരണീയമായ നേതൃത്വമാണ്. വിവിധ മേഖലകളില്‍ ദീര്‍ഘദൃഷ്ടിയോടെ അദ്ദേഹം നടപ്പാക്കിയ നയങ്ങള്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിതത്തെ സ്പര്‍ശിച്ചു. 
അടല്‍ജിയുടെ നിര്യാണം വ്യക്തിപരമായി എനിക്കു പരിഹാരമില്ലാത്ത നഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ച് എത്രയോ സുന്ദരമായ ഓര്‍മകള്‍ എനിക്കുണ്ട്. എന്നെപ്പോലുള്ള കാര്യകര്‍ത്താക്കള്‍ക്ക് അദ്ദേഹം ആവേശമായിരുന്നു. അദ്ദേഹത്തിന്റെ കൂര്‍മബുദ്ധിയും ശ്രദ്ധേയമായ നര്‍മശക്തിയും ഞാന്‍ പ്രത്യേകമായി ഓര്‍ക്കും. 
അടല്‍ജിയുടെ അനവരതമായ പരിശ്രമവും പോരാട്ടവുമാണ് ബി.ജെ.പിയെ പടുത്തുയര്‍ത്തിയത്. അദ്ദേഹം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച് ബി.ജെ.പിയുടെ സന്ദേശം പ്രചരിപ്പിതിലൂടെയാണ് ദേശീയ തലത്തിലും ഒട്ടേറെ സംസ്ഥാനങ്ങളിലും നിര്‍ണായക ശക്തിയായിത്തീരാന്‍ പാര്‍ട്ടിക്കു സാധിച്ചത്.’, തുടര്‍ച്ചയായുള്ള ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു. 
ഇന്നു വൈകിട്ട് 05.05നു മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചതായി ന്യൂഡെല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു.